പിണങ്ങുമ്പോൾ നാവിലമറുന്നതും
ഇണങ്ങുമ്പോൾ കുതിർന്നു വീഴുന്നതും
വാക്കുകളുടെ തത്സമയ പ്രക്ഷേപണമല്ല
മനസ്സിൻ നിഘണ്ടുവിൽ കാലങ്ങളായ്
കാത്തുവെച്ചവയുടെ
അവസരോചിതമായ സ്റ്റോക്കെടുപ്പാണ്.
ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും
അർഥ നിവേദനങ്ങൾക്കും
ആന്തരിക മാനംനൽകി
പൊരുളുകളുറയുന്നു.
ഓരോരോ ഇണക്കവും അതു –
പോൽ പിണക്കവും ചൊല്ലി
നേരവും കാലവും കാത്ത്
പരുവപ്പെട്ടും തേഞ്ഞുതീരുന്നു
ജീവിതം.
ഭാവത്തിനും രൂപത്തിനും
വഴങ്ങിപുറപ്പെടാൻ ഉള്ളിൽ
നിരന്നു നില്ക്കട്ടെ വാക്കുകൾ
അന്യാദൃശ ക്രമങ്ങളിൽ
ഉള്ളറിഞ്ഞു പുറപ്പെടാൻ
ഉള്ളിൽ നിരന്ന വാക്കിന്റെ
ഉണ്മദർശിക്കേ ചിന്തിച്ചു
മനസ്സേ നീ മഹാനാം
,ശ്രീകണ്ഠേശ്വരം, താനോ
ഉള്ളാൽ തൊഴുതു നില്ക്കട്ടെ.
‘ഊഴിയിൽ ഈ ചെറിയ,വൾ .
[ ശ്രീകണ്ഠേഗ്വരം പത്മനാഭപ്പിള്ള മലയാളത്തിലെ സമ്പൂർണ്ണ നിഘണ്ടുവിൻ്റെ രചയിതാവ് ]