അതിസുന്ദരമായ ഒരു സായാഹ്നത്തിൽ അങ്ങാടിപ്പോകാൻ തന്റെ കുടയും തോളിലിടുന്ന ഒറ്റക്കരയൻ തോർത്തുമെടുത്ത് മുറ്റത്തേക്കിറങ്ങി. വിശാലമായ ഒരു ലോകത്തേക്ക് അയാൾ ചുവടു വയ്ക്കുകയാണ്. അസ്തമയങ്ങൾക്ക് പഞ്ചാരക്കടവിൽ മാത്രമല്ല ഹൃദയാർദ്രത ഉള്ളിടത്തൊക്കെ മനോഹാരിതയുണ്ട്. ഒരു മടക്കയാത്രയുടെ ചേല്.
പാതി തെളിഞ്ഞ മാനം. രാത്രിയെ വരവേൽക്കാൻ മുറ്റത്തെ വാകമരം ഇലകൂപ്പുന്നു. ചുവന്ന വാകപ്പൂക്കൾ പാത്തുമ്മയ്ക്ക് പെരുത്ത് ഇഷ്ടാർന്നു. അങ്ങനെ ഓള് പറഞ്ഞിട്ടാണ് പോക്കർ മുറ്റത്ത് വാക നട്ടത്. പോക്കർക്ക് പൂവും കിളിയും ഒന്നുമില്ല. പാത്തുമ്മയുടെ കണ്ണിന്റെ തിളക്കത്തിലാണ് അയാൾ എല്ലാം ആസ്വദിച്ചതു. അല്ലെങ്കിൽ അറിയാവുന്ന കിളികൾ കോഴി, താറാവ്, പിന്നെ കാക്ക. പൂവാണെങ്കിൽ ചെമ്പരത്തി. വീട്ട് മുറ്റത്ത് ചൊകന്ന വാകപ്പൂക്കൾ കൊഴിഞ്ഞ് വീണിട്ടുണ്ട്. ആകാശത്തെന്ന പോലെ.
പഞ്ചാരക്കടവ് ഗ്രാമത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന പഞ്ചാറപ്പുഴയോരത്തെ പള്ളിയിൽ നിന്ന് വാങ്ക് വിളിയുടെ ശബ്ദം അയാളെ കടന്നു പോയി. വാങ്കുവിളി കേൾക്കുമ്പോൾ അയാൾ ഉമ്മയെ ഓർക്കും. ഒരിക്കലും അടർന്നു വീഴാത്ത ഒരു കണ്ണീർ മുത്തിനെ .
ലോകത്തിന്റെ മഹാ വിശാലതയിലേക്ക് അയാൾ കടന്നു പോകുന്നു എന്ന് പറഞ്ഞത് അതിശയോക്തിയല്ല. ദുനിയാവായ ദുനിയാവു മുഴുക്കനെ ചുറ്റി നടന്നിട്ടുണ്ട് ഓൻ. അന്ന് ഭൂമി മുഴുവൻ പോക്കറിന്റെ നാടായിരുന്നു. മനുഷ്യ ജീവിതം ഒരു യാത്രയാണ് എന്നാണ് ഉമ്മ പറഞ്ഞിട്ടുള്ളത്. നിൽക്കാത്ത യാത്രയായിരുന്നു ജീവിതം. നിൽക്കാൻ ഇടമില്ലാത്തതു കൊണ്ട്. അറുതിയില്ലാതെ അതിരില്ലാതെ.
പിന്നെ അയാളുടെ ലോകം പഞ്ചാരക്കടവും പാത്തുമ്മയുമായി. ഒരു കൂട്ട് വന്നാൽ അങ്ങനെയാണ്. പിന്നെ പറക്കാൻ മറക്കും.
‘ഓന് അബളെ പേട്യാ ചെങ്ങായീ’
ഉസ്മാൻ അങ്ങനെ പറയും. ഉസ്മാന് ഇത്തയെ പേടിയാവണം. ഇത് പേടിയല്ല. ഇഷ്ടപ്പെട്ടവരുടെ അകലങ്ങളും ഹൃദയ സമ്മർദ്ദങ്ങളും ഉള്ളിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ഉസ്മാന് മനസിലാകാത്തത്താകാം. പോക്കർ മറുപടി പറഞ്ഞില്ല. അങ്ങനെ പറയാനുള്ള അറിവ് പോക്കറിനില്ല. പോക്കറിന് ഭാഷയില്ല. ദേഷ്യം വന്നാൽ ബീഡി ആഞ്ഞു വലിക്കും. സന്തോഷം വന്നാൽ ആസ്വദിച്ചും.
പുറത്തേക്കിറങ്ങിയ പാടേ, മുറ്റത്തു നിന്ന് പുറത്തേക്ക് ചുവട് വയ്ക്കുമ്പോൾ തന്നെ അയാളുടെ കാലിൽ ഒരു കമ്പോട് തട്ടി. പൊട്ടിയ ഒരു പഴയ മൺകലത്തിന്റെ ക്ഷണം. കാര്യമാക്കാനില്ല. പുതിയ തലമുറയ്ക്ക് അതു എന്താണെന്നു പോലും മനസിലാകില്ല. പണ്ട് കുട്ടികൾ കളിച്ചിരുന്ന ഒരു കാലത്ത് വീട്ടുമുറ്റങ്ങളിൽ വട്ടുകളിച്ചിരുന്ന കുട്ടികൾ അതു തപ്പി നടക്കുമായിരുന്നു. എവിടെയും അതു കിട്ടുമായിരുന്നു. ഉടഞ്ഞ മൺകലത്തിന്റെയും കറിച്ചട്ടിയുടെയും ചീളുകൾ.
പോക്കർ അതു കയ്യിലെടുത്തു. അയാൾ ഒരിക്കലും വട്ടുകളിച്ചിട്ടില്ല. അയാൾക്കതിന് ബാല്യമേ ഇല്ലായിരുന്നു. കളിക്കൂട്ടുകാർ ഇല്ലായിരുന്നു. അയാൾ പഠിച്ചില്ല. കളിച്ചില്ല എങ്കിലും കമ്പോട് മണ്ണു തൂത്ത് അയാൾ പോക്കറ്റിൽ ഇട്ടു. ബാല്യമില്ലെങ്കിലും കമ്പോടിന് പോക്കറിന്റെ ജീവിതത്തിൽ സ്ഥാനമുണ്ട്. അതിൽ ജീവിതത്തിന്റെ അടയാളമുണ്ട്.
കുട്ടിയായിരുന്നപ്പോൾ ആരും പോക്കറെ കളിക്കാൻ കൂട്ടിയില്ല. സ്കൂളിൽ എല്ലാവരും പോക്കറെ വെറുത്തു. പോക്കർ തന്തയില്ലാത്തവൻ ആണത്രെ! സക്കൂളിൽ അധികം പോയില്ല പോക്കർ. അതൊരു വലിയ കാര്യമായി പോക്കർ കണക്കിലെടുത്തുമില്ല.
ബാപ്പയാരെന്ന ചോദ്യത്തിന് ഒരുത്തരം ഉമ്മ പറഞ്ഞില്ല. തിരിച്ചൊരു ചോദ്യമാണ്.
‘ന്റെ ഉമ്മ ചീത്തയാണോ’
ഒരിക്കലും അങ്ങിനെ പറയാൻ അയാൾക്കായില്ല. ആദ്യമൊക്കെ അമർഷം തോന്നി. ഉമ്മയോട് . പിന്നീട് ഒരു പെണ്ണിന്റെ ബലമില്ലായ്മയെ തിരിച്ചറിഞ്ഞപ്പോൾ ഉമ്മയെ സ്നേഹിച്ചു. ദുനിയാവിലെ എല്ലാ പെണ്ണുങ്ങളെയും.
പള്ളിക്കമ്മേറ്റെടെ മുൻപിൽ ഉമ്മ തനിക്ക് ബാപ്പനെ കിട്ടാൻ കേണിരന്നു. കേസും കുട്ടീശരവും വേണ്ടന്ന് മമ്മാലി ഹാജി പറഞ്ഞപ്പോൾ അവസാന ആശ്രയമായിരുന്നു അത്. ഉമ്മ നാലു മാസം ഗർഭിണിയായിരുന്നു.
തറവാട്ടുകാരനായ ഒരു പ്രധാനിക്കെതിരായിരുന്നു പരാതി. ‘ഓൻ ബലാൽക്കാരമായി തന്നെ പ്രാപിച്ചു, തന്റെ വയറ്റിൽ ഓന്റെ കുഞ്ഞുണ്ട്’. ഉമ്മ പരാതിയിൽ അങ്ങന എഴുതി. പ്രമാണിക്കൊപ്പം കമ്മറ്റിക്കാർ നിന്നു. നാല് സാക്ഷികൾ വേണമത്രെ!
നിസ്സഹായതയുടെ മേൽ ആൾകരുത്ത് കാട്ടിയ അക്രമത്തിന് ആരുണ്ട് സാക്ഷി. അള്ളായും ഇരുട്ടും കാറ്റും സാക്ഷി പറഞ്ഞില്ല. പെഴപ്പിച്ചു എന്നു പറയാൻ തെളിവു വേണം. പക്ഷെ പിഴച്ചതിന് വയറു മാത്രം മതി തെളിവ്. അങ്ങനെ പരാതിക്കാരി കുറ്റവാളിയായി. പെഴച്ചവളായി. ആണിന് ശിക്ഷയില്ല. പെണ്ണിനെ ഭ്രഷ്ട് കൽപ്പിച്ചു. പള്ളി വിലക്കി. ആ ഭാരം ഒൻപത് മാസവും ഒൻപത് ദിവസവും മാത്രമല്ല അവൾ ചുമന്നത്. ഒരു ജീവിത കാലം മുഴുവൻ. പക്ഷെ ഒരിക്കൽപോലും ഓന്റെ പേര് ഉമ്മ പറഞ്ഞില്ല. നാട്ടുകാർ തന്റെ മുഖത്തിന് ഹൈദ്രാലി മുതലാളിയുടെ ഛായ പറഞ്ഞ് കളിയാക്കി. പള്ളിക്കമ്മറ്റിയിലെ പ്രധാനി. ഹജ്ജിനു പോയിട്ടുള്ളയാൾ. നിലവിൽ നാല് ഭാര്യമാർ. ആണുങ്ങളായാൽ അങ്ങനാണത്രെ.
അള്ളാഹുവിനെയും സാക്ഷാൽ മുത്തു നബിയെയും ഇസ്ലാമിനെയും വെറുത്തില്ലെങ്കിലും പോക്കർ പള്ളിയിൽ പോയില്ല.
നോമ്പെടുത്തില്ല. ദുവ ചൊല്ലിയില്ല. ഉമ്മ മയ്യത്താകും വരെ അവർ കണ്ണീരൊഴിച്ച് വിളമ്പിയ കഞ്ഞി കുടിച്ച് അപമാനം കൊണ്ട് തല കുനിച്ച് പോക്കർ കഴിഞ്ഞു കൂടി. പിന്നെ നാടുവിട്ടു. ആടിനെ മേടിച്ചും വിറ്റും വെട്ടിയും നാടു തെണ്ടിയായി.
ആടുവെട്ടുകാരനായിട്ടാണ് പോക്കർ പഞ്ചാരക്കടവിൽ എത്തിയത്. ഉസ്മാന്റെ കടയിൽ ആടിനെ അറുത്തും നുറുക്കിയും കുഞ്ഞിപ്പോക്കർ അന്നാട്ടുകാരനായി അങ്ങാടിപ്പോക്കറായി.
ആടിനെ തിന്നുന്നവർക്കെല്ലാം അങ്ങാടി പോക്കർ ഉറ്റവനായി. ആട്ടിറച്ചിക്ക് പോകുന്ന കെട്ട്യോനോട് നാടറിയാത്ത കെട്ട്യോൾ പറയും ‘പോക്കറോട് പറേണം. നല്ലെറച്ചി തരാനെക്കൊണ്ട്’
അങ്ങനെ പോക്കർ ഉസ്മാനെ കടത്തിവെട്ടി. മട്ടൻ ബിരിയാണിക്ക് അങ്ങാടിപോക്കറിന്റെ രുചിയായി. എല്ലാവരെയും പോക്കർ സേവിച്ചു. അതിലുമേറെ സ്നേഹിച്ചു. പഞ്ചാരക്കടവ് ചെറിയങ്ങാടിയിൽ അങ്ങാടിപ്പോക്കർ നിറഞ്ഞുനിന്നു. ആരുമയാളോട് പള്ളിയിൽ പോകാത്തതിന് കോപിച്ചില്ല. പള്ളി പ്രമാണിമാരും പ്രധാനികളുമൊക്കെ അങ്ങാടിപ്പോക്കറിന്റെ സ്നേഹപരിചരണങ്ങളിൽ കുടുങ്ങി.
പേരിനു മാത്രം അയാൾ മുസ്ലീമായി. അയാൾ ബീഢി വലിക്കും. കള്ള് തൊട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല. ഉമ്മ പറഞ്ഞു. കുടിക്കരുതെന്ന്. ഹറാമാണെന്ന്. അയാളുടെ പള്ളിയും പള്ളിക്കൂടവും ഉമ്മയായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അള്ളായെ ഓ?ക്കും. ഒപ്പം ഉമ്മയെയും. കണ്ണീരിൽ കുതിർന്ന ഉമ്മയും. പരമകാരുണീകനായ അള്ളായും.
മൂളിപ്പാട്ടും പാടി ഇറച്ചിവെട്ടി വിൽക്കുന്നതിനിടയിലാണ് ഫാത്തിമയെ പോക്കർ ആദ്യമായി കണ്ടത്. അത് ഒളി കണ്ണാലായിരുന്നു. പക്ഷെ, അത് ഉസ്മാൻ കണ്ടു. അയാൾ പറഞ്ഞു.
‘ന്റെ പൂതി കൊള്ളാം. പക്ഷേങ്കില് പാത്തൂനെ സൂക്ഷിക്കണം. ഓള് ചെപ്പ അടിച്ചു പൊളിക്കും’
ഉസ്മാൻ പറഞ്ഞതിന്റെ മറ്റൊന്നും പോക്കറിന്റെ ഉള്ളിൽ തട്ടിയില്ല. പക്ഷെ. ഫാത്തിമയുടെ ചെല്ലപ്പേര് പിടികിട്ടി. പാത്തു. അയാൾക്ക് അവളെ ഇനി ഹൃദയത്തിൽ അങ്ങനെ വിളിക്കാം.
പിന്നാലെ വിശദ വിവരങ്ങൾ, ഉസ്മാനിൽനിന്ന് പുറത്തുവന്നു. അയിഷാ ഉമ്മയുടെ പുന്നാരമകൾ. ഒന്നേയുള്ളു. ആളൊരു മൊഞ്ചത്തി തന്നെ. ഉമ്മയെപ്പോലെ നീണ്ട മുക്ക്. പതിനെട്ട് കഴിഞ്ഞു പ്രായം. നാട്ടാചാരമനുസരിച്ച് കല്യാണപ്രായം കഴിഞ്ഞു. പക്ഷെ, അവളുടെ നിക്കാഹ് കഴിഞ്ഞിരുന്നില്ല. അതിന് തക്ക കാരണവുമുണ്ട്. പാത്തുവിന് ഒന്നര വയസുള്ളപ്പോൾ അവളുടെ ബാപ്പാ മുജീബ് റഹ്മാൻ ഉമ്മയെ മൊഴി ചൊല്ലി. അതും അവൾക്ക് പരപുരുഷ ബന്ധമുണ്ടെന്ന ആരോപണത്തോടെ. അതു നാട്ടിൽ പാട്ടായി. ആയിഷ ആ നിൽപ് ഇപ്പോഴും തുടരുന്നു. പലരും അവളുടെ അടുത്ത് പലതും പയറ്റി. പക്ഷെ, അവൾക്ക് പിന്നീട് ഒരു പുരുഷ ബന്ധവും ഉണ്ടായില്ല. റഹ്മാൻ പിന്നേം പെണ്ണുകെട്ടി. അതൊന്നും നാട്ടുകാർ ശ്രദ്ധിച്ചില്ല. പേരിലിപ്പോഴും റഹ്മാൻ നടപ്പ് ദൂഷ്യത്തിന് മൊഴി ചൊല്ലിയ പെണ്ണ് എന്ന പേര് നിലനിന്നു. പാത്തുവിന്റെ ശിരസിനു മുകളിൽ അത് ഒരു കരിനിഴലായിരുന്നു. പിഴച്ചുണ്ടായ പെണ്ണ്. അയിഷാ ഉമ്മ ആടുവളർത്തിയും കോഴിവളർത്തിയും മകളെ പോറ്റി. പഠിപ്പിച്ചു.
ബാപ്പ ഉപേക്ഷിച്ചു എന്നത് ഒരു തീക്കനൽപോലെ പാത്തുമ്മയെ പൊള്ളിച്ചിരുന്നു. രണ്ട് പെണ്ണുങ്ങളെയാണ്. അയാൾ കൈവിട്ടത്. ഉമ്മയെയും മകളെയും. അതിനാൽ ദുനിയാവിലെ. ഒരു ആൺപിറന്നോനെയും പാത്തുമ്മ സ്നേഹിച്ചില്ല. ബഹുമാനിച്ചില്ല. ഇഷ്ടപ്പെട്ടില്ല. പക്ഷെ, അങ്ങാടി പോക്കർക്ക് ഓളെ പെരുത്ത് ഇഷ്ടം. ആയിഷാ ഉമ്മയെ റഹ്മാൻ മൊഴി ചൊല്ലിയതിൽ സന്തോഷിച്ച ദുനിയാവിലെ ഏക മനുഷ്യൻ അങ്ങാടി പോക്കറായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ അയാൾക്ക് ഒരിക്കലും പാത്തുമ്മയെ ആശിക്കാൻ പോലും കഴിയില്ലായിരുന്നു’
ഇത്രയും വഴി നടന്നത് പോക്കർ അറിഞ്ഞില്ല. ഒരു കമ്പോട് അത്രത്തോളം പോക്കറുടെ ചിന്തയെ ഭരിച്ചു. അയാൾ വഴിയിലൊന്നും കണ്ടില്ല. ഹൃദയത്തിൽ ഭൂതകാലം മാത്രമായിരുന്നു. അങ്ങനെ പഞ്ചാരക്കടവിലേക്ക് പോക്കർ എത്തിച്ചേർന്നു. കടത്തു അവസാനത്തെ ഊഴത്തിന് കാത്തു കിടപ്പുണ്ട്. കണ്ടവരൊക്കെ പോക്കറോട് കുശലം പറഞ്ഞു.
‘അന്തിക്ക് എങ്ങടാ പോക്കറെ’
എന്ന് ഔസേപ്പും കൂട്ടരും ചോദിച്ചു.
‘ദാ ഇബടെ ബരെ’
എന്ന മാത്രം പറഞ്ഞൊഴിഞ്ഞ് പോക്കർ വഞ്ചിയിരുന്നു. പിന്നെ പോക്കറ്റിൽ കിടന്ന കമ്പോടെടുത്തു നോക്കി. ആരും വിലവെക്കാത്ത ഒരു കഷണം കമ്പോട്. പക്ഷെ, അതു പോക്കറിനെ സംബന്ധിച്ച് അതു വലതു തന്നെ. ഓർമ്മകൾ അങ്ങനെയാണ്. അതിന് വ്യക്തിപരതയുണ്ട്. നമ്മുടെ ഹൃദയത്തെ ഭരിക്കുന്ന അനുഭവങ്ങൾ മറ്റാർക്കും പ്രധാനമാകണമെന്ന് നിർബന്ധമില്ല.
വള്ളം ഊന്നുകാരൻ കണാരൻ പോക്കറുടെ ഇരിപ്പുകണ്ട് ചോദിച്ചു.
‘എന്താ കാക്കാ വല്ലാത്ത ഒരിരുപ്പ്’
പോക്കർ ഒന്നും പറഞ്ഞില്ല. ഒന്ന് ചിരിക്കുക മാത്രം ചെയ്തു; അയാൾ ഓർക്കുകയായിരുന്നു. തന്റെയും പാത്തുവിന്റെയും ജീവിതത്തിൽ കബോടിന്റെ സ്ഥാനത്തെക്കുറിച്ച് പഞ്ചാരക്കടവ് തനിക്ക് എല്ലാമായിരുന്നു. തന്നെ ഒരു മനുഷ്യ ജന്മമായി കണ്ടത് പഞ്ചാരക്കടവ് നിവാസികളാണ്. തന്റെ പാത്തുവും കഞ്ഞുങ്ങളും ജീവിതവുമെല്ലാം കുരുങ്ങിക്കിടന്ന ഒരു കടവ്. ഇന്നിപ്പോൾ പാലം വരുന്നുണ്ട്. ഇനി ഈ കടവും അപ്രസക്തമാകും. പക്ഷെ, പോക്കറിന് താൻ അങ്ങാടിപ്പോക്കറായ ഈ പഞ്ചാരക്കടവിനെ മറക്കാനാകില്ല.
ആടിനെ വാങ്ങാനെന്ന ഭാവേനെയാണ് പോക്കർ ആയിഷ ഉമ്മാടെ വീട്ടിലെത്തിയത്. ഉസ്മാന്റെ ബുദ്ധിയിലുദിച്ച ഒരു സൂത്രമായിരുന്നു അത്. പാത്തുമ്മയെ കെട്ടിയാൻ ഊരുതെണ്ടിയെ പോക്കർ ഇവിടം വിട്ട പോകില്ല. അങ്ങാടിപ്പോക്കർ വന്നതിൽ പിന്നെ കച്ചവടം ഇരട്ടിയായി. മാത്രമല്ല. കടയിൽ മുമ്പെന്ന പോലെ കുത്തീരിക്കേണ്ട കാര്യമില്ല ഉസ്മാന്. എല്ലാം ഓൻ നോക്കിക്കോളും. ഇടക്കിടയ്ക്ക് പുകയ്ക്കുന്നതല്ലാതെ വേറെ ദുശ്ശീലമില്ല.
സാമാന്യം നല്ല വേഷത്തിലാണ് പോക്കർ ആടുണ്ടോ എന്ന ചോദ്യവുമായി എത്തിയത്. ദൂരെ നിന്നു തന്നെ പാത്തുമ്മ അയാളുടെ വരവു കണ്ടു. ചന്തയിൽവച്ച് പലവുരു ശൃംഗാരമൂറുന്ന പോക്കറിന്റെ കണ്ണുകൾ പാത്തുമ്മയെ വലം വച്ചിട്ടുണ്ട്. ഓട്ടക്കണ്ണിട്ട ആ നോട്ടം കാണുമ്പോഴെ പാത്തുമ്മക്ക് ഹാലിളകും. മുഖം ചുവക്കും . കണ്ണിൽ തീപാറും. പക്ഷെ പോക്കർ വിട്ടില്ല. അയാളാണ് വീട്ടിലേക്ക് വരുന്നത്. അകത്ത് ഭിത്തിയോട് ചേർന്ന് അവൻ നിന്നു. നെഞ്ച് കിടുടിടെ പെടച്ചു. ശ്വാസം മുട്ടി, ശരീരം മുഴുവൻ തരിച്ചു. ചൂലെടുക്കണോ? വെട്ടുകത്തി എടുത്താലോ…. ഓടിക്കളയണമോ അങ്ങനെ വെപ്രാളപ്പെട്ട് പാത്തുമ്മ അകത്തു നിന്നു കാതോർത്തു.
ആടിന് വെള്ളം കൊടുത്തു നിന്ന ഉമ്മയുമായി പോക്കർ സംസാരിച്ചു. നല്ല ഉറച്ച ശബ്ദം. ആടിൽ തുടങ്ങി തന്റെ ജീവിതകഥയിലേക്ക് പോക്കർ കടന്നപ്പോൾ ആയിഷ അയാളെ വരാന്തയിലിരുത്തി. സങ്കടത്തിന്റെ പെരുമഴയത്ത് ഒറ്റപ്പെട്ടുപോയ പോക്കറെ ആയിഷ കേട്ടതിനേക്കാൾ ആഴത്തിൽ പാത്തു കേട്ടു . കലികൊണ്ടു വിറച്ച അവൾ നെടുവീർപ്പിട്ടു. കണ്ണീർച്ചാലുകൾ ഒഴുകി. അവളുടെ കോപം സങ്കടമായി. അറിയാതെ അയാളെ അവൾ സ്നേഹിച്ചു.
ആയിഷയെ അയാൾ ഉമ്മാന്ന് വിളിച്ചപ്പോൾ അവൾ കോരിത്തരിച്ചു..
ഒടുവിൽ അയാൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉമ്മ അകത്തേക്ക് കയറിയ തക്കത്തിന് പാത്തുമ്മ പിന്നാമ്പുറം ചുറ്റി വേലിക്കരികിലേക്കോടി. ശൂന്ന് വിളിച്ചാലോ. ശ്രമിച്ചു നോക്കി. ശബ്ദം പുറത്തേക്ക് വന്നില്ല. പിന്നെ അവൾ ചുറ്റും നോക്കി. അങ്ങനെയാണ് അവൾ മാർഗ്ഗം കണ്ടെത്തിയത്. മുന്നിൽ കണ്ട ഒരു കമ്പോടെടുത്ത് അവൾ അയാളെ എറിഞ്ഞു. അയാൾ നിന്ന് പുറംതിരിഞ്ഞു നോക്കി. അവൾ വിറച്ചു. ഏറു കിട്ടിയ കമ്പോട് അയാളെടുത്തു. പിന്നെ ഏറു വന്നിടത്തേക്കു നോക്കി. അയാൾ അവളെ കണ്ടു. കണ്ണിടഞ്ഞപ്പോൾ അവൾ തിരിഞ്ഞോടി. ആ ഓട്ടം നോക്കി അയാൾ നിന്നു. പിന്നെ ആ കമ്പാടിൽ ഒരു മുത്തം കൊടുത്തു അതു പോക്കറ്റിലിട്ടു നടന്നു. യുദ്ധം ജയിച്ച വീരന്റെ ഭാവമായിരുന്നു അയാൾക്ക്.
കമ്പോടിന്റെ കഥ അതു കൊണ്ട് തീർന്നില്ല. പിറ്റേന്നു മുതൽ ചന്തയിൽ അവളെ കാണുമ്പോൾ അയാൾ ആ കമ്പോടെടുത്ത് മുത്തം കൊടുക്കും. അവർ തമ്മിൽ സംസാരിച്ചില്ല. പ്രണയം പങ്കുവച്ചില്ല. പക്ഷെ കമ്പോട് അതെല്ലാം ചെയ്തു. പിന്നെ ഏറെ താമസിയാതെ അങ്ങാടിപ്പോക്കർ അവളെ നിക്കാഹ് ചെയ്തു താമസം അങ്ങോട്ട് മാറി. കമ്പോട് പ്രണയം അവസാനിച്ചു.
പെട്ടെന്നാണ് ആയിഷ മയ്യത്തായത്. ഒരു വിധത്തിൽ പാത്തുവിന്റെ ജീവിതം സുരക്ഷിതമാക്കാൻ കാത്തു നിന്നതു പോലെ. പിന്നെ പയ്യെ പയ്യെ പാത്തുവും പോക്കറും കലഹിക്കാൻ തുടങ്ങി. വലിയ കാര്യങ്ങൾക്കല്ല ‘കഞ്ഞി വെന്തില്ല. കറിക്കുപ്പില്ല.’ എന്നൊക്കെയാണ് വിഷയങ്ങൾ. ദേഷ്യം വന്നാൽ പോക്കർ ബഹളം വയ്ക്കും.
പലപ്പോഴും വഴക്കിനു കാരണം കഞ്ഞി വേവാത്തത്തായിരുന്നു. പരസ്പരം പഴിചാരി കലഹിച്ച് ഒടുവിൽ എങ്ങുമെത്താതെ നിൽപാണ് വഴക്ക്. ഇറച്ചി വെട്ടുകാരനാണ് പോക്കർ. വെട്ടുപോത്തിനോട് ഇടപെട്ട് മിണ്ടിയാൽ ‘കശണം കശണമാക്കും’
എന്നാണ് അയാൾ പറയുക.
അതൊരിക്കലും ചെയ്യില്ലെന്ന് അറിയാമെങ്കിലും അതു കേൾക്കുമ്പോൾ പാത്തൂന് ഹാലിളക്കും.
‘ഹറാം പിറന്ന ബർത്തമാനം പറയാതിരിക്കീ’
അങ്ങനെ എത്ര ശക്തിയിൽ പാത്തു പറഞ്ഞാലും പോക്കറ് വിട്ടുകൊടുക്കില്ല
മോയി ചൊല്ലൂന്ന് ഒരിക്കലും അയാൾ പറയില്ല, അവളെ അയാൾക്കും അയാളെ അവ?ക്കും അത്ര പെരുത്ത ഇഷ്ടം തന്നെ.
അങ്ങനെ വഴക്കുകളെല്ലാം അവസാനിച്ചിരുന്നത് കഞ്ഞിക്കലം എറിഞ്ഞ് പൊട്ടിച്ചുകൊണ്ടായിരുന്നു. പിന്നെ തമ്മിൽ മിണ്ടാതെ രണ്ടു പേരും രാത്രി പാത്തുമ്മ ഒരു കമ്പോടെടുത്ത് പോക്കറുടെ നേരെ നീട്ടും. അതോടെ തീരും. കലഹം. അങ്ങനെ രണ്ടാം പകുതിയിൽ കമ്പോട് പിന്നെയും കടന്നു വന്നു.
ഇന്നിപ്പോൾ പാത്തു ഇല്ല. മക്കൾ വലുതായി. അവർ അറിവുള്ളവരായി. കുടുംബമായി. പോക്കർ അങ്ങാടിയിൽ പോകുന്നത് അവൾക്ക് കുറച്ചിൽ. അയാളുടെ അഭിപ്രായം അവൾക്ക് പുശ്ചം. അറിവില്ലായ്മ നാണക്കേട്. മരുമകളും മകനും തമ്മിലുള്ള സംഭാഷണം ഉച്ചയ്ക്കു വീട്ടിൽ ചെന്നു കയറിയപ്പോഴാണ് പോക്കർ കേട്ടത്. ‘ഉപ്പയോട് അടങ്ങിയിരിക്കാൻ പറയണം.’
മരുമകളാണ്. അതു കേട്ട മകൾ
‘അതെങ്ങനാ തെണ്ടിയല്ലേ ശീലം’
അയാൾ പുറത്തുനിന്നു കേട്ടു. പഴയ വഴക്കോർത്തു പോക്കർ. പാത്തവും താനുമായി വഴക്കുണ്ടാകും. ഒടുവിൽ കലി തീർക്കുന്നത് കഞ്ഞിക്കലത്തിലാണ്.
തന്റെ വിശപ്പു മാറാൻ കഞ്ഞിക്കലം ചൂട് സഹിക്കണം. വെന്ത് കരിയണം. പക്ഷെ, ചോറു വെന്തില്ലെങ്കിൽ കലം എറിഞ്ഞുടയ്ക്കണം. തീയേറ്റതും വെന്തതും എല്ലാം മറക്കും. എന്നിട്ട് എറിഞ്ഞുടയ്ക്കപ്പെടും. ഇതായിരുന്നോ പാത്തു തന്ന കമ്പോടിന്റെ അർത്ഥം. അങ്ങനെ ഒടുവിൽ വീടും നാടും വിട്ട് പഴയ ലോകത്തേക്ക് തിരിഞ്ഞ് നടക്കാൻ തീരുമാനിച്ച് മുറ്റത്തിറങ്ങിയപ്പോഴാണ് കാലിൽ കമ്പോട് …. ഇതവൾ തന്നെ. പാത്തു. എപ്പോഴാണ് വഞ്ചി കടവെത്തിയത് എന്നറിയില്ല. കമ്പോടിൽ നോക്കിയിരുന്നു പോക്കർ.
‘പോണില്ലേ നിങ്ങ’
ആ ചോദ്യം കടത്തുകാരൻ കണാരന്റേതാണ്. പോക്കർ നിധിപോലെ ആ കമ്പോടിൽ മുത്തം വച്ചു. ഇരുട്ടിൽ അയാളുടെ കണ്ണിൽനിന്നും അടർന്ന ചോരത്തുള്ളികൾ ആരും കണ്ടില്ല. ഇരുട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു. ഹൃദയത്തോട് ഒട്ടിക്കിടക്കുന്ന കമ്പോടുമായി.