ഉഷ്ണിച്ച അപരാഹ്ന വിളർച്ചയിൽ
പെറ്റിട്ട വല്ലായ്മയുടെ നെടുവീർപ്പുമായി
വെറും സിമൻ്റ് തറയിൽ
മലർന്നു കിടന്നു മച്ചി
മുറ്റത്തെ പ്ലാവിലച്ചപ്പിലെ വെയിൽ വീഴ്ചയിലേക്ക് അമ്മാവിയമ്മയുടെ
നീട്ടിത്തുപ്പിയ മുറുക്കാൻ ചോപ്പിനൊപ്പം
മച്ചിപ്ലാവെന്ന പുച്ഛരസം!
പ്ലാച്ചുളളില് പെറുക്കുന്ന ചിരുത പെറ്റത് നാല്,
കാടിയെടുക്കാനെത്തുന്ന അങ്ങേതിലെ മേരി
നൊന്തുപെറ്റത് ആറ്!
പെറ്റ പുരാണവും മുറ്റത്തെ മുറുക്കാൻ ചോപ്പും
പെറാത്ത പെണ്ണിൻ്റെ കാതിൽ
ഈയം കാച്ചിയ തെളപ്പ്.
പൊരേല് തൊള്ള തുറക്കുന്ന കുഞ്ഞ് !!
ചുള്ളിലൊടിച്ച ചിരുതേടെ നെഞ്ച് കനത്തു
കുനിഞ്ഞു നിന്ന് കനത്ത മുല പിഴിഞ്ഞ്
പ്ലാവിലച്ചപ്പിനെയൂട്ടി വേവകറ്റി ചിരുത.
സിമൻ്റ് തറയില് മലർന്നു കിടന്നു മയങ്ങിയ
പെണ്ണ് കിനാവു കണ്ടു
മുറ്റത്തെ മച്ചിപ്ലാവ് നിറയേ തളിർത്തു, കായ്ച്ചു.
ചില്ലകൾ നീളെ
മോണകാട്ടി ചിരിച്ച്
കൈകാലിളക്കി ഓമനകിടാങ്ങൾ!
മച്ചീടെ ഉളളം കുളിർത്തു
സ്വപ്നത്തിലെ കുഞ്ഞുങ്ങൾക്കവൾ
മുല ചുരത്തി.
വെളിപാടിലെന്ന പോലെ
കെട്ടിയവൻ്റെ കൈ പിടിച്ചവൾ ആഞ്ഞു നടന്നു.
തോട്ടെറമ്പിലെ സന്നിവന്നു ചത്ത ജാനുവിൻ്റെ ആരോരുമില്ലാത്ത കിടാവിൻ്റെ
തൊണ്ണ പിളർത്തിയ നെലോളി മാത്രമേ അവൾ കേട്ടുള്ളു.
പൈതലിൻ്റെ മോണകാട്ടിയ ചിരി മാത്രമേ
അവൾ കണ്ടുള്ളു.
പെറാത്തവളും അമ്മയാവും,
അവളും മാതൃത്വം ചുരത്തും.