പ്രേംനസീർ ഓർമ്മയിലെ മധുരം

മങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ
”അതിലേറെ ഹരിഹരൻ  എന്നെ കൂട്ടിക്കൊണ്ടുപോയി എന്നതാണ്‌ ശരി. നസീർ സാറിനെ പരിചയപ്പെടുത്തിത്തന്നു. ആ സെറ്റിൽ വച്ചാണ്‌ കെ.പി.ഉമ്മർ, അടൂർ ഭാസി എന്നിവരോടും കൂടുതൽ അടുക്കാൻ എനിക്ക്‌ അവസരമുണ്ടായത്‌. തുടർന്ന്‌ അവരൊക്കെ പങ്കെടുത്ത ബാബുമോൻ, അമ്മിണി അമ്മാവൻ, തെമ്മാടി വേലപ്പൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഹീറ്റായതോടെ അവരുടെ മനസിൽ എനിക്കു സ്ഥാനം പിടിക്കാനായി.”
ഏറ്റവും കൂടുതൽ ചിത്രങ്ങളിലഭിനയിച്ചു ലോകറിക്കാർഡ്‌ സൃഷ്ടിച്ച നടൻ എന്ന നിലയിലാണോ, ഏതാങ്കിളിൽ ക്യാമറ വച്ച്‌ ഷൂട്ട്‌ ചെയ്താലും എപ്പോഴും സുന്ദരമായ മുഖത്തിന്റെ ഉടമ എന്ന നിലയിലാണോ, അസാധാരണനായ ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണോ, ആരെയും മനസ്സാവാചാ കർമ്മണാ ദ്രോഹിക്കാത്ത വ്യക്തിത്വം എന്ന നിലയിലാണോ, പ്രേം നസീറിനെക്കുറിച്ച്‌ എഴുതിത്തുടങ്ങേണ്ടത്‌ എന്ന്‌ എനിക്കറിയില്ല. എനിക്കറിയാവുന്ന നസീർ സാർ ഇതൊക്കെയാണ്‌. ഇതിലുപരി പലതുമാണ്‌. ഒരു ലേഖനത്തിൽ ഒതുങ്ങുന്നതല്ലാത്ത അപദാനങ്ങൾ. ഞാനേറ്റവും കൂടുതൽ ഗാനരചന നിർവ്വഹിച്ചിട്ടുള്ളത്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളിലാണ്‌. എന്റെ പാട്ടുകൾക്ക്‌ അധരചലനങ്ങളിലൂടെ ദൃശ്യസായൂജ്യം നൽകിയത്‌ അദ്ദേഹമാണെന്ന്‌ പറയുകയാണ്‌ വേണ്ടത്‌. അതൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു, ഇന്നും. കുട്ടനാട്ടിലെ ഒരു നാട്ടിൻപുറത്തുനിന്ന്‌ ഒരുപാടൊരുപാട്‌ സിനിമാമോഹങ്ങളുമായിട്ടായിരുന്നു മറ്റ്‌ പലരെയും പോലെ മദിരാശിയിലേക്ക്‌ ഞാനും വണ്ടി കയറിയത്‌.
അത്യാവശ്യ വരുമാനമുള്ള ഒരു പത്രപ്രവർത്തന സൗകര്യത്തോടെ അവിടെ ജീവിക്കാൻ കഴിഞ്ഞുവേന്നതു സാമ്പത്തിക ഭദ്രത നൽകി എന്നൊരാശ്വാസമുണ്ടായിരുന്നു. ‘അന്വേഷണം’ മാസികയുടെ സഹപത്രാധിപ ജോലി.  മദിരാശിയിലെത്തിയ  എനിക്ക്‌ അവിടെ ചെന്നു കഴിഞ്ഞപ്പോഴാണ്‌ സിനിയിലേക്ക്‌ ഒരു പുതിയ ആളിന്‌ കടന്നുവരാനുള്ള ബുദ്ധിമുട്ട്‌ മനസ്സിലായത്‌. സിനിമാരംഗത്തിന്റെ സ്വഭാവം അന്ന്‌ അങ്ങനെയായിരുന്നു.
എത്ര കഴിവുണ്ടായാലും പുതുമുഖമായ നടനോ എഴുത്തുകാരനോ ഗായകനോ സംഗീത സംവിധായകനോ സംവിധായകനോ അവസരങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല. രംഗത്തു പയറ്റി തെളിഞ്ഞവർക്കെ ചാൻസുള്ള എവിടെയെങ്കിലുമൊക്കെ സ്വന്തം പ്രാഗൽഭ്യം തെളിയിച്ച്‌ ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തിയാലല്ലാതെ രംഗപ്രവേശനം സാധ്യമല്ലെന്ന്‌ ചുരുക്കം. അതല്ലെങ്കിൽ അതിവിപുലമായ സ്വാധീനത. ഗാനരചനയുടെ കാര്യത്തിലും അതങ്ങനെ തന്നെയായിരുന്നു. വയലാറും പി. ഭാസ്ക്കരനുമൊക്കെ ആധിപത്യം നേടിയിരുന്ന കാലം. ഒ.എൻ.വി, യൂസഫലി തുടങ്ങിയവർക്ക്‌ ചില പടങ്ങളുണ്ടായിരുന്നു എന്നുള്ളതും ഇവിടെ ഓർക്കണം.
ഒരു വർഷം അറുപത്‌ പടങ്ങൾ പുറത്തിറങ്ങുമ്പോഴും അമ്പതും വയലാറും പി.ഭാസ്ക്കരനുമായിരുന്നു എഴുതിയിരുന്നത്‌. ബാക്കി പത്താണ്‌ പിന്നിൽ പാടുന്നവർക്കും മറ്റുചിലർക്കുമായി വീതിച്ചു പോകുക. ഈ കാലഘട്ടത്തിലാണ്‌ ശ്രീകുമാരൻ തമ്പി ഗാനരചനയിതാവായി സിനിമയിൽ വന്നത്‌. ഇതോടെ രണ്ടുപേരുടെയും അമ്പത്‌ (ഇരുപത്തിയഞ്ചും ഇരുപത്തിയഞ്ചും) ഇരുപതിലേക്കും പതിനഞ്ചിലേക്കും ചുരുങ്ങി. തമ്പിക്ക്‌ പത്തും പതിനഞ്ചുമായി. ഇതൊരേകദേശകണക്കുമാത്രം. ആ സമയത്താണ്‌ ഞാനും അവിടേക്കു എത്തിയത്‌. എനിക്കും കുറെ പടങ്ങൾ നേടാൻ കഴിഞ്ഞു. അവിടെ നിന്നാണ്‌ നസീർ സാറുമായുള്ള എന്റെ പരിചയം ആരംഭിക്കുന്നത്‌. “വിമോചന സമരം’ എന്ന പടത്തിൽ ഒരു പാട്ടെഴുതി, പിന്നെ ‘അലകൾ’ എന്ന പടത്തിന്റെ മുഴുവൻ ഗാനങ്ങളും രചിച്ചു. സ്വർണ്ണമത്സ്യം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും സംഭാഷണവും ഗാനരചനയും നിർവ്വഹിച്ചു. എങ്കിലും ചിത്രങ്ങളിറങ്ങാത്തതുകൊണ്ട്‌ എനിക്ക്‌ ഒരു ഗുണവും ഉണ്ടായില്ല.
എന്നാൽ ഹരിഹരൻ സംവിധാനം ചെയ്ത പ്രേംനസീർ ചിത്രത്തിലെ (അയലത്തെ സുന്ദരി) “ലക്ഷാർച്ചന” പോലുള്ള ഗാനങ്ങൾ ഹിറ്റായതോടെ ശ്രദ്ധ പിടിച്ചു പറ്റാനും അംഗീകാരം നേടാനും കഴിഞ്ഞു. അതിന്റെ ചിത്രീകരണ സമയത്ത്‌ സഹസംവിധായകൻ ഹരിഹരനുമായുള്ള ആത്മബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗിനുപോകാൻ എനിക്കു ഭാഗ്യമുണ്ടായി. അതിലേറെ ഹരിഹരൻ  എന്നെ കൂട്ടിക്കൊണ്ടുപോയി എന്നതാണ്‌ ശരി. നസീർ സാറിനെ പരിചയപ്പെടുത്തിത്തന്നു. ആ സെറ്റിൽ വച്ചാണ്‌ കെ.പി.ഉമ്മർ, അടൂർ ഭാസി എന്നിവരോടും കൂടുതൽ അടുക്കാൻ എനിക്ക്‌ അവസരമുണ്ടായത്‌. തുടർന്ന്‌ അവരൊക്കെ പങ്കെടുത്ത ബാബുമോൻ, അമ്മിണി അമ്മാവൻ, തെമ്മാടി വേലപ്പൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഹീറ്റായതോടെ അവരുടെ മനസിൽ എനിക്കു സ്ഥാനം പിടിക്കാനായി. ആ സമയത്താണ്‌ വയലാറിന്റെ ആകസ്മികമായ നിര്യാണം. ഉദയയുടെ ചിത്രങ്ങളിൽ വയലാറായിരുന്നു സ്ഥിരമായി ഗാനരചന നിർവ്വഹിച്ചു പോന്നിരുന്നത്‌.
അടുത്ത പടങ്ങളിൽ ആരെക്കൊണ്ട്‌ പാട്ട്‌ എഴുതിക്കണമെന്ന ചർച്ച ഉദയായിൽ നടന്നു. ആ സമയത്ത്‌ മേൽപ്പറഞ്ഞവരൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞത്‌ എന്റെ പേരാണ്‌ (ഈ വിവരം അപ്പോൾ ഞാനറഞ്ഞിരുന്നില്ല) ഉദയായുടെ സമുജ്വലമായ ഘട്ടത്തിൽ പറയട്ടെ.
ശ്രീകുഞ്ചാക്കോ സാറിന്‌ മദിരാശിയിൽ നിന്ന്‌ ഒരു വിമാന യാത്രക്കിടയിലെ പരിചയം എന്നോടുണ്ടായിരുന്നു. ഉദയായിലെ ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ മദിരാശിയിലെത്തിയ നസീർ സാർ എന്നെ വിളിപ്പിച്ചു. എന്തിനാണെന്നറിയാതെ ഞാൻ ചെന്നു. ഉദ്വോഗപൂർവ്വം ആ മുഖത്തേക്ക്‌ നോക്കി: “ഉദയായിൽ നിന്ന്‌ വിളിക്കും.ചാക്കോച്ചനോടു ഞങ്ങളെല്ലാവരും പറഞ്ഞിട്ടുണ്ട്‌. ഇനിയുള്ള പടങ്ങളിൽ നിങ്ങളാണിവിടെ പാട്ടെഴുതാൻ പോകുന്നത്‌. ” നസീർ സാറിന്റെ വാക്കുകൾ അമൃതധാരയായിരുന്നു എനിക്കു മനസിൽ. മലയാളസിനിമയുടെ തറവാടായ ഉദയ, പ്രഗൽഭനായ ചാക്കോച്ചൻ. എന്റെ നാടായ ആലപ്പുഴയിലെ ചലച്ചിത്രമഹാസ്ഥാപനം. പ്രതിഭാചക്രവർത്തിയായ വയലാർ എഴുതിയിരുന്ന കമ്പനി.എനിക്കാരംഗം മറക്കാനാകുന്നില്ല. എന്നെ ശുപാർശ ചെയ്ത അവരോടൊക്കെയുള്ള നന്ദി-വിശുദ്ധിയുടെ പനിനീരുറവയിൽ കഴുകിയെടുത്ത നന്ദി- ഇന്നും ഞാൻ മനസിന്റെ പുസ്തകത്താളിൽ മയിൽപ്പീലി പോലെ സൂക്ഷിക്കുകയാണ്‌.
പറഞ്ഞുവന്നത്‌ നസീർ സാർ എന്ന മഹാനടനുമായുള്ള അടുപ്പത്തിന്റെ ആരംഭം ഇവിടെ നിന്നാണെന്നാണ്‌. ഹരിഹരൻ ചിത്രങ്ങളിൽ കൂടുതലും നസീർ സാർ നായകനായതുകൊണ്ടും ഹരിഹരന്റെ പടങ്ങളിൽ കൂടുതൽ ഗാനരചന നിർവ്വഹിച്ചതു താനായതു കൊണ്ടും പലപ്പോഴും ഷൂട്ടിംഗിന്‌ അദ്ദേഹവുമൊത്ത്‌ അടുത്ത പടത്തിന്റെ ചർച്ചയ്ക്കുവേണ്ടി കൂട്ടികൊണ്ടുപോകുമായിരുന്നതുകൊണ്ടും നസീർ സാറുമായി കൂടുതൽ ബന്ധപ്പെടാൻ അവസരമുണ്ടായി എന്നുള്ളതാണ്‌ വിധിയോഗം. സെറ്റിൽ വച്ചു കണ്ടാലും വീട്ടിൽ ചെന്നാലും ചുണ്ടത്തുവച്ചു മറന്നുപോയ ആ വശ്യമന്ദഹാസം അദ്ദേഹത്തെ ഒരിക്കൽ കണ്ടവർക്കുപോലും മറക്കാനാവില്ല. ഗാനരചനയിൽ പല പരീക്ഷണങ്ങളും ഞാൻ നടത്തിയിട്ടുണ്ട്‌. ഒരു സംവിധായകന്റെ (ഹരിഹരൻ) പേരു പറഞ്ഞുകൊണ്ട്‌ ഒരു പ്രണയഗാനം ഉണ്ടാക്കിയത്‌ ഞാനാണ്‌. മലയാളസിനിമാ ഗാനരചനയിലെ ആദ്യപരീക്ഷണ ചിത്രം ‘ലവ്മാര്യേജ്‌’. ഗാനം-‘ലേഡീസ്‌ ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച കോളേജ്‌ ഗേളേ’.-ഒരു തരത്തിലും അതൊരു ചലച്ചിത്രനാമ പട്ടിക നിരത്തലല്ല. ഭേദപ്പെട്ട പ്രണയഗാനം തന്നെയാണ്‌.
അതുപോകട്ടെ. ഇത്തരം പരീക്ഷണങ്ങൾ ഞാനാദ്യം ചർച്ച ചെയ്യാറുള്ളത്‌ ശ്രീ. ഹരിഹരനോടാണ്‌ (മദിരാശിയിലെ ആർ.കെ ലോഡ്ജിലെ തൊട്ടടുത്ത മുറികളിലെ താമസം, സുദൃഢമായ സൗഹൃദം. എപ്പോഴും സിനിമാചർച്ചകൾ-അങ്ങനെയായിരുന്നു. 1970 മുതൽ കുറെ വർഷങ്ങൾ) അദ്ദേഹത്തിന്റെ അയലത്തെ സുന്ദരി’ എന്ന ചിത്രമാണ്‌ എന്റെ ഗാനരചനയിലെ ബ്രേക്ക്‌. അതിലെ പാട്ടുകൾ ഉണ്ടാക്കുമ്പോൾ അതേവരെ സിനിമയിൽ പാട്ടിൽ വരാത്ത അക്ഷരങ്ങളും പദങ്ങളും ഉപയോഗിക്കുന്ന കാര്യം സംസാരിച്ചു. അതിനെ അദ്ദേഹം അഭിനന്ദിച്ചു. അങ്ങനെയാണ്‌ ‘ല’ യിലും ‘ത്ര’ യിലും ‘ഹ’ യിലും  തുടങ്ങി വരാത്ത പദങ്ങളായ ‘ലക്ഷാർച്ചന’യും ‘ത്രൈയംബക’വും ‘ഹേമമാലിനി’യും രചിച്ചതു.
ശ്രീ. ഹരിഹരന്റെയും എന്റെയും ചർച്ചകളിൽ സിനിമാ മാത്രമായിരുന്നു എന്ന്‌ പറഞ്ഞല്ലോ. എല്ലാ ഭാഷകളിലുമുള്ള ചിത്രങ്ങൾ നിരന്തരം കാണും, ചർച്ച ചെയ്യും. പ്രത്യേകിച്ച്‌ തമിഴ്‌ ചിത്രങ്ങൾ. എം.ജി.ആർ, ശിവാജി പടങ്ങൾ ഒന്നും വിടാറില്ല. ആ ചർച്ചയിൽ എം.ജി.ആർ പടങ്ങളെല്ലാം സൂപ്പർഹിറ്റാകുന്നതും ശിവാജി പടങ്ങൾ പരാജയപ്പെടുന്നതും എങ്ങനെയെന്നൊക്കെ തേടും. എം.ജി.ആർ സ്വന്തം പടങ്ങളുടെ കഥയിലും സംഭാഷണത്തിലും ഗാനങ്ങളിലെ ആശയത്തിലും വരികളിലും സംഗീതത്തിലും എന്തിന്‌ ടൈറ്റിലിൽ വരെ പുലർത്തുന്ന അവധാനത അതിശയത്തോടെ നോക്കി കാണും. ഈ അവസരത്തിൽ, ആൾ കാഴ്ചയിൽ വളരെ ഗൗരവക്കാരനെങ്കിലും ഇടയ്ക്കിടക്ക്‌  നല്ല സ്വയമ്പൻ ഫലിതങ്ങളും ഹരിഹരൻ  കാച്ചും.
ഈ വിഷയത്തോടു ബന്ധപ്പെട്ടതിനാൽ അത്തരമൊരു പരാമർശം കൂടി ഞാനിവിടെ കുറിക്കാം.
ശിവാജി പടങ്ങളുടെ തുടർ പരാജയങ്ങൾ കണ്ടു നിരാശനായ ഒരു ആരാധകൻ അദ്ദേഹത്തെ സമീപിക്കുന്നു. (ഇതു ഹരിഹരകൽപന ഫലിതം മാത്രമാണേ!) “അണ്ണാ നിങ്ങൾ പടങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കാട്ടുന്നില്ല. കഥയിൽ ഇടപെടുന്നില്ല. ടൈറ്റിലിന്റെ കാര്യത്തിൽ സീരിയസ്സേ അല്ല.എം.ജി.ആർ പടങ്ങളുടെ പാട്ടുകൾ ശ്രദ്ധിക്കൂ:” ഉങ്കവീട്ടു പിളൈ”, “നാൻ ആയിരത്തിൽ ഒരുവൻ”, ” മക്കൾ എൻ പക്കം”. “നിനയ്ത്തതേ മുടിപ്പവൻ (വിചാരിക്കുന്നതു സാധിക്കുന്നവൻ)
അങ്ങനെയെല്ലാം – മാസ്‌ അറ്റ്‌റാക്ഷൻ. കേട്ടപ്പോൾ ശിവാജിയ്ക്ക്‌ അതുശരിയാണല്ലോ എന്നു തോന്നി. അദ്ദേഹം ഉടനെ എം.ജി.ആറിനെ വിളിച്ചു കാര്യം പറഞ്ഞു. ഉടനെ എം.ജി.ആർ കുറെ ടൈറ്റിലുകൾ പറഞ്ഞു കൊടുത്തു.(അവർ തമ്മിൽ കടുത്ത സിനിമാ-രാഷ്ട്രീയ മത്സരം നടക്കുന്ന കാലമായിരുന്നു അന്ന്‌) “ഊരുക്കതിരുമ്പലാം” (നാട്ടിലേക്കു തിരിച്ചുപോകാം. നിനക്കീ പണി പറ്റിയതല്ലെന്നർത്ഥം)- പോട്ടപണം തിരുമ്പി വരാക്‌ (മുടക്കു മുതൽ തിരികെ കിട്ടില്ല)’ഓടാതെനിൽ’ (ഓടത്തില്ല)
ഇതു കേട്ടതും എത്രനേരം ഓർത്തോത്ത്‌ ചിരിച്ചു എന്നത്‌ എനിക്കു തന്നെ നിശ്ചയമില്ല. അന്നത്തെ തമിഴ്‌ ചലച്ചിത്രവേദിയെപ്പറ്റി അറിയാവുന്നവർക്ക്‌ ഇതു തികച്ചും രസകരമായ ഒരു തമാശയാണ്‌ – വിഷയം അവിടുന്നു വിട്ടു. അപ്പോഴാണ്‌ എനിക്കൊരാശയമുദിച്ചതു. എം.ജി.ആറിന്റെ പടത്തിലെ പാട്ടുകൾ. എന്തു ഫിലോസഫിയാണതിൽ. ജനശ്രദ്ധപിടിച്ചു പറ്റുന്ന ശക്തമായ വരികൾ.
“ഞാൻ ഉങ്കവീട്ടുപിളൈ-ഇതു
ഊരറിണ ഉളൈ”-
“നിനയ്‌ ആതേമുട്ടിപ്പവൻ നാൻ –
നാൻ ആയിരത്തിൽ ഒരുവൻ
മക്കൾ എൻ പക്കം”
ഇങ്ങനെ ഹീറോയിസത്തിനുമുപരി ജനമനസ്സിലേക്കു ജനപ്രിയനായകനാക്കി നടനെ മാറ്റുന്ന വരികൾ. ഇത്തരം വരികളും ആശയങ്ങളും എന്തുകൊണ്ട്‌ മലയാളത്തിൽ നസീർ പടങ്ങളിൽ വച്ചുകൂടാ.. ഈ വിദ്യ കേട്ടതും ഹരിഹരൻ പറഞ്ഞു: “ഇതു നിങ്ങൾക്കുമുമ്പേ ഞാൻ ആലോചിച്ചതും പറയാനിരുന്നതും ആണ്‌. അങ്ങനെ പിറന്നതാണ്‌ തെമ്മാടി വേലപ്പിനലെ ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി എന്ന തുടങ്ങുന്ന പാട്ട്‌.
“നിങ്ങൾക്കു ഞാനൊരു തെമ്മാടി – പക്ഷേ നീതിക്കു ഞാനൊരു  പോരാളി-സത്യധർമ്മങ്ങൾക്കെന്നും ഞാൻ തേരാളി”, തുടർന്ന്‌ “തോൽക്കാനൊരിക്കലും മനസ്സില്ലാത്തൊരു തൊഴിലാളി.
ധർമ്മസമരം വിജയിച്ചു.”
രാജസൂയം കഴിഞ്ഞു. എൻ രാജയോഗം തെളിഞ്ഞു. അവ കൂടാതെ നസീർ സാർ അഭിനയിച്ച കുഞ്ചാക്കോ പടമായ “ചെന്നായ വളർത്തിയ കുട്ടി” യിൽ
“സ്യമന്തപഞ്ചകതീർത്ഥത്തിനടുത്തൊരു
വസന്തദേവീക്ഷേത്രം
അതിന്റെ മുറ്റത്തു തീർത്തുനീയെനിക്കൊരു
മയൂരസിംഹാസനം”
അക്ഷയശക്തികളേ
അജയ്യശക്തികളേ
തോൽവിയെന്തെന്നിതുവരെയറിയാത്ത
സഖാക്കളേ മുന്നോട്ട്‌-
(സഖാക്കളേ മുന്നോട്ട്‌)
ഈ ജീവിതമൊരു പാരാവാരം
അലറും തിരമാലകൾ
അടിയിൽ വൻചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്‌
ഇവരെന്റെ പ്രിയപുത്രൻ
സംവിധാനം ഹരിഹരൻ
പൊൻവിളയും കാട്‌ തേയിലക്കാട്‌
ഇവിടെ മുതലാളിയില്ല തൊഴിലാളിയില്ല
തോളോടു തോൾചേർന്ന മനുഷ്യർ മാത്രം തോൽക്കാൻ മനസ്സില്ല
………………………….
ഈ ഭീകരാരണ്യ നടുവിൽ-എന്നിലെ ഞാൻ തീർത്ത വാത്മീക തടവറയിൽ പുതിയൊരു രാമനാമശക്തി മന്ത്രവുമായ്‌ പുനർജനിക്കാൻ ഞാൻ കാത്തിരിപ്പൂ” –
(യാഗാശ്വ)
ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും ഞാൻ നസീർ സാറിനെ വ്യക്തിപരമായിക്കൂടി- സിനിമാകഥാപാത്രത്തിനപ്പുറം-ഹൈലൈറ്റു ചെയ്യാൻ ശ്രമം നടത്തി.മനപൂർവ്വം ഞാനിത്‌ അദ്ദേഹത്തോടൊരിക്കൽ തുറന്നു പറഞ്ഞു. അതിനദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു (ഞാനദ്ദേഹത്തിന്‌ പ്രശസ്തി ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നതുപോലെ)
മങ്കൊമ്പേ, നിങ്ങളീ ചെയ്യുന്നതു ഞാൻ ശ്രദ്ധിച്ചു.
എനിക്കിഷ്ടപ്പെടുകയും ചെയ്തു. ചില പാട്ടുകൾ പോപ്പുലറാവുന്നു. മറ്റു ചിലർ ഏറ്റു പാടുന്നു. “എന്റെ അധരചലനവും അഭിനയവും നക്ഷത്രശോഭ പകരുന്നു എന്നു നിങ്ങളുടെ അഭിനന്ദനവും ഞാൻ അംഗീകരിക്കുന്നു. പക്ഷെ ഒരു കാര്യം. ഇതുകൊണ്ട്‌ എന്നെ എം.ജി.ആർ ആക്കാനോക്കില്ല. ഞാൻ എം.ജി.ആർ ആകത്തുമില്ല. അദ്ദേഹം വേറൊരുവിധം വ്യക്തിത്വവും മഹത്വവുമാണ്‌. ആ ആദരവും അംഗീകാരവും ആരാധനയും അദ്ദേഹത്തിനുമാത്രം സ്വന്തം.”
ആ വാക്കുകളിലെ വിനയത്തിനുമുന്നിൽ ഞാൻ നമസ്കരിച്ചുപോയി. ഈ വ്യക്തിത്വത്തിനും മഹത്വത്തിനും, നസീർ സാറിനേ മറ്റൊരു എം.ജി.ആർ ആയി കാണാൻ ഞാനിഷ്ടപ്പെടുന്നു.
mg

You can share this post!