ജഹനാര……./കവിത

ദീപാസോമൻ ദേവീകൃപ
നിശ്ശബ്ദത ,
എങ്ങും നിശബ്ദത …
നിതാന്തമാം മൗനത്തിൻ കുടീരം പോൽ
മൂകത വാരിപുതച്ചൊരീ
ആഗ്രാകോട്ടയിൽ കൽത്തുറുംകിൽ
കൽത്തൂണു ചാരിയിരിക്കയാണവൾ
കൽപ്രതിമയ്‌ക്കൊത്തൊരു ചാരുരൂപം ……
കദനഭാരത്താൽ കുനിഞ്ഞമുഖവും
കണ്ണിൽ പൂക്കും അഭൗമ തേജസ്സും
പാറിപ്പറക്കും കൂന്തലാളിവൾ
സഹനത്തിൻ പര്യായം ബീഗം ജഹനാര …..
ശോകം വിതുമ്പി വിറയ്ക്കും അധരവും
നിശ്ചയദാർഢ്യം സ്ഫുരിക്കും മിഴികളും
ഛത്രസാല കുമാരനിലനുരക്ത
തപ്ത മനസ്വിനി സുന്ദരി ജഹനാര …….
ചക്രവർത്തിനി പദത്തിനലങ്കാരം
വന്നു ഭവിക്കാതെ വിധിയെ പുൽകിയ
മുഗളിൻ രത്നമിവൾ ബീഗം ജഹനാര….
വിധിയെന്ന മാന്ത്രികൻ വിലങ്ങുതീർത്തവളുടെ
അലങ്കാരപദങ്ങൾ തട്ടിയകറ്റി
താതനോടൊപ്പമാ തടവറയ്ക്കുള്ളിൽ
ഭൂമിദേവിയെപോൽ സർവ്വം സഹയവൾ….
കരളിൽ കലക്കങ്ങൾ തെളിവതല്ലെങ്കിലും
ആ കൺകളിൽ നിറയെ കനവുകൾ പൂക്കുന്നു …
കൽത്തുറുങ്കിൽ കോണിലിരിക്കുമവളിൽ
പ്രണയം കന്മദപ്പൂക്കളായി വിരിഞ്ഞിടുന്നു…
ധീരകുമാരൻ ദുലേറിൻ സങ്കല്പം
കുമാരിതന്നുള്ളിൽ താജ്മഹൽ തീർക്കുന്നു…
മധുരതരമുയരും വാദ്യഘോഷങ്ങളവളെ
വിരഹദുഃഖത്തിൻ വിപഞ്ചികയാക്കുന്നു.
സോദരൻ നീട്ടുന്ന നുരയ്ക്കും വിഷത്തെ
പുഞ്ചിരിയണയാതെ നുകരുന്ന ധീരത
സ്വായത്തമാക്കിയ ധീരവനിതയവൾ
സ്വയമുരുകിയലിയുന്നു പ്രീയദുലേറിനായ് …
വൃദ്ധനാം അരചന്റെ വിറകൊള്ളും കാലടി
നീളുന്നതെന്നുമാ ജനാലക്കരികിലേക്കല്ലോ
അകലേ കാണാം ശാന്തമായൊഴുകും യമുന
പിന്നെയാ തീരത്തുതിളങ്ങും വെണ്ണക്കൽ ചാരുത …
കിളിവാതിലിനരികെ ചിന്താമഗ്നയവൾ
കൺചിമ്മാതെന്തിനോ മിഴിപാർത്തുവോ
മാതൃവാത്സല്യത്തിൻ പാൽമണം നുകരാൻ
അവളോരു മാരുതനെ കാത്തുവെന്നോ …
മരണ വിധികാത്തിരിക്കും കുമാരിയവൾ
വിരചിച്ചു ചരിത്രത്തിൻ സുവർണ്ണാക്ഷരങ്ങളെ..
മുഗൾവംശ ചരിതവും ദുർവിധികളും
ഔറംഗാസിബിനാൽ പടുത്തോരപരാധങ്ങളും ..
മിഴികൾക്കുഗോചരമായ് നല്കി അവൾതൻ
വാടികൊഴിഞ്ഞുകരിഞ്ഞ സ്വപ്നങ്ങളും
ഒരുസ്വർണതാലത്തിൽ സോദരനാം
ദാരതൻ ശിരസ്സും
ഒക്കെയും കുറിച്ചവൾ ഭാരതചരിത്രത്തിൽ
നല്കീ നമുക്കായ് കണ്ണീരിൻ ഏടുകളെ..
സൗമ്യവതിയാം ഷാജഹാന്റെ സൽപുത്രി
ജീവിക്കും നമ്മളിലെന്നുമൊരു ശോകക്കടലായ്…..
സൗമ്യവതിയാം ഷാജഹാന്റെ സൽപുത്രി
ജീവിക്കും നമ്മളിലെന്നുമൊരു
ശോകക്കടലായ്…

You can share this post!