നവവത്സരപതിപ്പ് 2022 /ദാസന്റെ കൂമൻകാവ്/സുരേഷ് പേരിശ്ശേരി


മലമുകളിലെ സ്റ്റോപ്പിൽ ബസ് നിർത്തി. ചുരം കയറിയ ക്ഷീണം ബസ് കിതച്ചു തീർക്കുമ്പോൾ ദാസൻ ജനാലയിൽ കൂടി തണുപ്പിന്റെ മണം തേടുകയായിരുന്നു. നരച്ച ആകാശത്തിൽ മഞ്ഞു പുകക്കുള്ളിൽ ചുവപ്പിന്റെ പൂക്കൾ തേടുകയായിരുന്നു.
“നരിക്കുന്ന്.” മഫ്ളർ കഴുത്തിൽ ചുറ്റി കണ്ടക്ടർ വിളിച്ചു പറഞ്ഞു.
തണുത്ത കാറ്റ് വീശിയടിക്കുന്ന പ്രഭാതത്തിലേക്ക് ദാസൻ പടിയിറങ്ങി. കൂമൻ കാവിൽ ബസ് ഇറങ്ങുന്ന രവിയുടെ മനസ്സായിരുന്നു അവനപ്പോൾ. പടർന്നു പന്തലിച്ച മാവുകളും ഏറുമാടങ്ങളുമെവിടെ? ഇവിടവും ബസ് റൂട്ടിന്റെ അവസാനമാണല്ലോ? ഇതിനപ്പുറത്ത് ഒരു ഖസാക്കോ ചിതലിമലയോ ഉണ്ടാകുമോ? തന്നെക്കാത്ത് ഒരെണ്ണമൈലിയോ അപ്പുക്കിളിയോ അള്ളാപ്പിച്ചാമൊല്ലാക്കയോ നൈസാമലിയോ കുഞ്ഞാമിനയോ മൈമുനയോ ഉണ്ടാകുമോ?

“ദാസാ നീ എന്നോട് സത്യം ചെയ്യണം. അവിടെ ചെന്നിട്ട് നിന്റെ തല തിരിഞ്ഞ ചിന്തകളുമായി നടക്കില്ല, നിന്റെ തല തിരിഞ്ഞ അന്വേഷണങ്ങളുടെ മനസ്സ് ബസ് ഇറങ്ങും മുൻപ് ഉപേക്ഷിക്കുമെന്ന്. പാമ്പ് ഉറയൂരും പോലെ നിന്റെ വിഷാദ ഭാവങ്ങളുടെ തണുത്ത വികാരങ്ങൾ അവിടെ പൊഴിച്ച് കളയുമെന്ന്.”
“ലക്ഷ്മി നീയെന്റെ ചിന്തകളിലേക്ക് കയറാതെ. അതിൻ്റെ സ്വത്വമാണ്. ജന്മത്തിന്റെ പൊരുൾ തേടലിനപ്പുറം ജീവിതത്തിനെന്തർത്ഥമാണ് ലക്ഷ്മി?”
“ദാസാ നീ തേടിക്കൊ ആവോളം. ഞാനും കൂടാം. എന്നാൽ നചികേതസിനെ പോലെ മരണത്തിന്റെ പൊരുൾ തേടി യമലോകത്തു പോകാതിരുന്നാൽ മതി. എനിക്ക് മനസ്സിലാകാത്തത് എന്തിനാണ് നീ ഈ നിസ്സംഗഭാവവും വാരിയണിഞ്ഞു സങ്കടം ചോദിച്ചു വാങ്ങുന്നത്?”
“മനുഷ്യന്റെ സ്ഥായിയായ ഭാവം സങ്കടമാണ്. സങ്കടമാണ് മനുഷ്യന്റെ ഏറ്റവും വലിയ ലഹരി ലക്ഷ്മി.”
“അല്ല ദാസാ. മനുഷ്യന്റെ ഏറ്റവും വലിയ ലഹരി രതിയാണ്. നീ വരൂ. അതിൻ്റെ ഗിരിശൃംഗങ്ങൾ നമുക്കൊന്നിച്ചു കീഴടക്കാം.” രാവിൻറെ അന്ത്യയാമങ്ങളിൽ അകലെയെവിടയോ പാതിരാക്കോഴി ഉച്ചത്തിൽ കൂകുമ്പോൾ ഇല്ലത്തിന്റെ പടിഞ്ഞാറേ പുരയുടെ പൊളിഞ്ഞ ചായിപ്പിലിരുന്ന് ലക്ഷ്മി കുറുകി.
“ഞാൻ പോകുമ്പോൾ ഓർമ്മയ്ക്കായി നീ നിന്റെയൊരു ചേല തരുമോ?”
“ദാസാ എനിക്കറിയാം നീ ഖസാക്കിലെ രവി കളിക്കുകയാണ്. സ്വാമിനിയുടെ കാവിക്കച്ച ചുറ്റി കൂമൻ കാവിൽ ഇറങ്ങിയ ഓർമ്മയാണ് നിനക്കിന്നും. ഇന്ന് നിർത്തിക്കോ നിന്റെ ഈ കളി. നീ നീയായി ജീവിക്കു. അല്ലേൽ അകത്തു കിടക്കുന്ന രണ്ട് വൃദ്ധ ജന്മങ്ങളെയും കൊന്ന്, ഇല്ലവും ചുട്ട് ഞാനും ചാവും.”
“ലക്ഷ്മി എന്താണിത്?”
“സത്യം എൻ്റെ എല്ലാ നിയന്ത്രണങ്ങളും പോയിരിക്കുകയാണ്. ജീവിക്കാൻ മുന്നോട്ടുള്ള ഒരേയൊരു കൊതി നിന്നോടൊത്തുള്ള ജീവിതമാണ്. കൊത്താനായി സർപ്പത്തിന് മുൻപിലേക്ക് കാല് നീട്ടി കൊടുക്കുന്ന ദാസന് എൻ്റെ ഏറ്റവും വന്യവും ഭീകരമായ ദുസ്വപ്നത്തിൽ പോലും സ്ഥാനമില്ല. മഹത്തായ ഒരു നോവലിലെ വെറുമൊരു കഥാപാത്രമാണ് രവിയെന്നറിയുക.”
“ലക്ഷ്മി നീയെന്നെ എൻ്റെ സ്വപ്നങ്ങളിൽ നിന്നും, അന്വേഷണങ്ങളിൽ നിന്നും വെട്ടിമാറ്റി വെറുമൊരുപിടി മണ്ണാക്കരുതേ. ഓരോ ജന്മത്തിനും അതിന്റെതായ പൊരുൾ കണ്ടെത്തേണ്ടതുണ്ട്.”
“ഷിറ്റ്. തനിക്കു ചുറ്റുമുള്ളവരേയും കൂടെ കൂട്ടി ആസ്വദിക്കാനുള്ളതാണ് ഓരോ ദിനവും. ഈ രാവിൻറെ ഒരു കീറുകഷണമെങ്കിലും നീയെനിക്കു തരില്ലേ?”

ആത്മാക്കളെ അകറ്റി നിർത്തിയിരിക്കുന്ന അദൃശ്യമായ മഞ്ഞുപാളികൾ തകർക്കാനുള്ള ശ്രമങ്ങളിൽ തളർന്നു പോയ ലക്ഷ്മി ചേല വാരിചുറ്റി ഇരുളിൽ ദാസന്റെ മുഖം തേടുകയായിരുന്നു. “ഇതു പോലും രവിയുടെ യാത്രയുടെ തലേ രാത്രിയുടെ ഓർമ്മയിലല്ലല്ലോ. അല്ലേ?”
ഉത്തരം പറയാനാവാതെ ബാഗ് തേടുന്ന ദാസനോടവൾ പറഞ്ഞു. “എങ്ങാനും നീ .. ഇല്ല എനിക്ക് നിന്നെ വിശ്വാസമാണ്. നീയെനിക്ക് വാക്ക് തന്നല്ലോ. വേഗം പുറപ്പെട്ടോളൂ. രാത്രിവണ്ടി പുറപ്പെടാൻ നേരമായി.”

കോടമഞ്ഞിനിടയിൽ കൂടി കവലയിലെ ചായക്കട അവൻ കണ്ടു. തോളത്തു കിടന്ന തുണി സഞ്ചി ബെഞ്ചിൽ വച്ച് ചൂട് പറക്കുന്ന ചായ മൊത്തുമ്പോൾ കുഞ്ഞഹമ്മദ് ചോദിച്ചു. “ആരാ? എബിടുന്നാ?”
ദാസൻ പറഞ്ഞു. “മാഷാ. ഇബിടത്തെ ഏകാദ്ധ്യാപക സ്കൂളിലെ മാഷ്.”
“മ്മടെ സ്കൂളിലോ? അപ്പൊ സ്കൂൾ തുറക്കോ? പുള്ളേരില്ലാന്ന് പറഞ്ഞു സർക്കാര് അടച്ചാർന്നു.” ചായ കുടിച്ചോണ്ടിരുന്ന നാണുച്ചാര് പറഞ്ഞു.
“നേരാ! നമ്മ നെനച്ചേ ഇനി തുറപ്പുണ്ടാവില്ലെന്ന്.” തേയില നുള്ളുന്ന പെണ്ണുങ്ങൾ എല്ലാവരും അറിയാണ്ട് ബെഞ്ചിൽ നിന്നെണീറ്റു. കോറസ് പോലെ ചോദിച്ചു.
“മാഷല്ല. എഞ്ചിനീയർ. ഇറിഗേഷൻ ഡിപ്പാർട്മെന്റ്.” ദാസന് ബോധം വീണു.
“ഓ. മ്മടെ കനാൽ പണി. ഉടനെ തുടങ്ങോ? മ്മടെ ആണുങ്ങക്കും പണി കിട്ടുവോ? ” പെണ്ണുങ്ങൾ വീണ്ടും സീറ്റിലിരുന്നു.

മഞ്ഞിന്റെ അടരുകളിൽ കൂടി കണ്ണെത്തും ദൂരങ്ങളിൽ പഞ്ഞികെട്ടുകൾ പോലെ ഉറങ്ങി കിടക്കുന്ന മലകുടുംബത്തെ അവൻ കണ്ടു. അച്ഛനും അമ്മയും സഹോദരങ്ങളുമായി. എല്ലാവരും ചേർന്ന് ഒരു വലിയ പഞ്ഞി പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു കിടക്കുന്നു. പലയിടത്തും കണ്ടിട്ടുണ്ട്. മലകൾ ഒന്നും തനിയെ വേർപെട്ടു കിടക്കില്ല. പലതുണ്ടെങ്കിലും അവ പരസ്പരം തൊട്ടു തൊട്ട് മാത്രമേ കിടക്കു. ലക്ഷ്മി പറയും “സ്പർശനം മനുഷ്യന് ഒരു ആശ്വാസമാണ്. നീയെന്നെ തൊട്ട് കൊണ്ട് പറയു. അപ്പോൾ നീയെന്റെ ഒപ്പമുണ്ട് എന്ന ഒരു സമാധാനമാണ്.”

ബാഗുകൾ കടയിൽ വച്ചിട്ട് അവൻ മലയുടെ ഓരത്തേക്കു നടന്നു. കൈകൾ വിരിച്ചു പറക്കാനെന്നവണ്ണം നിന്നു. മഞ്ഞു പാളികൾ മേഘച്ചീളുകൾ പോലെ തൊട്ടു തലോടി പോയി. അവൻ ഒതുങ്ങി നിന്നു കൊടുത്തു. ഒറ്റയ്ക്ക് ഇവിടെ നിൽക്കുമ്പോൾ എന്തൊരു ആശ്വാസം. എന്തൊരു സമാധാനം. താനും ഒരു മഞ്ഞു പാളിയായി ഒഴുകിയൊഴുകി പോകും പോലെ. ജീവബിന്ദുവിനെ ഇങ്ങനെ കൈവെള്ളയിലെടുത്തു പറന്നു പോകാനായാൽ എന്ത് രസമായിരിക്കും. ദാസന്റെ മനസ്സിലേക്ക് ആഹ്ലാദം പറന്നിറങ്ങി. എന്നാലതവൻ നിസ്സംഗതയുടെ പെട്ടിക്കുള്ളിൽ അടച്ചു വച്ചു. കണ്ണുകൾ ആർദ്രമാക്കി. ശരീരം തളർത്തിയിട്ടു. മനസ്സിൽ സുഖമുള്ള വിഷാദം വന്നു നിറഞ്ഞു. നിശ്വാസങ്ങളിൽ പുക പറക്കുന്നതവൻ കണ്ടു. കോച്ചുന്ന കൈകൾ കൂട്ടിത്തിരുമ്മി.
“ദോ അക്കാണുന്നതാ ഭൂതത്താൻ കയം. അവിടെയാ സാറിന്റെ ആപ്പീസ്. അതിനപ്പുറമെല്ലാം കാടാക്കും. ഞാൻ നാണു. എല്ലാരും നാണുച്ചാര് എന്ന് വിളിക്കും.” പിന്നാലെ വന്ന നാണുച്ചാര് ലോഹ്യം പറഞ്ഞു.
“എൻ്റെ ബാഗും പെട്ടിയും അവിടെവരെ കൊണ്ടുത്തരാൻ ആരെയെങ്കിലും കിട്ടുമോ?” “ഇവിടെ ചുമട്ടുകാരില്ല. എല്ലാരും തോട്ടത്തിൽ പോകും. എനിക്കെടുക്കാൻ ആവതില്ല സാറെ. കൂടാതെ നടക്കാനിത്തിരി പ്രയാസവുമുണ്ട്. അല്ലേൽ കൂട്ട് വരാമായിരുന്നു.”
“ശരി.” ദാസന് ചുമടെടുക്കാൻ ഒരു ചുമട്ടുകാരൻ കൂടിയില്ല. രവി ഭാഗ്യവാൻ. നനഞ്ഞ ചെമ്മൺ പാതയിൽ കൂടി ബാഗും പെട്ടിയും തൂക്കി അവൻ നടന്നു. എസ്റ്റേറ്റുകളും അവയിലൊക്കെ ജോലി ചെയ്യുന്ന തൊഴിലാളികളും മാത്രമുള്ള ഈ മലമുകളിൽ കൂടുതലൊക്കെ പ്രതീക്ഷിക്കുന്ന താനല്ലേ മണ്ടൻ. അവനോർത്തു.
“ദാസാ കാലം മാറി. ഇടിച്ചു കേറുന്നവന് മാത്രം ഇടമുള്ള ലോകമാണ്. മറക്കണ്ട.” ലക്ഷ്മിക്ക് കാണുമ്പോഴെല്ലാം ഇത് മാത്രമേ പറയാനുള്ളു.

പുതുതായി കെട്ടിയ രണ്ട് മുറി കെട്ടിടം. അതിന് പിന്നിൽ അസിസ്റ്റന്റ് എൻജിനിയറുടെ ക്വാർട്ടേഴ്സും. ഞാറ്റുപുര പോലെ ജീർണാവസ്ഥയിലുള്ള ഒരു ചരിപ്പായിരുന്നു അവൻ്റെ മനസ്സിൽ. അതിൻ്റെ ഉടമസ്ഥനായി ഒരു ശിവരാമൻ നായരും. ക്വാർട്ടേഴ്സിലേക്ക് ചെല്ലുമ്പോഴേക്കും വാച്ചർ ദാമു താക്കോലുമായി വന്നു. അവനെ കാത്ത് ഓഫീസ് മുറ്റത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ഒരെണ്ണമൈലിയോ, ഒരു അപ്പുക്കിളിയോ ആരും. ഓഫീസിലുള്ളവരുമായി ചിരിച്ചു പരിചയപ്പെട്ടതല്ലാതെ അതിലേറെ സൗഹൃദത്തിലേക്ക് പോകാനോ സംസാരിക്കാനോ ദാസനായില്ല. അവൻ്റെ മനസ്സ് ചിതലിമലയെ തേടുകയായിരുന്നു. കരിമ്പനക്കാടുകൾ തേടുകയായിരുന്നു. മഞ്ഞു പാളികൾ മാഞ്ഞു തുടങ്ങി. അവൻ ആകാശത്തിന്റെ അതിരുകളിലേക്ക് നോക്കി. മലമക്കൾ പുതപ്പുകൾ മാറ്റി ഉണർന്നു നിവർന്നു നിന്നു. മലയടിവാരങ്ങളിൽ സ്വർണ്ണ വെളിച്ചം വീണു തുടങ്ങി. ദാസൻ ഓഫീസിൽ നിന്നിറങ്ങി ഭൂതത്താൻ കയത്തിനു നേരെ നടന്നു. വെയിലെരിയുന്ന മാനത്ത് എന്തോ സ്പടികമണികൾ പോലെ അനങ്ങുന്നുണ്ടോ? ദേവന്മാർ കല്പകവൃക്ഷത്തിന്റെ തൊണ്ട് താഴേക്ക് വലിച്ചെറിയുന്നുണ്ടോ? ദാസൻ മേലേമാനത്തേക്ക് നോക്കി.

ലക്ഷ്മിയുടെ വിളി വന്നു. “നീ എത്തിയിട്ട് വിളിച്ചില്ല. പോട്ടെ. എങ്ങനുണ്ട് നിന്റെ നരിക്കുന്ന്. ഞാൻ ഗൂഗിൾ ചെയ്ത് നോക്കി. വലിയ സൗകര്യങ്ങൾ ഇല്ലെന്നേയുള്ളു. നല്ല സ്ഥലം.”
“വിളിക്കാൻ തുടങ്ങുകയായിരുന്നു. റേഞ്ചു കുറവാണ്. നീ പറ.”
“ഞാൻ അമ്മമ്മയോട് പറഞ്ഞു. നീ ഇന്നലെ വന്ന കാര്യം. തളർന്നു കിടക്കുന്ന അമ്മമ്മയുടെ സങ്കടം മുഴുവൻ ഞാനാണല്ലോ. എനിക്ക് നീയുണ്ടെന്നറിഞ്ഞാൽ ഒരു സമാധാനമാകുമല്ലോ? തന്തേം തള്ളേം ഇല്ലാത്ത കുട്ടിയല്ലേ? അതാണ്.”
“പറഞ്ഞതിന് കുഴപ്പമില്ല. പിന്നെ നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാണ് ഇങ്ങനെ പറയരുതെന്ന്. അമ്മയല്ലേ മരിച്ചുള്ളു. അച്ഛൻ എന്നെങ്കിലും നിന്നെ തേടിയെത്തും.”
“ഇല്ല ദാസാ. ഒരിക്കലും വരില്ല. അമ്മ മരിച്ച വർഷം ആ നഴ്സിന്റെ കൂടെ ജർമ്മനിയിൽ പോയതല്ലേ. പത്തു വർഷം. വരണ്ട. ഒരു ഫോൺ. അത് പോട്ടെ. നരിക്കുന്നിൽ നിന്നും നീ വരുന്നത് ഒരു നരിയായിട്ടാവണം.”

ആദ്യ ദിവസം തന്നെ രസകരമായ ഒരു സംഭവം നടന്നു. അവൻ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ഖസാക്കിന്റെ ഇതിഹാസം മേശക്കുള്ളിൽ വെക്കാനായി ഡ്രോയ് തുറന്നതാണ്. അപ്പോൾ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതെ പുസ്തകം ഉള്ളിൽ ഇരിക്കുന്നു. അവൻ്റെ പ്രീയപ്പെട്ട എഴുത്തുകാരൻ ഓ വി വിജയൻറെ പുസ്തകം. ഇതിൽപ്പരം എന്ത് സന്തോഷമാണ്. കയ്യിൽ കൊണ്ടുവന്നത് മേശപ്പുറത്തു തന്നെ വച്ചു. ഇതിന് മുൻപിരുന്ന എഞ്ചിനിയരുടേതാണെന്നു പിന്നീടറിഞ്ഞു. ഒരു ദിവസം ഓഫീസിൽ വന്ന സ്റ്റാഫ് ഗ്രേസിയുടെ മകൾ നാലാം ക്ലാസ്സുകാരി ഷേർലി പുസ്തകം ഇരിക്കുന്നത് കണ്ട് അവനോട് ചോദിച്ചു. “അങ്കിളേ ഈ പുസ്തകം ഞാനെടുത്തോട്ടെ?” കൊടുക്കാവുന്നതാണ്. ഇപ്പോൾ രണ്ടു കോപ്പിയുമുണ്ടല്ലോ. എന്നാലും കൊടുക്കാൻ മനസ്സ് വന്നില്ല. “അയ്യോ ഇതങ്കിൾ ആർക്കും കൊടുക്കില്ല. മറ്റെന്തു വേണമെങ്കിലും ചോദിച്ചോളൂ. തരാം.”
അവൾ ചോക്കലേറ്റ് ചോദിച്ചു ദാമുവിനെ കൊണ്ട് വാങ്ങി കൊടുത്തു. ഓഫീസിലുള്ളവരെല്ലാം വളരെ സ്നേഹമായി ഇടപെട്ടു. എങ്കിലും അകാരണമായ ദുഃഖഭാവം അവൻ്റെ മനസ്സിൽ നിന്നും പോയില്ല. വൈകുന്നേരങ്ങളിൽ അവൻ ദാമുവിനെയും കൂട്ടി നരിക്കുന്നിന്റെ നെഞ്ചകം കാണാൻ അലഞ്ഞു നടന്നു. നരിക്കുന്നു നിറയെ റബർ മരങ്ങൾ തിങ്ങി നിറഞ്ഞു നിന്നു. താഴ്വാരങ്ങൾക്കു താഴെ പാടശേഖരങ്ങളോ പുഴയോ കണ്ടില്ല. റബർ കാടുകൾ അവനെ നോക്കി പല്ലിളിച്ചു. അവക്കപ്പുറം ചിതലിമലയോ അതിലെ മിനാരങ്ങളോ അവൻ കണ്ടില്ല. നിലാവുള്ള രാത്രിയിൽ കബന്ധങ്ങൾ നീരാടാറുള്ള അറബിക്കുളമോ രാജാവിന്റെ പള്ളിയോ അവൻ കണ്ടില്ല. ചെമ്മൺ പാതകളിൽ അരശിൻ പൂക്കൾ വീണു കിടന്നില്ല. പൊട്ടിത്തെറിച്ച റബറിൻ കായകൾ മാത്രം.
ഒന്നും മിണ്ടാതെ നടന്നു മുഷിഞ്ഞപ്പോൾ ദാമു പറഞ്ഞു. “സാറിന് ലിക്യുർ വല്ലോം വേണമെങ്കിൽ കുന്നിൻ ചുവട്ടിൽ ഒരു കടയുണ്ട്.”
“മാധവൻ നായരേ വാറ്റു കിട്ടുമോ?” ജമന്തിപ്പൂക്കൾ അവനെ പേടിപ്പെടുത്തിയില്ല.
“സാറെ പേര് ദാമൂന്നാണ്.”
“സോറി. വേറെന്തോ ഓർത്തു പോയി. സാരമില്ല.”
“വേറെ വല്ലോം വാങ്ങിയാൽ പോരെ? വാറ്റൊക്കെ പണിക്കാർ കഴിക്കുന്നതാ.”
“നോക്കാമല്ലോ.” അവൻ ഓർക്കുകയായിരുന്നു. ഇന്നുവരെ വാറ്റ് കഴിച്ചിട്ടില്ലല്ലോ. പിന്നെന്താണിപ്പോൾ അങ്ങനെ നാവിൽ വന്നത്. ലക്ഷ്മി പറഞ്ഞു വിട്ടതാണ്. വേണ്ടാത്ത ഓർമ്മകൾ!
“എന്നാൽ വൈകിട്ട് ഞാൻ റൂമിൽ കൊണ്ടുവരാം.”
“ഇവിടെ കരിമ്പനകൾ ഒന്നുമില്ലേ?” മറുതാലിയും ചേറ്റുകത്തിയുമായി കരിമ്പന കയറുന്ന കുപ്പുവച്ചൻ എവിടെ?
“അയ്യോ സാറെ, ഇത് ഹൈറേഞ്ച് അല്ലേ? ഇവിടെ റബറും ഏലവും കുരുമുളകുമൊക്കെയെ ഉള്ളു.”

വിരസങ്ങളായ ദിനങ്ങൾ. അവൻ കവലയിലെ ചായക്കടയിലേക്ക് നടന്നു. മഞ്ഞുപാളികൾ ഒഴിഞ്ഞു പോകാൻ അറച്ചറച്ചു നിൽക്കുന്നു. ചായ പറഞ്ഞിട്ട് ചില്ലലമാരിയിലേക്ക് എത്തി നോക്കി. കടലമുറുക്ക്‌ ഉണ്ടോ? അതോ അപ്പുക്കിളി എല്ലാം വാങ്ങി തിന്നോ? അലിയാരുടെ ചായക്കടയല്ലേ?
“പത്തുമണിക്ക് തന്നെ ചായ കൊടുത്തയച്ചല്ലോ സാറെ. കിട്ടിയില്ലേ?” കുഞ്ഞഹമ്മദ് ചോദിച്ചു.
“ങ്ങാ. ഞാൻ ഓഫീസിലോട്ട് കേറിയില്ല. പോകുന്നതേയുള്ളു. നാണുച്ചാരെ കണ്ടിട്ട് കുറച്ചായല്ലോ. എന്ത് പറ്റി?”
“പാവം. ഒന്ന് വീണു കാലൊടിഞ്ഞു. പ്ലാസ്റ്ററിട്ടു കിടക്കുകയാണ്.”
“എവിടാ വീട്?”
“ഇത്തിരി താഴെയാ സാറെ. ദാമുന്നറിയാം.”
“ദാസൻ അവിടെ നിന്നും ഇറങ്ങി. ഭൂതത്താൻ കയത്തിനരികിലേക്ക് പോയി. വെള്ളച്ചാട്ടമാണ്. പറഞ്ഞിട്ടെന്തു കാര്യം? നിന്നു കാണാൻ ഒരു സൗകര്യവുമില്ല. ഈ മലമുകളിൽ നിന്നും രണ്ടു വലിയ പാറകൾക്കിടയിൽ കൂടി വെള്ളം താഴേക്ക് അങ്ങ് കുത്തി വീഴുകയാണ്. ചുറ്റോടുചുറ്റും പാറകൾ മറയ്ക്കുന്നത് കൊണ്ട് എവിടെ നിന്നാലും വ്യൂ കിട്ടില്ല. കിട്ടും. താഴെ കൊക്കയുടെ അടിയിൽ എത്താൻ പറ്റിയാൽ. പാറകളും കാടും വെട്ടിയൊതുക്കി എന്നിനി അവിടേക്ക് പാത വരും? കനാൽ വരും? വെള്ളം വീഴുന്ന അലർച്ച കേൾക്കാം. അത്രമാത്രം. ഒരു പാഴ് ജന്മം പോലെ ഈ വെള്ളച്ചാട്ടവും ഭൂതത്താൻ കുന്നും. എന്താണിതിന്റെ നിയോഗം? ഇടക്കൊക്കെ ആർക്കേലും ചാടി ചാകാൻ കെണിയൊരുക്കലോ? നിലാവുള്ള രാത്രികളിൽ ഈ കയത്തിലും കബന്ധങ്ങൾ നീരാടാറുണ്ടോ?
“എടാ നീയെന്താ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്? നീ പോയിട്ടിപ്പോൾ ആറു മാസമായി. ഒരിക്കലെങ്കിലും വന്നോ? എൻ്റെ അമ്മമ്മ പോയപ്പോൾ പോലും നീ വന്നില്ല. നിന്റെ ഒരു താങ്ങിന് ഞാനപ്പോൾ എത്ര കൊതിച്ചെന്നോ? ഇപ്പോൾ ഒരു മാസമായി.”
“ലക്ഷ്മി.”
“നിന്റെ വീട്ടിലേക്കെങ്കിലും ഒന്ന് വിളിക്കെടാ. അവിടത്തെ അച്ഛൻ രോഗിയായി കിടപ്പല്ലല്ലോ? നിന്നെ കാത്തിരിക്കുന്ന ഒരമ്മയില്ലേ? അവിടെ ചിറ്റമ്മയില്ലല്ലോ നിന്നെ ചുറ്റിപ്പിടിക്കാൻ. ഒന്ന് പറയാം നിന്റെ കഥയിലെ പത്മയാകാൻ എന്നെ കിട്ടില്ല.”
“ഞാൻ വേഗം വരാം. പിന്നെ വിളിക്കട്ടെ. ഇവിടെ റേഞ്ചില്ല.”
“മലമുകളിൽ റേഞ്ച് ഇല്ലെന്നോ? അടുത്ത് ടവർ കാണുമല്ലോ.”
“ഇല്ലെടി.”
“ശരി. എന്നാൽ വച്ചോ.”
കയത്തിന്റെ സുരക്ഷാഭിത്തിക്ക് മുകളിൽ വർണ്ണങ്ങൾ വാരിപ്പൂശി ഒരു വലിയ ഓന്ത്‌ അവനെ നോക്കിയിരിക്കുന്നു. ദാസൻ നോക്കി നിന്നു. കണ്ണിമയ്ക്കാതെ ഓന്തും അവനെ നോക്കി നിന്നു. ആരുടെ ഭൂതമാണിവൻ? ജന്മങ്ങൾക്കു പിറകിലേക്ക് തേടാനാവാതെ ദാസൻ ഉഴലുമ്പോൾ നരിക്കുന്നിന്റെ തണുത്ത മലമടുക്കകളിൽ നിന്നെന്നവണ്ണം ദാമുവിന്റെ ശബ്ദം.
“ഈ ഭൂതത്താൻ കയത്തിന് ഒരു കഥയുണ്ട് സാറെ. പേടിക്കണ്ട എന്നു കരുതി ഇതുവരെ പറഞ്ഞില്ലെന്നേയുള്ളു. ഡിപ്പാർട്മെന്റിന്റെ ഓഫീസ് ആദ്യമായി ഇവിടെ തുടങ്ങിയത് ഒരു മൈക്കൾ സാറാണ്. സാറിന് തൊട്ടുമുൻപിരുന്ന എൻജിനിയർ. ചെറുപ്പം. കല്യാണം പോലും കഴിച്ചിട്ടില്ല. മൂന്ന് മാസമേ ഇരുന്നൊള്ളു. ഈ ഭൂതത്താൻ കയത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. നമ്മളൊക്കെ നോക്കി നിൽക്കെ. പിന്നെ രണ്ടുമാസത്തോളം പകരം ആരും വന്നില്ല.”
“എന്തിന്?” ദാസൻ ഞെട്ടി പോയി.
“അത് സാറിനെ അറിയാവൂ. മൈക്കൾ സാർ എന്നും ഇവിടെവന്നു ഒറ്റക്ക് നിൽക്കുമായിരുന്നു. ഞങ്ങൾ നാട്ടുകാർ വിശ്വസിക്കുന്നത്. ദിവസവും ഇവിടെ വന്നു ഒറ്റയ്ക്ക് നിന്നാൽ കയം നമ്മളോട് അതിൻ്റെ സങ്കടങ്ങളുടെ കഥകൾ പറയും. അങ്ങനെ കഥകൾ കേട്ട് കേട്ട് അവസാനം നമ്മളവളുമായി പ്രേമത്തിലാകും. പിന്നെ അവളുടെകൂടെ പോകും. അവളിലങ്ങു ലയിച്ചു ചേരും.”
“വല്ല പ്രേമനൈരാശ്യവുമായിരിക്കും?”
“ഓഫീസിലെ മാലതി സാറ് പറഞ്ഞത് പ്രേമനൈരാശ്യമൊന്നുമല്ല. ഏതാണ്ട് നോവൽ വായിച്ചു വായിച്ചാണ് ഇങ്ങനെ ചെയ്തതെന്നാണ്.”
“അത് അവർക്കെങ്ങനെ അറിയാം?”
“അവർ സാറിനെയൊന്ന് വളയ്ക്കാൻ നോക്കിയതാണല്ലോ. അവരോട് പറഞ്ഞിട്ടുണ്ടത്രേ പാമ്പു കൊത്തി ചാകണമെന്നാണ് ആഗ്രഹമെന്ന്.”
“പാമ്പോ?”
“അതേ. ഈ മല മുഴുവൻ പലതരം പാമ്പുകളുണ്ട് സാറെ. നമ്മുടെ ഓഫീസിനകത്തു നിന്നും രണ്ടു മൂർഖന്മാരെ പിടിച്ചിട്ടുണ്ട്. ക്വാർട്ടേഴ്‌സിലും ശല്യമുണ്ട്. വെളുത്തുള്ളി ചതച്ചിട്ടാൽ മതി. വരത്തില്ല. എന്നാൽ മൈക്കിൾ സാർ വെളുത്തുള്ളി ചതച്ചിടാൻ സമ്മതിക്കില്ല പാമ്പുകൾ വരട്ടെ എന്നാണ് പറയുക. ചെരിപ്പിടാതെ തന്നെ കുറ്റിക്കാട്ടിലൊക്കെ പോകും.”
“അതെന്തിന്?”
“പാമ്പു കൊത്തി ചാകാൻ. മാലതി മാഡം പറഞ്ഞത് പാമ്പ് കൊത്താഞ്ഞതുകൊണ്ടാണ് അവസാനം കയത്തിൽ ചാടിയതെന്നാണ്. എന്നെങ്കിലും അങ്ങനെ ചെയ്യുമെന്നവരോട് പറഞ്ഞത്രെ. അവരത് തമാശയായേ കണ്ടോള്ളൂ.”

അന്ന് ഊണ് കഴിഞ്ഞു ദാസൻ ഓഫീസിലെ ഗ്രേസി മാഡത്തിനെ ക്യാബിനിലേക്കു വിളിപ്പിച്ചു. അവൻ്റെ പ്രീയപ്പെട്ട എഴുത്തുകാരന്റെ ഒരു പുസ്തകം എടുത്ത് അതിൻ്റെ ആദ്യ താളിൽ എഴുതി. “കഥകൾ വായിച്ചു രസിക്കാനാണ്. കഥാപാത്രമാകാനല്ല.” അനന്തരം അത് അവർക്കു കൊടുത്തിട്ടു പറഞ്ഞു. മോൾ ഷേർളിക്ക് എൻ്റെ സമ്മാനമായി കൊടുക്കുക.
പിന്നീട് ലക്ഷ്മിയെ ഫോൺ ചെയ്തു. “ഇവിടെ മൊബൈലിനു നല്ല റേഞ്ചുണ്ട്. ഞാൻ ഒരാഴ്ച ലീവ് ഇട്ട് നാളെ വരും.”


home

You can share this post!