ഖിന്നനായഖിലമൂഴിയിൽ മന
ശാന്തി തേടി അലയുന്ന വേളയിൽ
അന്തൃയാമമടുക്കവേ വെൺ മണൽ
തിട്ട മേലിരുന്നല്പം മയങ്ങിയോ.
ആഴമേറുമലയാഴി കണ്ടുടൻ
ആ തീരദേശമണഞ്ഞു നിന്നിടും
നേരമെത്തി തിരമാല മേല്ക്കുമേൽ
പാഞ്ഞടിച്ചു ചിതറിത്തെറിക്കയും.
വെൺ പളുങ്കു നിറമാർന്ന മുത്തുകൾ
അംബരത്തോളം ഉയർന്നു ചെൽകയും
പിന്നരക്ഷണം തങ്ങി നിന്നീടുവാൻ
ആയിടാതെ തല താഴ്ന്നിറങ്ങിയും
പുളിനയായ നിൻ പാദ പങ്കജം
തഴുകിടുന്നു നറു നുരകളാൽ
നുരനുരേന്നുടനെത്തിടുന്നവ
തിരയൊത്തു ചേർന്നിടുമനുപദം.
പൂനിലാവൊളിയേറ്റു ജലപതി
മിന്നിടുന്നധികശോഭയോടതു
കണ്ടു പവനനടങ്ങിനിന്നുട-
നുപരി വാരിധി നിന്നു നിശ്ചലം.
താരപടലമുദിച്ച തംബര
മറ്റതർണ്ണവം എത്തി നിൽക്കയാണോ
ആ നീല വാനസദൃശ നീലിമ
യോടെ ജലനിധി കണ്ടു നിശ്ചലം.
ജലചരങ്ങളതി മോഹമേറി-
യവിടിര പിടിച്ചു നടക്കയും.
ഭീമനണ്ഢജനതീവ ശ്രദ്ധയാൽ
ചോരനായരുകിലെത്തി നില്ക്കയും
ക്റൂരഭാവമണഞ്ഞു കർക്കിയിലെ
ത്തിടുന്നലയേറ്റു കൂറ്റം കേൾക്കയും
തിരയിലാടിയുലഞ്ഞു കുടിലു-
കളവിടെയൊഴുകി നടക്കയും.
നഭസിലമ്പിളി മേഘപാളികൾ
താണ്ടി ഭുവനിയിലുറ്റു നോക്കിയും.
ചന്ദ്രകാന്തി പരന്നു ധരണിയി
ലാകെ ധവളിമ തൂകി നില്ക്കയും.
അകലെയംബരമെത്തി നിന്നിടു-
മെന്നപോലൊരു നൗക ജലധിയിൽ
ചലനമറ്റതു മൂലമല്ലതി
ലുണ്ടു മീനവരിര പിടിക്കുവാൻ.
പാഞ്ഞുവന്ന ജലബിന്ദു വദനേ
തൊട്ടു തഴുകിയൊഴുകി വീണുടൻ
നിദ്രയോടു വിട ചൊല്ലിയപ്പൊഴേ
നഷ്ടമായി മമ സ്വപ്ന ലോകവും