നവവത്സരപതിപ്പ് 2022/ഒരിക്കൽക്കൂടി/ബിന്ദു തേജസ്

കാമ്പസിലെ കാട്ടു പുല്ലാനി പൂക്കളുതിർന്ന വള്ളിക്കുടിലിലിരുന്ന് പഴയ കൂട്ടുകാരുമായി
സമയ ബോധമില്ലാതെ വർത്തമാനം പറഞ്ഞിരിക്കാൻ ഒരു ദിവസം വേണം.

പൂമൂടിയ വാകത്തണലിലൂടെ നടന്ന്
കൊഴിയിതളുകൾ കൈനഖങ്ങളിലൊട്ടിച്ച്
രക്തദാഹിയായ മന്ത്രവാദിനിക്കൈകൾ കാട്ടി ഉന്മാദിനിയെപ്പോലെ ഉറക്കെ ച്ചിരിക്കാൻ,
പുസ്തകം മണക്കുന്ന ലൈബ്രറിയുടെ നിശബ്ദമായ അഗാധതകളിലേക്കൂളിയിട്ട് പുറംചട്ടകളുടെ ഭംഗികൾ തൊട്ടുരുമ്മി
ഭാവനാ ലോകത്തിൻ്റെ യാവേശങ്ങളാവാഹിക്കുവാൻ,
കണ്ണുകൾ മാത്രം പറയുന്ന കഥകളുടെയർത്ഥമറിയാനൊന്നൊളിഞ്ഞു നോക്കാൻ ഒരു ദിവസം കൂടി …

മുത്തശ്ശിമാവിൻ്റെ ചോട്ടിലെ ചൂടൻ ചർച്ചകളെ ചിരിച്ചു തള്ളി, കാൻ്റീനിലെ ചായയിലേക്കും വടയിലേക്കും കൊതിയോടെ ചെന്നു കയറാൻ
ഹൈമവതിയുടെ പേടിപ്പെടുത്തുന്ന തീരങ്ങളിലേക്കെത്തി നോക്കി പിൻതിരിഞ്ഞോടാൻ,
കഥകളി ചിത്രത്തിൻ്റെ പശ്ചാത്തലമുള്ള
രണ്ടാം വർഷക്ലാസിൻ്റെ ബഞ്ചിലൊന്നിരിക്കാൻ
ആഹ്ളാദങ്ങളുടെ, ആഘോഷങ്ങളുടെ രാവോളം നീളുന്ന കലോത്സവങ്ങളുടെ നിറച്ചാർത്തിലാറാടാൻ,
കുറോസിവോയും അടൂരുമൊക്കെ സൃഷ്ടിച്ച തിരശീല വിസ്മയങ്ങൾക്കൊപ്പം സെൻ്റിനറി ഹാളിൻ്റെ ഇരുളിലിരുന്ന് അമ്പരപ്പിൻ്റെയോളങ്ങൾ കടക്കുവാൻ,

പറഞ്ഞാലും പറഞ്ഞാലുമൊടുങ്ങാത്ത കഥകളുമായി പ്രിയരോടൊത്തീ നഗരമഴയിലലയുവാൻ,
ഡിപ്പാർട്ടുമെൻറിലെ ഭിത്തികളിലെ മഹാരഥഛായാപടങ്ങൾക്കു മുന്നിലൊന്നു തല കുനിച്ചു നിൽക്കാൻ,
വിശ്വ മഹാനടനവേദികളിലേക്കും കവിതോദ്യാനങ്ങളിലേക്കും കൈ പിടിച്ചു നടത്തിച്ച മഹാനുഭാവരായ ഗുരുവരത്തണലിലേക്കൊന്നു കൂടി ചേർന്നു നിൽക്കാൻ ,
ഒരു ദിവസം കൂടി വേണമായിരുന്നു.

home

You can share this post!