നവവത്സരപതിപ്പ് 2022/ അറിഞ്ഞതിൽ നിന്നുള്ള മോചനം/ഗോപൻ മൂവാറ്റുപുഴ

കിഴക്കും പാടത്തെ രാമചന്ദ്രൻ മാഷ് ഏഴാം ക്ലാസ്സിൽ മലയാളം പാഠം പഠിപ്പിച്ചു കൊണ്ടു നിൽക്കുമ്പോഴാണ്, പൊടുന്നനെ ഭാഷ മറന്നു പോയത് !

ബ്ലാക്ക് ബോർഡിൽ എന്തോ എഴുതാൻ തുനിഞ്ഞത് മറന്നു് ;മാഷ് ഒരു പക്ഷിയുടെ പടം വരയ്ക്കാൻ തുടങ്ങി!,

കുട്ടികളാകട്ടെ പാഠഭാഗങ്ങളിലൊന്നും പറന്നു വരാത്ത തത്തമ്മയുടെ ആഗമനോദ്ദേശം എന്തെന്നറിയാൻ ജിജ്ഞാസപൂർവ്വം കാത്തിരുന്നു!
പടം വരയിൽ സയം മുഴുകിയ മാഷ് ഇടയ്ക്ക് ഒന്നു തിരിഞ്ഞു നോക്കിയപ്പോഴാണ്, ഇതെല്ലാം വീക്ഷിച്ച് കൗതുകത്തോടെയിരിക്കുന്ന ഇരുപത്തിനാലുകുട്ടികളെ കണ്ടത്.
തെല്ലൊരന്ധാളിപ്പോടെ രാമചന്ദ്രൻ മാഷ് കുട്ടികളേയും കുട്ടികൾ മാഷിനേയും നോക്കിയിരുന്നു”!
മാഷ് താൻ വരച്ച തത്തമ്മയുടെ നേരേ കൈചൂണ്ടി ഭാഷകൊണ്ടടയാളപ്പെടുത്താത്ത പുതിയൊരു ശബ്ദം പുറപ്പെടുവിച്ചു!…
പിൻബെഞ്ചിലിരുന്ന സൈനുദ്ദീൻ ഉറക്കെ ചിരിച്ചു മാഷ് വീണ്ടും എന്തോ ഒരു ശബ്ദം കൂടി പുറപ്പെടുവിച്ചു;.. ഇപ്രാവശ്യം ക്ലാസ്സ് ഒന്നടങ്കം കൂട്ടച്ചിരിയായി…
ഭാഗ്യത്തിന് അപ്പോഴേക്കും കൂട്ട മണി അടിച്ചു.
അവസാനത്തെ പീരിയേഡ് ആയതിനാൽ കുട്ടികൾ പതിവ് ആർപ്പുവിളിയുമായി ബാഗുകളുമെടുത്ത് പുറത്തേക്ക് ഓടിപ്പോയി

രാമചന്ദ്രൻ മാഷ് വീണ്ടും ബ്ലാക്ക് ബോർഡിലേക്ക് നോക്കി! തത്തമ്മയുടെ തുവൽ അടുക്കുകൾ ഒന്നുകൂടി വരച്ച് ശരിയാക്കാൻ തുടങ്ങി…

ക്ലാസ്സ് മുറികൾ ഓരോന്നായി അടച്ചു വരവേ 7B യിൽ അപ്പോഴും അസ്പഷ്ടമായ ചേഷ്ടകളോടെ ശൂന്യതയിൽ നോക്കി സംസാരിച്ചുകൊണ്ടു നിൽക്കുന്ന മാഷിനെ കണ്ട് പിയൂൺ ഗോപാലൻ അൽഭുതപ്പെട്ടു: !
വൈകുന്നേരം സ്കൂൾ വിട്ടാൽ ഏറ്റവും ആദ്യം പോകാൻ തിടുക്കപ്പെടുന്നത് രാമചന്ദ്രൻ മാഷ് ആയിരുന്നു.

രാമചന്ദ്രൻ മാഷേ എന്താ പോകുന്നില്ലേ?!
തത്തമ്മയിൽ നിന്നും കണ്ണു വിടുവിച്ചെടുത്തു് മാഷ് ഗോപാലനെ നോക്കി

;ഇറങ്ങാം മാഷേ … നാളെ വരുമ്പോൾ ആകാശവെള്ളരിയുടെ വിത്ത് കൊണ്ടുവരാൻ മറക്കല്ലേ :

അപ്പോഴും മാഷ് അന്തമില്ലാത്തൊരു നോട്ടവുമായി സ്വയം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്നു..
<എന്താ മാഷേ ഒരു വല്ലായ്മ!ഇറങ്ങു മാഷേ കവല വരെ നമുക്ക് സ്കൂട്ടറിൽ പോകാം…

മാഷാകട്ടെ ഗോപാലൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ബ്ലാക്ക് ബോർഡിൽ ഒരു മത്സ്യത്തിന്റെ പടം വരയ്ക്കാൻ തുടങ്ങി .
മാഷേ”

മാഷ് ഗോപാലന്റെ നേർക്ക് നോക്കി വീണ്ടും നിഘണ്ടുവിൽ ഇല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചു! പിന്നെ ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചു

ഗോപാലന് എന്തോ പന്തികേട് തോന്നി അപ്പോഴേക്കും ഓഫീസ് പൂട്ടിയിറങ്ങിയ ഹെഡ് മാസ്റ്റർ ഫിലിപ്പ് സാറിനെ ഗോപാലൻ കൈകൊട്ടി വിളിച്ചു
ഗോപാലന്റെ അസാധാരണമായ കൈകൊട്ടി വിളിയുടെ കാര്യമറിയാൻ ഫിലിപ്പ് സാർ തിടുക്കത്തിൽ അങ്ങോട്ടു ചെന്നു
എന്താ ഗോപാലാ: ഇതുവരെ പൂട്ടിക്കഴിഞ്ഞില്ലേ ?

ഗോപാലൻ മുഖം കൊണ്ട് സംജ്ഞകാണിച്ചേടത്തേക്ക് നോക്കിയ ഫിലിപ്പ് സാർ അത്ഭുതപ്പെട്ടു !:
” മാഷ് പോയില്ലായിരുന്നോ?! എന്താ ഇത്? വാ മാഷേ പോകാം” ”

രാമചന്ദ്രൻ മാഷ് അപ്പോൾ പകുതി വരച്ചു കഴിഞ്ഞ ആമയുടെ പടത്തിൽ നിന്നും കണ്ണെടുത്ത് ഫിലിപ്പ് സാറിനെ നോക്കി അസാധാരണ മുഖഭാവത്തോടെ ലിപികളില്ലാത്ത എന്തോ വാക്കുകൾ ഉച്ചരിച്ചു പിന്നെ ഇടയ്ക്കു വച്ചു തീർന്നു പോയ ചോക്കിനു വേണ്ടി ചുറ്റും പരതി . താഴെ വീണു കിടന്നിരുന്ന ചോക്കിന്റെ തരികൾ പെറുക്കിയെടുത്ത് ആമയുടെ ചിത്രം പൂർത്തിയാക്കാൻ തുടങ്ങി.
ഫിലിപ്പ് സാറിന് എന്തോ പന്തികേട് തോന്നി. അദ്ദേഹം രാമചന്ദ്രൻ മാഷിന്റെ അടുത്തേക്ക് ചെന്ന് തോളത്ത് കൈവച്ചു
“വരൂ മാഷേ. ബാക്കി നാളെ വരയ്ക്കാം “
മാഷിന്റെ കൈയ്യും പിടിച്ച് ക്ലാസ് മുറിയുടെ പുറത്തേക്കിറങ്ങുമ്പോൾ മാഷിന്റെ ശരീരം വിറയ്ക്കുന്നതായി ഫിലിപ്പ് സാറിന് തോന്നി.
ഗോപാലൻ പൊടുന്നനെ ക്ലാസ് റൂം പൂട്ടി. തന്റെ സ്കൂട്ടർ സ്റ്റാർട്ടാക്കി ഗേറ്റിന് പുറത്തു കൊണ്ടു നിറുത്തി
രാമചന്ദ്രൻ മാഷ് ഫിലിപ്പ് സാറിനോടൊപ്പം ഗേറ്റിനു പുറത്തേക്ക് നടക്കുമ്പോൾ അവ്യക്തമായി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു

മാഷിനെ സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടണമോ എന്ന് ഗോപാലൻ ചോദിച്ചപ്പോൾ മാഷ് നിഷേധാർത്ഥത്തിൽ തലയാട്ടി . അത് വെറും ഭംഗിവാക്കാണെന്ന് ഗോപാലനും അറിയാം  ഗേറ്റു പൂട്ടി താക്കോൽ കുഞ്ഞുകുഞ്ഞിന്റെ ചായക്കടയിൽ ഏൽപ്പിച്ച് ഗോപാലൻ പോയി

“എന്താ പറ്റിയത് മാഷേ ?

കവലയിലേക്ക് നടക്കുമ്പോൾ ഫിലിപ്പ് സാറിന്റെ ചോദ്യത്തിന് എന്താ ഉത്തരം പറയേണ്ടതെന്നറിയാതെ മാഷ് നിശബ്ദം ചിരിച്ചു ..പിന്നെ വളരെ ശബ്ദം താഴ്ത്തി സ്നേഹപൂർവ്വം വിചിത്രമായൊരു ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി
<വിചിത്രമായ ഉച്ചാരണങ്ങൾ എങ്ങിനെ നിർദ്ധാരണം ചെയ്യണമെന്നറിയാതെ ഫിലിപ്പ് സാർ കുഴങ്ങി:
എന്തു ചെയ്യണമെന്നറിയാതെ എല്ലാം മൂളി കേട്ടുകൊണ്ടിരുന്ന ഫിലിപ്പ് സാറിന് ഒരു കാര്യം വ്യക്തമായി.. രാമചന്ദ്രൻ മാഷ് സ്വന്തം ഭാഷ മറന്നു പോവുകയോ, സ്വന്തമായ് ഒരു ഭാഷ കണ്ടെത്തുകയോ ചെയ്തിട്ടുണ്ടാവാം!..

ഒരിക്കൽ ഒരു സൗഹൃദ ചർച്ചയിൽ രാമചന്ദ്രൻ മാഷ് പറഞ്ഞ കാര്യം പൊടുന്നനെ ഓർമ്മയിലെത്തി; നിലവിലുള്ള ,ലോകത്തിലെ എല്ലാ ഭാഷകൾക്കും പരിമിതികൾ ഉണ്ട്! അതിനു് മനുഷ്യ വികാരങ്ങളുടെ വിചാരങ്ങളുടെ വളരേ കുറച്ചു ബിംബങ്ങളേ സംവേദന സാദ്ധ്യമാകുന്നുള്ളൂ ..
മനുഷ്യർ പടുത്തുയർത്തിയ ജയിലുകളാണ് ഭാഷകൾ!, നാം ആ ജയിൽ നിയമങ്ങൾക്കനുസരിച്ച് നമ്മെ രൂപപ്പെടുത്തുന്നു. ഇത്തരം രൂപാന്തരണങ്ങൾ പക്ഷെ നമ്മുടെ ജൈവചോദനകളെ നേരായ രീതിയിൽ പ്രതിഫലിപ്പിക്കുവാനാകാതെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത് ;..
ഒരു ഉറുമ്പിൽ കൂട്ടിലെ എല്ലാ ഉറുമ്പുകളും ഒരേ ഭാഷയാണ് സംസാരിക്കുന്നത് ലോകത്തിലെ എല്ലാ പൂച്ചകളും മ്യാവു  എന്ന ഭാഷയിലും, എല്ലാ പട്ടികളും ബൗ എന്ന ഭാഷയിലും സംസാരിക്കുന്നു അവരുടെ ഭാഷയാകട്ടെ
പ്രകൃതിദത്തവും ,അതിജീവനാധിഷ്ഠിതവും, ഋജുവായതും ആണ് ! തേനീച്ചകളും ശലഭങ്ങളും, പുൽച്ചാടികളും, പക്ഷിമൃഗാദികളും അവരുടെ അതിജീവന ഭാഷകൾ പ്രകൃതി എന്ന പൊതു ഭാഷയുമായി ബന്ധപ്പെടുത്തി ഉരുവപ്പെടുത്തിയതാകയാൽ അവരുടെ ഭാഷകൾ അവർക്ക് ഒരിക്കലും ഒരു ബാദ്ധ്യത ആ കുന്നതേയില്ല:
പൊടുന്നനെ ചിന്താവിമോചിതനായ ഫിലിപ്പ് സാർ, അലൗകികമായ സ്നേഹത്തോടെ ചുറ്റും നോക്കി അത്ഭുതപ്പെട്ടു നടക്കുന്ന മാഷിന്റെ കൈയ്യിൽ പിടിച്ചു.

;മാഷേ എന്താ ഉണ്ടായേ എന്തായാലും ഞാൻ വീട്ടിൽ കൊണ്ടു വിടാം.”

മാഷ് ഒന്നും മിണ്ടിയില്ല
മാഷിനെ ഗ്രസിച്ചിരുന്ന ചെറിയ വിറയൽ അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല!

<p>കവലയിൽ നിന്നും ഓട്ടോ വിളിച്ച് രണ്ടുപേരും കയറി..
നഗര ഭ്രമങ്ങൾ കടന്ന്, വീതി കുറഞ്ഞ ഗ്രാമവഴിയിലൂടെ ഓട്ടോ സഞ്ചരിക്കാൻ തുടങ്ങി

  വില്ലേജ് ഓഫീസറായിരുന്ന സീതയുടെ അച്ഛൻ പണ്ടെങ്ങോ ചുളുവിലയ്ക്ക് കൈക്കലാക്കിയ ആറേക്കറോളം വരുന്ന ഭൂമി: ആകെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് ചെറിയ പുരവച്ചു താമസിക്കുന്നതിനെ ബന്ധുമിത്രാദികൾ പലരും എതിർത്തു.നഗരപരിധിയിൽ ഹൈവേയുടെ അടുത്തുള്ള രാമചന്ദ്രൻ മാഷിന്റെ തറവാട്ടുവീട് വാടകയ്ക്ക് കൊടുത്തിട്ടാണ് ഈ കാട്ടുമുക്കിൽ വന്നു പാർക്കുന്നത്! നഗരത്തിന്റെ തിക്കും, തിരക്കും, വാഹനാലർച്ചകളും മാഷിന് ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ല.
അടുത്ത ഗ്രാമത്തിലെ കൃഷി ഓഫീസറായ ഭാര്യ സീതയാകട്ടെ ഭർത്താവിന്റെ ഒരാഗ്രഹത്തിനും എതിരുപറയാറുമില്ല
മക്കളായ അനുരാഗിനും,  അനസൂയക്കും സ്കൂളിലേക്ക് അര മണിക്കൂർ കൂടുതൽ യാത്ര ചെയ്യണമെന്നതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു.

അൽപ്പം തിരക്കുള്ളതിനാൽ രാമചന്ദ്രൻ മാഷിനെ വീടിന്റെ പടിക്കൽ ഇറക്കിവിട്ട ശേഷം
ഒന്നുറങ്ങിഎഴുന്നേൽക്കുമ്പോളേക്കും എല്ലാം ശരിയാകും എന്ന് ആശ്വസിപ്പിച്ച് ഫിലിപ്പ് സാർ വന്ന ഓട്ടോയിൽത്തന്നെ തിരികേ പോയി

  മരങ്ങൾക്കിടയിലൂടെ ചാഞ്ഞു പതിക്കുന്ന പോക്കുവെയിൽ മുറ്റത്തെ ചരൽമണലിൽ നീളൻ നിഴൽ ചിത്രങ്ങൾ വരയ്ക്കുന്നു. അത് കണ്ട് പുഞ്ചിരിയോടെ മാഷ് മുറ്റത്ത് കുത്തിയിരുന്നു് സൂര്യ തൂലിക കൊണ്ടു പൂർത്തിയാക്കാൻ കഴിയാത്ത ചിത്രം വരയ്ക്കാൻ തുടങ്ങി

അന്നത്തെ സായാഹ്നം മാഷിന്റെ പതിവുകൾ ആകെ തെറ്റിച്ചു സാധാരണ സ്ക്കൂൾ കഴിഞ്ഞ് തിടുക്കത്തിൽ ഇറങ്ങി കവലയിൽ എത്തുമ്പോഴേക്കും ഗ്രാമം വഴി പോകുന്ന ബസ്സ് വരും.അതിൽ കയറി പള്ളിക്കവലയിൽ ഇറങ്ങിയ  രാമേട്ടന്റെ കടയിൽ നിന്നും രാവിലെ  കൊടുത്ത പച്ചക്കറികളുടെ രൂപയും വാങ്ങി, കടയോടു ചേർന്നുള്ള ചായ്പ്പിൽ വച്ചിരിക്കുന്ന പഴയ ഹെർക്കുലീസ് സൈക്കിളുമെടുത്ത് വീട്ടിലേക്ക് പായുംവീടെത്തിയാൽ ഉടനേ വസ്ത്രങ്ങൾ മാറി, പഴയ ചുട്ടിത്തോർത്തും, കയ്യുള്ള ബനിയനും ധരിച്ച്, പച്ചക്കറിത്തോട്ടത്തിലേക്ക് ഓടും& ഓലിയിൽ നിന്നും വെള്ളം മുക്കി രണ്ടു മൂന്നു നിര പയറിൻ തടങ്ങൾ നനച്ചു കഴിയുമ്പോഴേക്കും ചെമ്മൺ പാതയിലൂടെ വരുന്ന സീതയുടെ സ്ക്രൂട്ടറിന്റെ ശബ്ദം കേൾക്കും… പയർത്തടങ്ങൾ നനച്ചു കഴിയുമ്പോഴേക്കും സീത കട്ടൻ കാപ്പിയുമായി എത്തും .. പിന്നെ പയർ പന്തലിനു താഴെയിരുന്ന് ചൂടു കട്ടൻ കാപ്പി ഊതിക്കുടിക്കും: ..
സീതയാകട്ടെ പയർ വള്ളിയിലെ മുരടിച്ച ഇലകളും, ഇലപ്പേനിന്റെ സാന്നിദ്ധ്യവും നിരീക്ഷിച്ച് രാസകീടനാശിനി തളിക്കണമെന്ന് നിർദ്ദേശിക്കും അതു കേൾക്കുമ്പോൾ മാഷിന് ദേഷ്യം വരും… കൃഷി ആപ്പീസർ ആപ്പീസിൽ മതിയെന്നും ,തന്റെ പച്ചക്കറികളെ ജൈവ കീടനാശിനി കൊണ്ട് സംരക്ഷിച്ചു കൊള്ളാമെന്നും ഗൗരവപ്പെടും;… അല്ലേലും നിങ്ങളോടു പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞ് ,കടിച്ചു കഴിഞ്ഞ കാപ്പിപ്പാത്രവുമെടുത്ത് സീത വീട്ടിലേക്ക് പോകും
നന്നായി ഇരുട്ടിയ ശേഷമായിരിക്കും മാഷ് വീട്ടിലേക്ക് മടങ്ങുക
വീട്ടിലെത്തിയാൽ കിണറ്റിൽ നിന്നും വെള്ളം കോരി അവിടെ നിന്നു തന്നെ കുളിക്കും
പിന്നെ ഉമ്മറത്ത്  കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന്റെ മുന്നിൽ ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കും…
കുട്ടികൾ അടുത്ത മുറിയിൽ നിശബ്ദം ഹോം വർക്കുകൾ ചെയ്യുന്നത് ഒന്നെത്തി നോക്കും,…
പിന്നെ കഞ്ഞികുടിയും കഴിഞ്ഞ് പഴയ ട്രാൻസിസ്റ്റർ റേഡിയോ തുറന്ന് പാട്ടുകൾ കേട്ടുകൊണ്ടു തെല്ലിട കിടക്കും … ആ കിടപ്പിൽത്തന്നെ ഉറങ്ങിപ്പോകും .അടുക്കളയിൽ നിന്നും സീത വരുമ്പോഴേക്കും അനാഥമായി പാടുന്ന റേഡിയോവും, കൂർക്കം വലിച്ചു റങ്ങുന്ന മഷിനേയും ആവും കാണുക!   ഒരു ദീർഘനിശ്വാസത്തോടെ സീതയും ഉറങ്ങാൻ കിടക്കും :. പിറ്റേന്ന് അതിരാവിലെ ഉണരുന്ന മാഷ് പച്ചക്കറിത്തോട്ടത്തിലേക്കു ചെന്ന് അന്നേ ദിവസം രാമേട്ടന്റെ കടയിൽ കൊടുക്കാനുള്ള പച്ചക്കറികൾ സംഭരിക്കും:  അവധി ദിവസങ്ങളിൽ സാമൂഹ്യ സേവനം, ചർച്ചകൾ, ജൈവകൃഷി ക്ലാസ്സുകൾ :

സീത വരുമ്പോൾ വീടിന്റെ മുറ്റത്ത് കുത്തിയിരുന്നു ചുള്ളിക്കമ്പുകൊണ്ടു പടം വരയ്ക്കുന്ന മാഷിനെക്കണ്ട് ‘അത്ഭുതപ്പെട്ടു.!” അവൾ പൊടുന്നനെ സ്കൂട്ടറിൽ നിന്നിറങ്ങി മാഷിനടുത്തേക്ക് വന്നു, വീടും തുറന്നിട്ടില്ല

;മാഷേ” എന്താ ഇത്?… ഇന്നെന്തു പറ്റി;?
!:
അവൾ പരിഭ്രമത്തോടെ മാഷിനെ പിടിച്ചെടുന്നേൽപ്പിച്ചു അയാൾ അപ്പോഴും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
മാഷ് സീതയെ അന്നാദ്യം കാണുന്നതുപോലെ കണ്ണു മിഴിച്ചു നോക്കി
അവൾ വേഗം വാതിൽ തുറന്ന് മാഷിനെ വീടിനടുത്തേക്ക് പിടിച്ചു കൊണ്ടുപോയി കട്ടിലിൽ ഇരുത്തി. ഒരു മൊന്തയിൽ തണുത്ത വെള്ളം കൊണ്ടുവന്നു കുടിക്കാൻ കൊടുത്തു പിന്നെ സാരിത്തുമ്പിൽ വെള്ളം നനച്ച് അയാളുടെ മുഖം തുടച്ചു.. പനിയുണ്ടോ എന്ന് പുറം കൈകൊണ്ടു നെറ്റിയിൽ തൊട്ടു:
;മാഷേ ”..
കരച്ചിലോളം എത്തിയ സീതയുടെ വിളി കേട്ട് മാഷ് തലയുയർത്തി പിന്നെ പരിഭ്രമിച്ചു നിൽക്കുന്ന സീതയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു

“ഹോ . പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ”

:അവൾ പരിഭവത്തോടെ അയാളെ നോക്കി

“ഇന്നെന്താ നനയ്ക്കാൻ പോവാത്തേ?”

“;ഇന്ന് മഴ പെയ്യും; “

ഒരു പ്രവാചകന്റെ അശരീരി പോലെ അയാൾ പറഞ്ഞതു കേട്ട് അവൾ ചിരിച്ചു
കടുത്ത വേനൽ  മഴയുടെ യാതൊരു വിദൂര സാദ്ധ്യത പോലുമില്ല:
“എന്നാ മാഷ് മഴ പെയ്യിക്ക് ;ഞാൻ പോയി കാപ്പിയിട്ടു കൊണ്ടു വരാം “

കട്ടൻ കാപ്പിയുമായി സീത തിരിച്ചെത്തിയപ്പോൾ അലമാരയിൽ നിന്നെങ്ങോ തപ്പിയെടുത്ത ഒന്നാം ക്ലാസ്സിലെ മലയാള പുസ്തകം തുറന്ന് അക്ഷരങ്ങളുടെ സമീപം കുത്തുകളും, വരകളുമുള്ള ബദൽ ലിപി എഴുതാൻ ശ്രമിക്കുകയായിരുന്നു മാഷ്. ! താൻ അപ്പോൾ ശരിയായ ദിശയിൽത്തന്നെയാണെന്നും ആശങ്കകൾ വിട്ടൊഴിയുന്നതായും മാഷിന് തോന്നി..
സീത കട്ടൻകാപ്പി ടീപ്പോയിൽ വച്ച് ഭർത്താവിന്റെ സമീപം ബെഡ്ഡിൽ ഇരുന്നു.

“എന്താ മാഷേ ഇത്ര സന്തോഷം?.. “

അയാൾ പാഠപുസ്തകം അവളുടെ നേർക്ക് നീട്ടി
അവൾക്ക് ഒന്നും മനസ്സിലായില്ല ! കുത്തുകൾ…. വരകൾ… ചിഹ്നങ്ങൾ….
ഭാഷ….. ഭാഷ:..

; മാഷ് സ്വപ്നാടനത്തിലെന്നവണ്ണം മന്ത്രിച്ചു….
അയാൾ അതുവരെ പ്രകടിപ്പിക്കാത്ത
സ്നേഹം കണ്ണിൽ നിറച്ച് ആദ്യമായി കാണുന്നതുപോലെ അവളേ നോക്കി!
പിന്നെ ഒരു കൗമാരക്കാരന്റെ സ്നേഹ പാരവശ്യത്തോടെ  അവളുടെ കൈയ്യിൽ പിടിച്ചു, അയാളുടെ കൈകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു: അയാൾ പൊടുന്നനെ അവളെ കെട്ടിപ്പിടിച്ചു ,അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ ചുംബിച്ചു ,അപ്രതീക്ഷിതമായ ആ സ്നേഹപ്രകടനത്തിൽ അവൾ വിവശയായി ;അയാൾ അവളുടെ ചെവിയിൽ പുതിയ ഭാഷയുടെ സ്നേഹ ലിപികൾ മന്ത്രിച്ചു ..അവൾക്കു ഒന്നും മനസ്സിലായില്ല: അയാൾ അവളുടെ മൂക്കിലും, ചുണ്ടിലും ഉമ്മവച്ചു: അവൾ ആകെ ഉലഞ്ഞു പോയി ഒരു യുവ കാമുകന്റെ പാരവശ്യത്തോടെ അയാൾ ഉമ്മകൾ കൊണ്ടു മൂടി:
പൊടുന്നനെ ആകാശത്ത് ഒരിടി നാദം മുഴങ്ങി
അയാൾ അവളേയും കൊണ്ടു കട്ടിലിലേക്ക് മറിഞ്ഞു: ഓരോ ചുംബനത്തിലും പൂത്തുലഞ്ഞ അവൾ താനേതോ ദിവാസ്വപ്നത്തിലാണെന്നു വിശ്വസിച്ചു!. കണ്ണുകൾ തുറന്നാൽ ഈ സ്വപ്നം നഷ്ടപ്പെട്ടു പോകുമെന്ന് പേടിച്ച് അവൾ കണ്ണുകൾ ഇറുകെ അടച്ചു. ചാരം മൂടിക്കിടന്ന തീപ്പൊട്ടുകൾ വീണ്ടും മിന്നിത്തെളിയാൻ തുടങ്ങി: അതുവരെ അറിയാത്ത ഭാഷ അവളിലെ പെണ്ണിടങ്ങളിൽ പൂക്കൾ വിരിയിച്ചു ഏതോ സുഖലാസ്യ സ്വപ്നത്തിൽ അവൾ ആടിയുലഞ്ഞു ..അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല !ടീപ്പോയിലിരുന്ന കാപ്പിക്കപ്പ് എങ്ങിനെയോ കൈ തട്ടി താഴെ വീണുടഞ്ഞു!
അവൾ അന്ധാളിപ്പോടെ കണ്ണു തുറന്നു: ! അവളേയും നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്ന അയാളെക്കണ്ട് അവൾക്ക് നാണം വന്നു
തുറന്നിട്ടിരുന്ന വാതിലിലൂടെ പുറത്തേക്കു നോക്കിയ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു !
പുറത്തപ്പോൾ വേനൽമഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു!

” പറഞ്ഞതുപോലെ മഴ പെയ്യിച്ചു കളഞ്ഞല്ലോ മാഷേ”?

<അയാൾ അവളേയും നോക്കി
നിശബ്ദം ചിരിക്കുകയായിരുന്നു വെറുതേ….
പിറ്റേന്ന് മാഷ് സ്കൂളിൽ പോയില്ല! ഒരു, നീണ്ട അവധിക്കുള്ള അപേക്ഷ എഴുതി സീതയുടെ കൈയ്യിൽ കൊടുത്തുവിട്ടു.അന്നു് സീതയും അവധി എടുത്തു. ടൗണിൽ നിന്നും അത്യാവശ്യം പലവ്യഞ്ജനങ്ങളും വാങ്ങി തിരികേ എത്തുമ്പോഴേക്കും അതിഗഹനമായ ആലോചനകളിലും, പിറുപിറുക്കലുകളുമായി എന്തൊക്കെയോ കുത്തിക്കുറിക്കുന്ന മാഷിനെ കണ്ട് സീത അത്ഭുതപ്പെട്ടു!

ഒരു ദിവസം പോലും അവധി എടുക്കാൻ ഇഷ്ടപ്പെടാത്ത മാഷ് ഇതിനു മുൻപ് ദീർഘമായ അവധി എടുത്തത് അന്യം നിന്നുപോകുന്ന നാടൻ വിത്തുകൾ സംഭരിച്ച് ഗുണമേന്മയുള്ള വിത്ത് ബാങ്ക്  ഉണ്ടാക്കാനും, ജൈവകൃഷി വ്യാപനത്തിനും വേണ്ടിയായിരുന്നു:

മാഷിന്റെ ചിന്തകൾക്ക് ഭംഗം വരുത്താതെ അവൾ അടുക്കളയിലേക്ക് കടന്നു് ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി

എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട് സീത കിടപ്പുമുറിയിലേക്കോടിച്ചെന്നു അവിടെ “ആർക്കു മെഡീസി”നെപ്പോലെ  നഗ്നനായി നിന്ന് വേറേതോ ഭാഷയിൽ ഉറക്കെ  യുറേക്കാ” വിളിക്കുന്ന രാമചന്ദ്രൻ മാഷിനെക്കണ്ട് സീത പരിഭ്രമിച്ചു:

“എന്താ മാഷേ ഇത് ?”

അയാൾ സീതയെ നോക്കി പൊട്ടിച്ചിരിച്ചു:

പക്ഷെ നഗ്നനായ മാഷിനെ കണ്ടപ്പോൾ അവൾക്ക് നാണം വന്നു!

“എന്താ മാഷേ?ദാ ഈ മുണ്ടുടുക്കു “..

മാഷ് അത് കേൾക്കാതെ സീതയുടെ കൈകളിൽ പിടിച്ചു് കിടക്കയിൽ ഇരുത്തി:

“സീതാ “
; “ങ്ങും; “

“അറിവുകൾ തടവറകൾ ആണ് ഇതുവരെ അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് നമുക്കാവശ്യം “

അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി
അയാളുടെ ശാന്തമായ കണ്ണുകളിലേക്കും നോക്കിയിരിക്കുമ്പോൾ വർഷങ്ങൾ പുറകോട്ട് പാഞ്ഞു പോകുന്നതായി അവൾക്കു തോന്നി: ! അകാരണമായി നെഞ്ചു പിടയ്ക്കുന്നതായും ക്രമേണ അത് ശാന്തമാകുന്നതായും അവൾ അറിഞ്ഞു .

“സീതാ, “

അയാളുടെ സ്പർശനത്തിൽ, ദർശനത്തിൽ ,ഏതോ വൈദ്യുതി കാന്ത തരംഗങ്ങൾ പ്രവഹിക്കുന്നതായും അലൗകികമായ ഒരു പ്രഭാവലയത്തിൽ പെട്ടു പോകുന്നതായും അവൾ അറിഞ്ഞു ..
അയാളുടെ കണ്ണുകളിൽ പ്രണയത്തിന്റെ ജൈവ വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു
അയാൾ അസ്പഷ്ടമായ ഏതോ പ്രാകൃത മന്ത്രം ഉരുവിട്ടു കൊണ്ടിരിക്കുന്നതായി അവൾക്കു തോന്നി. !

“;ഇന്നും മഴ പെയ്യുമോ മാഷേ?”

കള്ളച്ചിരിയോടെയുള്ള അവളുടെ ചോദ്യം കേട്ട് അയാൾ ആഹ്ലാദത്തോടെ തലയാട്ടി പിന്നെ ഏതോ ഒരനുഷ്ഠാനം അനുവർത്തിക്കുന്നതു പോലെ അവളെ വിവസ്ത്രയാക്കാൻ തുടങ്ങി: അവൾക്കപ്പോൾ ഒട്ടും തന്നെ ലജ്ജ തോന്നിയില്ല: ലൗകീക വസ്ത്രങ്ങളിൽ നിന്നും മോചിതരായ അവർ നഗ്നതയെപ്പറ്റി ചിന്തിച്ചതേയില്ല!

തികച്ചും സാധാരണയായി പ്രകൃതിയുടെ കുഞ്ഞുങ്ങളെപ്പോലെ വസ്ത്രങ്ങളുടെ തടവറയിൽ നിന്നും മോചിതരായ അവർ പരസ്പരം അസാധാരണമായ സ്നേഹത്തോടെ നോക്കി നിന്നു !
അയാൾ അവളുടെ തലയിൽ തൊട്ടു ,ഏതോ ഒരു വാക്ക് ഉച്ചരിച്ചു, നെറ്റിയിൽ തൊട്ടു, വേറൊരു വാക്കുച്ചരിച്ചു അവളുടെ മൂക്കിലും, ചുണ്ടിലും ചുണ്ടുകൊണ്ടു തൊട്ടു വാക്കുകൾ ഉച്ചരിച്ചു : സീതയുടെ നഗ്നശരീരത്തിലെ ഓരോ സ്പർശവും അയാൾ വാക്കുകൾ കൊണ്ടടയാളപ്പെടുത്തുകയായിരുന്നു
ഇതുവരേയും ലോകത്തിന്റെ ഒരു ഭാഷ കൊണ്ടും നേർലിഖിതപ്പെടുത്തുവാനാവാത്ത സ്നേഹത്തിന്റെ പ്രാപഞ്ചിക ഭാഷ അയാൾ സീതയുടെ നഗ്നശരീരത്തിലൂടെ നിർദ്ധാരണം ചെയ്തെടുക്കൂകയായിരുന്നു അവരുടെ പരസ്പര സ്പർശത്തിൽ കാമ: ലോഭങ്ങളുടെ കൈയ്യാളലോ, മാത്സര്യമോ ഉണ്ടായിരുന്നില്ല!.. ബുദ്ധിക്കും ,യുക്തിക്കും അപ്പുറം രണ്ടു നഗ്നശരീരത്തിലെ ഓരോ കോശങ്ങളും പരസ്പരം സമ്മേളിച്ച്, കാമം മറച്ചു വച്ച പ്രണയത്തിന്റെ വിട്ടുപോയ വരികൾ പൂരിപ്പിക്കുകയായിരുന്നു !

ഇത് ജയാപജയങ്ങളുടെ കാമന അല്ല ,രണ്ടു വ്യക്തികളും, ചിന്തകളും ഇല്ല!
രണ്ടെന്നു തോന്നുന്നതെല്ലാം ഒന്നു തന്നെയാണെന്ന തിരിച്ചറിവ് ,അതു നൽകുന്ന ആനന്ദാനൂഭൂതി!. ജീവിതത്തിൽ അന്നാദ്യമായി അവർ പ്രണയമൂർച്ഛ എന്തെന്നറിഞ്ഞു :..അതിന്ദ്രിയധ്യാനാനന്തര നീർവ്വാണം. ശാന്തത .നിശബ്ദത. സമാധി.

അഹം ബ്രഹ്മാസ്മി”

പുതിയ ഭാഷ പുതിയ കാഴ്ചകളിലേക്കും പുതിയ വൈകാരിക തലങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നുള്ള അനുഭവപ്പെടൽ അയാളുടെ ചിന്തകളെ തകിടം മറിച്ചു’

അയാൾ താനറിഞ്ഞ സത്യത്തെ തന്റെ ഭാര്യക്ക് വിവരിച്ചു കൊടുത്തു: അനുഭവവേദ്യമായ സത്യത്തെ അവൾ ഇരു കൈകൾ കൂപ്പി .സ്വീകരിച്ചു:..അവൾക്ക് കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും പുതിയ ഭാഷയിലൂടെ അയാൾ കൈമാറുന്ന സ്നേഹത്തിന്റെ തീവൃത അവളുടെ ചിന്തകളെ ഉത്തേജിപ്പിച്ചു:

<p>സീതയുടെ ഉള്ളിലേക്ക് പുതിയ വെളിച്ചം കടന്നു വരികയായിരുന്നു. അവൾക്ക് തന്റെ ഭർത്താവിനോടും പ്രകൃതിയിലുള്ള സകല ചരാചരങ്ങളോടും എന്തെന്നില്ലാത്ത സ്നേഹവും, വാൽസല്യവും തോന്നി തൊടിയിലൂടെ നടക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ അവളോട് കുശലം ചോദിച്ചു! അവൾക്കപ്പോൾ അത്ഭുതവും സങ്കടവും തോന്നി: ഇത്രയും നാളും അണ്ണാറക്കണ്ണന്റെ ഭാഷ തനിക്ക് മനസ്സിലാകാതെ പോയല്ലോ. !
ശലഭങ്ങളും, പുൽച്ചാടികളും, പൂക്കളും, മരങ്ങളൂം പക്ഷിജാലങ്ങളും, മൃഗങ്ങളുമെല്ലാം,പൊതുവായി വിനിമയം ചെയ്യുന്ന ഒരു സ്നേഹ ഭാഷ: ഉണ്ടെന്നുള്ള സങ്കൽപ്പം അവളെ അത്ഭുതപ്പെടുത്തി: പ്രകൃതിയിൽ വായുവും, അഗ്നിയും, ജലവും എല്ലാം എങ്ങിനെ പൊതുവായി സ്വീകരിക്കപ്പെടുന്നു എന്നതുപോലെ തന്നെ സ്വീകാര്യതയുള്ള പൊതു ഭാഷ:
” വസുധൈവ കുടുംബകം”
എന്ന ശീർഷകത്തിന്റെ പൊരുളറിഞ്ഞ് അവൾ പുഞ്ചിരിച്ചു
അപ്പോൾ ആ വഴി പറന്നു വന്നൊരു പൂമ്പാറ്റയും അവളെ നോക്കി പുഞ്ചിരിച്ചു. ഇത്ര ലാഘവത്തോടെ മനസ്സ് തുറന്ന് ഇതിന് മുൻപൊരിക്കലും തനിക്ക് ചിരിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നു് അവൾ ഓർത്തെടുക്കുകയും ചെയ്തു.!

കൊല്ലപ്പരീക്ഷ അടുക്കാറായി പാഠങ്ങൾ ഇനിയും പഠിപ്പിച്ചു തീർക്കേണ്ടതുണ്ട്, ലീവ് എടുത്ത ശേഷം രാമചന്ദ്രൻ മാഷിനെ കണ്ടിട്ടേയില്ല;..

:
ഓട്ടോറിക്ഷ പിടിച്ച് അസ്വഭാവിക നിലയിൽ മാഷിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വിശേഷങ്ങൾ തിരക്കാനും കഴിഞ്ഞില്ല…

ഫിലിപ്പ് സാർ ഗ്രാമക്കവലയിൽ ബസ്സിറങ്ങിയ ശേഷം മൺപാത്രയിലൂടെ രാമചന്ദ്രൻ മാഷിന്റെ വീട്ടിലേക്ക് നടന്നു
<
>വെട്ടുകല്ലുകൊണ്ടുള്ള കുത്തുകല്ല് കയറി എളുപ്പമാർഗ്ഗത്തിൽ മാഷിന്റെ വീട്ടുമുറ്റത്ത് പ്രവേശിക്കുമ്പോൾത്തന്നെ, വീടിനുള്ളിൽ നിന്നും മാഷിന്റേയും, സീതയുടേയും പൊട്ടിച്ചിരികളും അസ്പഷ്ടമായ ശബ്ദങ്ങളും കേട്ട് ഫിലിപ്പ് സാർ ഉറക്കെ ചുമച്ചു!
<
<p>മാഷും ,സീതയും ചിരിച്ചു കൊണ്ടു തന്നെ ഫിലിപ്പ് സാറിനെ എതിരേറ്റു!
കുശല സംഭാഷണത്തിനിടയിൽ സീത കൊണ്ടു കൊടുത്ത  പാഷൻ ഫ്രൂട്ട് ; ജൂസും കുടിച്ച് ഫിലിപ്പ് സാർ കാര്യത്തിലേക്ക് കടന്നു</p>
“;പോർഷൻ തീരാൻ ഇനിയുമുണ്ട് മാഷേ രാഗിണി ടീച്ചർ പ്രസവാവധിയിൽ പോവുകയും ചെയ്തു മാഷ് ഉടൻ തന്നെ ജോലിയിൽ പ്രവേശിച്ചാൽ നന്നായിരുന്നു “

രാമചന്ദ്രൻ മാഷ് ശരി എന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി:

അസാധാരണമായ ഒരു സന്തോഷം ആ വീടിനെ പിടികൂടിയിരിക്കുന്നതായി തിരികേ നടക്കുമ്പോൾ ഫിലിപ്പ് സാറിന് തോന്നി.

<p>രാമചന്ദ്രൻ മാഷിനും സീതയ്ക്കുമൊപ്പം മക്കളായ അനുരാഗിനും, അനസൂയയും  അച്ഛനോടും, അമ്മയോടുമൊപ്പം കൂടുമ്പോൾ ഉള്ള ‘ഇമ്പം ‘അറിയുകയും ചെയ്തു

ഒരു പാട് പ്രതീക്ഷകളോടെയും, ആശങ്കയോടെയുമാണ് രാമചന്ദ്രൻ മാഷ് സ്കൂളിലേക്ക് എത്തിച്ചേർന്നത്:

കുറച്ചു നാൾ കാണാതിരുന്നതിനാൽ കുട്ടികൾ സ്നേഹത്തോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു ..

പതിവു പാഠങ്ങൾക്കിടയിൽ താൻ കണ്ടെത്തിയ പുതിയ ഭാഷയുടെ ബാലപാഠങ്ങൾ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കാൻ തുടങ്ങി: ” കുത്തും വരകളുമുള്ള അക്ഷരങ്ങളും അവ ഉപയോഗിച്ചു നിർമ്മിക്കുന്ന വാക്കുകളുടെ പ്രാകൃതോച്ചാരണങ്ങളും, കുട്ടികളിൽ ചിരി പടർത്തി :മാഷിന്റെ ഓരോ ഉച്ചാരണവും പൊട്ടിച്ചിരിയോടെ വരവേൽക്കുന്ന കുട്ടികൾ ഒടുവിൽ കൂക്കുവിളിക്കാൻ തുടങ്ങി.

അടുത്ത ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്ന മാലതി ടീച്ചർ അസാധാരണമായ ബഹളം കേട്ട് മാഷിന്റെ ക്ലാസ്സിലേക്ക് എത്തി നോക്കി !?
ഏതോ ആവേശത്തിൽപ്പെട്ട്, കുട്ടികളുടെ ആരവങ്ങൾ കേൾക്കാതെ രാമചന്ദ്രൻ മാഷ് ക്ലാസ്സ് തുടർന്നു കൊണ്ടേയിരുന്നു.

പ്യൂൺ ഗോപാലൻ അറിയിച്ചതിനെ തുടർന്ന് ഫിലിപ്പ് സാർ വന്നു<

<p>ഹെഡ്മാസ്റ്ററെ കണ്ടതോടെ കുട്ടികൾ നിശബ്ദരായി: രാമചന്ദ്രൻ മാഷ് അപ്പോഴും വളരേ ഗൗരവത്തോടെ പുതിയ ഭാഷയുടെ വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടേയിരുന്നു

രാമചന്ദ്രൻ മാഷിന്റെ ;കിറുക്ക് ഇനിയും മാറിയിട്ടില്ലെന്ന് കണ്ട് ഫിലിപ്പ് സാറിന് ദേഷ്യവും, നീരസവും തോന്നി
എങ്കിലും അതൊന്നും പുറമേ പ്രകടിപ്പിക്കാതെ അദ്ദേഹം മാഷിന്റെ ചുമലിൽ കൈവച്ചു</p>

“എന്താ മാഷേ ഇത്: ഇപ്പോ പഠിപ്പിച്ചു തീർക്കേണ്ടത് ആദ്യം ചെയ്യൂ ബാക്കി ഒക്കെ പിന്നെ ആവാം: “

<p>രാമചന്ദ്രൻ മാഷ് ഫിലിപ്പ് സാറിനെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി!

അപ്പോൾ അവിടേക്ക് വന്ന മമ്മദ് മാഷിനെ ക്ലാസ്സേൽപ്പിച്ച് ഫിലിപ്പ് സാർ രാമചന്ദ്രൻ മാഷിനേയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു</p>
<p>ഇതിനോടകം ഗോപാലൻ പറഞ്ഞറിഞ്ഞ് രാമചന്ദ്രൻ മാഷിന്റെ വിചിത്ര ഭാഷാ പ0നം സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ  ചർച്ച ചെയ്തു കൊണ്ടിരിക്കേ ആണ് ഫിലിപ്പ് സാർ മാഷിനേയും കൊണ്ട് അങ്ങോട്ട് കടന്നു ചെന്നത്:
സ്വന്തം ഇരിപ്പിടത്തിൽ ഹദാശ നായി ഇരുന്ന മാഷിനെ സഹ അദ്ധ്യാപകർ ഉള്ളിലൊളിപ്പിച്ച പരിഹാസത്തോടെ തുറിച്ചു നോക്കി:
രാമചന്ദ്രൻ മാഷ് താൻ ചിട്ടപ്പെടുത്തിയ ഭാഷാപാഠപുസ്തകവുമായി തെല്ല നേരം തലയും കുനിച്ചിരുന്നു:

<p>വിദ്യാർത്ഥികളുടെ ഉള്ളിൽ നിന്നും തനിക്കു നേരേ നീണ്ട പരിഹാസത്തെ അവഗണിക്കാമെങ്കിലും, ഫിലിപ്പ് സാറും, മറ്റു സഹ അദ്ധ്യാപകരുടേയും മനസ്സിലെ ഗൂഡാക്ഷരങ്ങൾ വായിച്ചെടുത്തപ്പോൾ രാമചന്ദ്രൻ മാഷിന് എന്തെന്നില്ലാതെ ഇഛാഭംഗം തോന്നി

<p>അയാൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് വീട്ടിലേക്കുള്ള വഴിയേ നടന്നു..

<p>പിറ്റേന്ന് മാഷ് സ്കൂളിലേക്ക് പോയില്ല, അതിന്റെ പിറ്റേന്നും  പിന്നീടൊരിക്കലും
/p>
<p>രാമചന്ദ്രൻ മാഷ് ജോലി രാജിവച്ചു !. കുട്ടികൾക്കും, സഹപ്രവർത്തകർക്കും നാട്ടുകാർക്കും അതൊരു തീരാ നഷ്ടമായി:</p>
<p>രാമചന്ദ്രൻ മാഷ് ഒരു മുഴുവൻ സമയ കൃഷിക്കാരനായി മാറി.: ! മണ്ണിന്റെ ഭാഷ അറിഞ്ഞ് മണ്ണിനെ പരിചരിച്ചു;ചെടികളുടെ ഭാഷ അറിഞ്ഞ് അവയെ സ്നേഹത്തോടെ തലോടി: അതുവരെ കാണാത്ത അസംഖ്യം പൂമ്പാറ്റകൾ കൃഷിത്തോട്ടത്തിൽ വിരുന്നിനെത്തി:

<p>ക്രമേണ രാമചന്ദ്രൻ മാഷിന്റെ ഭൂമി ജൈവ വൈവിധ്യങ്ങളുടെ കലവറ ആയിത്തീർന്നു..
.
എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ ഇടമുള്ളൊരു തുണ്ടു സ്ഥലം.. അവിടെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിഘാതമായവയെ ഉൻമൂലനം ചെയ്യപ്പെട്ടില്ല: കളകളും, വിളകളും ഒരു പോലെ വിളഞ്ഞു:   ഉരഗങ്ങളും, തിര്യക്കുകളും ,പുഴുക്കളും, പുൽചാടികളും ഭയലേശമില്ലാതെ സ്വതന്ത്രമായി വിരഹിക്കുന്ന ഇടം :

<p>ജോലി രാജിവച്ചത് മണ്ടത്തരമായിപ്പോയെന്ന് പലരും വിമർശിച്ചു, രാമചന്ദ്രൻ മാഷും, സീതയും വെറുതേ പുഞ്ചിരിച്ചു…
ക്രമേണ ഭർത്താവിനോടൊപ്പം കൂടുതൽ സമയം വിനിയോഗിക്കാനായി സീതയും ജോലി രാജിവച്ചു.. കുട്ടികളാകട്ടെ നേരത്തേ തന്നെ ട്യൂഷൻ എന്ന പാഴ് വേലയും നിറുത്തിയിരുന്നു.
അവരും അച്ഛനോടും ,അമ്മയോടുമൊപ്പം, തങ്ങളുടെ തുണ്ടു മണ്ണിൽ പുതുതായി സൃഷ്ടിക്കപ്പെട്ട സ്വർഗ്ഗത്തിൽ, സ്നേഹ ഭാഷയിലൂടെ ചരാചരങ്ങളോട് സംവദിക്കാൻ കൂടുതൽ ഉൽസുകരായി ;

അതോടൊപ്പം തന്നെ സ്കൂളിൽ നിന്നും പഠിക്കാൻ നിർബന്ധിതമാകുന്ന വ്യർത്ഥ തകൾ എളുപ്പം തിരിച്ചറിയുകയും ചെയ്തു.
തങ്ങൾ നൂറുശതമാനവും സാധാരണമായി പെരുമാറുമ്പോഴും അത് അസാധാരണമാണെന്നും, പ്രകൃതി വിരുദ്ധമാണെന്നും കണ്ടെത്തിയ സ്കൂൾ അധികൃതർ ഇനി രക്ഷകർത്താവിനെ വിളിച്ചു കൊണ്ടു വന്നാൽ മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന് അന്ത്യശാസനം നൽകുകയും ചെയ്തു: ‘

<p>പിറ്റേന്ന് കുട്ടികൾ സ്കൂളിൽ പോയില്ല: അതിനടുത്ത ദിവസവും പോയില്ല. പിന്നീടൊരിക്കലും അവർക്ക് സ്കൂളിനെക്കുറിച്ച് ഓർമ്മ വന്നില്ല. അവർ അച്ഛനും, അമ്മയ്ക്കും, തങ്ങളുടെ ഭൂമിയിലെ അതിഥികൾക്കും ഒപ്പം പ്രകൃതിയുടെ പാഠങ്ങൾ പഠിക്കാൻ തുടങ്ങുകയായിരുന്നു.!

<p>ജോലി ഉപേക്ഷിച്ച മാതാ, പിതാക്കളും പഠനമുപേക്ഷിച്ച കുട്ടികളും അടങ്ങുന്ന കുടുംബത്തെയാകെ ഏതോ ഭീകര മനോരോഗം ബാധിച്ചിരിക്കുന്നതായി നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിക്കയും, അധികം താമസിക്കാതെ ഒരു കൂട്ട ആത്മഹത്യയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും ചെയ്യുമെന്ന് അവർ പ്രവചിക്കുകയും ചെയ്തു.!
മറ്റു ചിലരാകട്ടെ മാഷിന്റെ കുടുംബത്തിന് സംഭവിച്ചിരിക്കുന്ന ദു:സ്ഥിതിയിൽ നിന്നും അവരെ രക്ഷിക്കുന്നതിനായി, പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ഒരു രക്ഷാദൗത്യം നടത്തണമെന്നും അഭിപ്രായപ്പെട്ടു

<p>രാമചന്ദ്രൻ മാഷും കുടുംബവം തങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലേക്ക് അതിഥികളായി എത്തിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളെ സന്തോഷപൂർവ്വം എതിരേറ്റു കൊണ്ടിരുന്നു
കാട്ടിൽ മാത്രം കാണുന്ന മലയണ്ണാനും, ചെങ്കീരിയും, തത്തകളം, കാട്ടുകോഴികളും, മുയലുകളു അവരുടെ ഇടയിൽ നിർഭയം വിഹരിച്ചു…

<p>മാഷിന്റെ കൃഷിരീതികളിലും സമൂല മാറ്റം വന്നു ജൈവ കൃഷിയുടെ പ്രചാരകനായിരുന്നെങ്കിലുo പ്രാകൃത കൃഷി രീതികൾ പരീക്ഷിച്ചു
ഒരു ചെടി അതിന്റെ തനത് ആവാസവ്യവസ്ഥയിൽ എങ്ങിനെ വളരുന്നുവോ അങ്ങിനെ തന്നെ വളരാൻ അവസരമൊരുക്കി പഴങ്ങൾ പക്ഷികൾക്കും ,ജന്തുക്കൾക്കുമൊപ്പം പങ്കിട്ടു ഭുജിച്ചു: അത്തരം ഒരു പങ്കിടൽ അവരെ വല്ലാതെ ആനന്ദിപ്പിച്ചു
കുടുംബം എന്നാൽ ഭാര്യയും കുട്ടികളും മാത്രമല്ല തന്റെ ചുറ്റുമുള്ള സകല ചരാചരങ്ങളും ചേർന്നതാണെന്ന് അവർ മനസ്സിലാക്കി: അവിടെ രാജ്യ നീതികളോ, ജാതി, മത, രാഷ്ട്രീയങ്ങളോ, വർണ്ണ വർഗ്ഗ വ്യത്യാസങ്ങളോ ഇല്ലായിരുന്നു… കൂടുമ്പോൾ ഉള്ള, ഇമ്പം എന്താണെന്ന് അവർ ശരിക്കും തിരിച്ചറിഞ്ഞു:

<p>ഒരു വ്യക്തിയുടെ മനോരോഗം ഒരു കുടുംബത്തിലേക്കും, കുടുംബത്തിൽ നിന്നും ഒരു ഗ്രാമത്തിലേക്കും, ഗ്രാമത്തിൽ നിന്നും ഒരു ജില്ലയിലേക്കും, ജില്ലയിൽ നിന്നും ഒരു സംസ്ഥാനത്തിലേക്കും, രാജ്യത്തിലേക്കും പടർന്നു പിടിക്കൂമെന്ന നീതിസാരം ഉദ്ധരിച്ചുകൊണ്ട് ,സഖാവ് പീതാമ്പരൻ  വിഷയത്തിലേക്ക് കടന്നു
മത പണ്ഡിതരായ അബ്ദുൾ മൗലവിയും, കൃഷ്ണാനന്ദ സ്വാമിയും, ഫാദർ തെക്കേ ചെരിവിലും അത് ശരിവച്ചു

മതവും, രാഷ്ട്രീയവും, മറ്റു സംഘടനകളേയും, നിരാകരിച്ച് ഒരു കുടുംബം നിലകൊള്ളുന്നത് തികച്ചും അരാജകവും ഭരണഘടനാ വിരുദ്ധവും ആണെന്ന മെമ്പർ സുഗുണന്റെ അഭിപ്രായവും പൊതുവേ സ്വീകരിക്കപ്പെട്ടു.
<
എന്നാൽ ഇത് രോഗാതുരമായ മന:സ്സിന്റെ വിഭ്രമങ്ങൾ ആകാമെന്നും നല്ല കൗൺസിലിംങ്ങോ, ചികിത്സ യോ തന്നെ ചെയ്താൽ മാഷിനേയും കുടുംബത്തേയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനാവുമെന്ന ഫിലിപ്പ് സാറിന്റെ അഭിപ്രായവും പൊതുവേ സ്വീകരിക്കപ്പെട്ടു</p>
<p>മതമോ, രാഷ്ട്രീയമോ ഇല്ലാതെ ഒരു വ്യക്തി നിലകൊള്ളുന്നത് സാധൂകരിക്കാമെങ്കിലും, ഒരു കുടുംബം മുഴുവൻ നിലകൊള്ളുകയും, നിലവിലുള്ള ഭാഷയേയും, സംസ്കാരത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നത് വളരെ ഗൗരവത്തോടെ കാണുകയും വേണ്ടിവന്നാൽ ഒരു നാടിന്റെ നന്മയ്ക്ക് വേണ്ടി ഒരു കുടുംബത്തെ ഉന്മൂലനം
ചെയ്യുന്നതിൽ തെറ്റില്ലെന്നും  പീതാംബരൻ സഖാവിന്റെ വാക്കുകൾ യോഗത്തെ പിരിമുറുക്കത്തിലാക്കി.

<p>ദൈവത്തെയും, മതത്തേയും, സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്ന എന്തും ചെയ്തു തരാമെന്ന മതാചാര്യന്മാരുടെ വാക്കുകൾ ഫിലിപ്പ് സാറിന് പിടിച്ചില്ലെങ്കിലും ഒന്നും പറയാതെ നിശബ്ദത പാലിച്ചു’

<p>ചുരുക്കത്തിൽ, രാമചന്ദ്രൻ മാഷും കുടുംബവും നിലവിലെ നിയമങ്ങൾക്ക് വിധേയമാകാത്തവരും, തെറ്റായൊരു ജീവിതസന്ദേശം നൽകി അരാജകത്വം സൃഷ്ടിക്കുന്നവരും, മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിക്കെതിരേ പ്രവർത്തിച്ച് മനുഷ്യരെ വീണ്ടും പ്രാകൃതയുഗത്തിലേക്ക് തിരികേ നടക്കാൻ പ്രേരിപ്പിക്കുന്നവരും, ദൈവഭയമില്ലാത്ത നാസ്തികരും ആയതിനാൽ ഈ കുടുംബത്തിന്റെ പുരോ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്താൻ പ്രേരിപ്പിക്കയോ, അല്ലെങ്കിൽ ഈ പ്രദേശത്തു നിന്നും ഈ കുടുംബത്തെ നാടുകടത്തുകയോ, ഇത്തരം മനോരോഗങ്ങൾ സമൂഹത്തിൽ വ്യാപിക്കാതിരിക്കുന്നതിലേക്കായി വേണ്ടിവന്നാൽ വേരോടെ പിഴുതുകളയാനും യോഗം തീരുമാനിക്കപ്പെട്ടു!

യോഗത്തിന്റെ പ്രതിനിധികളായി സഖാവ് പീതാംബരനും, സുഗുണൻ മെമ്പറും ,ഫിലിപ്പ് സാറും രാമചന്ദ്രൻ മാഷിന്റെ ഭവനം സന്ദർശിച്ച് യോഗ തീരുമാനം അറിയിച്ച് ഉചിതമായ മേൽനടപടികൾ സ്വീകരിക്കാൻ അധികാരപ്പെടുത്തുകയും ചെയ്തു!

<p>ജോലിക്ക് പോകാത്തതു കൊണ്ട് മാഷിനോ സീതയ്ക്കോ തെല്ലു പോലും വിഷമം തോന്നിയില്ല!
സ്കൂളിൽ പോകാത്തതു കൊണ്ട് കുട്ടികൾക്കും ! അവരുടെ സ്കൂൾ പ്രകൃതിയായിരുന്നു ! രഹസ്യങ്ങളുടെ കലവറയായ  മണ്ണിനേയും പ്രകൃതിയേയും അവർ അൽഭുതാദരങ്ങളോടെ അറിയാൻ തുടങ്ങിയിരുന്നു:</p>
<p>മാഷാകട്ടെ ഭാവിയിൽ തന്റെ ഭാഷ പഠിക്കാൻ താൽപ്പര്യമുള്ളവർക്കു വേണ്ടി കുറ്റമറ്റ ഭാഷാ നിഘണ്ടു ചമച്ചു കൊണ്ടേയിരുന്നു

സീതയാകട്ടെ പെണ്ണും പ്രകൃതിയും രണ്ടല്ല എന്ന സത്യം തിരിച്ചറിഞ്ഞ് സർവ്വ ചരാചരങ്ങളേയും മാതൃവാത്സല്യത്തോടെ നോക്കിക്കാണുകയും അടക്കാനാവാത്ത സന്തോഷത്താൽ ഉറക്കെ കരയുകയും ചെയ്തു?
ജന്മം കൊണ്ടതിനു ശേഷം വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അവൾ അറിഞ്ഞു, .പ്രകാശം കടന്നു പോകുന്ന ഒരു കണ്ണാടി ചില്ലു പോലെ താൻ സുതാര്യ ആയിത്തീരുന്നതും അവൾ അറിഞ്ഞു.

<p>ഇത്ര ലളിതമായ ജീവിതത്തെ അധികാരങ്ങൾ കൊണ്ടും, നിയമങ്ങൾ കൊണ്ടും, കപട മത, രാഷ്ട്രീയങ്ങൾ കൊണ്ടും വരിഞ്ഞുമുറുക്കി സംഘർഷഭരിതമാക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലമായിരുന്നു അത്! 
<p>ഫിലിപ്പ് സാറും, സുഗുണൻ മെമ്പറും, സഖാവ് പീതാമ്പരനും ഗ്രാമക്കവലയിൽ ബസ്സിറങ്ങി ചെമ്മൺ പാതയിലൂടെ രാമചന്ദ്രൻ മാഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു
.

ഫിലിപ്പ് സാറിന്റെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു.’

<p>ചെമ്മൺ പാതയിൽ രൂപം കൊണ്ട ചെറുചുഴലിക്കാറ്റുകൾ കരിയിലകളും ,പൊടികളും
സ്തൂപാകൃതിയിൽ കറക്കിയുയർത്തി കളി തുടരുകയായിരുന്നു
ഈ വെയിലത്ത് ഒരു കുട പോലും എടുക്കാതെ ഇവരുടെ കൂടെ പുറപ്പെട്ടത് അബദ്ധമായി പോയി എന്ന് ഫിലിപ്പ് സാറിന് തോന്നി
പച്ചവേലി കൊണ്ടു അതിരു തിരിച്ച വീട്ടുവഴിയിലേക്ക് പ്രവേശിച്ചു. നിറയെ പൂത്തു നിൽക്കുന്ന കോട്ടമാവിന്റെ തണലിലെത്തിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. പാക്ഷൻ ഫ്രൂട്ട് വള്ളികൾ കൊണ്ടു പന്തലിട്ട മുറ്റത്തു നിൽക്കുമ്പോൾ സുഖശീതളിമയാർന്ന ഒരു കാറ്റ് അവരെ തഴുകി കടന്നു പോയി

. മാവിന്റെ ശിഖരങ്ങളിൽ അസംഖ്യം അണ്ണാൻ മാരും ,പേരറിയാത്ത പക്ഷികളും അവരെ നോക്കി സ്വാഗതം ആശംസിച്ചു..

പൊടുന്നന്നെ കനത്ത ചൂടിൽ നിന്നും തണുപ്പുമുറിയിലേക്കു കടന്ന പോലെ അവർക്ക് ആശ്വാസം തോന്നി
ഫിലിപ്പ് സാർ മുറ്റത്തു നിന്ന് രാമചന്ദ്രൻ മാഷിനെ വിളിച്ചു ..
തൊടിയിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും മാഷും, സീതയും കടന്നു വന്നു.
പൂമുഖത്തെ അരപ്രൈസിൽ ഇരുന്ന് ഒരു മലയണ്ണാൻ അഥിതികളുടെ നേർക്ക് കൗതുകത്തോടെ നോക്കി!

മുറ്റത്തിനരുകിൽ നിറയേ പൂക്കളുമായി നിൽക്കുന്ന പാരിജാതത്തിന്റെ ചോട്ടിലൂടെ രണ്ടു മൂന്ന് കാട്ടുമുയലുകൾ ചാടിപ്പോയി കൊന്നമരത്തിന്റെ ശാഖിയിൽ ഇരുന്ന് ഒരു കുയിൽ നീട്ടി കൂവി

മാഷ് ആഗതരെ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി. സീതയാകട്ടെ പാഷൻ ഫ്രൂട്ടും, കരിക്കിൽ വെള്ളവും, നാരങ്ങനീരും ചേർത്ത സർബത്ത് നൽകി സൽക്കരിച്ചു. അവർ മൂന്നു പേരും വളരേ ആസ്വദിച്ച് അത് കുടിച്ചു തീർത്തു ഉള്ളിലെ അവശേഷിച്ച വേനൽച്ചൂടും അപ്പോഴേക്കും അപ്രത്യക്ഷമായി:
“എന്തൊക്കെയുണ്ട്ഫിലിപ്പ് സാറേ വിശേഷം? “

“ഒന്നുമില്ല മാഷേ വെറുതേ ഈ വഴി പോയപ്പോൾ ” …
  “എന്തായാലും മാഷിന്റെ അഭാവം നമ്മുടെ സ്കൂളിനും, നാട്ടുകാർക്കും തീരാ നഷ്ടം ആയിപ്പോയി “…..

” അത് ശരിയാ”
സുഗുണനും പീതാമ്പരനും ഒരുമിച്ച് തലയാട്ടി.

മാഷ് ഹൃദ്യമായി പുഞ്ചിരിച്ചു

“എന്തായാലും നിങ്ങളൊക്കെ എന്റെ അഥിതികളായി വന്നല്ലോ സന്തോഷം “

മെമ്പറും, സഖാവും വിനീതരായി പുഞ്ചിരിച്ചു

< “വരു: എന്റെ പുതിയ കൃഷി രീതികൾ കാണിച്ചു തരാം ഒപ്പം കുറച്ച് അതിഥികളേയും പരിചയപ്പെടാം – “..

<p>അവർ മൂന്നു പേരും മാഷിനോടൊപ്പം കൃഷിത്തോട്ടത്തിലേക്ക് പ്രവേശിച്ചു.
നിയന്ത്രിതവും ,ശാസ്ത്രീയവുമായ ഒരു കൃഷിരീതി അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല

പച്ചക്കറികളും പഴവർഗ്ഗങ്ങളും അതിന്റെ സർവ്വ സ്വാതന്ത്യത്തോടെ വളർന്നു നിൽക്കുന്നു…!കാര്യമായ വളപ്രയോഗങ്ങൾ ഒന്നും ഇല്ലെങ്കിലും പൂർണ്ണ ആരോഗ്യത്തോടെ, ഹരിതശോഭയാർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന കാഴ്ച തികച്ചുo വ്യത്യസ്തം തന്നെ! അതിലുപരി പേരറിയാത്ത അസംഖ്യം പക്ഷികളുടെയും ചെറുമൃഗങ്ങളുടേയും, ഉരഗങ്ങളുടേയും സാന്നിദ്ധ്യം വിസ്മയകരം തന്നെ: വിശാലമായ കുളത്തിൽ, മീനുകൾ തുള്ളിച്ചാടുന്നു, താറാവുകളും, അരയന്നങ്ങളും നീന്തിക്കളിക്കുന്നു. പൊന്മാനുകളും, നീർ കാക്കകളും അവർക്ക് ആവശ്യമുള്ള മീനുകളെ പിടിച്ച് ഭക്ഷിക്കുന്നു, &r
എല്ലാത്തിലുമുപരി  പൂക്കളും, പുഴുക്കളും, ചുൽച്ചാടികളും, ജന്തുജാലങ്ങളും, ഭയരഹിതമായി അഭൗമമായ സ്നേഹം പങ്കുവച്ച് ഒരുമയോടെ വർത്തിക്കൂന്ന കാഴ്ചയായിരുന്നു.!

<p>ഇതായിരിക്കും സോഷ്യലിസമെന്ന് പീതാമ്പരൻ സഖാവ് മനസ്സിൽ കരുതി!
എല്ലാവരും സ്വതന്ത്രരും, പരസ്പരബഹുമാനത്തോടെയും ഒരേ ഇടത്തു കഴിയുന്നു. പരമ്പരാഗത ശത്രുതാ സമവാക്യങ്ങൾ പൊളിഞ്ഞു പോകുന്നു: വിശക്കുന്ന പൂച്ച എലിയെ പിടിച്ചു ഭക്ഷിക്കുന്നു. വിശപ്പില്ലാത്ത അവസ്ഥയിൽ എലിയും പുച്ചയും സാഹോദര്യത്തോടെ കഴിയുന്നു.<

<p>വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളിലൂടെ സഞ്ചരിക്കേ പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള അന്തരം അവർ തിരിച്ചറിഞ്ഞു

പ്രകൃതിക്ക്, മതമോ, ജാതിയോ, ദൈവങ്ങളോ ഇല്ല: പ്രകൃതി സ്വയം ഒരു മതമാണ് !സ്നേഹം എന്നൊരു ഭാഷ മാത്രമേ അവിടെയുള്ളൂ…

<p>അവർ തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും മാഷിന്റെ മക്കളായ അനുരാഗും, അനസൂയയും, സംഭരിച്ചു കൊണ്ടുവന്നിരുന്ന വിവിധയിനം പഴങ്ങളും പച്ചക്കറികളും മൂന്നു സഞ്ചികളിലായി നിറച്ചു വച്ചു കാത്തിരിക്കുന്ന സീതയേയും, കുട്ടികളേയും കണ്ട് ഫിലിപ്പ് സാർ പുഞ്ചിരിച്ചു.<

<p>ഹൃദ്യമായ ഭക്ഷണവും കഴിച്ച്, മാഷ് സമ്മാനമായി നൽകിയ പച്ചക്കറി സഞ്ചികളുമായി പടിയിറങ്ങുമ്പോൾ ഫിലിപ്പ് സാർ സന്തോഷം കൊണ്ട് കരഞ്ഞു പോയി…
.
സുഗുണനും, സഖാവ് പീതാംബരനും വിനീതമായി കൈകൂപ്പി.

തങ്ങൾ എന്തിനു വന്നു എന്നുള്ള കാര്യം പൂർണ്ണമായും വിസ്മരിച്ച്, സ്നേഹത്തിന്റെ പാരാവാരത്തിൽ ജ്ഞാനസ്നാനം ചെയ്ത പോലെ, പാപഭാരങ്ങളെല്ലാ മൊഴിഞ്ഞ്, സായാഹ്ന വെയിലേറ്റ് തിരികേനടക്കുമ്പോൾ വെയിലിന് ഒട്ടും തന്നെ ചൂടുണ്ടായിരുന്നില്ല എന്ന് അവർക്ക് തോന്നി

” അത് ശരിയാ”

സുഗുണൻ സ്വപ്നത്തിലെന്ന പോലെ പറഞ്ഞത് കേട്ട് ഫിലിപ്പ് സാറും, പീതാoബരൻ സഖാവും ഒരുമിച്ച് തല കുലുക്കി.

home
.

You can share this post!