
കരിമിഴി കൺമഷി കലങ്ങിയതറിഞ്ഞില്ല
കരിവണ്ടിൻ നിറമുള്ള കവിളത്തു പെണ്ണേ
തിരുമുടിയഴിച്ചിട്ട നടനവും കണ്ടില്ല
തിരുവരങ്ങിൽ തിരശ്ശീല പൊങ്ങീല
ചാരം പുകയുന്ന ഉള്ളിൻ്റ നോവുകൾ
ചമയം തിരയുന്നു മൂവന്തി സൂര്യനായ്
അർത്ഥമത്രയുമില്ലെങ്കിലോ…. നിൻ്റെയർച്ചനാപുഷ്പങ്ങൾ
അത്രമേൽ അവശിഷ്ടമായ് മാറുന്നു
ചെങ്കല്ല് കൊണ്ട് പണിയാനാവതില്ല
നിൻ്റെ ചേറുമാടത്തിൻ
കൂരയിലൂടങ്ങു ദൂരെക്കാണാം
അമ്പിളിവെട്ടമിന്തേ വന്നില്ല…!!
പൈതങ്ങൾ രണ്ട് – പനയോലയൊന്ന്
പതിയവൾക്കില്ല, പരിഭവം പറയാനറിയില്ല.
അന്തിക്കുവട്ടം പിടിക്കുന്ന നാവുകൾ
നുണയാനെടുത്തത് ഒരു വറ്റു മാത്രം… ഒരു വറ്റു മാത്രം
മണ്ണിലുറയ്ക്കാൻ കഴിയാത്ത കാലുകൾ
മഴവില്ലു കണ്ടു കൊതിച്ചിടും മനസ്സുകൾ
ആകാശനീലിമക്കപ്പുറം കാണുവാൻ
ആ വിദ്യയറിയില്ല, ആദിജാത്യവും പോര
അഗതികൾ, ഞങ്ങളടിമകൾ
നിങ്ങളകമ്പടിചേർക്കാൻ കൂട്ടാത്തവർ
ഓരോ ദിനാന്തവുമാനന്ദമാക്കുവാൻ
ഓലപ്പുരയിതു തണലുമായ് ഇണയുമായ്
വേണം വരേണം സമമായ് പക്ഷങ്ങൾ
ഒഴുകുന്ന ചിന്തതൻ ചോരയിൽ
നീ ജ്വലിച്ചീടുവാൻ, നിന്നഴക് കാണുവാൻ
ഞാനണിഞ്ഞു …. ഇരുളിൻ അമാവാസി.