തുള്ളിത്തെറിക്കും മഴത്തുള്ളിയുള്ളങ്ങൾ
തള്ളിത്തുറക്കും മുഹുർത്തമെത്തി.
നന്മകളൂറിച്ചിരിത്തെത്തും കൗതുക –
ക്കാഴ്ച്ചതന്നുത്സവക്കാലമായി.
പൊങ്ങിപ്പറക്കും പറവച്ചിറകിലായ്
വീണ്ടുമുണർവ്വിൻ തിരയിളക്കം.
നിത്യവസന്തത്തേനൂറുന്ന നെഞ്ചകം
എത്തിപ്പിടിക്കുമാഘോഷപൂരം.
മങ്ങാതെ മായാ തിടവേളയേകാതെ
തിങ്ങി നിറയുന്നുത്സാഹ മേളം.
തൊട്ടു തലോടി ക്കൺനീരൊപ്പുമാർദ്രത
തിട്ടമിതാത്മാർത്ഥ സംഗമങ്ങൾ.
കുട്ടികളാർപ്പിൻ്റെ താളക്രമങ്ങളിൽ
കൂട്ടു കൂടാനെത്തുമാരവങ്ങൾ.
തിട്ടമില്ലൊന്നിനും ചുറ്റിക്കളികളായ്
അട്ടഹാസത്തിൻ പെരുമ്പറയായ്.
ഒത്തുചേർന്നുത്സ പ്പൂത്തിരിച്ചന്തങ്ങൾ
എത്തിപ്പിടിച്ചിടാൻ തുള്ളിയുളളം.
പൊട്ടിത്തെറിക്കുമുൽക്കണ്ഠ തൻ വായ്ത്താരി
തട്ടിത്തെറിക്കു മുൾക്കാഴ്ച്ച മുന്നിൽ.
കൊട്ടും കുരവ കേട്ടിഷ്ടപ്പെരുക്കമായ്
വട്ടമിട്ടോടുമാൾക്കൂട്ടമെങ്ങും.
മേളം കൊഴുക്കും ചിലമ്പൊച്ച കാതോർത്തും
താളത്തിലാമോദത്തേരിലേറാം!