“ഞാനൊരു ആയിരം ജീവിതം ജീവിച്ചു. നൂറു തവണ മരിച്ചു”

രശ്മി മുത്തേടത്ത്‌
നാരി ഗുൻജൻ (സ്ത്രീശബ്ദം) എന്ന പ്രസ്ഥാനം സ്ഥാപിച്ച്‌ ബീഹാറിലേയും ഉത്തർപ്രദേശിലേയും ദളിത്‌ ജനതയ്ക്ക്‌ വേണ്ടി സേവനം ചെയ്യുന്ന സുധാ വർഗ്ഗീസിനെക്കുറിച്ച്‌ 
സമൂഹത്തിൽ മാറ്റം വരുത്തണമെങ്കിൽ, അത്‌ വിദ്യാഭ്യാസത്തിൽ നിന്നും തുടങ്ങണം. പുതിയ തലമുറകൾക്കേ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അവരിൽ നന്മയും, സ്നേഹവും ഉള്ള ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കണം. 2006 ൽ  ‘പ്രേരണ’ എന്ന സ്കൂൾ തുടങ്ങുമ്പോൾ, വളരെ കുറഞ്ഞ കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. പലരും ക്ലാസ്സുകളിൽ വരാറുണ്ടായിരുന്നില്ല. അങ്ങനെ വന്നപ്പോൾ കുട്ടികൾക്ക്‌ അങ്ങോട്ട്‌ പൈസ കൊടുത്താണ്‌ അവർക്കു വിദ്യാഭ്യാസം നൽകിയിരുന്നത്‌. അവർ സമൂഹത്തിലേക്ക്‌ ഉയർന്നുവരണം എന്ന ഒരു ലക്ഷ്യത്തിലായിരുന്നു അത്‌.
ഇന്ന്‌ ഗവണ്‍മന്റ്‌ സഹായത്താൽ സ്കൂൾ വളരെ നല്ല രീതിയിൽ നടത്താൻ സാധിക്കുന്നു. ധാരാളം കുട്ടികൾ പഠിക്കുന്നു. കായിക മേഖലകളിൽ വരെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങി. നിരവധി ട്രോഫികളും കുട്ടികൾ നേടുന്നു.
സമൂഹത്തിൽ താഴെക്കിടയിൽ നിന്നുള്ളവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത്‌ അത്ര എളുപ്പമാവില്ലല്ലോ
The President, Dr. A.P.J. Abdul Kalam presenting the Padma Shri Award – 2006 to Sister Sudha Varghese, a courageous social activist, in New Delhi on March 20, 2006.
‘ഒന്നിച്ചു നിന്നാൽ നമുക്ക്‌ ചെയ്യാൻ സാധിക്കാത്തത്തായി ഒന്നുമില്ല.’
“ടയർ ലെസ്സ്‌ എഫർട്ട്‌; അതായത്‌, അശ്രാന്ത പരിശ്രമം”അന്ന്‌ അതിനർഹതപ്പെട്ട പേരായിരുന്നു; പ്രിയപ്പെട്ടവരെല്ലാം ദീദി എന്ന്‌ വിളിക്കുന്ന സിസ്റ്റർ സുധ വർഗ്ഗീസ്‌ പറയുന്നു: ” ജീവിതത്തിന്റെ നല്ല ചെറുപ്പത്തിൽ, പതിനാറാം വയസ്സിൽ സ്വന്തം താൽപര്യപ്രകാരം മാത്രം ബിഹാറിലേക്ക്‌ പുറപ്പെടുമ്പോൾ ഒരുപക്ഷെ, അവർ പോലും അറിഞ്ഞിരിക്കില്ല, ഇത്രയേറെ  കാര്യങ്ങൾ തനിക്കു ചെയ്തു തീർക്കാനുണ്ടെന്ന്‌. നന്മയുടെ, നേരിന്റെ, വഴികളിലൂടെ എത്രയോ ദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഇനിയുമെത്രയോ ദൂരം അവരെ കാത്തിരിക്കുന്നു.
കഴിഞ്ഞ 5 പതിറ്റാണ്ടുകൾ കഠിനയാതനകളുടേതായിരുന്നു.
കഠിനമായ യാത്രകൾ. സ്വയം സമർപ്പിത സേവനത്തിനു വേണ്ടി കഷ്ടപ്പെട്ട ദൂരങ്ങൾ. സ്വന്തമായൊരു ജീവിതം ഉണ്ടാക്കിയെടുക്കാൻ വേണ്ടിയായിരുന്നില്ല ഈ പരിശ്രമങ്ങളത്രയും. മറ്റുള്ളവരുടെ നന്മക്കും, സന്തോഷത്തിനും വേണ്ടിയുള്ളതായിരുന്നു. വലിയൊരു മനസ്സിന്‌ മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന കാര്യം.
ബിഹാറിലെ ദരിദ്രർക്കു വേണ്ടി, ദളിതർക്കു വേണ്ടിയാണ്‌ ഈ നടന്ന വഴികളത്രയും.
കഴിഞ്ഞ 50 വർഷത്തെ ബീഹാർ ജീവിതത്തിന്റെ ആദ്യ പകുതിക്കു മുമ്പുതന്നെ അവിടത്തെ ദാരിദ്ര്യത്തിന്റെ രൂക്ഷതയും, വിദ്യാഭ്യാസമില്ലായ്മയും മനസിലാക്കിയെടുക്കാൻ ഈ മനസ്സിന്‌ കഴിഞ്ഞു. അന്ന്‌ തൊട്ടിന്നു വരെ അവരുടെ ഉന്നമനത്തിനായി അവരുടെ കൂടെ തന്നെയുണ്ട്‌ അവരുടെ എല്ലാമെല്ലാമായ ദീദി.
കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനത്തെ സമൃദ്ധമായൊരു കുടുംബത്തിലായിരുന്നു 1949ൽ  സുധ വർഗ്ഗീസ്‌ ജനിച്ചതു. 1965 ആയപ്പോഴേക്കും ദൈവിക പാതയിൽ സ്വയം സമർപ്പിതയായി ബിഹാറിലേക്ക്‌ യാത്രയായി. തുടക്കത്തിൽ തന്നെ അവിടെ ഒരു കോൺവെന്റ്‌ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യാനായിരുന്നു നിയോഗം. അധ്യാപന ജോലിയിലൂടെ കുട്ടികളും അവരുടെ രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടി വന്നതിനാൽ അവരുടെ ഭാഷയും രീതികളും വളരെ വേഗത്തിൽ പഠിച്ചെടുക്കാൻ സാധിച്ചു. അതൊരു വലിയ തിരിച്ചറിവായിരുന്നു. തന്റെ മുന്നിലുള്ള കുട്ടികളെ പഠിപ്പിച്ചതിൽ നിന്നും എത്രയോ അധികം ആ കുട്ടികളുടെ കുടുംബങ്ങളിലെ  ജീവിത സാഹചര്യങ്ങളെ പറ്റി, അവരുടെ കഷ്ടതകളെ പറ്റി ആ അധ്യാപിക പഠിച്ചെടുത്തു. അതിലൂടെ തന്റെ വഴി അതല്ലെന്നു തിരിച്ചറിഞ്ഞ സുധ ആ ജോലി രാജി വെച്ചു. പിന്നെ താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക്‌ വേണ്ടി, 1986ൽ  അവിടത്തെ സാധാരണക്കാരിൽ സാധാരണക്കാർ ജീവിക്കുന്നതു പോലെ ഒരു കുടിലിലേക്ക്‌ താമസം മാറ്റി. പ്രധാന ഉദ്ദേശ്യം സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ജീവിതം കൂടുതൽ പഠിക്കാനും അവരുടെ ഉന്നമനത്തിനു വേണ്ടി കൂടുതൽ പരിശ്രമിക്കാനും തന്നെയായിരുന്നു.
1987 ലാണ്‌  ‘നാരി ഗുഞ്ചൻ’ എന്ന സംഘടനക്ക്‌  രൂപം നൽകുന്നതും അതിന്‌ വേണ്ടി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും. ഇന്ത്യയിൽ പലയിടങ്ങളിൽ സഞ്ചരിച്ചും, പല പല സംഘടനകളുമായി സഹകരിച്ചും  സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കിയുമാണ്‌ സിസ്റ്റർ സുധ പ്രവർത്തനമേഖലകൾ പലയിടങ്ങളിലേക്കും വ്യാപിപ്പിച്ചതു. നിരവധി അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചു  പ്രവർത്തിച്ചിട്ടുണ്ട്‌ അവർ. ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്‌.
സിസ്റ്ററിന്റെ വാക്കുകൾ കേൾക്കാം:
ഇവിടെ ജീവിച്ചപ്പോഴാണ്‌ ജാതിസമ്പ്രദായം എത്രത്തോളം അപകടകരമായിരുന്നു എന്ന്‌ ഞാൻ  മനസിലാക്കിയത്‌. ഒരു വ്യക്തി എന്ന നിലയിൽ എനിക്ക്‌ ഒരുപാട്‌ മാറ്റങ്ങൾ സംഭവിച്ചു. ഈ ശപിക്കപ്പെട്ട സമ്പ്രദായത്തിനെതിരെ നിലകൊള്ളാൻ തീരുമാനമെടുത്തതും അതുകൊണ്ടു മാത്രമാണ്‌. ജാതി വ്യവസ്ഥയുടെ ഇരകളായ ഒരുപാട്‌ പേരുമായി ആശയവിനിമയം നടത്തി. അതോടെ പലർക്കും ഞാനൊരു കരടായി. അവരിൽ  നിന്നും പതുക്കെയും ഉച്ചത്തിലുമായി ഭീഷണികൾ മുഴങ്ങിത്തുടങ്ങിയതോടെ  എനിക്ക്‌ പേടികളില്ലാതെയായി. ഈ കാലത്തിനിടയിൽ ആദ്യമാദ്യം ഒരുപാട്‌ രാത്രികളിലും  പകലുകളിലും ഞാൻ ഇന്ന്‌ തന്നെ മരണപ്പെടുമോ എന്ന ആശങ്ക എന്നെ വേട്ടയാടിയിരുന്നു. ആ പേടികാരണം, എന്റെ ധൻപുരിലെ സ്വന്തം വീട്ടിൽ നിന്ന്‌ മാറി ബെയ ​‍്ലിപുരിലെ ഒരു വാടകവീട്ടിൽ കുറച്ചു കാലം താമസിച്ചു.
പക്ഷെ, അവിടെയും ഈശ്വരന്റെ ഇടപെടൽ എന്നെ കൂടുതൽ പോസിറ്റീവ്‌ ആയി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
എന്റെ ജീവിതം തന്നത്‌ എന്റെ ദൈവമാണ്‌. അല്ലാതെ എന്നെ കൊല്ലാൻ വരുന്ന ഗുണ്ടകളല്ല. അതുകൊണ്ടു തന്നെ ഗുണ്ടകളെ പേടിച്ചു ജീവിക്കാനുമാവില്ല. ഈ തിരിച്ചറിവിൽ വീണ്ടും ധൻപുരിലേക്കു തന്നെ മടങ്ങിയെത്തി. ബിഹാറിലെ പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ അന്നൊക്കെ ഒരുപാട്‌ തളർത്തിയിരുന്നു.
കേരളത്തിലെ ദരിദ്രരെയും ബിഹാറിലെ ദരിദ്രരെയും താരതമ്യം ചെയ്താലോ? അങ്ങനെയൊരു താരതമ്യപഠനത്തിന്‌ വേണ്ടിയല്ല ഞാനിത്‌ പറയുന്നത്‌. എങ്കിലും കേരളത്തിൽ സ്വന്തമായി ഒരു ചെറിയ വീടെങ്കിലും ഉള്ളവരാണ്‌ ദരിദ്രർ. പക്ഷെ, ബിഹാറിലെ സ്ഥിതി അതായിരുന്നില്ല. അവർ പാദയോരങ്ങളിലാണ്‌ ഉറങ്ങിയിരുന്നത്‌. ഭിക്ഷയെടുത്താണ്‌ ജീവിച്ചിരുന്നത്‌. അതിനു പുറമേയാണ്‌  ശൈശവ വിവാഹവും ഡൊമെസ്റ്റിക്‌ വയലൻസും. ഞാൻ എത്തിപ്പെട്ടത്‌ ഇവിടെയാണ്‌, ഇതാണ്‌ ദൈവനിശ്ചയം.
ബിഹാറിലെ ‘മുസഹർ അഥവാ ദളിത്‌’ വംശജരെയാണ്‌ ഞാൻ ഉയർത്താൻ ശ്രമിച്ചതു.  അതിനെനിക്ക്‌ വളരെയേറെ പ്രചോദനമായത്‌ ഡോക്ടർ അംബേദ്‌ കറിന്റെ തൊട്ടുകൂടായ്മക്കെതിരെയുള്ള ഫൈറ്റ്‌ ആയിരുന്നു.
എന്റെ കാഴ്ചപ്പാടിൽ  ബിഹാറിലെ ദളിതിന്‌ അവരുടെ അവകാശങ്ങളെപ്പറ്റിയോ, ആനുകൂല്യങ്ങളെപ്പറ്റിയോ, ഒന്നുമറിയില്ലായിരുന്നു. ഇലക്ഷൻ സമയത്ത്‌  മദ്യം കൊടുത്തും ഭക്ഷണം കൊടുത്തും പൈസ കൊടുത്തും വോട്ടിനു വേണ്ടി ഉപയോഗിക്കും. അതുകഴിഞ്ഞാൽ  ആരും തിരിഞ്ഞു നോക്കാറില്ല. നാനാഭാഗത്തു നിന്നും ചൂഷണം ചെയ്യാൻ വിധിക്കപ്പെട്ടവരാണ്‌ ഇവിടത്തെ ദളിത്‌ വർഗ്ഗക്കാർ. രാഷ്ട്രീയക്കാരും ഗവണ്‍മന്റ്‌ സ്ഥാപനങ്ങളും ഇവരുടെ കാര്യത്തിൽ ഇടപെടാറുമില്ല.
ഇരുപത്തഞ്ചു വർഷമായി ബീഹാറിന്റെ വിവിധ ഭാഗങ്ങളിൽ സേവനത്തിലാണ്‌ ഞാൻ.
ഞാൻ ഭയം കാണിക്കാറില്ല. എന്നെ ഭീഷണിപ്പെടുത്തിയാലും പേടിപ്പിച്ചാലും ഞാൻ പേടിക്കാറില്ല, പക്ഷെ ഒരു മറുപടി കൊടുക്കും.  ഒരിക്കൽ എഴുപതോളം സ്ത്രീകളോട്‌ ഞാൻ ചോദിച്ചു, നിങ്ങളിൽ ഭർത്താവ്‌ അടിക്കാത്തവർ ആരുണ്ട്‌,?
ഒരാൾ പോലും ഇല്ല എന്ന്‌ പറഞ്ഞു കൈ പൊക്കിയില്ല.
സമൂഹത്തിൽ വളരെ താഴ്‌ന്ന സ്ഥാനമാണ്‌ ഈ സ്ത്രീകൾക്കുള്ളത്‌. ഇവർക്ക്‌ ഒരു വളർച്ചയുമില്ല.
ഉന്നത ജാതിക്കാരുടെ പീഡനവും അധികാരികളിൽ നിന്നുള്ള അവഗണനയും മാത്രം.
സാമൂഹ്യ നന്മക്കുപകരിക്കുന്ന മുന്നോക്ക പരിശ്രമങ്ങളിലൊന്നും  ഇവരെ കാണാറില്ല.
ഈ സ്ത്രീകൾ, അവരുടെ ബുദ്ധിമുട്ടുകൾ  ആരോടും പറയാറില്ല. ഞാൻ അവരോടു പറഞ്ഞു:
‘തുറന്നു പറയൂ. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ പറഞ്ഞില്ലെങ്കിൽ പിന്നാര്‌ പറയും?’
എന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടായില്ല. അവരാരും അത്‌ കേട്ടതും ഇല്ല.
ഒരുപക്ഷെ കാലങ്ങളായി അടിച്ചമർത്തലുകൾ അനുഭവിച്ചനുഭവിച്ച്‌ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹമായി അവർ മാറിക്കഴിഞ്ഞിരിക്കുന്നു.
സത്യം പറഞ്ഞാൽ അതെന്നെ വല്ലാതെ തളർത്തിയിരുന്നു, പലപ്പോഴും.
അവസാനം ചിലരൊക്കെ പ്രതികരിക്കാൻ തയ്യാറായി. ആ പ്രതികരണങ്ങൾക്ക്‌ ഞാൻ ചെവി കൊടുത്തു, അവരുടെ പ്രശ്നങ്ങൾ കേൾക്കാനും അതിനു വേണ്ടി എന്നാൽ കഴിയുന്നത്‌ ചെയ്യാനും.
ഇപ്പോഴെങ്കിലും അവർ ഇത്‌ മനസ്സിലാക്കിയില്ലെങ്കിൽ ഇനി വരുന്ന തലമുറയും ഇവരെ കണ്ടു തന്നെ പഠിക്കും. ഇതുപോലെ തന്നെ വളരും.
മാറ്റം എന്ന്‌ ഉണ്ടാകുമെന്ന്‌ ഉറപ്പില്ല.
അതിന്‌ വേണ്ടിയാണ്‌  ഇത്രയും കാലം ഇവർക്കൊപ്പം നിന്നത്‌. ഇനിയും ഇവരോടൊപ്പം തന്നെയാണ്‌.
അതാണ്‌ എന്റെ യാത്രാലക്ഷ്യവും.
ഇവർക്ക്‌ സമ്പത്തോ സ്വത്തുവകകളോ ഇല്ല.
സമൂഹത്തിൽ തൊട്ടുകൂടാത്തവരാണ്‌.
ഇവർക്ക്‌ രാഷ്ട്രീയത്തിൽ നേതാക്കളില്ല.
സ്വന്തമായി ഒരു ഐഡന്റിറ്റിയില്ല.
 സാക്ഷരത സ്ത്രീകളിൽ ഒരു ശതമാനം താഴെ മാത്രം ആണ്‌. പുരഷന്മാരിൽ 2 – 3 % വരെയാണ്‌ വായിക്കാനറിയുന്നവർ. ഇവർക്ക്‌  പ്രത്യേകിച്ച്‌ ജോലി ഇല്ല. പക്ഷെ എന്തെങ്കിലും ജോലി അന്വേഷിച്ചുകൊണ്ടിരിക്കും. ജീവിതം നിലനിർത്താൻ വേണ്ടി.
കൊടിയ ദാരിദ്ര്യത്തിൽ പലപ്പോഴും, എലികളെ പിടിക്കുകയും അത്‌ ഭക്ഷിക്കുകയുമാണ്‌ അവിടത്തെ സ്ത്രീകളും കുട്ടികളും ചെയ്യുന്നത്‌.  ഏറ്റവും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു സ്ത്രീകളാണ്‌. അവർക്കു വേണ്ടി 2000  ത്തിൽ ഒരു വിദ്യാഭ്യാസ പരിപാടി തുടങ്ങി. അവഗണനയിൽ നിന്നും അവരെ മുഖ്യധാരയിലേക്ക്‌ എത്തിക്കാൻ വേണ്ടി . ഈ കേന്ദ്രങ്ങളിൽ  പെൺകുട്ടികൾക്ക്‌ പല തരത്തിലുള്ള ട്രെയിനിങ്‌ കൊടുക്കുന്നു. ഇവിടെ പഠിച്ചതിനു ശേഷം ഇവരെ ഗവൺമന്റ്‌ സ്കൂളുകളിലൂടെ പത്താം തരം പാസ്സാക്കിയെടുക്കുന്നു.
പോഷകാഹാരം, ശുചിത്വം, ആരോഗ്യം, കമ്പ്യൂട്ടർ, നഴ്സിംഗ്‌ ശുശ്രൂഷാരംഗങ്ങളിൽ സ്ത്രീകളെ പുനരധിവസിപ്പിക്കാൻ നോക്കുകയാണ്‌.
 ഇതിലൂടെ കുറെ പെൺകുട്ടികൾ തൊഴിൽ കണ്ടെത്തുന്നു.
2 വർഷം കൊണ്ട്‌  പലയിടങ്ങളിലായി 50  സെന്ററുകൾ തുറന്നു. അതൊരു വളരെ വലിയ നേട്ടമാണ്‌.
ഇത്‌ കൂടാതെ ‘കിശോരി മഞ്ച്‌’ എന്ന പേരിലറിയപ്പെടുന്ന ഒരു പൊതു ചർച്ചാ വേദി രൂപീകരിച്ചു. ഇതിൽ പെൺകുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യും. അത്‌  ലൈംഗീക പീഡനമായാലും, ആരോഗ്യപരമായ പ്രശ്നങ്ങളായാലും, ജീവിതപ്രശ്നങ്ങളായാലും. എന്തും അവിടെ ചർച്ച ചെയ്യാനും, പരിഹാരങ്ങൾ കണ്ടെത്താനും സാധിക്കും.
ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക്‌ ‘വികാസ്‌ മിതൃ’ എന്ന തസ്തികയിൽ സർക്കാർ അവസരങ്ങൾ കൊടുക്കുന്നുണ്ട്‌. ഇവർ അവരുടെ സ്വന്തം ഗ്രാമവാസികൾക്ക്‌ പല ഗവൺമന്റ്‌ പദ്ധതികളുടെ വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നു. അതുപോലെ തന്നെ ആരോഗ്യസംബന്ധമായ കാര്യങ്ങൾക്ക്‌  വഴി കാണിച്ചു കൊടുക്കുന്നുമുണ്ട്‌.
ഇങ്ങനെ ജോലി ചെയ്യുന്ന കുട്ടികൾക്ക്‌ 2000 മുതൽ 3000  രൂപ വരെ ശമ്പളം കിട്ടാറുണ്ട്‌.
ഇന്നും ശൈശവ വിവാഹം ഒരു വലിയ പ്രശ്നമാണ്‌. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം പലർക്കും കിട്ടാക്കനിയാണ്‌.
പെൺകുട്ടികൾക്ക്‌ 12  വയസ്സ്‌ വരെയൊക്കെയേ വിദ്യാഭ്യാസം കിട്ടാറുള്ളൂ.
മുസഹർ സമൂഹത്തിലെ സ്ത്രീകൾ അവരവരുടെ വീടുകളിൽ മദ്യം ഉണ്ടാക്കുകയും അത്‌ വിൽക്കുകയും ചെയ്യും. അവിടെ ഉയർന്ന ജാതിക്കാരും, താഴ്‌ന്ന ജാതിക്കാരും, അങ്ങനെ പലരും വരികയും പോവുകയും ചെയ്യും. ഇവർ തൊട്ടു കൂടാത്തവരാണെങ്കിലും മദ്യം കഴിക്കാൻ വരുന്നവർ ഇവരെ പീഡിപ്പിക്കാറുണ്ട്‌.
വരുന്ന കസ്റ്റമറെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഇവർ ആരോടും ഒന്നും പറയാറില്ല. ഞങ്ങളുമായുള്ള പരിചയം കൂടി വന്നപ്പോഴാണ്‌ പലപ്പോഴായി അവർ ഇത്‌ തുറന്നു പറയാനുള്ള മനസ്സ്‌ കാണിച്ചതു.
സ്ത്രീകൾക്കെതിരെയുള്ള ചൂഷണത്തിനും പീഡനത്തിനുമെതിരെ അതിന്‌ വേണ്ടി ഒരുപാട്‌ പൊരുതേണ്ടി വന്നിട്ടുണ്ടെനിക്ക്‌.
ഒരിക്കൽ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ടു ഞാൻ പോലീസ്‌ സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയപ്പോൾ മൂന്നു മണിക്കൂറ്‌ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല. ഒടുവിൽ ആ പോലീസ്‌ മേധാവി എന്നെ അകത്തേക്ക്‌ വിളിച്ചു ഇങ്ങനെ ചോദിച്ചു:
“നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇത്രയും വൃത്തികെട്ട വസ്ത്രമണിഞ്ഞ ഇവരെ ആരെങ്കിലും റേപ്പ്‌ ചെയ്യുമെന്ന്‌”?
അന്ന്‌ ഞാൻ പറഞ്ഞു: ഞാൻ ഒരു അഡ്വക്കേറ്റ്‌ ആണ്‌. നിങ്ങൾക്ക്‌ കേസ്‌ എടുക്കാൻ പറ്റുമെങ്കിൽ എടുക്കുക. അല്ലെങ്കിൽ മറ്റു പല വഴികളും ഞാൻ നോക്കും.
പിന്നെ, പെണ്ണുങ്ങളുടെ വേഷം നോക്കിയാണ്‌ പീഡിപ്പിക്കുന്നതെങ്കിൽ ഇവിടെ നടക്കുന്ന പീഡനങ്ങളുടെ എണ്ണം എത്രയോ കുറഞ്ഞേനേ.അത്രയും സംസാരിച്ചശേഷമാണ്‌ കേസ്‌ രജിസ്റ്റർ ചെയ്തത്‌.
അത്രപോലും നീതി കിട്ടുന്നില്ല ഇവിടെയുള്ള സ്ത്രീകൾക്ക്‌.
1985 ൽ ഇവരുടെ ശമ്പളം വെറും അഞ്ച്‌ രൂപയായിരുന്നു.
ഇപ്പോൾ വളരെയേറെ മാറി. ഒരു മനുഷ്യനായി ജീവിക്കാനുള്ള അവരുടെ അവകാശങ്ങളെകുറിച്ച്‌  മനസിലാക്കിയതോടെ പീഡനങ്ങൾക്കെതിരെ സംസാരിക്കാൻ പലരും മുന്നോട്ടു വന്നു തുടങ്ങി. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക്‌ വേണ്ടിയും അവരിപ്പോൾ മുന്നിട്ടിറങ്ങുന്നുണ്ട്‌.
21 വർഷം കൊണ്ട്‌ ചെറുതും വലുതുമായ ഒരുപാട്‌ മാറ്റങ്ങൾ ഈ സമൂഹത്തിൽ വരുന്നത്‌ കാണാൻ സാധിച്ചു. ഇപ്പോൾ കുട്ടികളെ സ്കൂളിൽ വിടുന്നത്‌  സാധാരണമായി. പ്രശ്നങ്ങളുണ്ടെങ്കിൽ അതെങ്ങനെ പരിഹരിക്കാം എന്നവർ അന്വേഷിക്കാൻ തുടങ്ങി. അതിനു വേണ്ട സഹായങ്ങൾ തേടാൻ തുടങ്ങി.
ധാരാളം അംഗൻവാടികളും ഇപ്പോഴിവിടെ പ്രവർത്തിക്കുന്നുണ്ട്‌. പലരും സേവക്‌ മിതൃ ആയി ജോലി ചെയ്യുന്നുണ്ട്‌.
പല ആനുകൂല്യങ്ങളും ഇപ്പോൾ ഗവണ്‍മന്റിന്റെ ഭാഗത്തും നിന്നും ഉണ്ടാവുന്നു.ഭൂമി നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്‌.
2006 ൽ പദ്മശ്രീ അവാർഡ്‌ നൽകി സർക്കാർ അവരെ ആദരിച്ചു.

You can share this post!