അസ്ഥിരോഗ വിദഗ്ധന്റെ കൺസൾട്ടിംഗ് ർറൂമിനു പുറത്തുള്ള തിരക്കും നോക്കി ചെറുപ്പക്കാരനായ മെഡിക്കൽ റെപ്രസന്റേറ്റീവ് അക്ഷമനായി ഇരിക്കുമ്പോഴാണ് ഗേറ്റ് പതുക്കെ തുറന്ന് മദ്ധ്യവയസ്കനായ ഒരാളും അയാളുടെ ഭാര്യയെന്നു തോന്നിക്കുന്ന സ്ത്രീയും അവളുടെ കൈയിൽ തൂങ്ങി കൂനിപ്പിടഞ്ഞ് വേദനിക്കുന്ന മുഖവുമായി പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന വൃദ്ധയും പ്രവേശിച്ചതു. ഇന്നിതു നേരം വെളുത്തതു തന്നെ. അവളുടെ മനസ്സു കിണുങ്ങി. ഈ നാനാവിധ അസ്ഥരോഗികളുടെ പലേവിധ ഘോഷയാത്രകൾ എപ്പോഴാണൊന്നു അവസാനിച്ചു കിട്ടുക. ഇടയ്ക്കു തുറന്നടയുവാൻ പോയ വാതിലിലൂടെ ബദ്ധപ്പെട്ട് തലകടത്തി ‘എക്സ്ക്യൂസ് മീ’ എന്നാഞ്ഞു പുഞ്ചിരിച്ച തന്നോട് ഒരു പഴയ ത്രിഡി സിനിമയിലെ കുട്ടിച്ചാത്തൻ വേഷക്കാരനായ പയ്യന്റെ കൂട്ട് വിസ്തൃതമായ വക്ത്രം പിളർന്ന് ഡോക്ടർ ‘വെയ്റ്റ്’ എന്നുമാത്രം പറഞ്ഞു. എത്രനേരം വെയ്റ്റ് ചെയ്യണമെന്ന് തൊട്ടടുത്തുള്ള കല്ലമ്മൻ കോവിലിലെ ദൈവത്തിനുപോലും അറിയില്ലെന്നു തോന്നി.
ക്ഷേത്രഗോപുരത്തിനുപരി നിവർത്തിയ കത്തിയുമായി നിൽക്കുന്ന ഒരസുരന്റെ ഉഗ്രരൂപവും താനിപ്പോൾ ഈ നഗരസഭയിലെ ജനങ്ങളെ മൊത്തം വടിച്ചുകളയുമെന്ന ധൃഷ്ടഭാവവും അയാളിപ്പോൾ മറന്നതേയുള്ളു.
മെഡിക്കൽ കോളേജിലെ ചെറുപ്പക്കാരനായ ഈ അസ്ഥിരോഗ വിദഗ്ധൻ നൂറുരൂപയാണ് കൺസൾട്ടേഷൻ ഫീസായി വാങ്ങുന്നതെന്ന് ഒരാൾ പറയുന്നതുകേട്ടു. ഓരോ രോഗിയും യഥാസമയം അപ്പോയ്ന്റ്മന്റ് എടുക്കണം. ഫോണിൽ വിളിക്കുന്നവർക്ക് സമയം അലോട്ടു ചെയ്തുകൊടുക്കുന്നത് തൊഴിൽരഹിതയായ ഡോക്ടറുടെ ഭാര്യയാണ്. താനിരിക്കുന്ന ചൂരൽകൊണ്ട് കമനീയമാക്കിയ കസേരയ്ക്കു സമാന്തരമായി അകത്തേയ്ക്കു തുറക്കുന്ന കനത്ത കതകിന്റെ പിറകിൽ ഡോക്ടറുടെ ഭാര്യ കരയുന്ന കൊച്ചുമകനെ ട്യൂഷനെടുക്കുന്നതിനിടയിൽ പലേ വിധത്തിൽ ശകാരിക്കുന്നതുകേട്ട് എങ്ങോട്ടെങ്കിലും ഓടിക്കളഞ്ഞാലോയെന്നു കരുത്തിയപ്പോഴാണ് മദ്ധ്യവയസ്കനും ഭാര്യയും വൃദ്ധയുമായുള്ള രംഗപ്രവേശം. സ്ത്രീയുടെ അമ്മയാകണം കമിഴ്ന്നു വീഴാനായുന്ന വൃദ്ധ.
തണുത്തതെന്തെങ്കിലും കഴിച്ചിട്ടു വരാമെന്നു കരുതി കസേരയ്ക്കു താഴെ അറുത്തുവച്ച മറ്റൊരു തലപോലെ ഇരുന്ന ഹെൽമെറ്റും എടുത്തു അയാൾ നടന്നു. താൻ ഇനിയും അവിടെ ഇരുന്നാൽ ഡോക്ടറുടെ ശാഠ്യക്കാരിയായ കാര്യസ്ഥ കൊച്ചു കുട്ടിയെ ഉടനെതന്നെ ഡോക്ടറോ എഞ്ചിനീയറോ ആക്കിക്കളയാൻ ഇടയുണ്ട്. അയാൾ തന്റെ വഴി തിരക്കിനിടയിൽ കണ്ടെത്തുമ്പോൾ മദ്ധ്യവയസ്കൻ വൃദ്ധയെ സ്വസ്ഥമായ ഒരിടത്ത് ഇരുത്തുവാൻ നോക്കുകയായിരുന്നു. അയാൾ വന്ന അംബാസിഡർ കാറാകാം റോഡിനോരത്തു വിശ്രമിക്കുന്നത്. അയാളെപ്പോലെ തന്നെ നരച്ച ഒരു ഡ്രൈവർ സാരഥി ഒരു കൽപ്രതിമ പോലെ കാറിൽ ഉപവിഷ്ടനായിരിക്കുന്നു.
ഇവിടെ വൺവേയാണെന്നിങ്ങനെ അയാളുടെ മനസ്സു വിങ്ങി. സമയം നീണ്ടുനിവർന്ന് വാഹനങ്ങളിൽ നിന്നുയരുന്ന പൊടിയിലും പുകമഞ്ഞിലും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതിനാൽ ശീതളപാനീയം വിൽക്കുന്ന കടകൾ തെരയാൻ തിടുക്കം കാട്ടേണ്ടതില്ല. അയാൾ ബൈക്കിൽ കീ അമർത്താൻ ശ്രമിച്ചു വിവിധ പോക്കറ്റുകളിൽ പരതിയപ്പോൾ ആയതു മിസ്സായതായി കണ്ട് ആശ്ചര്യപ്പെട്ട് താനിരുന്ന സീറ്റിൽതന്നെ അതുണ്ടാവണം എന്നു കരുതി കൂടണയാൻ കാത്തുനിന്ന് തലചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു പിടക്കോഴിയെപ്പോലെ വീണ്ടും കൺസൾട്ടേഷൻ സെന്റർ ലാക്കാക്കി നടന്നു.
ഈ കൺസൾട്ടേഷൻ സെന്ററിനൊരു കുഴപ്പമുണ്ട്. താൻ ഇരുന്ന സിറ്റൗട്ടിന് എതിർവശത്ത് വലതുഭാഗത്തുള്ള സ്റ്റെപ്പുകൾ കയറിവേണം രോഗികൾ ഡോക്ടറുടെ മുന്നിലെത്താൻ. മദ്ധ്യവയസ്കൻ കൊണ്ടുവന്ന രോഗിയുടെ നട്ടെല്ലിനു ക്ഷതം ഏറ്റിട്ടുണ്ടെന്നു തോന്നി. ആ വൃദ്ധ എങ്ങനെയാണാവോ പതിനെട്ടാം പടികയറി തിരുസന്നിധിയിൽ എത്തിച്ചേരുന്നത്? സിറ്റൗട്ടിൽ നിന്നും വലിച്ചെടുത്ത് മുറ്റത്തെ അലുമിനിയം ഷീറ്റിനടിയിൽ നിക്ഷേപിച്ച കസേരയിൽ വൃദ്ധയെ ഇരുത്തിക്കഴിഞ്ഞിരുന്നു. അവർക്കരികിൽ പുറത്തേക്കു കുതിക്കാൻ തയ്യാറെടുക്കുന്ന ഡോക്ടറുടെ കാറുകൾ കിടന്നിരുന്നു. മദ്ധ്യവയസ്കൻ ഇപ്പോൾ താനിരിക്കുന്ന കസേരയിലാണ്. ഓ, തന്റെ ഊഹം എത്ര ശരി! അയാൾ കൂടെവന്ന സ്ത്രീയെ തന്റെ അടുത്തിരിക്കുവാൻ മൗനമന്ദഹാസത്തിൽ ക്ഷണിക്കുന്നു. അയാൾ സ്വന്തം ഭാര്യയെ ക്ഷണിക്കുമ്പോഴും പുറത്തെ സന്ധ്യയിലെ ഒരേങ്കോണിപ്പിൽ നിന്ന ചുരിദാർ ധരിച്ച സുന്ദരിയെ നോക്കുന്നുണ്ടായിരുന്നു. അവളാകട്ടെ ചിരപുരാതനമായ പരിചയത്താലെന്നവിധം തിരിച്ചും കടാക്ഷിക്കുന്നുണ്ട്. മറ്റൊരേങ്കോണിപ്പിൽ നിന്നിരുന്ന അവളുടെ ഭർത്താവാകാൻ യോഗ്യതയുള്ള ഒരു യുവാവ് തെല്ല് ഔത്സുക്യത്തോടെ ഈ രംഗം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
മെഡിക്കൽ റെപ്രേസ്റ്റേറ്റീവ് കറുത്തു തടിച്ച ഒരു ദേഹമായിരുന്നു. അയാൾ മദ്ധ്യവയസ്കന്റെ കാൽക്കീഴിൽ പരതിനോക്കിയ താമസം; മദ്ധ്യവയസ്കൻ മുന്തിരിക്കുലയിൽ തൂങ്ങിയാടുന്ന ചെറിയ താക്കാേ#ാൽ അയാളുടെ നേരെ നീട്ടിക്കഴിഞ്ഞിരുന്നു.
“താങ്ക്സ്, എവിടിക്കിടന്നു?”
“സീറ്റിൽ”
അയാളുടെ പല്ലുകൾ തേഞ്ഞതും മുഖം വിളറിയതും ആയിരുന്നു. അയാൾ പഴകിയ മുണ്ടും സുമാർ പത്ത് വർഷം പഴക്കം തോന്നിക്കുന്ന ഒരു ഷർട്ടും ധരിച്ചിരുന്നു. ഷർട്ട് നല്ലവണ്ണം നരച്ചിട്ടുണ്ടെന്നു തോന്നി. റിട്ടയർ ചെയ്ത ഒരുദ്യോഗസ്ഥനാവാൻ തരമില്ല. ങേഹേ! ഒരു ഗൾഫുകാരനുമല്ല. അങ്ങനെയെങ്കിൽ അയാൾ ചെറിയൊരു സെന്റുമണമെങ്കിലും പൊഴിച്ചിരുന്നേനെ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളാവാനും വയ്യ. അയാളുടെ വിരലുകൾ പെൺകുട്ടികളുടേതുപോലെ ലോലവും നീണ്ടതുമായിരുന്നു. പിന്നെ ആരാകാം ഇയാൾ?
ബൈക്ക് സ്റ്റാർട്ട് ചെയ്ത് വൺവേയിലൂടെ ഇഴയുമ്പോൾ അയാൾ ആരായാൽ തനിക്കെന്തായെന്ന ഒരു നിന്ദാഭാവം റപ്പിനെ പിടികൂടി. ഒരു സുന്ദരിയായ പെൺകുട്ടി ഭർത്തൃസവിധെ ആ മനുഷ്യനെ കൗതുകപൂർവ്വം നീണ്ട നോട്ടങ്ങൾ കൊണ്ട് എതിരേറ്റപ്പൾ തന്റെ മനസ്സുനൊന്തു. ജലസ്! താൻ ദിവസേന എത്രയെത്ര കുഞ്ഞരിപ്രാവുകളുമായി സല്ലപിക്കുന്നു. എന്നിട്ടും ഒരു പഴഞ്ചൻ മനുഷ്യനോട് അസൂയ! ചിലപ്പോൾ ഈ മനുഷ്യൻ തന്നെപ്പോലെ പണ്ടേതോ പാരലൽ കോളേജിൽ വാദ്ധ്യാർ പണി നോക്കിയിട്ടുണ്ടാകണം. യുവതി അന്നവിടെ അയാളുടെ സ്റ്റുഡന്റ് ആയി വന്നിരിക്കണം. കാലാന്തരത്തിൽ പുള്ളി അതു മറന്നിട്ടുണ്ടാകാം. സ്ത്രീകൾക്ക് ഇക്കാര്യത്തിൽ നല്ല മെമ്മറിയാണല്ലോ. ഒരിക്കൽ കണ്ടാൽ മതി. പ്രകൃതി നൽകിയ വരദാനത്താൽ അവൾ തന്റെ ഉറ്റവരെയും ഉടയവരെയും ക്ഷണത്തിൽ തിരിച്ചറിഞ്ഞുകളയും. പട്ടി മണത്തറിയും പോലെയാണ് സ്ത്രീ ദർശനമാത്രയിൽ പണ്ടു കണ്ടുമറന്ന ഒരാളെ തിരിച്ചറിയുന്നത്. ഭർത്താവ് വാക്കല്ലാതെ നിൽക്കുന്നതുകൊണ്ടാകാം ഈ പച്ചപരിഷ്കാരി സൂര്യനയനങ്ങൾപോലെ നീണ്ട നോട്ടങ്ങൾ കൊണ്ടു തൃപ്തിയടയുന്നത്.
അയാൾ കോടതി നടയോളം ബൈക്കോടിച്ചു ചെന്നു. ആളൊഴിഞ്ഞ റെസ്റ്റോറന്റിൽ ചാരപ്പണിയിലേർപ്പെട്ടുകൊണ്ടിരു ന്ന നിരീക്ഷണ കാമറയ്ക്കു മുൻപിൽ ഒരു കുറ്റവാളിയെപ്പോലെ ഇരുന്ന് അയാൾ സ്ട്രായിട്ട് പാനീയത്തെ വലിച്ചെടുത്തു. പെട്ടെന്നയാൾ കാഫ്കയുടെ മെറ്റമോർഫോസിസ് എന്ന കഥ ഉൾക്കിടിലത്തോടെ വായിച്ചതോർത്തു. ഇന്നൊന്നുമല്ല. വളരെ വർഷങ്ങൾക്കുമുമ്പ്. താൻ പാറ്റയെ വെറുക്കാനും ഭയക്കാനും തുടങ്ങിയത് ആ കഥ വായിച്ചതിനുശേഷമല്ല. അമ്മ ചെറുതിലെ മുതൽ പാറ്റയുടെ പേരു പറഞ്ഞു തന്നെ ഭയപ്പെടുത്തിയിരുന്നു. തണുത്ത സന്ധ്യയോ പാനീയത്തിന്റെ കുളിർമയോ പാറ്റയുടെ ഭീതിദമായ സ്മരണയോ എന്തുകൊണ്ടാണെന്നറിയില്ല അയാൾ അടിമുടി ഞെട്ടിവിറച്ചുപോയി. താനിപ്പോൾ നിരീക്ഷിക്കപ്പെടുകയാണ്. അദൃശ്യനായ പാറ്റയെ തിരയാനുള്ള അന്തർപ്രേരണയെ നിയന്ത്രിക്കുമ്പോൾ അയാളുടെ മനസ്സിൽ ഇടിവാൾ വീശി. ശരിയാണ്! താൻ കുറച്ചുമുന്നേ കണ്ട മദ്ധ്യവയസ്കന്റെ മുഖത്തെ ക്ഷീണഭാവം കാഫ്കയുടെ കഥയിലെ ചെറുപ്പക്കാരനായ ഗ്രിഗർ സാംസയ്ക്കു ചേർന്നതു തന്നെയാണ്. പക്ഷേ അയാൾ തന്നെപ്പോലെ ഏതെങ്കിലും കമ്പനിയുടെ ഏജന്റായിരുന്നുവേന്ന് എങ്ങനെ ഉറപ്പിക്കാം.
പിന്നീടയാൾ ട്രഷറി തള്ളി നഗരസഭാ മന്ദിരം കടന്ന് ട്രാഫിക് പോലീസിന്റെ ഔദാര്യത്തിനായി കാത്തുകിടന്നു.
ഈ ഡോക്ടർക്ക് പണത്തോട് അമിതത്താത്പര്യം ഇല്ലെന്നുണ്ടോ? അല്ലെങ്കിൽ ചെന്ന ഉടനെ അദ്ദേഹം തന്നെ അകത്തിരിക്കുവാൻ ക്ഷണിക്കുമായിരുന്നല്ലോ. താൻ അടിച്ചേൽപ്പിക്കുന്ന മരുന്നുകൾ രോഗിയുടെ തലയിൽ കെട്ടിവച്ച് മരുന്നു കമ്പനിയുടെ വമ്പൻ ഓഫറുകൾക്ക് തലവയ്ക്കാൻ അദ്ദേഹം ശ്രമിക്കാത്തതെന്ത്? പണത്തിനു വേണ്ടിയല്ലെങ്കിൽ പിന്നെന്തിനാണ് മുപ്പതു കിലോമീറ്റർ ദൂരം ഒച്ചിഴയുമ്പോളുള്ള ട്രാഫിക്കിൽ കുരുങ്ങി ഈ മാന്യദേഹം എന്നും കൃത്യമായി ഇവിടെ വന്നു ചേരുന്നത്? നട്ടെല്ലിന് ക്ഷതമേൽക്കുന്നവർക്കു ബെൽട്ട് തുന്നുന്ന ടെക്നീഷ്യനുമായി അദ്ദേഹത്തിന് ഒരു അലയൻസ് ഉണ്ടെന്ന് ഇത്തിരിമുന്നേ മണത്തറിഞ്ഞതാണ്. കുത്സിത മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുമ്പോഴും മനുഷ്യൻ മാന്യത കൈവിടുന്നില്ല!
സിഗ്നൽ തെളിഞ്ഞപ്പോൾ അയാളുടെ വണ്ട് പാറ്റയെപ്പോലെ റോഡിലൂടെ തെന്നി നീങ്ങി. കാഫ്കയുടെ ഗ്രിഗർ സാംസയെ പരിചയപ്പെടുന്ന സമയത്ത് താനൊരു മെഡിക്കൽ റെപ്പ് ആയിട്ടില്ല. കമ്പനി കനിഞ്ഞു നൽകിയ മെഡിക്കൽ റെപ്രേസ്റ്റേറ്റീവിന്റെ എക്സിക്യൂട്ടീവ് ബാഗിന് പാറ്റയുടെ പിറകിന്റെ നിറമാണല്ലോ എന്ന ചിന്ത തന്നിൽ കുറേക്കാലം ഒരു വല്ലായ്മ സൃഷ്ടിച്ചിരുന്നു. നടുവൊടിക്കുന്ന ജോലിക്കും കുടുംബപ്രാരബ്ധങ്ങൾക്കും ഇടയിൽ ഒരുപക്ഷേ താനും ഒരിക്കൽ കൂറയായി പരിണമിച്ചേക്കാം എന്ന് ആശങ്കപ്പെട്ടിരുന്നു.
തിരിച്ചെത്തിയപ്പോൾ റോഡിനോരത്തു നിന്നും നരച്ച ഡ്രൈവറുടെ കൂർക്കംവലി കേട്ടു. ഭാഗ്യവാൻ. ഈ ശബ്ദായമാനമായ അന്തരീക്ഷത്തിലും അയാൾക്കു ഗാഢനിദ്രയിൽ മുഴുകുവാൻ കഴിയുന്നുണ്ടല്ലോ. കൺസൾട്ടേഷൻ സെന്ററിൽ തരിക്കിന് തെല്ലും ശമനം കാണുന്നില്ല. ഒരു സ്ത്രീയെ രണ്ടുപേർ താങ്ങി സ്റ്റെപ്പിറങ്ങിവരുന്നുണ്ടായിരു ന്നു. ഈ ആളുകൾക്കെല്ലാം ഇത്രയ്ക്കു ഗുരുതരമായ അസ്ഥിരോഗം വരാനെന്താണ് കാര്യം? കാൽഷ്യത്തിന്റെ കുറവു തന്നെയാണെന്നു നിസംശയമായി പറയാമോ? ഇങ്ങനെ രണ്ടും മൂന്നും പേർ താങ്ങാനുണ്ടെങ്കിൽ ആർക്കും അസ്ഥിരോഗം വരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തന്റെ ഊഹം എത്ര ശരിയായിരിക്കുന്നു! കാഫ്കയുടെ കഥാനായകനുമായി സുന്ദരിയായ യുവതി മധുര സംഭാഷണം നടത്തുകയാണ്. അയാൾ താൻ ഇത്തിരി മുമ്പിരുന്ന അതേ കസേരയിൽ അരക്കിട്ടുറപ്പിച്ചപോലെ അമർന്നിരിക്കുകയാണ്. സുന്ദരിയാകട്ടെ ഭർത്താവിന്റെ കണ്ണിൽ മണ്ണിട്ട് ഭിത്തിചാരിയാണ് നിൽക്കുന്നത്. ഗ്രിഗർ സാംസ പറയുന്ന കാര്യങ്ങൾ അയാളുടെ ഭാര്യ തെല്ല് വിശ്വാസം വരാത്തമട്ടിൽ കേട്ടുകൊണ്ടിരിക്കുന്നു.
കാഫ്കയുടെ കഥാനായകന് പ്രതിപക്ഷ ബഹുമാനമുണ്ട്, സംഭാഷണം വേഗം അവസാനിപ്പിച്ച് അയാൾ തനിക്കു സീറ്റൊഴിഞ്ഞു തന്നു. താൻ ഉപവിഷ്ടനായപ്പോൾ അയാളുടെ ഭാര്യ സ്പ്രിംഗ് ആക്ഷൻ പോലെ തൊട്ടടുത്ത സീറ്റിൽനിന്നും എണീറ്റു. വൃദ്ധ താഴെ മുറ്റത്തിരുന്നു തനിക്കന്യമെന്നു കരുത്തിയ ഒരു കൈ നെറ്റിയിൽ പായിച്ചുകൊണ്ട് ചെറുതായി ഞരങ്ങി. യുവസുന്ദരി കോഴിക്കുഞ്ഞിനെപ്പോലെ അവളുടെ ഭർത്താവിന്റെ ചിറകിനു കീഴിലൊതുങ്ങി.
മെഡിക്കൽ റെപ്രേസ്റ്റേറ്റീവ് മദ്ധ്യവസ്കനെ തന്റെ അടുത്തിരിക്കുവാൻ ക്ഷണിച്ചു. ക്ഷണത്തിനു പുഞ്ചിരികൊണ്ട് ഉപഹാരം പറഞ്ഞ് അയാൾ അടുത്തിരുന്നു.
“ചേട്ടൻ എന്തെടുക്കുന്നു?”
അയാൾ ചെറുതായി പരുങ്ങി ഒച്ചതാഴ്ത്തി പറഞ്ഞു.
“ഞാനൊരു പഴയ എഴുത്തുകാരനാണ്”
“മറ്റൊന്നും വിചാരിക്കരുതു കേട്ടോ, താങ്കൾ കാഫ്കയുടെ കൃതികൾ വായിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് ഒരു മനുഷ്യൻ പാറ്റയാകുന്ന കഥ?”
അയാൾ വിശേഷാൽ ചിരിച്ചു. അൽപമാത്രമായി കത്രിച്ചു നിർത്തിയിരുന്നു താടിയിൽ ഉഴിഞ്ഞു.
“മലയാളത്തിൽ വന്നിടത്തോളം കാഫ്കയെ ഞാൻ അറിഞ്ഞിട്ടുണ്ട്. നിങ്ങൾ ഒരു മെഡിക്കൽ റെപ്രേസ്റ്റേറ്റീവ് ആണല്ലോ. ഞാൻ അദ്ദേഹത്തിന്റെ മെറ്റമോർഫോസിസ് ഓർത്തുപോയി. നിങ്ങളെ മാത്രമല്ല. അങ്ങനെ കാണുന്ന ഓരോ റെപ്പും ഗ്രിഗർ സാംസ തന്നെയാണോ എന്ന സ്മരണ ഉണർത്തും. മഹത്തായ ഒരു കഥ അങ്ങനെയാണ്. അതു നമ്മെ എപ്പോഴും ഭ്രമിപ്പിച്ചുകൊണ്ടിരിക്കും.”
ഗ്രിഗർ സാംസയെന്ന് ശങ്കിക്കപ്പെട്ട മനുഷ്യൻ തന്നെയിപ്പോൾ വലിയ ഒരു പാറ്റയെ എന്ന വിധം നിരീക്ഷിക്കുകയാണ്. വീണ്ടും പഴയ ഉൾക്കുളിർ. താനിപ്പോൾ ഞെട്ടിവിറച്ചുപോകുമെന്നു ഭയന്നു. ഒരുവേള തറയിൽ മലർന്നുവീണ് കൈകാലുകൾ ഇളക്കിയാലും മതി.
“എന്തേ, നിങ്ങളിപ്പോൾ കാഫ്കയുടെ കഥകളെക്കുറിച്ച് ചോദിക്കുവാൻ?”
പ്രതിക്കൂട്ടിലാകുമോയെന്നു ഭയന്നെങ്കിലും വിറയൽ മറച്ച് റെപ്പ് ഒരുവിധം പറഞ്ഞൊപ്പിച്ചു.
“ഓ, ഒന്നുമില്ല. താങ്കൾ ഒരെഴുത്തുകാരനാണെന്നു പറഞ്ഞുവല്ലോ”
വൃദ്ധയുടെ ഊഴം വന്നപ്പോൾ അവരെ സ്റ്റെപ്പു കയറ്റിവിടാൻ ഭാര്യക്കൊപ്പം എഴുത്തുകാരനും കൂടി ഇതിനോടകം സുന്ദരിയും അവളുടെ ഭർത്താവും അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു.
രാവേറെ ചെന്നിട്ടും ഡോക്ടർ അയാളെ വിളിച്ചില്ല. അടിച്ചുവാരി പുറത്തിട്ട ഒരു കൂറയെപോലെ അയാൾ തന്റെ സീറ്റിൽ വളരെ നേരം കിടന്നു. ഒടുവിൽ അയാൾ വാച്ചുനോക്കി. രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. പൂരപ്പറമ്പിൽ എന്നപോലെ രോഗികൾ തള്ളിക്കയറി വരികയാണ്. ഇണചേരുന്നതിനുമുമ്പ് ഉന്മാദത്താൽ ത്രസിച്ചു പറക്കുന്ന ഒരുകൂട്ടം പാറ്റകൾ തന്റെ മേലെ പറന്നിറങ്ങി ഉള്ളകങ്ങളിലേയ്ക്ക് അരിച്ചിറങ്ങുകയാണെന്ന് അയാൾക്കു തോന്നി. ശക്തമായ മറ്റൊരു വിറയൽ അയാളെ ഉഴുതുമറിക്കുവാൻ തുടങ്ങി.
താക്കോലും ഹെൽമറ്റും കൈയിലെടുത്ത് ബൈക്ക് സ്റ്റാർട്ടാക്കി മെഡിക്കൽ റെപ്രേസ്റ്റേറ്റീവ് എങ്ങോട്ടെന്നില്ലാതെ പറന്നുപോയി.