‘ഖലിൽ ജിബ്രാൻ ‘എം.കെ. ഹരികുമാർ പ്രകാശനം ചെയ്തു

എം.കെ. ഹരികുമാർ പ്രകാശനം ചെയ്യുന്നു

കൂത്താട്ടുകുളം: ലബനീസ് അമേരിക്കൻ കവിയും എഴുത്തുകാരനും തത്ത്വചിന്തകനും ചിത്രകാരനുമായ ഖലിൽ ജിബ്രാനെക്കുറിച്ച് റഷീദ് പാനൂർ എഴുതിയ ‘ഖലിൽ ജിബ്രാൻ – ലബനോണിലെ പ്രവാചകൻ’ എന്ന പുസ്തകം എം.കെ.ഹരികുമാർ പ്രകാശനം ചെയ്തു.

വിമർശകനായ റഷീദ് പാനൂരിൻ്റെ സാഹിത്യജീവിതത്തിലെ ഏറ്റവും മികച്ച പുസ്തകമാണിതെന്ന് ഹരികുമാർ അഭിപ്രായപ്പെട്ടു. പ്രേമത്തിൻ്റെയും പ്രാർത്ഥനയുടെയും വിശുദ്ധമായ ഉന്മാദങ്ങളുടെയും നിറമഹോത്സവമായി മാറിയ ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് വാക്കുകളുടെ സമുദ്രത്തിൽ പരൽമീനായി തുഴയുന്നതുപോലെ ആഹ്ളാദകരമാണ്. ഇത് ഒരു അസാധാരണ ഭാഷാസംസ്കാരമാണ് വായനക്കാർക്ക് നല്കുന്നത്. മനുഷ്യൻ്റെ ജീവിതത്തെ അലൗകികവും ഉദാത്തവുമായ തലത്തിലെത്തിക്കുന്ന ജിബ്രാൻ്റെ ഭാവശുദ്ധമായ ഈ വാങ്മയങ്ങൾ ഇതിനു മുമ്പ് ഇതുപോലെ നഗ്നമായി ആരും അവതരിപ്പിച്ചിട്ടില്ലെന്ന് ഹരികുമാർ പറഞ്ഞു.

“ആത്മാവിനെ ആകാശത്തിൽ പറവകളെപ്പോലെ പറക്കാൻ വ്യാമോഹിപ്പിക്കുകയും ഹൃദയത്തെ വിഷാദത്തിൻ്റെ ആഴക്കടലിൽ മുക്കുകയും ചെയ്യുന്ന സന്ദേശത്തിനും ചുംബനത്തിനും ,ദാഹിക്കുന്ന ഹൃദയങ്ങൾ സ്നേഹത്തിൻ്റെ ആത്മാക്കളാണെ”ന്ന ജിബ്രാൻ്റെ വാക്കുകൾ ഈ പുസ്തകത്തിൻ്റെ ഓരോ പേജിലും അനുഭവിക്കാൻ കഴിഞ്ഞു .ദൈവത്തിൻ്റെ വിരൽസ്പർശത്തിൽ ഉന്മത്തമായിത്തീർന്ന വാക്കുകൾ എഴുതിയ ഖലിൽ ജിബ്രാൻ്റെ മുന്നിൽ നമസ്കരിക്കുകയാണ് -ഹരികുമാർ പറഞ്ഞു.

കൊല്ലം ചാത്തന്നൂർ സുജിലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ വില 230 രൂപയാണ്.

ഫോൺ
റഷീദ് പാനൂർ :8943226545

സുജിലി: 0471 2592070
9446540682

You can share this post!