കേരളം/രാജൂ കാഞ്ഞിരങ്ങാട്


തുമ്പയും, തുളസിയും ,കതിരണിപ്പാടങ്ങളും
തുമ്പി തംബുരു മീട്ടും തൊടിയും, പൂവാടിയും
കനകമണിച്ചിലമ്പണിഞ്ഞ കാട്ടാറും കാവും
കരുത്തും, ഗുരുത്വവും തുടിക്കും കളരിയും

കോവിലും ,കുളങ്ങളും, തടിനി,തടങ്ങളും
മുത്തുക്കുടചൂടിയ കേരവൃക്ഷത്തിൻ നിര
കേരളം കുളിരേകി നിൽക്കുന്നു സ്മരണയിൽ
ചോരച്ചുവപ്പാർന്നുള്ള സ്മൃതികളുണരുന്നു

ധീരരക്തസാക്ഷിത്വം വരിച്ച മണ്ണിൽ നിന്നും
ചരിത്രം തുടലുരിഞ്ഞുണർന്ന മണ്ണിൽ നിന്നും
മൺ തരിപോലും പടപ്പാട്ടു പാടീടുന്നൊരു
പരിവർത്തന ശബ്ദം മുഴങ്ങുന്നതു കേൾക്കാം

മതസൗഹാർദ്ദത്തിൻ്റെ മഹനീയ മാതൃക
മാനവ സ്നേഹം പൂക്കും മഹനീയമാം കാഴ്ച
പള്ളിയമ്പലം മസ്ജിദെന്നിവയെല്ലാം തന്നെ
ഒരുമ വിളിച്ചോതും സോദര സന്ദേശങ്ങൾ

തിറയും തറികളും കഥകളി ശീലുകളും
അറബിക്കടൽ മീട്ടും വീണാ ക്വാണങ്ങളും
തുഞ്ചൻ്റെ കിളിപ്പാട്ടും തഞ്ചിനിന്നീടും കാറ്റും
മഞ്ജുവാം മൃതു ശിഞ്ജിതമുണരുമെൻ കേരളം

You can share this post!