മുറ്റത്തു പടർന്നു കിടക്കുന്ന മുല്ലവള്ളിയിൽ നിന്നും അന്തി വെയിലിന്റെ അവസാന തുടിപ്പും മാഞ്ഞു പോകാൻ തുടങ്ങവേ ആണ് അയാൾ ഗേറ്റ് കടന്നെത്തിയത് . മുല്ലച്ചെടിയിൽ നിന്നും പൂജക്കായി ഇറുത്തെടുത്ത പൂക്കൾ കൊച്ചു പൂക്കൂടയിലേക്കിട്ട് കാൽപ്പെരുമാറ്റം കേട്ടിടത്തേക്കു തിരിഞ്ഞു നോക്കി . തൊട്ടു പിന്നിലെത്തി അയാൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു . ഇരുമ്പു ഗേറ്റിന്റ കറ കറ ശബ്ദം അപ്പോഴും നിലച്ചിരുന്നില്ല . വായിലെ മുറുക്കാൻ മുല്ല ചോട്ടിലേക്കു നീട്ടിത്തുപ്പി അയാൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു തുടങ്ങി
”ടൗണിൽ നമ്മൾ പോയി നോക്കാൻ നിശ്ചയിച്ചിരുന്ന ആ വീട് കൈ വിട്ടുപോയി മാഡം .നല്ല ഒന്നാന്തരം വീടായിരുന്നു കേട്ടോ . അത് വേറെ ആൾക്കാര്വന്നു രൊക്കംപണം കൊടുത്തു വാങ്ങി. ഇനിയിപ്പോൾ പണിതീരാത്ത ഒരു പഴയ വീടുണ്ട്. മാഡത്തിന് അതിഷ്ടപ്പെടുമെന്നു തോന്നുന്നില്ല . എങ്കിലും നമുക്കൊന്ന് പോയി നോക്കാം . അവിടെ അടുത്തുതന്നെ മറ്റൊരു വില്ല പ്രോജെക്ടും തുടങ്ങിയിട്ടുണ്ട് ഇന്നിപ്പോൾ നല്ലൊരു ടൂറിസ്റ്റ് റിസോർട് ആയിത്തീർന്നിട്ടുള്ള ആ പ്രദേശത്തുള്ള വില വച്ച് നോക്കുമ്പോൾ ഇത് ഏറെക്കുറെ വിലക്കുറവിൽ കിട്ടുമെന്നുള്ളതാണ് ഒരു മെച്ചം .വീടിഷ്ടപ്പെട്ടില്ലെങ്കിൽ അതിടിച്ചു കളഞ്ഞ് അതിന്റ സ്ഥാനത്തു ഒരു നല്ല വീട് അവിടെ പണിയുകയും ചെയ്യാം .സാറിന്റെ കൈയ്യിൽ പണമുണ്ടല്ലോ ”
വായ നിറയെ മുറുക്കാൻ ചവച്ച് തുപ്പി , തൻറെ വാക് സാമർഥ്യം കൊണ്ട് ആളുകളെ മയക്കിയെടുക്കാനുള്ള കഴിവ് ഒരിക്കൽക്കൂടി പ്രകടമാക്കിക്കൊണ്ട് അയാൾ വാതോരാതെ സംസാരിച്ചു . പിന്നെതോളിൽ കിടന്ന തോർത്ത് മുണ്ടു കൊണ്ട് ചുണ്ടു തുടച്ച് മറുപടിക്കായി കാത്തു . അപ്പോൾ വെറ്റിലക്കറ പിടിച്ച പല്ലു മുഴുവൻ വെളിയിൽക്കാണിച്ചു അയാൾ ചിരിക്കാൻ മറന്നിരുന്നില്ല . വെടിപ്പായിക്കിടന്ന മുറ്റം വൃത്തികേടാക്കിയതിൽ അയാളോട് വെറുപ്പു തോന്നി .എങ്കിലും അത് പുറമെ കാണിക്കാതെ മെല്ലെ ചിരിച്ചു , പറയുന്നത് മുഴുവൻ കേട്ട് നിന്നു
”വീട്ടുമുറ്റത്തു നിന്നാൽ അല്പം അകലെയായി കടല് കാണാം . സൂര്യോദയവും അസ്തമയവും കാണാം . അതാണ് ഈ വീടിന്റ പ്രത്യേകത . .”അയാൾ വീണ്ടും വാഗ് ധോരണിയിൽ മുങ്ങി നിവർന്നപ്പോൾ ഞാൻ ചിലതു സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
കടൽക്കരയിലെ വീട്! …വീശിയടിക്കുന്ന കടൽ കാറ്റിൽ ഇളം തണുപ്പേറ്റ് ഉറങ്ങാൻ കഴിയുന്ന യാമങ്ങൾ… .പകൽ നേരങ്ങളിലെ സൂര്യതേജസ്സിൽ, വെയിലിന്റെ നക്ഷത്രപ്പൊട്ടുകൾ ചാർത്തി വെട്ടി തിളങ്ങുന്ന കടൽ….പിന്നെ ഉദയാസ്തമയങ്ങളിലെ സിന്ദൂരഛവിയിൽ അലകളിളക്കി മെല്ലെനൃത്തം ചെയ്യുന്ന കടൽ…… .അങ്ങനെ കടലിന്റെ വിവിധ ഭാവങ്ങൾ എല്ലാം ഒരു നൊടിയിടയിൽ മനസ്സിലൂടെ കടന്നുപോയി . എന്തോ ഒരു പ്രത്യേക മാനസിക അടുപ്പം പറഞ്ഞു കേട്ട ആ സ്ഥലത്തിനോട് പെട്ടെന്നുണ്ടായി .” ശിവേട്ടൻ വരട്ടെ . നമുക്കൊന്നിച്ചു പോയി വീട് കാണാം …”ഉത്സാഹഭരിതയായി അയാളോട് പറഞ്ഞു .
”ശരി എന്നാൽ ഞാനിറങ്ങട്ടെമാഡം ….ശിവൻ സാറ് വരുമ്പോൾപറഞ്ഞാൽ മതി …” ‘
അയാൾ തിരിഞ്ഞു നടക്കാൻ ഭാവിക്കവേ പറഞ്ഞു ”നാളെ ഞായറാഴ്ചയല്ലേ . നാളെ ഉച്ചതിരിഞ്ഞു ശങ്കരൻ നായർ ഇങ്ങോട്ടിറങ്ങൂ . നാളെ തന്നെ നമുക്ക് ആ വീട് കാണാൻ പോകാം ”
”ഹാവൂ ഇപ്രാവശ്യമെങ്കിലും മാഡത്തിന് വീട് ഇഷ്ടപ്പെട്ടാൽ മതിയായിരുന്നു . ”അങ്ങിനെ തന്നത്താൻ പറഞ്ഞ് അയാൾ ഗേറ്റ് കടന്നു നടന്നു മറഞ്ഞപ്പോൾ ആലോചിക്കുകയായിരുന്നു . ”ശരിയല്ലേ അയാൾ പറഞ്ഞത് .എത്രവീടുകളായി പോയി കാണാൻ തുടങ്ങിയിട്ട് ..ഗൾഫിൽ നിന്നും ഞങ്ങളീ നാട്ടിൽ വന്ന അന്ന് മുതൽ ഒരു വീട് വാങ്ങാനുള്ള ആഗ്രഹവുമായി ഓടിനടക്കാൻ തുടങ്ങിയതാണ്. ശിവേട്ടന് പലതും ഇഷ്ടമായെങ്കിലും ഒന്നുപോലും എനിക്കു ഇഷ്ടമായില്ല ….അപ്പോൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും അകലെയുള്ള ആ വീട് മാടി വിളിക്കുന്നതായി തോന്നി . ഉത്സാഹ ഭരിതരായി ഗേറ്റ് കടന്നു വരുന്ന അശ്വിനെയും ,ശ്വേതയെയും അപ്പോഴാണ് കണ്ടത് .
”അമ്മെ ടുഡേ ഐ ഗോട്ട് ഫസ്റ്റ് പ്രൈസ് ഫോർ റണ്ണിങ് റേസ് .”കൈയ്യിലുയർത്തിപിടിച്ച കപ്പുമായി തുള്ളിച്ചാടി വരുന്ന അശ്വിൻ . ”ലുക് മമ്മി . ഐ ഗോട് ഫസ്റ്റ് പ്രൈസ് ഫോർ റെസിറ്റേഷൻ .”മോളും തൻറെ കൈയ്യിലെ സമ്മാനപ്പൊതി ഉയർത്തിക്കാട്ടി . എന്നിട്ട് അനുജനെ നോക്കി ചുണ്ടു കോട്ടി പറഞ്ഞു . .”ഇവനിതല്ലേ കിട്ടിയുള്ളൂ . സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് ഞാനാണമ്മേ ”ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ശ്വേത നാലാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചനുജനെ ചെറുതാക്കും പോലെ പറഞ്ഞു .രണ്ടുപേരെയും ചേർത്ത് നിർത്തി ഓരോ ഉമ്മ നൽകിക്കൊണ്ട് പറഞ്ഞു ”ഇതാ രണ്ടുപേർക്കും മമ്മിയുടെ വക സമ്മാനം . ഇനി രണ്ടുപേരും പോയി മേൽക്കഴുകി വന്നോളൂ . മമ്മി കാപ്പി എടുത്തു വയ്ക്കാം” .അവർ ഓടി അകത്തു കയറുമ്പോഴോർത്തു . ശിവേട്ടനും ഈ മക്കളുമാണ് എന്റെ സ്വർഗം. ഇവരെ വിട്ടകന്നു എത്ര നാൾ ഒറ്റയ്ക്ക് കഴിഞ്ഞു . തമിഴ് നാട്ടിൽ പഠിച്ചു വളർന്നുവെങ്കിലും വിവാഹ ശേഷം ഭർത്താവിനോടോത്ത് ഗൾഫിലേക്ക് കുടിയേറേണ്ടി വന്നു . എന്നാൽരണ്ടു കുട്ടികളോടോത്ത് അവിടെ ഭർത്താവിന്റ ചെറിയ ശമ്പളത്തിൽ ഒതുങ്ങി ജീവിക്കുമ്പോഴാണ് ഒരു ജോലിയെക്കുറിച്ചു ചിന്തിക്കുന്നത് . ഏറെക്കാലത്തെ പരിശ്രമത്തിനു ശേഷം കേരളത്തിലെ പ്ലസ് ടു സ്കൂളിൽ ജോലി ലഭിച്ചപ്പോൾഗൾഫിൽ നിന്നും പോരാതിരിക്കാൻ കഴിഞ്ഞില്ല . ഹോസ്റ്റലിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നപ്പോൾ മക്കളെ കൂടെ കൊണ്ടുപോരാനും കഴിഞ്ഞില്ല അന്ന് കൈക്കുഞ്ഞായിരുന്ന അശ്വിനും നാലു വയസ്സുണ്ടായിരുന്ന ശ്വേതമോളും ശിവേട്ടനും ശിവേട്ടന്റെ അഛനമ്മമാരോടൊപ്പം ഗൾഫിലും , ഞാനിവിടെയുമായി എത്ര കാലം !… നീണ്ട ആറു വർഷങ്ങൾ !… അതിനിടയിൽശിവേട്ടന് ഗൾഫിൽ കൂടുതൽ നല്ല ജോലി ലഭിച്ചുവെങ്കിലും കിട്ടിയ ജോലി കളയാൻ ഞാൻകൂട്ടാക്കിയില്ല വർഷങ്ങൾ കടന്നുപോയപ്പോൾ തമിഴ് മാത്രം അറിയുമായിരുന്ന ഞാൻ മലയാളം നല്ലവണ്ണം പറയാൻ പഠിച്ചു . ഏതോ ജന്മാന്തര ബന്ധം പോലെ മലയാളം നാവിനു വളരെ വേഗം വഴങ്ങുകയായിരുന്നു . രണ്ടു വർഷം മുമ്പ് മക്കൾ രണ്ടു പേരും അടുത്തെത്തിയപ്പോൾ അവരെയും മലയാളം പറയാൻ പഠിപ്പിച്ചു . അല്പം തപ്പിത്തടയുമെങ്കിലും ഈ . രണ്ടുവർഷത്തിനുള്ളിൽ അവർ മലയാളംഒരുവിധം പറയാൻ തുടങ്ങിയിരിക്കുന്നു . ഇന്നിപ്പോൾ ശിവേട്ടനും . തമിഴ് ബ്രാഹ്മണ കുടുംബത്തിൽ കർശനമായ ചിട്ടവട്ടങ്ങളിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന് മലയാളം തീരെഅന്യമായ ഭാഷയായിരുന്നു .
”ഈ മലയാളം പേശരുതുക്ക് റൊമ്പ വിഷമം .ഉന്നോട് നാൻ തമിഴിലെ പേശറേൻ ”ഒരു വർഷം മുമ്പ് കേരളത്തിലേക്ക് തിരികെ എത്തുമ്പോൾ അദ്ദേഹത്തിന് ഈ നാടിനോട് പൊരുത്തപ്പെടാൻ വളരെ വിഷമമായിരുന്നു . എന്നാൽ ഇന്നിപ്പോഴെല്ലാം ഏറെക്കുറെ വശമായിരിക്കുന്നു ഞങ്ങൾക്കു രണ്ടുപേർക്കും ഈ നാടും ഇവിടത്തെ ആളുകളോടും ഒരു പ്രത്യേക മമതയും തോന്നിത്തുടങ്ങിയിരിക്കുന്നു . മാത്രമല്ല എന്റെ വേരുകൾ ഇവിടെയാണെന്നാണല്ലോ അപ്പാവും അമ്മാവും പണ്ട് പറഞ്ഞിട്ടുള്ളതെന്നും ഓർത്തു .അവർ പറയാറുള്ള കഥകൾ ഒരു പ്രായം വരെ കളി തമാശയായിട്ടാണ് എടുത്തിരുന്നത് . ഒരു മുക്കുവ കുടിലിൽ നിന്നുമാണത്രെ എന്നെ കിട്ടിയത് . തിരമാലകളിൽ ഒഴുകി നടന്നിരുന്നഒരു പെൺ കുഞ്ഞ് .ക്രമേണ ആ വാക്കുകളിലെ സത്യസന്ധത ബോധ്യപ്പെട്ടു .കേരളത്തിലേക്ക് ഒരു ടൂർ പാർട്ടിയോടൊപ്പം കാഴ്ചകൾ കാണാനെത്തിയതായിരുന്നു അവർ . അപ്പോഴാണ് പെട്ടെന്നുണ്ടായ സുനാമിയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിലും , തീരത്തെ കടൽ വിഴുങ്ങിയത് . അപ്പാവും അമ്മാവും ഓടിമാറി എങ്ങിനെയോ രക്ഷപ്പെട്ടു . പലരും തിരകളിൽ മുങ്ങിപ്പൊങ്ങി . മക്കളെ നഷ്ടപ്പെട്ട അമ്മമാർ ….അച്ഛനമ്മമാരെ കാണാതെ മക്കൾ …എങ്ങും ഉയർന്ന അലമുറക്കിടയിൽ ആരെയൊക്കെയോ മുക്കുവർ കടലിൽ നിന്നുമുയർത്തി കരക്കെത്തിച്ചു . അതിൽ ഒറ്റപ്പെട്ട മുതിർന്നവരും കുഞ്ഞുങ്ങളുമുണ്ടായിരുന്നു രാക്ഷസത്തിരമാലകളിൽ ഒഴുകി നടന്നിരുന്ന എന്നെ വള്ളക്കാർ രക്ഷപ്പെടുത്തി .അപ്പയുടെയും അമ്മയുടെയും അടുത്തെത്തിച്ചു
”.പാവം ഇതിന്റെ അച്ഛനമ്മമാരെ കാണാനില്ല. അവർ വന്നെത്തുന്നതുവരെ നോക്കിക്കോളണെ അമ്മാ ”
ആ മുക്കുവൻ അങ്ങിനെ പറഞ്ഞു കടലിലേക്ക് എടുത്തുചാടി . അപ്പാവും അമ്മാവും മണിക്കൂറുകൾ കാത്തു നിന്നിട്ടും അച്ഛനമ്മമാരെ കണ്ടില്ല . അന്ന് കേവലം മൂന്നു വയസ്സുണ്ടായിരുന്ന എന്നെക്കണ്ടപ്പോൾ , പെൺകുട്ടികളില്ലാതിരുന്ന അമ്മാവുക്ക് വളരെ ഇഷ്ടപ്പെട്ടു
.” തങ്കമാന പൊണ്ണു .. ഇന്ത പൊണ്ണെ നമ്മ വീട്ടുക്കു കൊണ്ടുപോകലാം ..ശ്രീകാന്തുക്കും , ശരത്തുക്കും റൊമ്പ പിടിക്കലാം …”
അമ്മായുടെ വാക്കുകൾ അപ്പാ ശരി വച്ചു . അങ്ങിനെആ കുടുംബത്തിലെ അംഗമായി . ഏറെ നാൾ സ്വന്തം അച്ഛനമ്മമാരെ ഓർത്തു ഞാൻ കരഞ്ഞിരുന്നുവത്രെ . പിന്നീട് അപ്പയുടെയും അമ്മായുടെയും സ്നേഹസാഗരത്തിൽ എല്ലാം മറന്നു .ശ്രീകാന്തും ശരത്തും അണ്ണനും തമ്പിയുമായി . ബിഎഡ് വരെ പഠിപ്പിച്ച അവർ ഒടുവിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന ഗൾഫിൽ ജോലിയുണ്ടായിരുന്ന ശിവപ്രസാദിന് വിവാഹം കഴിച്ചു കൊടുത്തു .
ഞാനൊരു ബ്രാഹ്മണ സ്ത്രീയാണെന്ന ധാരണയിലാണ് ശിവപ്രസാദിപ്പോഴും . ഞാനാരാണെന്നു എനിക്കു തന്നെ അറിയില്ലെന്നു അവരറിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ചോർത്തു
.ആ ഓർമയിൽ അറിയാതെ ഞെട്ടിത്തരിച്ചു . വിദ്യാസമ്പന്നനെങ്കിലും കടുത്ത ബ്രാഹ്മണ നിഷ്ഠയിൽ വളർന്നവനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ മാതാപിതാക്കളും അങ്ങിനെ തന്നെ . ഏതെങ്കിലും രീതിയിൽ എന്നെക്കുറിച്ചുള്ള സത്യമറിഞ്ഞാൽ അവർ പൊട്ടിത്തെറിക്കുമോ . സ്ത്രീധനം അല്പംകുറഞ്ഞുപോയതിൽ പണ്ടേ അവർക്കു വീട്ടുകാരോടു അല്പം അനിഷ്ടമുണ്ടുതാനും . അകാരണമായ ഭയം തോന്നി . പിന്നെയോർത്തു . പറയാതെ അവർ എങ്ങിനെ അറിയാനാണ് . ഒരു നിമിഷത്തേക്ക് അലകടൽപോലെ സ്തോഭിച്ചുയർന്ന മനസ്സിനെ അടക്കിനിർത്തി .
പിറ്റേന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ നേരം …, വീട് നോക്കാനാണു പോയതെങ്കിലും ,കുട്ടികളുടെ നിർബന്ധപ്രകാരംകാറിൽനേരെ കടൽക്കരയിലേക്കുപുറപ്പെട്ടു .കാറിൽയാത്ര ചെയ്യുമ്പോൾ തീരത്തു നിന്നും അകലെയായി നിരവധി വീടുകൾ കണ്ടു . പുതിയതായി ഉയർന്നുവന്നവയും അവയിലുണ്ടായിരുന്നു .നിഗൂഢതകൾ ഉള്ളിൽ ഒളിപ്പിച്ചു പുറമെ ശാന്തമായ കടൽത്തീരം…. . നിരവധി സ്വദേശികളും വിദേശികളും അവിടെ ഉല്ലസിക്കാനെത്തിയിരുന്നു . . കടൽത്തീരം കണ്ടപ്പോൾ കുഞ്ഞുങ്ങൾ രണ്ടു പേരും തിരയിലേക്കു ഓടിയിറങ്ങി . ഏതോ വിദൂര സ്മരണകൾ കാലുകളെ നിശ്ചലമാക്കി . ഭയപ്പാടോടെ വിളിച്ചു .
”ശ്വേതാ ,അശ്വിൻ … വേണ്ട …എപ്പോഴാണ് തിരകൾ ഉയർന്നുവരുന്നതെന്നറിയില്ല ”…
ഭയം കൊണ്ട് തല ചുറ്റുന്നതുപോലെ തോന്നി . ശിവേട്ടൻ താങ്ങിയില്ലായിരുന്നുവെങ്കിൽ നിലത്തു വീണു പോകുമായിരുന്നു . ഒരുകൈ കൊണ്ട് എന്നെ താങ്ങിപ്പിടിച്ചു മറുകൈകൊണ്ടു മക്കളെ തിരികെ വിളിച്ച് അദ്ദേഹം പറഞ്ഞു . ”മമ്മി ഈസ് ടൂ വീക്ക്… വി വിൽ ഗോബാക്ക് ഹോം ”.ശ്വേതയും അശ്വിനും അനുസരണയോടെ പിന്തുടർന്നു .അവരും എ ൻറെ ഭാവമാറ്റം കണ്ടു ഭയപ്പെട്ടിരുന്നു.
അല്ല ശിവേട്ടാ ..നമുക്കാ വീടൊന്നു കണ്ടിട്ടുപോകാം . ഏതായാലും ഇവിടംവരെ വന്നില്ലേ ?…” പെട്ടെന്ന് പിടഞ്ഞുണർന്നു പറഞ്ഞു . ശിവേട്ടനും മക്കളും അത്ഭുതത്തോടെ നോക്കി . കൂടെയുണ്ടായിരുന്ന ശങ്കരൻ നായരും പറഞ്ഞു
.” ശരിയാണ് സാർ ഏതായാലും ഇവിടം വരെ വന്ന സ്ഥിതിക്ക് നമുക്കാ വീട് കൂടി കണ്ടിട്ട് പോകാം .നിരവധി മണിമാളികകൾ പിന്നിട്ട് ഞങ്ങളാ പണിതീരാത്ത ഇരുനില വീടിനു മുന്നിലെത്തി വിശാലമായ പറമ്പിനുള്ളിലെ പണിതീരാത്തവലിയ വീട് . ഒരു പ്രേതാലയം പോലെ തോന്നിച്ചു . . പഴയ വീട് വാങ്ങി പിന്നീടാരോ കൂട്ടിച്ചേർക്കലുകൾ നടത്തിയതാണെന്ന് കണ്ടാലറിയാം. ഞങ്ങൾ മുറ്റത്തേക്ക് കാർ ഓടിച്ചു കയറ്റി . വീടിന്റെ വിലകുറവ് അറിഞ്ഞതോടെ ശിവേട്ടന് ഉത്സാഹമായി .മുറ്റത്തു കാലെടുത്തുവച്ച എന്നിലേക്കു ഏതോഅസാധാരണമായ ഊർജം ആവാഹിക്കപ്പെട്ടു.
”നോക്കൂശിവേട്ടാ …ബ്യുട്ടിഫുൾ പ്ലേസ് …എനിക്കീ പരിസരം വളരെ ഇഷ്ടപ്പെട്ടു . . . ശങ്കരൻ നായർ വാതിൽ തുറന്നപ്പോൾ ആ വീട്ടിലേക്കു ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടിക്കയറുകയായിരുന്നു . അതിലെ ഓരോ മുറികളും ചിരപരിചിതമായി തോന്നി .തലങ്ങും വിലങ്ങും കിടന്ന മാറാലകൾ നീക്കിക്കൊണ്ടു ഏകയായി മുന്നോട്ടൂ നീങ്ങി . ഒടുവിലാ ചെറിയ മുറി കണ്ടു . ഏതോ ശൈശവസ്മരണകൾഹൃദയത്തെ തഴുകി കടന്നുപോയി . ഉടഞ്ഞു വീണു കിടന്ന ഏതാനും കളിക്കോപ്പുകളുടെ അവശിഷ്ടങ്ങൾ ആ കൽകൂമ്പാരത്തിൽ ചിതറിക്കിടക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്നും ഒരു കടലാസു തുണ്ട് കണ്ടെടുത്തു
.”മകളെ നീ എവിടെയാണ് ..നിന്നെക്കാണാതെ ഞങ്ങൾ കടലിൽ ചാടി മരിക്കാൻ പോവുകയാണ് ”. മകളെ തേടിക്കൊണ്ട് നാടുനീളെ നടന്ന ഒരച്ഛന്റെയും അമ്മയുടെയും വിഫലമായ അന്വേഷണങ്ങൾക്കൊ ടുവിലെ ,ആത്മഹത്യാ മുന്നറിയിപ്പ് നിറഞ്ഞ പത്രക്കുറിപ്പ്. .അറിയാതെ ഒരു തേങ്ങൽ ഉള്ളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു
”മകളെ നീ വന്നുവോ… ഞങ്ങൾ കാത്തിരിക്കുകയായിരുന്നു”
ജനാലയിലൂടെ കടന്നു വന്നമന്ദമാരുതൻ ശിരസ്സിൽ തലോടിക്കൊണ്ട്അങ്ങനെ പറയുന്നതായി തോന്നി. ആർദ്രമായ ഒരു തേങ്ങിക്കരച്ചിൽ അന്തരീക്ഷത്തിൽ ഉയർന്നു താണു . മടിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തിരമാലകൾ കവർന്നെടുത്തപ്പോൾ വിഹ്വലതയോടെ വിളിച്ചു കരഞ്ഞ ഒരമ്മ .
ആ ആത്മരോദനം ഒരലമുറയായി കാതിലെത്തി..ക്രമേണ അത് ചുറ്റുപാടും പരന്നു .കാതുപൊത്തി കടൽക്കരയിലേക്ക് ഓടുമ്പോൾ ശിവേട്ടന്റെ നിഴൽ പിന്തുടരുന്നതറിഞ്ഞിരുന്നു.കടൽക്കരയിൽ മക്കൾ പണിതുകൊണ്ടിരുന്ന കൊട്ടാരം കാലുകൊണ്ട് തട്ടി നീക്കി ഒരുന്മാദിനിയെപ്പോലെ മുന്നോട്ടു നടന്നു.
,അനുസരണയില്ലാതെ പാറിനടന്ന അളകങ്ങളോട് പറയുവാൻ ഒരുപിടികഥകളുമായി തിരകളിൽ തുള്ളിനടക്കുന്ന കാറ്റ് അപ്പോഴുംഅവളുടെ പിറകെയുണ്ടായിരുന്നു,