ഓണക്കാഴ്ചകൾ/ജീ തുളസീധരൻ ഭോപ്പാൽ

നിരപരാധികളുടെ
ശവങ്ങൾ
കാഴ്ച വയക്കുന്ന ഓരോ
പ്രഭാതത്തിലും
ശവംതീനിപ്പൂക്കളങ്ങൾ
ഒരുക്കുന്ന ലഹരിമാഫിയ
ചുടലനൃത്തത്തിന്
കളം
വരക്കുന്നു.

ഞങ്ങൾ
വിധവകൾ
നരാധമരുടെ കാമാഗ്നിയിൽ
പിടഞ്ഞു
വീണ
പാപ ജന്മങ്ങൾ
കൊലക്കയറുമായി മുറ്റത്തു
പതിയിരിക്കുന്ന
നിശബ്ദത .
ചതിയുടെ
കരിമ്പടം പുതച്ച്
വിനയപൂർവ്വം
പ്രണയിച്ച്നടത്തുന്ന വിദേശകരാറുകൾ
നീലജലാശയത്തിൽ രക്തശോഭ പരത്തുമ്പോൾ
ഞങ്ങൾ
ദുശ്ശകുനത്തിന്റെ
ഓണക്കാഴ്ചകൾ
ഒരുക്കുന്നു.

ശപിക്കപ്പെട്ട
യൗവനം
ലഹരിയിൽ മുങ്ങിക്കുളിച്ച്
ഗ്രാമങ്ങളിലൂടെ പടയോട്ടം
നടത്തി
നഗരങ്ങളിൽ
മദ്യലഹരി സൽക്കാരങ്ങളിൽ
ഹോമിക്കുന്നു.
ജീവിതം
ഇഴപൊട്ടിയ കൊലക്കയറിൽ അവസാനിക്കുന്നു.

വിവാഹരാത്രികളിൽ മഞ്ഞലോഹത്തിന്റെ അളവുകോൽ
തെയ്യത്തിന്റെ
രൗദ്രഭാവങ്ങൾ
എടുത്തണിയുന്നു.
അസഭ്യാനന്തര
കളരിക്ക്
രംഗപടമൊരുക്കുന്നു.
ഇനി ഈ
ഭൂപടത്തിൽ വേണ്ടാത്തവരുടെ നഖക്ഷതചിത്രങ്ങൾ
ആലേഖനം
ചെയ്യുന്നു.

You can share this post!