അയാളും ഞാനും/കഥ

ഐസക്‌ ഈപ്പൻ
വില്ലുപുരത്തുനിന്ന്‌ പോണ്ടിച്ചേരിയിലേക്കുളള യാത്രയിലാണ്‌ ഞങ്ങൾ പരിചയപ്പെട്ടതെങ്കിലും, തൃശ്ശിനാപളളി റെയിൽവേസ്റ്റേഷനിൽ വെച്ചു തന്നെ ഞാൻ അയാളെ ശ്രദ്ധിച്ചിരുന്നു. മൗലീകമായ ചില ഭാവങ്ങളും വികാരങ്ങളും തീർച്ചയായും ഞങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്‌ എന്ന തോന്നലാണ്‌ അയാളെ ശ്രദ്ധിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം. ഏകദേശം അതേ ചിന്ത കൊണ്ട്‌ എന്നു തോന്നുന്നരീതിയിൽ അയാളും ചിലപ്പോഴൊക്കെ എന്നെ ശ്രദ്ധിച്ചു. ഒരു കറുത്ത ബാഗും തൂക്കി, ദീർഘയാത്രയുടെയും, ഭാവിയുടെയും ആശങ്കപേറി വലയുന്ന ഒരു പരിക്ഷീണന്റെ മുഖമായിരുന്നു, എനിക്കപ്പോൾ. ഏകദേശം അങ്ങനെയൊക്കെ തന്നെയായിരുന്നു അയാളുടെ മുഖഭാവവും.
റെയിൽവേസ്റ്റേഷൻ എപ്പോഴും തിരക്കുപിടിച്ച ഒരു ലോകമാണ്‌. തിക്കും, തിരക്കും പതിനായിരം മനുഷ്യരുടെ പതിനായിരം ലക്ഷ്യങ്ങളും. ഇതിനിടയിലൂടെ ഓരോരുത്തരും സ്വന്തം മികവു പുറത്തെടുത്ത്‌ ട്രെയിൻ വരാനും, തളളികയറാനും മനസ്സുകൊണ്ട്‌ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. പ്ലാറ്റ്ഫോമിൽ തിരക്കുപിടിച്ചു നിൽക്കുന്ന മനുഷ്യരെല്ലാം എപ്പോഴെങ്കിലും വന്നെത്തുന്ന ഒരു തീവണ്ടിക്കും, അതിൽ തനിക്കായി കണ്ടെത്തേണ്ട സീറ്റും, തുടർന്ന്‌ ലഭ്യമാകുന്ന ശാന്തമായ യാത്രയും  സ്വപ്നം കണ്ടുകൊണ്ട്‌ നിൽക്കുന്നു. ഇതിനോക്കെയിടയിൽ സഹയാത്രികരെ ഒക്കെ ശ്രദ്ധിക്കാനും വിലയിരുത്താനുമൊക്കെ സമയമെവിടെയാണ്‌. എന്നിട്ടും ഞാനയാളെ കണ്ടെത്തുകയും അയാളുടെ നീക്കങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നു.
പിന്നെ പ്ലാറ്റ്ഫോമിലെ ചായ കച്ചവടക്കാരനിൽ നിന്ന്‌ ഒരു ചായ വാങ്ങി കുടിക്കുമ്പോഴും, പുസ്തകശാലയിൽ നിന്ന്‌ ഒരു രാഷ്ട്രീയവാരിക വാങ്ങാതെ, വാങ്ങിയതായി ഭാവിച്ച്‌ മറിച്ചുനോക്കുമ്പോഴും എന്റെ ശ്രദ്ധയുടെ ഒരംശം ഞാൻ അയാൾക്കായി മാറ്റിവെച്ചു. തീവണ്ടികളുടെ അനൗൺസുമന്റുകളുടെ ഇടവേളയിൽ ബോധപൂർവ്വമല്ലെങ്കിലും അയാളുടെ യാത്ര എവിടേക്കാണന്നറിയാനുളള ഒരു ശ്രമം എന്നിലുണ്ടായിരുന്നു. പെരുമാറ്റത്തിലും, ഭാവത്തിലും അയാൾ എന്നെ കുറിച്ചും ഇങ്ങനെയൊക്കെ തന്നെയാവുമോ ചിന്തിക്കുന്നത്‌ എന്ന്‌ ആലോചിക്കുന്നതിനിടയിലാണ്‌ വില്ലുപുരത്തേക്കുളള പല്ലവാ എക്സ്പ്രസ്‌ എത്തുന്നത്‌.
അതുവരെയുളള വിനോദങ്ങളെല്ലാം അവസാനിപ്പിച്ച്‌ കയറിപറ്റാനുളള തിടുക്കത്തിലായി പിന്നീട്‌. പല്ലവാ എക്സ്പ്രസ്സിന്റെ സാധാരണ കംപാർട്ടുമന്റിലെ വൃത്തികേടിലേക്ക്‌ കയറിപ്പറ്റി, ആദ്യ തിരക്കുകൾ കഴിഞ്ഞുളള ആശ്വാസത്തിൽ തീവണ്ടിയിലെ സഹജീവികളെ കാണാനുളള ശ്രമത്തിനിടയിലാണ്‌, അയാളും അതേ കംമ്പാർട്ടുമന്റിലുളളത്‌ ഞാൻ കണ്ടെത്തിയത്‌. അയാളുടെ കാഴ്ച എന്നിൽ ഒരുതരം ഭയമാണോ, അമ്പരപ്പാണോ നിറച്ചേതെന്ന്‌ എനിക്കറിയില്ല. ഏതായാലും അയാൾ പ്രത്യേകിച്ചും ഒന്നും സംഭവിക്കാത്തമട്ടിൽ ഒരു സീറ്റിൽ ചാരി നിൽക്കുകയായിരുന്നു.
തീവ്രമായ തിരക്കിൽപ്പെട്ടുപോകുമ്പോഴാണ്‌ മനുഷ്യൻ ഏറ്റവും അധികം ഏകാന്തത്ത അനുഭവിക്കുന്നത്‌.  അത്തരം  സന്ദർഭങ്ങളിൽ  ദിശയും,  കാലവും  തെറ്റി ഓർമ്മകൾ പാഞ്ഞുവരും. പോണ്ടിച്ചേരി സർവ്വകലാശാലയിലെ സ്കൂൾ ഓഫ്‌ ഇന്റർനാഷണൽ റിലേഷൻസിലെ അദ്ധ്യാപകനാകാനുളള കൂടികാഴ്ചയ്ക്കായി പോകുന്ന ഈ യാത്രയിലും, ഓർമ്മകളും, ബന്ധങ്ങളും കാലംതെറ്റി എന്നിലേക്കു പാഞ്ഞുവരുന്നു. അനുസരണയുളള പഠിതാവ്‌, വിളറിപിടിച്ച കൗമാരം, വിപ്ലവത്തിന്റെ തീവ്ര യൗവനം, സ്വപ്നങ്ങൾ കണ്ട പ്രണയകാലം, മധുരവും കയ്പ്പും നിറഞ്ഞ ഓർമയുടെ പുഴ…
തിക്കിതിരക്കിയും, ശ്വാസംമുട്ടിയും ഉരുകുമ്പോഴും എല്ലാത്തിലും ഉപരിയായി തോളിൽ തൂങ്ങുന്ന കറുത്തബാഗിൽ സൂക്ഷിച്ചിരിക്കുന്ന കുറച്ചു  മുഷിഞ്ഞ നോട്ടുകളേയും,  എം.ഫില്ലും,  പി.എച്ച്‌.ഡിയും രേഖപ്പെടുത്തിയ സർട്ടിഫിക്കേറ്റുകളേയും നെഞ്ചോടു ചേർത്തുപിടിച്ചാണ്‌ ഞാൻ നിന്നത്‌. ഈ ബാഗ്‌ നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെടുമെന്ന തോന്നൽ. ഇങ്ങനെ ഞാണിമേൽനിന്ന്‌ പഴയ പ്രണയകാലമോർക്കാൻ എന്തുരസം.
  കോളേജിന്റെ ഒരു ഒഴിഞ്ഞ കോണിലൂടെ നടന്നുവരുന്ന അവളെ ആദ്യമായി കാണുന്നത്‌, പാത്തും പതുങ്ങിയും നോട്ടമിട്ടത്‌, പിന്നെ ധൈര്യപൂർവ്വം പ്രണയം നിറഞ്ഞ ഹൃദയം തുറന്നത്‌. എന്നിട്ട്‌ ഒന്നിച്ച്‌ കാണാൻ, ഇരിക്കാൻ, സ്പർശിക്കാൻ ഒക്കെ നടത്തിയ ഗോളാന്തരയാത്രകൾ. മൊബെയിൽ ഫോണിന്‌ വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവന്ന ദിനരാത്രകൾ. ഹോ..! എന്തൊരു കാലമാണ്‌  പ്രണയത്തിന്റേത്‌… വിവാഹശേഷം പാവം മൊബെയിൽഫോൺ ഉറങ്ങിപോവുന്നു. അപ്പോൾ നനഞ്ഞുപോയ ഒരു ചൂച്ചയെപോലെ പ്രണയം ആരും കാണാതെ പിറകുവശത്തുകൂടി ഇറങ്ങിപോവുന്നു.
തീവണ്ടിയിൽ തിരക്കു കുറയുന്നില്ല. സ്റ്റേഷനുകളിൽ ആളിറങ്ങാതെ, കയറുകയാണ്‌. ഇടക്ക്‌ തിരിച്ചുകിട്ടിയ ഒരു ബോധത്തിലെന്നവണ്ണം അയാൾ അവിടെതന്നെ നിൽക്കുന്നുണ്ടോ എന്നു ഞാൻ നോക്കി. അയാൾ എന്റെ സ്വപ്നം കാണലിനെ ഒളിഞ്ഞു നോക്കുന്നുണ്ട്‌. ആരേയും ശ്രദ്ധിക്കാതെയാണ്‌ താൻ നിൽക്കുന്നതെന്നൊരു ഭാവം മുഖത്തുണ്ട്‌ എന്നുമാത്രം. അതോടെ അയാൾ ആരാണെന്നറിയാനുളള ആഗ്രഹം എന്റെ മനസ്സിലും, ശരീരത്തിലും പടരാൻ തുടങ്ങി… എന്നാൽ അതിനുളള അവസരം കിട്ടിയത്‌ വില്ലുപുരത്ത്‌ എത്തി അവിടെ നിന്ന്‌ പോണ്ടിച്ചേരിയിലേക്കു പോകുമ്പോഴാണെന്നുമാത്രം. പോണ്ടിച്ചേരിയിലേക്കുളള മീറ്റർഗേജ്‌ തീവണ്ടി ഏറെകുറെ വിജനമായിരുന്നതും, ഞങ്ങൾ ഒരു കംമ്പാർട്ടുമന്റിൽ തന്നെ കയറി എന്നതും പരിചയപ്പെടാനുളള അവസരത്തെ അനുകൂലമാക്കി. മീറ്റർഗേജ്‌ തീവണ്ടിക്ക്‌ ഒരു സൗകര്യമൊക്കെയുണ്ടെന്ന്‌ പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌. ചെറുതിന്റെ സൗന്ദര്യം.  വലിപ്പം ചില ലാവണ്യങ്ങളെ കെടുത്തിക്കളയുന്നു.
നേരം രാത്രിയായിരുന്നു. റെയിൽവേയുടെ പട്ടിക പ്രകാരം തീവണ്ടി പോണ്ടിച്ചേരിയുടെ ചരിത്ര സൗന്ദര്യങ്ങളിലേക്ക്‌ എത്തുമ്പോൾ പ്രഭാതമാവും – ഏകദേശം 4.30 അല്ലെങ്കിൽ 5 മണി.
ഞാൻ കയറിയ ബോഗിയിൽ തന്നെയായിരുന്നു അയാൾ കയറിയത്‌. അതയാൾ ബോധപൂർവ്വം ചെയ്തത്താണോ എന്നു ഞാൻ ശങ്കിച്ചു. എല്ലാത്തിനേയും സംശയിക്കുക എന്നത്‌ മലയാളിയുടെ ജന്മാവകാശമാണെന്നും ഞാൻ ഓർത്തു. ഏതായാലും ആ യാത്രയിലെ അടുത്ത കുറച്ചു മണിക്കൂറുകൾ ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുകയും, അതിനിടയിൽ വിശാലമായി പരിചയപ്പെടുകയും ചെയ്തു.
അയാളുടെ പേര്‌ വിചിത്രമായ ഒന്നായിരുന്നു. സുമുഖൻ. ആ പേര്‌ എനിക്ക്‌ വിചിത്രമായി അനുഭവപ്പെട്ടത്‌ മുഖം കൊണ്ട്‌ അയാൾ അത്രയ്ക്ക്‌ സുമുഖൻ അല്ലാത്തതിനാലായിരുന്നു. ഏതായാലും പരിചയപ്പെട്ടപ്പോഴാണ്‌ മനസ്സിലായത്‌  അയാളും ഞാൻ പോകുന്ന അതേ ഇടത്തേക്ക്‌ ഇന്റർവ്യൂവിന്‌ പോകുകയാണെന്ന്‌. അതോടെ ഞങ്ങൾ കൂടുതൽ അടുത്തത്തായി പരസ്പരം ഭാവിച്ചു. അയാൾക്കു അച്ഛനും, അമ്മയും ഒപ്പം ഒരു സഹോദരനും സഹോദരിയും ഉണ്ടെന്നും അയാൾ പറഞ്ഞു. അവിവാഹിതനായ അയാൾ ഞാൻ വിവാഹിതനാണെന്ന്‌ അറിഞ്ഞപ്പോൾ തെല്ലൊരു അസൂയയോടോ, അമ്പരപ്പോടോ നോക്കിയെന്നു തോന്നുന്നു.
അങ്ങനെ പുതുപരിചയത്തിലൂടെ ഞങ്ങൾ സഞ്ചരിച്ചു. രണ്ടു മലയാളികൾ, അപരിചിതമായ ഭാഷയുടെയും, ദേശത്തിന്റെ വന്യതയിൽ കണ്ടുമുട്ടുമ്പോഴുണ്ടാവുന്ന അടുപ്പം, പ്രണയം ഒക്കെ ഞങ്ങളിലും ഉണ്ടായി. ഞങ്ങൾ രണ്ടും ആണുങ്ങൾ ആയതിനാൽ കാമമോഹിതമായ ഒരു പ്രണയത്തിനുളള സാദ്ധ്യത ഇല്ലായിരുന്നു എന്നുമാത്രം.
രണ്ടു മലയാളികൾ ലോകത്തെവിടെയെങ്കിലും വെച്ചു കണ്ടുമുട്ടുമ്പോൾ സംസാരിക്കുവാൻ സാദ്ധ്യതയുളളതെല്ലാം ഞങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. സി.പി.എം വിഭാഗിയത, വി.എസ്സ്‌ എന്ന രണ്ടക്ഷരം, ഉമ്മൻചാണ്ടിയുടെ വെല്ലുവിളികൾ, മുസ്ലീംലീഗിന്റെ കമ്പ്യൂട്ടർ ഗെയിമുകൾ, പിന്നെ ഐസ്ക്രീം പാർലർ കേസ,​‍്‌ നമ്മുടെ പാവം പെങ്ങന്മാർക്കും നീതിന്യായ വ്യവസ്ഥിതിയും നൽകിയ കനപ്പെട്ട സംഭാവനകൾ… എന്നിങ്ങനെ ചർച്ച കൊഴുത്തുവന്നു. ഈ ചർച്ചകൾക്കിടയിലും ഞാൻ എന്റെ കറുത്ത ബാഗിലും, സുമുഖൻ അയാളുടെ ചുവന്ന ബാഗിലും തപ്പിനോക്കി, അതിനുളളിലുളളതെല്ലാം സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്തികൊണ്ടിരുന്നു.
ചർച്ച അങ്ങനെ വിഷയങ്ങളിൽ നിന്ന്‌ വിഷയങ്ങളിലേക്കു പടരുന്നതിനിടെയാണ്‌ എനിക്ക്‌ മൂത്രശങ്ക അനുഭവപ്പെട്ടത്‌. ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളുടെ ക്ലിപ്തത്ത എന്നൊക്കെ ഓർത്തുകൊണ്ട്‌ എഴുന്നേൽക്കുമ്പോഴാണ്‌, ശരീരത്തോട്‌ ചേർന്നുകിടക്കുന്ന വിലപിടിച്ച കറുത്തബാഗ്‌ എന്തുചെയ്യണമെന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങിയത്‌. വൃത്തികെട്ട തീവണ്ടി മൂത്രപുരയിലേക്കു സർട്ടിഫിക്കേറ്റുകൾ അടങ്ങിയബാഗ്‌ കൊണ്ടുപോകണമോ, അതോ ബാഗ്‌ സുമുഖനെ ഏൽപിച്ച്‌ സ്വാതന്ത്ര്യത്തോടെ പോകണമോ. അപ്പോഴാണ്‌ യഥാർത്ഥത്തിൽ സുമുഖൻ ആരായിരിക്കുമെന്നും മൂന്നു മൂന്നര മണിക്കൂറായി അയാൾ പറഞ്ഞതൊക്കെ സത്യമായിരിക്കുമോ എന്ന ഒരു ശരാശരി മലയാളിയുടെ ആശങ്കയാൽ ഞാൻ ഭാരപ്പെടാൻ തുടങ്ങിയത്‌. അതുകൊണ്ട്‌ തന്നെ അയാൾക്കുനേരെ ഒരു വെളുത്ത ചിരി ചിരിച്ച്‌ ബാഗും തൂക്കി തന്നെ ഞാൻ മൂത്രപ്പുരയിലേക്കുപോയി. ഇക്കാലത്ത്‌ മനുഷ്യന്മാരെയൊക്കെ എങ്ങനെ വിശ്വസിക്കും.
ഞാൻ പോയി, തിരിച്ച്‌ വന്ന്‌ പൂർവ്വാധികം സ്നേഹത്തോടെ വീണ്ടും അയാളോട്‌ സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ അയാളും മൂത്രമൊഴിക്കാൻ പോവുകയും, കൃത്യമായി അയാൾ സ്വന്തം ബാഗ്‌ ശരീരത്തോട്‌ ചേർത്തുപിടിച്ച്‌ കൂടെ കൊണ്ടുപോവുകയും ചെയ്തപ്പോൾ അയാൾ എന്നേയും വാസ്തവമായി സംശയിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ ബോധ്യപ്പെടുകയും ചെയ്തു. സത്യമല്ലേ, എന്നെ അയാൾ എങ്ങനെ വിശ്വസിക്കും. പക്ഷെ തിരികെ വന്ന്‌ ഞങ്ങൾ വീണ്ടും നല്ല ചങ്ങാതിമാരായി, അറബ്‌ വസന്തത്തെക്കുറിച്ചും, പുതിയ സിനിമകളെകുറിച്ചും താൽപര്യപൂർവ്വം സംസാരിച്ചു.
പോണ്ടിച്ചേരിയിൽ തീവണ്ടിയിറങ്ങിയ ഞങ്ങൾ ഒരുമിച്ച്‌ ചായ കുടിക്കുകയും, ഒരേ ഓട്ടോ റിക്ഷയിൽ സർവ്വകലാശാലയിലേക്കു പോവുകയും ചെയ്തു. ചായയുടെയും, ഓട്ടോറിക്ഷയുടെയും പൈസ കൊടുക്കാൻ ഞങ്ങൾ പരസ്പരം മത്സരിച്ചു. എന്നിട്ട്‌ നന്മയും ആശംസയും നേർന്ന്‌ അയാൾ അയാൾക്കു നിശ്ചയിച്ചിട്ടുളള മുറിയിലേക്കു ഇന്റർവ്യൂവിനു പോയപ്പോൾ, എന്റെ സർട്ടിഫിക്കറ്റുകളും കാശും അവിടെ തന്നെയുണ്ടല്ലോ എന്നു ഞാൻ പരിശോധിച്ചു. ഒരുതരം അബോധകർമ്മം പോലെ അയാളെ ഇഷ്ടപ്പെട്ടപ്പോൾ തന്നെ ശക്തമായി അയാളെ സംശയിക്കുകയും ചെയ്തു. നടന്നു പോകുന്നതിനിടയിൽ അയാൾ, അയാളുടെ ബാഗും, പേഴ്സും ഒക്കെ പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നത്‌ എനിക്കു കാണാമായിരുന്നു.
ഏതായാലും ഇന്റർവ്യൂ കഴിഞ്ഞു തിരിച്ചുപോവുമ്പോൾ, അയാളോടൊപ്പം പോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷെ ഒരു അനിവാര്യതപോലെ തിരിച്ചു എറണാകുളത്തേക്ക്‌ പോവാൻ ഞാൻ കയറിയ അതേ ബസിൽ തന്നെ സുമുഖനും വന്നുകയറി. മനസ്സിൽ അനിഷ്ടം തോന്നിയെങ്കിലും, പെട്ടന്നു തന്നെ ഞാൻ അയാളെ സ്നേഹപൂർവ്വം പിടിച്ച്‌ എന്റെ അരികിലിരുത്തുകയും, പരസ്പരം ചിരിച്ചും, സ്നേഹിച്ചും ഇന്റർവ്യൂവിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്തു.
തുടർന്ന്‌ എറണാകുളം വരെയുളള എട്ടുമണിക്കൂർ ദൂരം, തമിഴ്‌നാട്‌ സർക്കാറിന്റെ ആ ബസ്സിനുളളിൽ ഞങ്ങൾ ചങ്ങാതിമാരായി സംസാരിച്ച്‌ ചേർന്നിരുന്നു യാത്ര ചെയ്തു.  ഇടയ്ക്കിടെ ഉറക്കം വന്നെങ്കിലും, സുമുഖൻ എന്ന ഈ അപരിചിത യുവാവിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ എന്നെ ഏൽപിച്ചുകൊടുക്കുന്നതിലെ ദുരന്തചിന്തയാൽ ഞാൻ കഴിവതും ഉറങ്ങാതിരിക്കാൻ ശ്രമിച്ചു. എപ്പോഴും ഉണർന്നിരിക്കാനും, കൈയ്യിലെ ബാഗ്‌ ചേർത്തുപിടിക്കാനുമുളള നിരന്തരമായ ശ്രമമായി എനിക്ക്‌ തുടർന്നുളള യാത്ര. അയാളും ഉറങ്ങാതിരിക്കാനാണു ശ്രമിക്കുന്നതെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. ഉറക്കം വരുമ്പോഴൊക്കെ പ്രതിരോധത്തോടെ കണ്ണ്‌ തുറന്ന്‌ പിടിക്കുകയും, മോഹൻലാളിനെകുറിച്ചും, ഷാറുഖ്ഖാനെ കുറിച്ചും അയാൾ സംസാരിക്കാനും ശ്രമിച്ചു. ഇങ്ങനെയൊക്കെ സംസാരിക്കുന്നതിനിടയിൽ ഒന്നുരണ്ടു സ്ഥലങ്ങളിൽ ബസ്സ്‌ നിർത്തിയപ്പോഴൊക്കെ അയാൾ ചായയോ, ജ്യൂസോ വാങ്ങികഴിക്കുകയും, ഒപ്പം അതൊക്കെ എനിക്ക്‌ വാഗ്ദാനം ചെയ്യുകയും ചെയ്തു. അയാളിൽ നിന്ന്‌ എന്തെങ്കിലും വാങ്ങി കഴിച്ചാൽ അതിൽ എന്തെങ്കിലും വിഷപ്പൊടി കലർത്തിയിട്ടുണ്ടാകുമോ എന്ന ഭയം എന്നെ ഒന്നും കഴിക്കാതിരിക്കാൻ പ്രേരിപ്പിച്ചു. അഥവാ ചായ കുടിക്കണമെന്ന്‌ തോന്നിയപ്പോൾ, നേരിട്ട്‌ കടയിൽ നിന്ന്‌ വാങ്ങാൻ ഞാൻ ശ്രദ്ധിച്ചു. തിരിച്ച്‌, എന്നോട്‌ എല്ലാ കാര്യങ്ങളേയും കുറിച്ച്‌ അയാൾ സംസാരിച്ചപ്പോഴും ഞാൻ കൊടുത്ത ഒരു ഓറഞ്ചിന്റെ അല്ലിയോ, ബിസ്ക്കറ്റോ സംശയത്തോടെ അയാൾ ഒഴിവാക്കി. അടുത്തിരുന്ന്‌ ഹൃദയം തുറന്ന്‌ സംസാരിച്ച്‌ യാത്ര ചെയ്യുമ്പോഴും പരസ്പരം സൂക്ഷിക്കേണ്ട സംശയത്തിന്റെയും, ഭയപ്പാടിന്റേതുമായ ഒരു ലോകം ഞങ്ങളുടെ ഇടയിൽ തിരിഞ്ഞുകൊണ്ടിരുന്നു.
എട്ടുമണിക്കൂറിന്റെ യാത്ര അവസാനിപ്പിച്ച്‌ ഞങ്ങൾ ബസ്സ്‌ ഇറങ്ങുമ്പോൾ എന്റെ നിതാന്തമായ ജാഗ്രതകൊണ്ട്‌ എനിക്ക്‌ നഷ്ടപ്പെടാതിരുന്നു എന്നു ഞാൻ കരുതുന്ന എന്റെ കറുത്തബാഗും അയാളുടെ ചുവന്നബാഗും ഓരോരുത്തരും നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച്‌ പരസ്പരം കൈ കൊടുത്ത്‌ സ്നേഹത്തോടെ തിരിഞ്ഞു നടന്നു.
വല്ലാത്തൊരു ആശ്വാസത്തോടെ നടക്കുന്നതിനിടയിൽ ഒരു ചായ കടയിൽ തുറന്നുവെച്ചിരിക്കുന്ന എഫ്‌.എം റേഡിയോയിലൂടെ റേഡിയോ ജോക്കികളുടെ രസം പിടിപ്പിക്കുന്ന  പുതിയ കാലത്തെ സൗഹൃദങ്ങളെകുറിച്ചുളള ചർച്ച ഉയർന്നുകേട്ടു. നടന്നകലുന്ന സുമുഖനെ നോക്കി, ഈശ്വരാ ആ പോകുന്നയാൾ ശുത്രവോ മിത്രമോ എന്ന ചിന്തയാൽ ഞാൻ ചിരിക്കാൻ ശ്രമിച്ചു. ഞാനാണോ, അയാളാണോ യഥാർത്ഥ കളളൻ എന്ന ചിന്തയാൽ ഭാരപ്പെട്ട്‌ ഞാൻ അടുത്ത ഇന്റർവ്യൂവിനുവേണ്ടി കാത്തിരുന്നു.

You can share this post!