അഭിമുഖം/നവോത്ഥാനം: അസത്യപ്രസ്താവം ഒഴിവാക്കണം/രവിവർമ്മ തമ്പുരാൻ

ഇമ്പ്രെസ്സിയോ ഡോട്ട് കോമിനുവേണ്ടി എഡിറ്റർ എം കെ ഹരികുമാർ നടത്തിയ അഭിമുഖം

സ്വദേശം ആലപ്പുഴ.ഇപ്പോൾ കോട്ടയത്ത് മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ. അഞ്ച് നോവലുകൾ, രണ്ട് പഠനങ്ങൾ, ഒരു ജീവചരിത്രം, ഏഴ് കഥാ സമാഹാരങ്ങൾ ഉൾപ്പെടെ പതിനഞ്ച് കൃതികൾ. ഭയങ്കരാമുടി, മുടിപ്പേച്ച് എന്നിവ ഉൾപ്പെട്ട നോവൽ പരമ്പരയിലെ മൂന്നാം നോവൽ എഴുതിക്കൊണ്ടിരിക്കുന്നു.

നവോത്ഥാനത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതിയിരിക്കുകയാണല്ലോ.എന്താണ് ഇതിനു പ്രചോദനം ?

പ്രചോദനം എന്നതിനേക്കാളും ഇണങ്ങുക പ്രകോപനം എന്ന വാക്കാണ്. 32 വർഷം പഴക്കമുള്ള ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും 54 വർഷം പഴക്കമുള്ള ഒരു മനുഷ്യൻ എന്ന നിലയിലും വളരെ ആശങ്കയോടെയാണ് ഞാൻ കുറെക്കാലമായി കേരളത്തെ കാണുന്നത്. രാജ്യാന്തര മതതീവ്രവാദം 30 വർഷത്തിലധികമായി കേരളത്തിൽ നടത്തിവരുന്ന ബൗദ്ധിക പ്രവർത്തനങ്ങളുടെയും മസ്തിഷ്‌കമസാജിങ്ങുകളുടെയും ഫലമായി കേരളീയ പൊതുബോധത്തിലെ മുഖ്യവികാരം വെറുപ്പ് ആയിത്തീർന്നിരിക്കുന്നു. തന്റേതല്ലാത്ത ജാതികളെ, മതങ്ങളെ, നിറങ്ങളെ, രാഷ്ട്രീയ ദർശനങ്ങളെ, ചിന്തകളെ, ആചാരങ്ങളെ, വിശ്വാസങ്ങളെ എല്ലാം അപഹസിക്കുകയും വെറുക്കുകയും ചെയ്യുന്ന സ്പർധയുടെ വിത്തുകൾ ഇവിടമെമ്പാടും വിതച്ച് വളർത്തി കൊയ്ത്തുപരുവമാക്കിയിരിക്കുന്നു. ഒരു കൂട്ടർ വെറുപ്പ് വിതയ്ക്കുമ്പോൾ, വംശവിദ്വേഷം പടർത്താൻ തന്ത്രമൊരുക്കുമ്പോൾ… പ്രതിരോധം, നിലനിൽപ്, അതിജീവനം തുടങ്ങിയ പേരുകളിൽ മറ്റുള്ളവരും വെറുപ്പിന്റെ പ്രചാരകരായി തീരുന്നു.   ചിലേടങ്ങളിൽ ഒന്നാം കൊയ്ത്തും രണ്ടാം കൊയ്ത്തുമൊക്കെ കഴിഞ്ഞ് അടുത്ത കൊയ്ത്തിനു സമയം ഒരുക്കിക്കൊണ്ടിരിക്കുന്നു.  ആ പശ്ചാത്തലത്തിലാണ്  മാനവൈക്യം, സമന്വയം, പരസ്പരസ്‌നേഹവിനിമയങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയുള്ള എഴുത്തിന്റെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ച് ഞാൻ ചിന്തിക്കുന്നത്.ആ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ എന്റെ നോവലുകളാണ് ഭയങ്കരാമുടി, പൂജ്യം തുടങ്ങിയവ. ഭയങ്കരാമുടി നോവൽ പരമ്പരയിലെ രണ്ടാം നോവലാണ് മുടിപ്പേച്ച്.

നവോത്ഥാനത്തിൽ താഴ്ന്ന ജാതിയും ഉയർന്ന ജാതിയും എന്ന വേർതിരിവുണ്ടോ ?

ആ വ്യത്യാസം അവസാനിപ്പിക്കാൻ വേണ്ടിയാണ് നവോത്ഥാനനായകർ  പ്രവർത്തിച്ചത്. പ്രഫ. എം. കെ. സാനു ശ്രീനാരായണഗുരുവിന്റെ ജീവചരിത്രത്തിൽ സൂചിപ്പിക്കുന്നതുപോലെ അക്കാലത്ത് ജാതിവ്യവസ്ഥ ഉണ്ടായിരുന്നു. പക്ഷേ, വർഗീയത ഉണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി തുടർന്നു വന്ന ഒരു സാമൂഹിക ക്രമം എന്ന നിലയിൽ ജാതിവ്യവസ്ഥ സ്വാഭാവികമെന്നതുപോലെ നിലനിൽക്കുമ്പോഴാണ് ആദ്യം പോർച്ചുഗീസുകാരും പിന്നീട് ബ്രിട്ടീഷുകാരും അധിനിവേശ ശക്തികളായി ഇവിടേക്കു വന്നത്.  അവരുടെ ലക്ഷ്യങ്ങൾ സാധിച്ചെടുക്കുന്നതിനുവേണ്ടി ജനങ്ങൾക്കിടയിൽ സ്പർധയുടെ വിത്തു വിതച്ചു. അവരുടെ ദുഷ്ടലാക്കിനു വേണ്ടി ഇവിടത്തെ ആളുകളെ തമ്മിലടിപ്പിക്കാൻ തുടങ്ങിയപ്പോൾ വിവിധ ജാതികളിലെ പ്രബുദ്ധത ആർജിച്ച മഹാന്മാർ മേൽജാതി, കീഴ്ജാതി വ്യത്യാസങ്ങളവസാനിപ്പിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. പോർച്ചുഗീസുകാരുടെ പ്രവർത്തനങ്ങളുടെ ആഘാതം കുറയ്ക്കാനാണ് എഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിക്കൊണ്ട്  തന്റേതായൊരു ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നത്. എല്ലാ മനുഷ്യരെയും തുല്യരായി കാണുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷുകാർക്കും അവരോടു ചേർന്നു നിന്ന് അവർക്കനുകൂലമായി പല നിലപാടുകളും സ്വീകരിക്കുന്ന രാജഭരണത്തിനുമെതിരെയാണ് അയ്യാ വൈകുണ്ഠസ്വാമി രംഗത്തു വരുന്നത്. അയ്യാ വൈകുണ്ഠസ്വാമിക്കു പിന്നാലെ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും മന്നത്തു പത്മനാഭനും വി.ടി. ഭട്ടതിരിപ്പാടും ഉൾപ്പെടെ മഹാന്മാരുടെ ഒരു വലിയ നിര നവോത്ഥാനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. ഇവരാരും ഏതെങ്കിലും ഒരു പ്രത്യേകജാതിയോട് വിദ്വേഷമുള്ളവരായിരുന്നില്ല. തങ്ങളുടെ ജാതിയിലെ പുഴുക്കുത്തുകൾ, തങ്ങളുടെ സമുദായക്കാർ കീഴ്ജാതിക്കാരോടു കാട്ടുന്ന വിവേചനം, മേൽജാതിക്കാരിൽ നിന്ന് തങ്ങളുടെ ജാതിക്കാർക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ… ഇവയൊക്കെ അവസാനിപ്പിക്കാനാണ് ഓരോ നവോത്ഥാനനായകനും ശ്രമിച്ചിട്ടുള്ളത്. സംഘർഷമുണ്ടാക്കലോ കീഴ്‌പെടുത്തലോ ജേതാവാകലോ ഒന്നും അവരുടെ ലക്ഷ്യമായിരുന്നില്ല. എല്ലാ മനുഷ്യർക്കും തുല്യനീതി ലഭ്യമാക്കാനുള്ള ആത്മീയ പ്രവർത്തനമായിരുന്നു കേരളീയ നവോത്ഥാനം

നവോത്ഥാന പ്രക്രിയയിൽ ജാതി ഒരു ഘടകമാകുന്നതെങ്ങനെയാണ്

വേർതിരിവുകൾ മാനവസൃഷ്ടിയും ലോകയാഥാർഥ്യവുമാണ്. തങ്ങൾക്കിണങ്ങുമെന്നു തോന്നുന്നവരുമായി കൂട്ടംകൂടാനും അല്ലാത്തവരെ അകറ്റിനിർത്താനുമുള്ള മനുഷ്യന്റെ അടിസ്ഥാനചോദനയാണ് ഈ വേർതിരിവിന്റെ  സൃഷ്ടിരഹസ്യം. ലോകത്ത് മനുഷ്യർ ഉള്ള എല്ലാ സ്ഥലങ്ങളിലും പുരാതനകാലം മുതലേ എന്തിന്റെയെങ്കിലും പേരിലുള്ള വേർതിരിവുകളുണ്ട്. ഇന്ത്യയിൽ ആ വേർതിരിവിനു ലഭിച്ച പേര് ജാതി എന്നായി എന്നു മാത്രം. ചില രാജ്യങ്ങളിൽ നിറമാണ് മനുഷ്യരെ വേർതിരിക്കാനുള്ള ഘടകം. ചിലേടത്ത് വിശ്വാസസൂക്ഷ്മാംശങ്ങൾ. ചിലേടത്ത് ഗോത്രവംശീയതകൾ….മനുഷ്യരെ വേർതിരിച്ചു നിർത്തുന്നതിനെതിരായുള്ള ഉജ്വലവും മഹത്വമാർന്നതുമായ ചിന്താപദ്ധതിയും പ്രവർത്തനബോധ്യവുമാണ് നവോത്ഥാനം.

കേരളീയ നവോത്ഥാനത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് പങ്കില്ലെന്ന് ആരെങ്കിലും ബോധപൂർവ്വം പ്രചരിപ്പിക്കുന്നുണ്ടോ ?

കേരളീയ നവോത്ഥാനം ഏതെങ്കിലും ജാതിയുടെയോ വ്യക്തിയുടെയോ കുടുംബത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം സംഭാവനയല്ല. ഓരോ ജാതിയിലും ഓരോ കുടുംബത്തിലും ഓരോ പ്രദേശത്തും  ഒരേ കാലത്തോ തുടർച്ചയായ കുറെയേറെ കാലങ്ങളിലോ ആയി നടന്ന പരിഷ്‌കരണ പ്രസ്ഥാനമാണത്. പക്ഷേ, ഒരു കൂട്ടം ആളുകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തി മറ്റൊരു കൂട്ടർ നേടിയെടുത്ത സ്വാതന്ത്ര്യമാണ് നവോത്ഥാനം എന്ന മട്ടിലാണ് നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണമത്രയും. ദുരുദ്ദേശ്യപരമാണവ. യഥാർഥ നവോത്ഥാനത്തിൽ നിന്നും മുൻകാല നവോത്ഥാനനായകർ നേടിത്തന്ന നന്മകളിൽ നിന്നും നമ്മെ പിന്നോട്ടു നടത്താനേ അത്തരം വ്യാജപ്രചാരണങ്ങൾ സഹായിക്കൂ. അവർ പറയുന്നതു പ്രകാരമാണെങ്കിൽ സാമൂഹികമാറ്റങ്ങളെ ഉയർന്ന ജാതിയിൽപെട്ടവർ ഒറ്റക്കെട്ടായി എതിർത്തുനിന്നിട്ടുണ്ടാവണം.  ഇത് തെറ്റാണ്.

അക്കാലത്ത് എല്ലാ ജാതികളും മറ്റേതെങ്കിലും  ജാതിയുമായോ ജാതികളുമായോ തട്ടിച്ചുനോക്കിയാൽ മേൽജാതിക്കാരായിരുന്നു. ബ്രാഹ്‌മണർ എല്ലാ ജാതിക്കാർക്കും മേൽജാതിയാണെങ്കിൽ ക്ഷത്രിയർ, നായർ, ഈഴവർ, പുലയർ തുടങ്ങി പിന്നീടുള്ള എല്ലാ ജാതികളും അവർക്കു താഴെയുള്ളവരെ തങ്ങളേക്കാൾ കുറഞ്ഞവരായാണ് കണക്കാക്കിയത്.  മേൽജാതിയിൽ നിന്നുള്ള വിവേചനത്തെ മാത്രമല്ല കീഴ്ജാതിക്കാരോട് തങ്ങളുടെ സമുദായത്തിൽപെട്ടവർ കാട്ടുന്ന വിവേചനത്തെയും അനീതിയായി കാണാനുള്ള വലിയ മനസ്സ് നമ്മുടെ നവോത്ഥാനനായകർക്കെല്ലാമുണ്ടായിരുന്നു. ബ്രാഹ്‌മണർ മുതൽ സാംബവർ( അക്കാലത്ത് പറയർ) വരെയുള്ള സമുദായങ്ങളിൽ നവോത്ഥാനനായകർ ഉദയം ചെയ്തത് അതുകൊണ്ടാണ്. ചിലയാളുകളും ചില പ്രസ്ഥാനങ്ങളും ബോധപൂർവമായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങളാണ് സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്. ഈ തെറ്റിദ്ധാരണ തിരുത്തിക്കാനാണ് മുടിപ്പേച്ച് എഴുതിയത്.

താങ്കളുടെ കാഴ്ചപ്പാടിൽ നവോത്ഥാനത്തിന്റെ ഗുണഭോക്താക്കൾ  ആരാണ് ?

കേരളം, ഇന്ത്യ, ലോകം. കേരള നവോത്ഥാനനായകരിൽ ബഹുഭൂരിപക്ഷം പേരും എഴുത്തുകാരായിരുന്നു. അവർ എഴുതിയ അക്ഷരങ്ങൾ മലയാളത്തിലെ സാഹിത്യത്തെയും കലയെയും സംഗീതത്തെയുമൊക്കെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജാതിവ്യവസ്ഥ അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നില്ല നവോത്ഥാന നായകർക്കുണ്ടായിരുന്നത്.  ബാഹ്യശുദ്ധി, ആന്തരികശുദ്ധി, ആരോഗ്യസംരക്ഷണം, ജ്ഞാനസമ്പാദനം,  കുടുംബജീവിതം, സമത്വചിന്ത, അവസരങ്ങളുടെ വിനിയോഗവും വീതംവയ്ക്കലും, പട്ടിണി മാറ്റൽ തുടങ്ങി വിവിധങ്ങളായ മേഖലകളിൽ ഓരോ നവോത്ഥാനനായകന്റെയും ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. അതനുസരിച്ച് അവർ പ്രവർത്തനം ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. അതിന്റെ പ്രയോജനം കേരളത്തിനു കിട്ടിയതുകൊണ്ടാണ് ലോകനിലവാരത്തിനൊപ്പം എത്താനും മറ്റുള്ളവരുടെ മുമ്പിൽ ഏറ്റവും പുരോഗമിക്കപ്പെട്ടൊരു ജനതയായി നിലനിൽക്കാനും നമുക്കു കഴിയുന്നത്. കേരള ജനത ആർജിച്ച നവോത്ഥാനനിലവാരം രാജ്യത്തിനും ലോകത്തിനും പ്രയോജനപ്പെടുന്നത് നമ്മൾ എല്ലായിടത്തേക്കും നിരന്തരം കടന്നുചെല്ലുന്നതുകൊണ്ടാണ്. അങ്ങനെ കയറികയറിപ്പോകാനുള്ള ധൈര്യം നമുക്കു തന്നത് നവോത്ഥാനമാണ്.

നവമാധ്യമ കാലത്ത് ജാതി, മതം തുടങ്ങിയവ അഭിമാനമായി ഉയർന്നു വരുന്നുണ്ടോ? അത് സാമൂഹിക ബോധഘടനയെ എങ്ങനെയാണ് ബാധിക്കുന്നത് ?

ജാതി, മതം തുടങ്ങിയവയുടെ കാർക്കശ്യം കുറയുകയും മിശ്രവിവാഹങ്ങളും മിശ്രജീവിതങ്ങളും കേരളീയ സാമൂഹിക ഘടനയുടെ ഭാഗമാകുകയും ചെയ്തു കൊണ്ടിരിക്കവെയാണ് നേരത്തെ സൂചിപ്പിച്ച രാജ്യാന്തര മതതീവ്രവാദം കേരളത്തെ അതിന്റെ ബൗദ്ധിക പരിവർത്തനങ്ങളുടെ പണിശാലയായി കണ്ട് പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അതിന്റെ ഫലമായി കേരളത്തിലെ ജനങ്ങൾക്കിടയിൽ ജാതിപരവും മതപരവുമായ സ്വത്വബോധവും ഇതര ജാതി, മതങ്ങളോടുള്ള വിദ്വേഷവും വർധിച്ചിട്ടുണ്ടെന്നതു സത്യമാണ്. ഈ വിഷപ്രയോഗത്തിനും വിദ്വേഷപ്രചാരണത്തിനും   നവമാധ്യമങ്ങൾ വലിയ സഹായം ചെയ്തിട്ടുണ്ടെന്നതും ശരി തന്നെ. പക്ഷേ, നവമാധ്യമങ്ങളാണത് സാധിച്ചെടുത്തത് എന്നു ഞാൻ പറയില്ല. ഈ വിദ്വേഷപ്രചാരണങ്ങൾക്കെതിരെ അണിനിരക്കാനാഗ്രഹിക്കുന്ന മാനവികതയുടെ നാവുകൾക്കുള്ള അനായാസ വേദിയും നവമാധ്യമങ്ങൾ തന്നെ. 

മുടിപ്പേച്ച് എന്ന് പേരിടാൻ എന്താണ് കാരണം ?
നന്മയും തിന്മയും തമ്മിലുള്ള യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കലാരൂപമാണ് മുടിപ്പേച്ച്. മധ്യതിരുവിതാംകൂറിലെ ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ അതുണ്ട്. ചിലേടത്ത് അതിന് പറയുന്ന പേര് മുടിയേറ്റ് എന്നാണ്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം നടക്കുന്ന ഭയങ്കരാമുടിയായി കേരളത്തെ  കണ്ടാണ് നോവൽ എഴുതിയിരിക്കുന്നത്.

ഈ നോവൽ എങ്ങനെയാണ് വായിക്കപ്പെട്ടത്?വിമത ശബ്ദങ്ങൾ ?

കേരളം കാത്തിരുന്നതും അടിയന്തരമായി സംഭവിക്കേണ്ടിയിരുന്നതുമായ ഒരു പുസ്തകം എന്നാണ് വായിച്ച മിക്ക ആളുകളുടെയും അഭിപ്രായം. പുസ്തകത്തെ നിഷേധിക്കുന്ന  അഭിപ്രായം ഒരിടത്തുനിന്നും കേൾക്കാനിടയായിട്ടില്ല. കേരളത്തിന്റെ 500 വർഷത്തെ ചരിത്രം കടന്നുവരുന്ന പുസ്തകം നോവലായിട്ടായിരുന്നില്ല, മറിച്ച് ചരിത്രപുസ്തകം എന്ന വിശേഷണത്തോടെയാണ്  പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് എന്ന് ചിലയാളുകൾ വിമർശിച്ചു. ചിലർ റഫറൻസ് ഗ്രന്ഥം എന്നു പറഞ്ഞു. പക്ഷേ, അത്തരം വിമർശനങ്ങൾ പറഞ്ഞ ചുരുക്കം ആളുകൾ പോലും പുസ്തകത്തിന്റെ പ്രസക്തിയോ രചനാമികവോ ചോദ്യം ചെയ്തിട്ടില്ല.

എന്തുകൊണ്ടാണ്ടാണ് നമ്മുടെ പാരമ്പര്യത്തിലെ പ്രമുഖരായ പല എഴുത്തുകാരും മത തീവ്രവാദം എന്ന വിഷയത്തെ തൊടാതെ മാറി നിന്നത് ?

രാജ്യാന്തര മത തീവ്രവാദം കേരളത്തിൽ അതിന്റെ പ്രഥമ പ്രവർത്തനരംഗമാക്കിയത് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളെയാണ്. ആ മേഖലകളിൽ പ്രവർത്തിക്കുന്ന ചിലരെങ്കിലും തീവ്രവാദത്തിന്റെ ഗുണഭോക്താക്കളോ അഭ്യുദയകാംക്ഷികളോ ആണ്. അവരുമായി സഹവസിച്ചും ഇടപഴകിയും കഴിയുന്ന മറ്റുള്ളവരും തന്ത്രപരമോ നിസ്സഹായമോ ആയ മൗനം അവലംബിക്കുന്നു. സ്വകാര്യമായും ഒറ്റയ്‌ക്കൊറ്റയ്ക്കും മതതീവ്രവാദത്തെ എതിർക്കുന്നവർ പോലും പരസ്യമായി പറയാനോ എഴുതാനോ തയാറാവുന്നില്ല എന്നത് ദുഃഖകരമാണ്. ഒറ്റപ്പെട്ട രീതിയിൽ ആരെങ്കിലും മുതിർന്നാൽ അവരെ അവഗണിക്കാനും  തമസ്‌കരിക്കാനും ഒക്കെയുള്ള ശ്രമങ്ങളുമുണ്ട്.

ഈ കാര്യത്തിൽ,കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടെന്താണ് ,എങ്ങനെ കാണുന്നു

മതതീവ്രവാദത്തെ നിസ്സാരമായി കാണുന്ന ശുദ്ധാത്മാക്കളും തീവ്രചിന്തക്കാർക്ക് ഇന്ധനം പകരുന്ന പ്രായോഗികവാദികളും തീവ്രവാദത്തിന്റെയും സ്പർധയുടെയും ഗുണഭോക്താക്കളും ബദൽതീവ്രവാദക്കാരുമൊക്കെ ചേരുന്നതാണ് നിർഭാഗ്യവശാൽ വർത്തമാനകേരളത്തിലെ രാഷ്ട്രീയ രംഗം. അടിയന്തര ശുദ്ധീകരണം നടന്നില്ലെങ്കിൽ കേരളത്തിലെ പല രാഷ്ട്രീയ പാർട്ടികളും പ്രസക്തി നഷ്ടപ്പെട്ട് നോക്കുകുത്തികളായി മാറുന്ന കാലം അധികമകലെയല്ല. അവരുടെ പ്രസക്തി നഷ്ടപ്പെടുക മാത്രമാണെങ്കിൽ പോട്ടേന്നു വയ്ക്കാം. പക്ഷേ, അവരുടെ ഉത്തരവാദിത്തമില്ലായ്മ മൂലം ഈ നാടിനുണ്ടാകുന്ന സമാധാനക്കേടുകൾക്കും നാശനഷ്ടങ്ങൾക്കും ആര് ഉത്തരം പറയും? 

home link

m k harikumar malayalam day special

You can share this post!