നവവത്സരപതിപ്പ് 2022 /ഇല്ല ഒന്നുമെടുത്തിട്ടില്ല/സഞ്ജയ്നാഥ്

ഒരിക്കൽ കൂടി നീ എന്റെ
വീട്ടിലേക്കൊന്നു വരിക.
നനഞ്ഞ മണ്ണ് ചവുട്ടി ഇത്തിരി
നേരം നില്കുക.
എന്റെ സ്വപ്നങ്ങളുടെ പിടയ്കുന്ന വാൽത്തുണ്ടുകൾ
നിനക്ക് കാണാവും.
എന്റെ വാതിൽപ്പടിയിൽ ഒന്നു
തൊട്ടുനോക്കുക
മരിച്ചു പോയെന്ന് നീ കരുതുന്ന
എന്റെ ജീവന്റെ കരച്ചിൽ കേൾക്കാം.
നനഞ്ഞ പാദങ്ങൾ പതിഞ്ഞ
ഇടനാഴികൾ ,
കിലുകിലെ ചിരിയ്കുന്ന പാവക്കുട്ടികൾ,
വക്ക് പൊട്ടിയ സ്ലേറ്റ്
ഒടിഞ്ഞ കല്ല് പെൻസിലുകൾ
ഇളം റോസിൽ പൂക്കൾ
പടർന്ന ഫ്രോക്ക്
മൈലാഞ്ചി ചോപ്പുള്ള
കുഞ്ഞ് വിരലുകൾ
ഒരു മിഴിനിറയെ
കണ്ട കിനാവുകൾ.
പ്രണയ സല്ലാപങ്ങളുടെ
കുറുമൊഴികൾ
ചുവന്ന വട്ടം പടർന്നൊരു
പുള്ളിപ്പാവാട
അരുതേകൾ കൊണ്ട് തീർത്ത
വേലിക്കെട്ടുകൾ.
വിലപേശലുകളിലുറഞ്ഞ് പോയ
മുഴക്കമുള്ള മൗനങ്ങൾ
പിണക്കങ്ങൾ ,കലമ്പലുകൾ
കലഹങ്ങൾ ..
തൊട്ടുനോക്കുക ഒരിയ്കൽ കൂടി.
ഇല്ല,ഒന്നുമെടുത്തിട്ടില്ല
നീ തന്ന മുറിവുകളൊഴികെ
പ്രണയ പകർച്ചയിൽ നിന്റെ
ചുംബനങ്ങളുടെ ചൂടൊഴികെ.
എന്റെ ഹൃദയത്തിലേക്ക് നീ വെട്ടി താഴ്ത്തിയ കിണറിലേക്കിറങ്ങാതെ മടങ്ങുക.
എന്റെ കണ്ണ്നീർ വീണ് പൊള്ളിയ കിടക്കമേലിരിക്കുക
വിരൽ നീട്ടിതൊടുക.
ഇല്ല ,ഒന്നുമെടുത്തിട്ടില്ല.
നീ തന്ന മുറിവുകളൊഴികെ.
കണ്ണാടി മേലെ കാണുന്ന രൂപം നിന്റേത് തന്നെയെന്നുറപ്പിച്ച് മടങ്ങുക. ………
എന്റെ ഹൃദയത്തിലേക്ക് നീ വെട്ടിയ കിണറുകൾ കാണാതെ.
ഇല്ല ,ഒന്നുമെടുത്തിട്ടില്ല. …..

home

You can share this post!