എം.എൻ.ചന്ദ്രൻ സമഭാവനയിൽ ജീവിച്ച പൊതുപ്രവർത്തകൻ: എം.കെ.ഹരികുമാർ 

റിപ്പോർട്ട് :എൻ.രവി 

പറവൂർ: സാംസ്കാരിക, സാഹിത്യ പ്രവർത്തനത്തിൽ സമചിത്തതയും സഹവർത്തിത്വവും സാഹോദര്യവും  ആദർശങ്ങളായി ഉണ്ടാകണമെന്ന് ചിന്തകനും സാഹിത്യവിമർശകനുമായ  എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

എം.എൻ.ചന്ദ്രൻ ഫൗണ്ടേഷൻ പറവൂർ തട്ടാംപടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. കൊടുവഴങ്ങ ബാലകൃഷ്ണൻ ,എം.എ.പ്രദീപ് ,പോൾസൺ ഗോപുരത്തിങ്കൽ പി.കെ.മണി എന്നിവർ സമീപം 

വടക്കൻ പറവൂർ തട്ടാംപടിയിൽ രാഷ്ട്രീയ ,സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരുന്ന എം.എൻ. ചന്ദ്രൻ്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് എം. എൻ. ചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എപ്പോഴും ഒരേ മാനസികാവസ്ഥയും സൗഹാർദവും ഉണ്ടായിരിക്കുന്നതാണ് പൊതുപ്രവർത്തകന്റെ ഗുണം. അയാളുടെ ആദർശത്തെ സുന്ദരമാക്കുന്നത് അതാണ് .എം. എൻ. ചന്ദ്രനുമായുള്ള സൗഹൃദം നന്നായി അനുഭവിച്ചിട്ടുണ്ട്. അദ്ദേഹം ഏത് സമയത്ത് വിളിച്ചാലും ഒരേ പോലെ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. സ്വതസിദ്ധമായ  നല്ല പെരുമാറ്റമായിരുന്നു അത് .കലർപ്പില്ലാതെ സ്നേഹിച്ചതു കൊണ്ടാണ് വിടവാങ്ങി പത്തുവർഷം കഴിഞ്ഞിട്ടും പറവൂരിലെ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുന്നത് -ഹരികുമാർ പറഞ്ഞു. 

സാഹിത്യ,സാംസ്കാരിക മണ്ഡലത്തിൽ സമതുലിതമായ ഒരു വീക്ഷണം ഇപ്പോഴില്ല. ശക്തിയുള്ളവർ അവരുടെ ഇഷ്ടം പോലെ പലതിനെയും വ്യാഖ്യാനിക്കുന്നു. സാമൂഹ്യബോധവും സാമൂഹ്യചരിത്രവും വിസ്മരിക്കപ്പെടുകയാണ് .ഇന്നത്തെ നല്ല വിഭാഗം എഴുത്തുകാർക്കും വൈക്കം സത്യാഗ്രഹത്തെപ്പറ്റി വിവരമില്ല .അവർ അതിനെപ്പറ്റി ഒന്നും എഴുതുന്നില്ല .അധ:സ്ഥിത ജനതയുടെ ഉയർത്തെഴുന്നേൽപ്പ് ഇനിയും ഇവിടെ സാധ്യമായിട്ടില്ല. ഈ വിഭാഗത്തിൽപ്പെട്ട ധാരാളം പേർ കലാ ,സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർക്ക് പൊതുസമൂഹത്തിൻ്റെ ആദരവ് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. വലിയ പുരസ്കാരങ്ങളും പദവികളും സമൂഹത്തിലെ പ്രബലർ  കൊണ്ടുപോകുകയാണ്. അതുകൊണ്ട് എം. എൻ. ചന്ദ്രൻ ഫൗണ്ടേഷനോട് പറയാനുള്ളത് ഇതാണ് .നിങ്ങൾ അധ:സ്ഥിതവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഈ സാംസ്കാരിക സദ്യയിൽ ഒരിലയിട്ട് വിളമ്പണം. സാമൂഹ്യമായ പ്രാതിനിധ്യം  ജനാധിപത്യത്തിന്റെ ആവശ്യമാണ്. ജീർണവും മലിനവുമായത് എവിടെ കണ്ടാലും അത് തൻ്റേതല്ലെന്ന്  പറയാൻ എഴുത്തുകാരന് കഴിയണം. അപ്പോഴാണ് അവൻ ശുദ്ധി നേടുന്നത്- ഹരികുമാർ പറഞ്ഞു.

ഓർമ്മകൾ നമ്മുടെ ഏറ്റവും വലിയ സംസ്കാരമാണ്. ഓർമ്മിക്കാൻ പലതുമുള്ളതുകൊണ്ടാണ് നമുക്ക് ജീവിക്കാനാകുന്നത്. ഓർക്കുന്നത് സ്നേഹത്തിന്റെ ഒരു പ്രവർത്തനമാണ്. എന്നാൽ ഇപ്പോൾ ഓർമ്മകൾ നിർജീവമായിരിക്കുകയാണ്.നമ്മൾ എല്ലാം മറക്കുകയാണ്. എന്നിട്ട് നമ്മൾ മാത്രമായി തീരുന്നു. ഇതിനെതിരെയാണ് സാംസ്കാരിക പ്രവർത്തകർ നീങ്ങേണ്ടത്. പൂർവ്വകാലത്തിൽ നിന്ന് ഊർജ്ജം സംഭരിക്കണം .താഴെ വീണവർക്കെല്ലാം നിവർന്നു നില്ക്കാനുള്ള ഒരിടം കൊടുക്കുന്ന തരത്തിൽ ലക്ഷ്യബോധത്തോടെ ഉണരണം. ഒരു സാംസ്കാരിക സംഘമാകണമെങ്കിൽ എഴുതിയാൽ മാത്രം പോരാ, എഴുതുന്നത് പ്രസിദ്ധീകരിക്കാൻ പുസ്തകശാല ഉണ്ടാകണം .കേരളത്തിലെ നിലം പതിഞ്ഞ വിഭാഗങ്ങൾക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരു  സ്ഥാപനമില്ല -ഹരികുമാർ പറഞ്ഞു.

കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.അശോക് കുമാർ പി.ഡി ,പി.കെ.മണി ,എം.എ.പ്രദീപ് ,കെ.ബി.സജീവ് ,എം.എ.നന്ദനൻ ,വാർഡ് മെമ്പർ പോൾസൺ ഗോപുരത്തിങ്കൽ ,കെ.ആർ. പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. 

You can share this post!