കൂത്താട്ടുകുളം, ആറൂർ: വേഗത്തിൻ്റെയും ധനത്തിൻ്റെയും പിന്നാലെയുള്ള പാച്ചിലിനിടയിൽ ജീവിതത്തിൽ സമയത്തെക്കുറിച്ചുള്ള അവബോധം തമസ്കരിക്കപ്പെട്ടതായി വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.
ആറൂർ ഹൈസ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പണത്തേക്കാൾ മൂല്യമുള്ളതാണ് സമയമെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇന്നലെ നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാൻ പണം എത്രയുണ്ടായാലും മതിയാവുകയില്ല. സമയം പോയിക്കൊണ്ടിരിക്കുകയാണ്. അത് തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെടുകയാണ്. സമയത്തിന് പകരം നമുക്ക് മറ്റെന്താണുള്ളത്? ഒരു നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ട്. സമയം പാഴാക്കാതിരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വൈകുന്നു .വായനയുടെ നാനാവിധ ഉപയോഗങ്ങളിലൊന്നാണ് സമയബോധമെന്ന് ഹരികുമാർ പറഞ്ഞു .
നഷ്ടപ്പെടുന്ന സമയത്തെക്കുറിച്ച് ബോധമുണ്ടായാൽ മാത്രമേ വായനയുടെ അനിവാര്യത ബോധ്യമാകുകയുള്ളു. പുസ്തകം വായിക്കണമെന്ന് സർക്കാർ പറഞ്ഞതുകൊണ്ടാണ് നമ്മൾ ഈ വാരം ആചരിക്കുന്നത്. എന്നാൽ നമുക്ക് ഓരോരുത്തർക്കും ഇത് തോന്നണം. വായിക്കുന്നത് പണമുണ്ടാക്കാനല്ല .ഒരു ജോലിയല്ല അത്. രാവിലെ മുതൽ വൈകിട്ട് വരെ പുസ്തകങ്ങൾ വായിച്ചു തള്ളുന്നതല്ല വായനകൊണ്ട് ഉദ്ദേശിക്കുന്നത് .അത് നമ്മുടെ ഒരു അഭിരുചിയാവണം, വികാരമാവണം. നമ്മൾ ജീവിച്ചിരിക്കുന്നതിൻ്റെ മനോഹരമായ ഒരു കാരണമതാകണം. ഏത് തൊഴിൽ ചെയ്യുന്നവർക്കും അവരവരുടെ അഭിരുചിയും വായനയുമാണ് ഉണ്ടാകേണ്ടത്. ഡോക്ടർമാരോ പ്രൊഫഷണലുകളോ തൊഴിലിൻ്റെ ഭാഗമല്ലാതെയുള്ള വായനയും വികസിപ്പിക്കുകയാണെങ്കിൽ അത് തങ്ങളുടെ വീക്ഷണപരമായ കാര്യങ്ങളിൽ മൂല്യപരമായി സഹായിക്കും. പുസ്തകം വായിക്കുന്നത് സംസ്കാരമാകണം. അത് മറ്റൊരാളുടെ ആവശ്യമല്ല – ഹരികുമാർ പറഞ്ഞു.
മൃണാൾ സെൻ എന്ന പ്രശസ്തനായ ഇന്ത്യൻ സംവിധായകൻ ഉണ്ടായതിനു പിന്നിൽ ഒരു പുസ്തകമാണെന്ന് എത്രപേർക്കറിയാം? സൗണ്ട് റെക്കോർഡിങ്ങിനെക്കുറിച്ച് തൊഴിൽപരമായി പഠിക്കാൻ കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ പോയ മൃണാൾ സെൻ യാദൃശ്ചികമായാണ് റുഡോൾഫ് അർണീം എഴുതിയ Film as Art എന്ന പുസ്തകം കാണാനിടയായത് .അദ്ദേഹം അതീവ താല്പര്യത്തോടെ അത് വായിച്ചു. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം വായിച്ച ആദ്യപുസ്തകമാണത്. സിനിമയ്ക്ക് സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ടെന്ന് അപ്പോഴാണ് സെൻ മനസിലാക്കുന്നത്. വായനയുടെ ഫലമായാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ആശയങ്ങൾ രൂപപ്പെട്ടതെന്ന് ഹരികുമാർ ഓർമ്മിപ്പിച്ചു.
മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുടെ ലേഖനങ്ങൾ വായിച്ചും അദ്ദേഹവുമായി കത്തിടപാടുകൾ നടത്തിയുമാണ് ഗാന്ധിജി അഹിംസ എന്ന സമരമുറ കണ്ടെത്തിയത്. അത് ടോൾസ്റ്റോയിയുടെ നിർദ്ദേശമായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി അത് പ്രായോഗികമായി പരീക്ഷിച്ചു. അതാണ് പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെയും മുഖ്യമായ ആയുധമായി മാറിയത്. അധികാരങ്ങളുള്ള ഒരു ഭരണകൂടത്തോട് ആയുധങ്ങൾ കൊണ്ട് പോരാടുന്നത് കൂടുതൽ ഹിംസയും മരണവുമുണ്ടാക്കുമെന്ന ധാരണ ഗാന്ധിജിക്കുണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ വായനയുടെ പ്രത്യേകതകൊണ്ടാണ് അങ്ങനെയുള്ള ഉപകരണങ്ങൾ കണ്ടെത്തപ്പെടുന്നത്. നിസ്സഹകരണമാണ് മറ്റൊരു പ്രധാന ആശയമായി ഗാന്ധിജി സ്വീകരിച്ചത്. സിവിൾ ഡിസ്ഒബീഡിയൻസ് എന്ന പേരിൽ അമേരിക്കൻ പ്രകൃതിസ്നേഹിയും എഴുത്തുകാരനുമായ ഹെൻറി ഡേവിഡ് തോറോ എഴുതിയ ലേഖനമാണ് ഗാന്ധിജിയെ പ്രചോദിപ്പിച്ചത്. അത് അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ ഉപയോഗിച്ചു. ബ്രിട്ടീഷുകാരോടുള്ള വിയോജിപ്പ് അവരുടെ നിയമങ്ങളോട് നിസ്സഹകരിച്ചുകൊണ്ടാണ് ഗാന്ധിജി നടപ്പാക്കിയത്. അവർ പ്രക്ഷുബ്ധരായപ്പോൾ ഗാന്ധിജി ദൃഢനിശ്ചയമുള്ള സത്യഗ്രഹ സമരങ്ങൾ സംഘടിപ്പിച്ചു. സത്യഗ്രഹം അഹിംസയാണ് .ഗാന്ധിജി വായനയിലൂടെ സ്വരൂപിച്ച മറ്റൊരു ചിന്തയാണ് സർവ്വോദയം .Unto This Last എന്ന പേരിൽ ബ്രിട്ടീഷ് സാമ്പത്തികചിന്തകൻ ജോൺ റസ്കിൻ എഴുതിയ ഒരു ലേഖനമാണ് ഗാന്ധിജിയെ അതിലേക്ക് നയിച്ചത് .അദ്ദേഹം അതിനെ സർവോദയം എന്ന പരിഭാഷപ്പെടുത്തി. അവസാനത്തെ ആളിൻ്റെ വരെ വിമോചനമാണ് സർവോദയം .എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നതാണ് ആ ആശയത്തിനു പിന്നിലുള്ള താൽപര്യം. ദരിദ്രരായ ഇന്ത്യക്കാരെ നോക്കി ഗാന്ധിജി അത് പ്രതിജ്ഞയായി ഉയർത്തിപ്പിടിച്ചു.സർവ്വോദയവും നിസ്സഹകരണവും അഹിംസയും ഗാന്ധിജി വായനയിലൂടെയാണ് കണ്ടെത്തിയത്. അദ്ദേഹം വായിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ വേറൊരു ഗതിക്കാകുമായിരുന്നു .തൻ്റെ ചിന്തകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഗാന്ധിജി ‘യംഗ് ഇന്ത്യ’ പോലുള്ള പത്രങ്ങൾ ആരംഭിച്ചത്. അതിൽ ഗാന്ധിജി തന്നെയാണ് എഴുതിയത്. ഗാന്ധിജിയുടെ കൃതികളുടെ നൂറു വാല്യങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട് -ഹരികുമാർ ചൂണ്ടിക്കാട്ടി.
ഇന്നും നമ്മുടെ സാമൂഹ്യ, സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിൽ ഗാന്ധിജിയുടെ സർവ്വോദയവും അഹിംസയും ബാലികേറാമലകളായി ഉയർന്നു നിൽക്കുകയാണ്. ആ വീക്ഷണം നമ്മുടെ പൊതുമണ്ഡലത്തിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു.തനിക്കു മാത്രം ഭക്ഷണവും പാർപ്പിടവും വസ്ത്രവും ഉണ്ടായാൽ പോര, എല്ലാവർക്കും വേണമെന്ന് ശഠിച്ച് ഗാന്ധിജി തൻ്റെ ഷർട്ട് ഉപേക്ഷിച്ച് ഒരു ഒറ്റമുണ്ട് മാത്രം ചുറ്റിനടന്നു. ഇതാണ് അദ്ദേഹത്തെ മഹാത്മാവാക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ ആശയങ്ങളെ തിരസ്കരിച്ച് എല്ലാം തനിക്ക് മാത്രം മതിയെന്ന ദുഷ്ചിന്ത വ്യാപകമാകുകയാണ്. സാഹിത്യത്തിലും മറ്റു മേഖലകളിലും തനിക്കു മാത്രം അവാർഡ് ,പണം ,പദവി എന്ന ചിന്ത പ്രബലമാവുന്നുണ്ട്. വായനയുടെ സദ് ഫലങ്ങൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു -ഹരികുമാർ പറഞ്ഞു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
ക്ലാസ്തല സാഹിത്യമത്സരങ്ങളിൽ വിജയികളായവർക്ക് എം.കെ.ഹരികുമാർ സാക്ഷ്യപത്രവും സമ്മാനവും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ദീപ ഡി. പിള്ള സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിജോയ് കെ.എസ്. നന്ദിയും പറഞ്ഞു.