എന്റെ ഉന്മാദങ്ങളും വിഷാദങ്ങളും

ശ്രീപാർവ്വതി
”നിലവിളികൾ നാല് ചുവരുകൾക്കുള്ളിൽ നിന്നും പരസ്പരം ഇടിച്ചുരുകി, പ്രാണ വായുവിന്റെ നേർത്ത ഗന്ധങ്ങളിലേക്ക് വന്നു ചേർന്നു. പിന്നെയൊരിക്കലും ഒരു പെണ്ണാണെന്നല്ലാതെ ഒരു മനുഷ്യനാണെന്ന് ചിന്തകൾ ഉണ്ടായിട്ടേയില്ലായിരുന്നുവല്ലോ… ഭയത്തിന്റെ തേരട്ടകൾ ഇഴഞ്ഞിട്ടല്ലാതെ അത്രമേൽ ഏകാന്തവതിയായി നിമിഷങ്ങൾ മുന്നോട്ടു നീക്കാതെയും ആകുമായിരുന്നില്ലല്ലോ! പക്ഷെ അതിനു ശേഷം ഞാൻ ശരിക്കും ഉന്മാദികളുടെ പാട്ടു പുസ്തകത്തിലെ ആരും ആലപിക്കാത്ത ഒരു ഖവാലിയായി തീർന്നു.”
എനിക്കെന്നെയാണ് നിർവ്വചിക്കേണ്ടത്! എന്റെ ഉന്മാദങ്ങളെയും വിഷാദങ്ങളെയുമാണ് നിർവ്വചിക്കേണ്ടത്! പക്ഷെ അതിനു മുൻപ് എന്നോട് തന്നെ ചോദിക്കേണ്ട ചോദ്യം ഞാനാരാണ് എന്നത് മാത്രമാണ്. എത്രയാഴത്തിൽ അന്വേഷിച്ചാണ് ഉത്തരങ്ങൾ തേടി വരുക! ഒരുപക്ഷെ അത് തിരക്കി വരണം എന്ന് തന്നെയില്ല. എന്നാൽ അതിൽ നിന്നാണല്ലോ ഇതേ ഉന്മാദങ്ങളെയും വിഷാദങ്ങളെയും കണ്ടെത്തേണ്ടത്!
പെണ്ണായി ജനിക്കപ്പെട്ടവളായിരുന്നുവോ? ആണും പെണ്ണും എന്നീ ലിംഗപദങ്ങൾ എന്നാണു മനസിലായി തുടങ്ങിയതെന്ന് ഇപ്പോൾ മാത്രമാണ് ആലോചിക്കുന്നത്. ചുറ്റുപാടും പെൺകുട്ടികൾ അധികം ഇല്ലാഞ്ഞതിനാലാകാം അയൽക്കാരുടെ സ്നേഹവും വാത്സല്യവും ആവശ്യത്തിലുമധികം കിട്ടി വളരുമ്പോൾ എവിടെയോ വച്ച് തിരിച്ചറിവ് ഉണ്ടാവുകയാണ്, അതേ ഞാനൊരു പെൺകുട്ടിയാണ്. പെണ്ണിന് മാത്രമുള്ള ചുവന്നു തുടുക്കലുകളെ കുറിച്ച് എങ്ങു നിന്നും കേട്ട അറിവുണ്ടായിരുന്നതേയില്ല. പെട്ടെന്നൊരു ദിവസം ഏറ്റവും നിർവികാരമായ ഒരു ഓർമ്മ പോലെ നിറഭേദങ്ങളിൽ ഞാൻ വലിയ കുട്ടിയായെന്നു ‘അമ്മ അവകാശപ്പെട്ടു.
ഞാൻ അംഗീകരിച്ചു!
അംഗീകരിക്കാതിരിക്കാൻ എന്റെ കയ്യിൽ തെളിവുകളൊന്നുമേ ഉണ്ടായിരുന്നതേയില്ലല്ലോ! പക്ഷെ പെണ്ണായിരിക്കുന്നതിന്റെ ആനന്ദങ്ങളെ കുറിച്ച് അതിനു ശേഷമാണ് അറിഞ്ഞു തുടങ്ങിയെന്നത് കൊണ്ട് ആ വിശേഷണം സ്വീകരിക്കാതെയിരിക്കാൻ പറ്റുമായിരുന്നുമില്ല.
കിറുക്കികളുടെ രാജകുമാരിയെന്നു പഠനമുറിയിലെ വലതു വശത്തെ ഭിത്തിയിൽ എഴുതി നിറങ്ങളാൽ വരച്ചു വയ്ക്കുമ്പോൾ സ്വയം ഭ്രാന്തമായ ഒരാവേശം ഉള്ളിൽ നിറഞ്ഞു തുളുമ്പുന്നത് അറിഞ്ഞിരുന്നു. ഏതു ആൾക്കൂട്ടത്തിന്റെ നടുവിലും ക്ലാസ്സ് മുറികളിലും ബസിനുള്ളിലുമൊക്കെ എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുടെ ഇടയിൽ ഞാൻ മാത്രം എന്തുകൊണ്ട് വേറിട്ട് നിൽക്കുന്നു എന്നതിന്റെ മറുപടി അന്വേഷിക്കാൻ അക്കാലത്തു ഞാൻ മാർഗ്ഗങ്ങൾ അന്വേഷിച്ച് തുടങ്ങിയിരുന്നു. എന്നിൽ നിന്നും തുടങ്ങുന്ന പുലരികൾ, എന്നിൽ അവസാനിക്കുന്ന ദിവസങ്ങൾ, ഞാൻ രുചിച്ചാൽ മാത്രം അറിയുന്ന സ്വാദുകൾ, ഞാൻ മണക്കുമ്പോൾ ഗന്ധം പൊഴിക്കുന്ന പനിനീർ പൂക്കൾ…
ഞാനെന്ന വാക്കിന്റെ പൊരുളിലേയ്ക്ക് ഭൗതികതയുടെ വേരുകൾ പാതി വച്ച് വളർച്ച നിലച്ചു അവിടെ ആത്മീയതയുടെ വൃക്ഷങ്ങൾ ശാഖകൾ വിരുത്തി തുടങ്ങി. ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്ക് പോകുന്തോറും അങ്ങകലെ ഹൈമവത ഭൂമിയിലെ തണുത്ത മഞ്ഞിൻ പാളികൾ ക്ഷണിക്കുന്നത് പോലെയും ഭക്തി ഉന്മാദമാവുന്നതു പോലെയും അനുഭവപ്പെടാൻ ആരംഭിച്ചു. കുറച്ചു നേരം ഭാഗവത പുസ്തകങ്ങൾ വായിച്ചും കൂടുതൽ നേരം അതെ കുറിച്ച് മനനം ചെയ്തും ഞാൻ സ്വന്തമായി ഒരു മതവും ലോകവും ഭാഷയും രൂപപ്പെടുത്തിയെടുത്തു. അവിടെ സ്നേഹം മാത്രമായിരുന്നു മതത്തിന്റെ വ്യാഖ്യാനം. ഭാഷ സ്നേഹത്തിനായുള്ള സംവേദന ഉപകരണവും. ആശയങ്ങളെ കണ്ടെത്തുന്തോറും ഞാൻ ചുരുങ്ങി പോവുകയും ഉന്മാദങ്ങളൊഴിഞ്ഞ തെളിഞ്ഞ മേഘം പോലെ ഞാനെന്നെ കണ്ടെത്തുകയും ചെയ്തു.
പെണ്ണായിരുന്നതിന്റെ ആനന്ദങ്ങളിലേക്കാണ് ഒരിക്കൽ അയാൾ ഉടൽ രാഷ്ട്രീയത്തെ പുനർവ്യാഖ്യാനം ചെയ്തു കടന്നു വന്നത്. പെൺകുട്ടികൾ ഒറ്റയ്ക്കായിപ്പോയ വീടുകൾ ഒരു വലിയ തുരുത്താണ്. അവിടെ ഒരു കളിവള്ളത്താൽ പോലും ആർക്കും കടന്നു വരാം, അധികാരം സ്ഥാപിക്കാൻ ശ്രമിക്കാം. നിശബ്ദമായിരുന്ന ഒരു ദിവസത്തിലേക്കാണ് ആണഹന്തകളെ ഉയർത്തിക്കാട്ടി അയാൾ ദ്വീപിനെ പിടിച്ചെടുത്തത്. ,ഇല്ല അത്രയധികം വയസ്സൊന്നും അയാൾക്ക് എന്നെക്കാൾ അധികമുണ്ടായിരുന്നില്ല.
വിശ്വാസത്തിന്റെ വേരുകൾ അയാൾ വീടുകളിലേക്കും പടരുമ്പോൾ ഒപ്പം കൈകോർത്ത് പിടിച്ചു നടന്നു കളിച്ചവൻ പോലും ചിലപ്പോൾ ദ്വീപുകൾ സ്വന്തമാക്കാൻ കലഹമാരംഭിക്കും. അലറിക്കരഞ്ഞും നോവിച്ചും പെണ്ണാണെന്ന് സ്വയം ബോധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ പാതിയിൽ വച്ച് ഉപേക്ഷിച്ചു അവനെന്നെ വിട്ടകന്നു ഇനിയൊരിക്കലും അവനായി തുറക്കപെടാൻ സാധ്യതയില്ലാത്ത എന്റെ വാതിലുകൾ വലിച്ചു തുറന്നു പുറത്തേയ്ക്ക് കാറ്റിന്റെ വേഗതയിൽ നടന്നു പോയി. നിലവിളികൾ നാല് ചുവരുകൾക്കുള്ളിൽ നിന്നും പരസ്പരം ഇടിച്ചുരുകി, പ്രാണ വായുവിന്റെ നേർത്ത ഗന്ധങ്ങളിലേക്ക് വന്നു ചേർന്നു. പിന്നെയൊരിക്കലും ഒരു പെണ്ണാണെന്നല്ലാതെ ഒരു മനുഷ്യനാണെന്ന് ചിന്തകൾ ഉണ്ടായിട്ടേയില്ലായിരുന്നുവല്ലോ… ഭയത്തിന്റെ തേരട്ടകൾ ഇഴഞ്ഞിട്ടല്ലാതെ അത്രമേൽ ഏകാന്തവതിയായി നിമിഷങ്ങൾ മുന്നോട്ടു നീക്കാതെയും ആകുമായിരുന്നില്ലല്ലോ! പക്ഷെ അതിനു ശേഷം ഞാൻ ശരിക്കും ഉന്മാദികളുടെ പാട്ടു പുസ്തകത്തിലെ ആരും ആലപിക്കാത്ത ഒരു ഖവാലിയായി തീർന്നു.
പ്രണയത്തെ അറിഞ്ഞ നാൾ മുതൽ ഞാനൊരു നദിയായി തീർന്നു അവനിലേക്കുള്ള ഒഴുക്ക് ആരംഭിച്ചിരുന്നു. പക്ഷെ ഒരിക്കലും കടലെവിടെയെന്നു പോലും കണ്ടെത്താൻ ആയില്ല, കടലെത്തുന്നതിനു മുൻപ് തന്നെ പാതിയൊഴുക്കിൽ വച്ച് അതി തീക്ഷ്ണമായ വേനൽ എന്നെ കുടിച്ചു വറ്റിച്ചിരുന്നു. തൊടാനും തലോടാനും എനിക്കൊരു വിരലെങ്കിലും കൂടിയേ കഴിയുമായിരുന്നുള്ളൂ. അവനു “ഗുപ്തൻ” എന്ന പേര് പകർന്നു കൊടുത്തപ്പോൾ മുതൽ മായികമായ ഒരു ഉന്മാദത്തിന്റെ പിടിയിൽ ഞാൻ അകപ്പെട്ടു പോയി. പിന്നീട് നിരന്തരം അവനു വേണ്ടിയെഴുതുന്ന കത്തുകളിലേയ്ക്ക് ഞാൻ സ്വയം തുറന്നിരുന്നു. ആരെയും കാണിക്കാതെ, ആരാലും വായിക്കപ്പെടാതെ എത്രയോ വർഷം ഡയറി താളുകളുടെ വെളുത്ത പേജുകളിൽ അവ ഉറങ്ങിയും മയങ്ങിയും ഇരുട്ടുകളെ അതിജീവിച്ചു കിടന്നിട്ടുണ്ടാവണം… പക്ഷെ ആവരികളിൽ പ്രതീക്ഷയുണ്ടായിരുന്നു. സ്വപ്നം കാണാൻ പഠിപ്പിച്ച കൗമാരത്തിന്റെ വളർച്ചകളിലെവിടെയോ വച്ച് വേർപെട്ടു പോയ ആദി ബോധത്തിന്റെ നാഴികക്കല്ലുകൾ ലഭിക്കാൻ ഇനിയുമെത്രയോ ദൂരം താണ്ടുവാനുണ്ട്…
അങ്ങകലെ എനിക്ക് കാണുന്നതിനും എത്രയോ ദൂരെ എനിക്ക് അവനായി എഴുതിയ കത്തുകൾ കൊടുക്കാൻ പറ്റുന്നതിനും അകലെ ഏതോ മരത്തിന്റെ പിന്നിൽ അവനെന്നെയും കാത്തു മറഞ്ഞിരിപ്പുണ്ടെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊടുത്തു. മണ്ണ് കൊണ്ട് കുഞ്ഞു ശില്പങ്ങളുണ്ടാക്കിയും നിറങ്ങൾ ചാലിച്ച് വാരിക്കൊഴിയൊഴിച്ചും ഉന്മാദങ്ങൾക്ക് ജീവൻ കൊടുക്കുമ്പോൾ അവയെന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നു. എല്ലാം മടക്കി വയ്‌ക്കേണ്ടതുണ്ട്… ഇനിയെനിക്ക് വിഷാദത്തിന്റെ നാളുകളിലേക്ക് യാത്രകൾ കുറിച്ചു തുടങ്ങേണ്ടതുണ്ട്.
ജീവിതം മാറുന്നത് പലപ്പോഴും അതിന്റെ പാതി മയക്കങ്ങൾക്കിടയിലാവും. ഉറക്കത്തിനിടയിൽ എഴുന്നേൽപ്പിച്ചു ഒന്നോടി വരൂ എന്ന് പറയുന്നത് പോലെ അത് നമ്മളെ മടുപ്പിച്ചു കൊണ്ടേയിരിക്കും. കാലുകൾ കഴയ്ക്കും പുറം നോവും, പിന്നെ മടുത്തു ഒരു അരികു പിടിച്ചു കാലത്തിനോട് കലമ്പി ഒരിടത്തു ചുമ്മാതെയിരിക്കും. വിഷാദത്തിന്റെ മഞ്ഞുകാലം പെയ്യാൻ തുടങ്ങുന്നു. അക്ഷരങ്ങളെ ഡയറി താളുകൾക്കുള്ളിലാക്കി ഗുപ്തന്റെ അതീവ നിഗൂഢമായ പ്രണയത്തെ പിന്നിൽ ഉപേക്ഷിച്ചു ജീവിതം സമരങ്ങളുടേതും അതിജീവനത്തിന്റേതും മാത്രമാണെന്ന് കണ്ടെത്തി വിഷാദത്തിനും ഉന്മാദത്തിനും സാധ്യതകളില്ലാത്ത ഒരു ലോകത്തേയ്ക്ക് പിന്നെ ചിറകുരുമ്മി സ്വയം ചങ്കൂറ്റം ഉള്ളവളായി ചമഞ്ഞിരുന്നു. പക്ഷെ ഏകാന്തത വല്ലാതെ നോവിച്ചും കലഹിച്ചും ഹൃദയത്തെ മുറിവേൽപ്പിക്കുന്നത് അറിയാതെയെങ്ങനെ!
സ്വപ്‌നങ്ങൾ മണ്കുടത്തിനുള്ളിലാക്കി തുണിയിട്ടു മൂടി കാലമാകുന്ന സമുദ്രത്തിൽ ഒഴുകുമ്പോൾ ചിതാഭസ്മം പോലും ബാക്കിയില്ലാതെ ഞാൻ എന്നെ പരിഹസിച്ചു. ഏതൊരു സമുദ്രത്തിലും ഒറ്റയ്ക്ക് ഒരു ഇല എന്ന പോലെ ഞാൻ ഒഴുകി നടന്നു. നങ്കൂരമിടാത്ത കപ്പലുകളാൽ തട്ടി തെറിക്കപ്പെട്ടിട്ടും പല ജന്മങ്ങളെടുത്തു ഏകാന്തതയാൽ ആഘോഷിക്കപ്പെട്ടു ഞാൻ വിഷാദത്തിന്റെ പടികൾ കയറി. അന്ന് മുതൽ ഞാൻ നിർവ്വികാരയായി തീർന്നു. അമിതമായ ദുഖവും ആനന്ദവും എന്തും ഏറ്റവും വികാര രഹിതമായി താങ്ങുവാനും സഹിക്കുവാനുമുള്ള സ്വന്തം മനക്കരുത്തോർത്ത് ഞാനെനിക്ക് തന്നെ കൈ കൊടുത്തു.
വീണ്ടും പ്രണയത്തിന്റെ പൂക്കാലം. ശാഖകൾ മുള പൊട്ടുന്ന ഒരു വലിയ വൃക്ഷം അതിന്റെ തലപ്പുകൾ എന്നിലേയ്ക്ക് ചായ്ച്ചു നിർത്തുന്നു. ആ തണലിൽ ഞാൻ ലോകത്തെ കാണുന്നു. സൗഹൃദത്തിന്റെ വേലിയേറ്റങ്ങളിൽ സ്നേഹം കൊക്കുരുമ്മി പറക്കുന്നു. ഒരേ പാട്ടുകൾ ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്നും തുള്ളികളായി ഇറ്റു വീഴുകയും പരസ്പരം അത് കണ്ടെടുക്കാൻ ഞങ്ങൾ മത്സരിക്കുകയും ചെയ്യുന്നു. ഞാൻ എന്നെ കണ്ടെടുക്കുന്നു.
സൗഹൃദത്തിന്റെ പൂക്കാലങ്ങൾക്കിടയിൽ ഞാനെപ്പോഴോക്കെയോ തിരഞ്ഞിരുന്നത് ഗുപ്തനെ തന്നെയായിരുന്നില്ലേ! ഉറക്കെ കവിതകൾ ചൊല്ലുന്ന, ഉന്മാദിയും ഭ്രാന്തനുമായ എന്റെ ഗുപ്തനെ. ഓരോ കണ്ടെത്തലുകളും അയാളായിരുന്നില്ല എന്നുറപ്പിക്കുമ്പോൾ കടന്നു വരുന്ന വിഷാദങ്ങൾ എന്നെ മുറിപ്പെടുത്താൻ ആരംഭിച്ചത് ആയിടയ്ക്കാണ്. പിന്നെയും ഞാൻ നിർവ്വികാരതയിൽ നിന്നും അതി വൈകാരികതയുടെ ഉന്മാദങ്ങളിലേയ്ക്ക് സ്വയം ഊർന്നു പോയി വീണിരുന്നു.
അയാളെ കണ്ടെത്തിയേ മതിയാകൂ എന്ന തോന്നലിലും ആ സത്യത്തിന്റെ നെറുകയിലേക്ക് ഞാൻ സ്വയം ചാട്ടവാറടിയേറ്റു പുളഞ്ഞു വീണു. ഞാൻ നിർമ്മിച്ച മൺ  പ്രതിമകൾ അപ്പാടെ തകർന്നു വീണു. നിറങ്ങളൊന്നാകെ പൂപ്പലുകൾ പിടിക്കുകയും അതിന്റെ ശോഭ കെടുകയും ചെയ്തു. പിന്നെ മാധവിക്കുട്ടിയെ വായിക്കുകയും സ്വയം അക്ഷരങ്ങൾക്കായി പകുത്തു കൊടുക്കുകയും ചെയ്തു. ഞാനറിഞ്ഞിരുന്നു, എത്രമേൽ കൂടെയില്ലെങ്കിലും ആ പ്രണയം അക്ഷരങ്ങളാൽ , എന്റെ സ്വന്തം അക്ഷരങ്ങളാൽ എന്നെ പുല്കുന്നുണ്ടെന്നു. കാരണം ഗുപ്തനെ എനിക്ക് വാക്കുകളിലൂടെ മാത്രമാണ് പരിചയം. അയാളെനിക് അക്ഷരങ്ങൾ മാത്രമാണ്… എന്റെ അക്ഷരങ്ങളുടെ വെളിച്ചവും തേജസ്സുമാണ്…
പ്രണയത്തിന്റെ കുറ്റിമുല്ല പൂക്കൾക്കിടയിലൂടെ കാറ്റിനെ പൂവ് പ്രണയിക്കുന്നത് പോൽ ഞാൻ ഏകാന്തവതിയായി തുടർന്നു. വിഷാദവും ഉന്മാദവും മാറി മാറി ഉലഞ്ഞു കത്തുമ്പോൾ ഇടയ്ക്കൊരിക്കലും അതൊരു പെണ്ണായതുകൊണ്ടാണെന്ന തോന്നല് ഉണ്ടായില്ല, അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ ഒരിക്കലും അങ്ങനെ ഒരു തോന്നലിലേയ്ക്ക് എത്തിച്ചതേയില്ല. അതിവൈകാരികത പേറുന്ന വെറുമൊരു മനുഷ്യ ജീവി… വഴിയിലുപേക്ഷിച്ച ആത്മീയതയുടെ കണ്ണികൾ എവിടെയൊക്കെയോ എന്റെ ചിന്തകളെ കൊരുത്തെടുക്കുന്നുണ്ട്… ഒരുപക്ഷെ ഞാനറിയാതെ തന്നെ…അതുകൊണ്ടാവണം, എത്രവലിയ സങ്കടങ്ങളുടെയും ആനന്ദങ്ങളുടെയും ഒടുവിൽ സ്വയം അലഞ്ഞെത്തുന്ന നിർവികാരത എന്നെ കീഴടക്കുന്നത്…
എപ്പോഴോ മുതൽ ഞാൻ അക്ഷരങ്ങളായി മാറപ്പെട്ടു. മറ്റൊന്നല്ലാത്ത വിധത്തിൽ പല നിറത്തിലും ഗന്ധത്തിലും ആകൃതിയിലും വടിവൊത്തും വടിവില്ലാതെയുമുള്ള അക്ഷരങ്ങൾ. വാക്കുകൾ വന്നു തൊടുമ്പോൾ വിങ്ങി പുകയുന്ന തലച്ചോറിന്റെ ആന്തരിക ഭിത്തികളെ പാറക്കല്ലിൽ ഇടിച്ചു തെറിപ്പിച്ചു എനിക്കവയെ സ്വാതന്ത്രമാക്കണമെന്നുണ്ടായിരുന്നു. പക്ഷെ അപകടമാകുമെന്ന നിലയിൽ ഓടിപ്പാഞ്ഞെത്തുന്ന നിർവ്വികാരതയുടെ സൈറൺ വിളികൾ എന്നെയൊരിക്കലും ഒരു സിൽവിയ പ്ലാത്ത് ആകില്ല എന്ന് ഞാൻ എപ്പോഴോ ഉറപ്പിച്ചു. ആത്മഹത്യ പാപികളുടെ സ്വർഗം ആണെന്നറിയാഞ്ഞട്ടല്ല, പാപം ചെയ്തിട്ടും നരകം നിഷേധിക്കപ്പെടുന്നവന്റെ വേവ് അസഹനീയമായി തീർന്നതിനാൽ അത് തന്നെ നിർവ്വികാരതയുടെ ശിക്ഷ എന്നുറപ്പിച്ചു ഏകാന്തതയുടെ മുത്തുകൾ ചേർത്ത് വച്ച് സ്വയം രൂപക്കൂടുണ്ടാക്കി . പിന്നെ അതിൽ തപസ്സിരുന്നു.
ഞാനെങ്ങനെ എന്നെ നിർവ്വചിക്കും? അത് അതി കഠിനമാകുന്നുവല്ലോ! ഉന്മാദമൊഴുകുന്ന നിലാവുള്ള സന്ധ്യകൾക്കപ്പുറം വിഷാദത്തിന്റെ തേനീച്ചകൾ തലച്ചോറിനെ കുത്തി പരുക്കേൽപ്പിക്കുമ്പോൾ കൂടു കൂട്ടുന്ന നിർവ്വികാരതയുടെ വെള്ളില പക്ഷികൾ എന്നെ ഒട്ടുന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്. സ്ഥായിയായ അവസ്ഥകളില്ലാതെ ഞാൻ എന്നെ എപ്പോഴോ മുതൽ പറ്റിച്ചു കൊണ്ടിരിക്കുന്നുണ്ട്…
ചെന്നെത്താത്ത ഉയരങ്ങൾ മുറിവുകളേൽപ്പിക്കുന്നു.
അപ്പോഴേക്കും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ഹൃദയം കടന്നു ബൗദ്ധികതയെ പുണർന്നു പിടിക്കും. പിന്നെ നിത്യ ശാന്തി. അതെ, ഞാനൊരു ഇരട്ട ഹൃദയമുള്ളവളാണ്. ഒരു അറയിൽ അതിവൈകാരികതയുമായി ഉച്ചത്തിൽ മുഴങ്ങുന്ന ഹൃദയവുമായി നിലവിളിക്കുമ്പോൾ മറ്റൊരു അറയിൽ കൊളുത്തി വച്ച നിലവിളക്കു പോലെ പരിശുദ്ധമായ ആത്മാവിന്റെ ഏകാന്തത. സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുമ്പോൾ നരകത്തിലേക്ക് പോകാൻ കാൽ മുന്നോട്ടു വയ്ക്കുന്നവന്റെ ചങ്കിടിപ്പാണെനിക്ക്.
ഗുപ്തൻ… എന്റെ നിത്യ പ്രണയം… എന്റെ അക്ഷരങ്ങൾക്കുടയവൻ… എന്റെ പ്രണയത്തിന്റെ കാതൽ. എന്റെ ഉന്മാദങ്ങളുടെ ഊർധ്വനും വിഷാദങ്ങളുടെ തലവീർക്കലുകളും… അസ്വസ്ഥതകളുടെ മഴപ്പെരുക്കങ്ങളും നിർവ്വികാരതയുടെ വിളർത്ത കണ്ണുകളും… നീയില്ലാതെ അക്ഷരങ്ങൾ എനിക്കന്യമെന്നു കണ്ടെത്തുമ്പോൾ നീ സ്വയമൊരു പ്രഭാതമാകുന്നു. എന്റെ ഏകാന്തതയും കണ്ണിലെ നനവുമാകുന്നു. എന്റെ ഉടലും ആത്മാവുമാകുന്നു. എന്റെ രതിയും പ്രേമവുമാകുന്നു… നീ ഞാനാകുന്നു… നീയില്ലാതെ ഞാൻ അപൂർണയാകുന്നു… ഒരുപക്ഷെ നീ തന്നെ എനിക്കേകിയതാകാം ഉന്മാദങ്ങളിലും വിഷാദങ്ങളിലും ആണ്ടു പോകാതെ തനിയെ നിവർന്നു നിൽക്കാൻ തണുത്തൊരു നിർവികാരതയുടെ നിഴൽ കമ്പളം… അതിൽ ഞാനെന്നെ മൂടി വച്ചിരിക്കുന്നു, നിനക്കു കേൾക്കുവാൻ മാത്രമായി ഇടയ്ക്ക് ഹൃദയത്തെ ഞാൻ മുറിവേൽപ്പിക്കുന്നു.
അതുറക്കേ നിലവിളിക്കുമ്പോൾ മെല്ലെ മുടിയിലൊന്നു തഴുകി ചൂടുള്ള നിന്റെ ചുണ്ടുകൾ കൊണ്ട് നെറുകയിലൊരു ചുംബനം തന്നു നീയെന്നെ അവസ്ഥകളില്ലാത്ത , ഭൗതുക ലോകത്തിനപ്പുറത്തെ നിത്യ ശാന്തിയിലേയ്ക്ക് കൊണ്ട് പോകുന്നു. പിന്നെ നീയും ഞാനും നമുക്ക് ചുറ്റും അക്ഷരങ്ങളും മാത്രം… അവ പല നിറങ്ങളിൽ പല ആകൃതിയിൽ വടിവൊത്തും വടിവില്ലാതെയും നൃത്തം ചെയ്തുകൊണ്ടേയിരിക്കുന്നു… !!!

You can share this post!