
പുണ്യപാപങ്ങൾ
മനസിൽ നിറച്ച്
മറ്റൊരു ജീവിതയാത്ര
ധനുഷ്കോടിയിലേക്ക്.
മനുഷ്യവിയർപ്പും,
പരലുപ്പും കലരുന്ന നീറ്റലിന്റെ
നിത്യസ്മാരകങ്ങൾ- പോടുവന്ന പല്ലുകളെപോലെ
അവിടിവിടെ
കൊമ്പുയർത്തി നില്പുണ്ട്.
കൗതുകത്തോടെ ശംഖുകളിൽ
നോക്കിനില്ക്കുമ്പോഴേക്കും;വന്നടിഞ്ഞിരുന്നു,
ശിരസ്സും സ്തനങ്ങളും ഇല്ലാതെ;
തേടി നടന്ന,
ജനകപുത്രി സീത.
മുറിഞ്ഞ ഉടലിൽനിന്നും
മാതൃസ്നേഹത്തിന്റെ പാൽ
ചാലുകീറി പരക്കുന്നുണ്ടായിരുന്നു.
മുലകൾ ശൂർപ്പണഘയ്ക്കും;
ശിരസ്സു രാമനും നല്കിയത്രേ.!
സത്യത്തിൽ,
രാമായണത്തിന്റെ അവസാന താളുകളിൽ
പറയാതെപോയ, ആത്മസങ്കടത്തിന്റെ
ചേലകളാണ്
ധനുഷ്കോടിയിലെ പതചുരത്തുന്ന
നീലക്കടലിൽ ഉരഞ്ഞുരച്ചത്.
അറിയാതെ വിളിച്ചു പോയി,
അമ്മേ;ഭൂമിപുത്രി! എന്തിനീ വേദന സ്വയം ഏറ്റെടുത്തു?
പടിഞ്ഞാറൻകാറ്റിനൊപ്പംഭാവതീവ്രമായ വാക്കുകൾ:
മൂക്കും മുലയും
നഷ്ടപെട്ട്,
സങ്കടക്കടലിൽ വീണുരുകിയ-
പെണ്ണിന്റെ നൊമ്പരങ്ങൾ
കണ്ടില്ലെന്നുനടിക്കുവതെങ്ങനെ;
അവളതുമാറോടു
ചേർത്തുവച്ചപ്പോൾ,
നെഞ്ചിൽ
ജന്മപുണ്യത്തിന്റെ
മന്ത്രങ്ങളാണ്
മുഴങ്ങിയത്.
നിനക്കറിയുമോ,
മുറിവേറ്റപെണ്ണിന്റെ നിസഹായമായ പകയെ
നീയറിയുമോ,
അവളിലാളുന്ന
എഴുകടലുകളിലും
അണയാത്ത
അഗ്നിനാളത്തെ?