സൗന്ദര്യദർശനം

കണ്ണുകൾ തുറന്നെൻ്റെ
സുഹൃത്തേ ,നോക്കൂ നേരെ
മുന്നിലായൊരായിരം
കവിത വിടരുന്നു!

പൂക്കണി കാണാനെത്ര
നാളായി കാത്തിടുന്നു
പൂക്കാലം പൂത്താലങ്ങ-
ളേന്തി വന്നെത്തിടുന്നു

കർണികാരങ്ങളിളം
കാറ്റിലായ് ചാഞ്ചാടുന്നു
സൗവർണ സങ്കല്പങ്ങൾ
പൂത്തിരി കൊളുത്തുന്നു

സന്ധ്യയാകുന്നൂ മുഖ-
മുയർത്തി നീലാകാശം
തന്നിലേക്കൊരു മാത്ര
നോക്കി നിന്നാലും സഖേ,

കണ്ണിൻ്റെ കണ്ണായൊരു
കണ്ണുണ്ടെന്നറിഞ്ഞാലും
എണ്ണിയാലൊടുങ്ങാത്ത
കവിതയ്ക്കുറവത്രേ!

ഉള്ളിലുമാകാശത്തു
മൊന്നുപോലപ്പോൾ കാണാം
ഉണ്മയായൊരായിരം
നക്ഷത്രത്തുടിപ്പുകൾ

നോക്കുകൾ പതിക്കുന്ന
ദിക്കിലൊക്കെയും കേൾക്കാം
വാഗർത്ഥമൊരുമിക്കും
സംഗീതസാഫല്യങ്ങൾ

മർത്ത്യൻ്റെ പഞ്ചേന്ദ്രിയ
സിദ്ധിയെത്താലോലിക്കും
ശക്തിതൻ സാക്ഷാത്കാര
സൗന്ദര്യസമ്പൂർത്തിക

You can share this post!