(പാര്‍ത്തോ നടേരി – അഫ്ഘാനിസ്ഥാന്‍).
അകലെയകലെയുള്ള ഹരിത ഗ്രാമത്തിലെ
പെണ്‍കുട്ടിയുടേത് പോലെയാണ്
നിന്‍റെ ശബ്ദം.
മലകളിലെ പൈന്‍ മരങ്ങള്‍ക്കറിയാം അവളുടെ രൂപം.
പൊക്കമുള്ളത്, സുന്ദരം.
സന്ധ്യക്ക്,
ചന്ദ്രന്‍റെ കൈക്കുടക്ക് താഴെ,
സ്വര്‍ഗ്ഗത്തിലെ സ്വച്ഛമായ അരുവികളില്‍ കുളിക്കുന്ന,
അരുണോദയത്തില്‍
വീട്ടിലേക്ക് കൊണ്ടുവരുന്ന നിര്‍മ്മല വെളിച്ചത്തിന്‍റെ ഭരണിപോലെ
സൂര്യന്‍റെ പുഴയില്‍നിന്ന്
അല്‍പ്പാല്‍പ്പമായി മുത്തിക്കുടിക്കുന്ന
പെണ്‍കുട്ടിയുടേത് പോലെയാണ് നിന്‍റെ ശബ്ദം.
അരുവിയുടെ ഗാനങ്ങളില്‍ നിന്ന് കാച്ചിയെടു-
ത്തൊരു പാദസരം അണിയുന്ന,
മന്ത്രിക്കുന്ന മഴയില്‍ നിന്ന് നൂറ്റ
കമ്മല്‍ അണിയുന്ന,
വെള്ളച്ചാട്ടത്തിന്‍റെ പട്ടില്‍നിന്ന്
നെയ്തെടുത്ത നെക്ലെസ് അണിയുന്ന,
അകലെയകലെയുള്ള ഹരിത ഗ്രാമത്തിലെ
ഒരു പെണ്‍കുട്ടിയുടേത് പോലെയാണ്
നിന്‍റെ ശബ്ദം.
ഇതൊക്കെയും
സ്നേഹത്തിന്‍റെ വിവിധ വര്‍ണ്ണങ്ങളോടുകൂടി വിടര്‍ന്ന്
സൂര്യന്‍റെ ഉദ്യാനത്തെ അലങ്കരിക്കുന്നു.
നിന്‍റെ ശബ്ദത്തെപ്പോലെത്തന്നെ
മനോഹരിയാണ്, നീ.