സൗന്ദര്യം ബാക്ടീരിയയോ?

എം കെ ഹരികുമാർ

”നളൻ ദമയന്തിയെ സ്നേഹിക്കുന്നു. ദമയന്തി മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും നളൻ അവളെ കൊലചെയ്യില്ല. കാരണം നളൻ ഒരു സ്വഭാവമാണ്. അതിനു ഒരിക്കലും മാറാനാകില്ല. അത് അഖണ്ഡമായ സ്വഭാവമാണ് . അത് നേരത്തെ നിർവ്വചിച്ചു വച്ചിരിക്കയാണ്. ആ സ്വഭാവത്തിനു ഒരു നിയമമുണ്ട്.അത് കൃത്യമായ കണക്കുകളോടെ വർത്തിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നളന്റെ സ്വഭാവമെന്താണോ അതിന്റെ പ്രതിനിധാനമാണ് അയാൾ.മറ്റൊരു ഇഷ്ടമോ, ദൗർബല്യമോ അയാൾക്ക് വിധിച്ചിട്ടില്ല.”


നമ്മളെല്ലാം ‘മനസ്സാക്ഷിയുടെ അംഗീകാരം’ രേഖപ്പെടുത്തുന്നവരാണല്ലോ.സ്ഥാനാർത്ഥി എത്ര കള്ളനാണെന്ന് അറിഞ്ഞാലും , നമ്മൾ മനസ്സാക്ഷി കളയില്ല.അതിൽ തന്നെ മുറുകെപ്പിടിക്കും. മനസക്ഷി സഹതാപം പ്രകടിപ്പിക്കാനുള്ളതാണ്.ഒരു രാഷ്ട്രീയ വ്യവസ്ഥ വളഞ്ഞുവച്ച് പിച്ചിച്ചീന്തി നശിപ്പിച്ച കുറ്റവാളിയെയോ ഒരു പെണ്ണിനെയോ ആണിനെയോ തിരഞ്ഞെടുപ്പിൽ നിർത്തിനോക്കൂ.

ഏറ്റവും കശക്കപ്പെട്ടവൾ എന്ന ഒഅക്കാരണത്താൽ അവളെ ജനം ജയിപ്പിക്കും.എന്നാൽ അവളെ കല്ലെറിയാൻ അവർ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.അതും മനസ്സാക്ഷിയാണ്. പത്രങ്ങൾ ഒരാളെ വേട്ടയാടാൻ തുടങ്ങിയാൽ അതിന്റെ വായനക്കാരെല്ലാം ആ കൂട്ടയോട്ടത്തിൽ അണിചേരും. നമ്മൾ മനസ്സാക്ഷിയാൽ ഉദ്ബുദ്ധരാകാൻ മടിക്കില്ല. ആ ഓട്ടം അവസാനിക്കുന്നത്, മാധ്യമങ്ങൾ ആ ഇരയെ കൈവിടുമ്പോൾ മാത്രമാണ്.

അപ്പോൾ നമ്മൾ സഹതപിക്കുകയാവും. അതേ മാധ്യമങ്ങൾ ആ ഇരയെ സുന്ദരിയാക്കാനും ശ്രമിച്ചുകൊണ്ടിരിക്കും.ഒരു റിവേഴ്സ് പാത സ്വീകരിക്കുന്നതിലും നമ്മൾ കൂടെ ഓടും.മനസ്സാക്ഷി അപ്പോഴുമുണ്ടാകും.

അതിനുശേഷം , ആ ഇരയെ നമ്മൾ എവിടെ കണ്ടാലും വിജയിപ്പിച്ചുവിടും.തിരഞ്ഞെടുപ്പിൽ, ഒരു കാലത്തും ആളുകൾ നല്ല സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനല്ല ശ്രമിച്ചിട്ടുള്ളത്.അവരുടെ വളരെ സങ്കുചിതമായ ഇഷ്ടത്തെയാണ് ജയിപ്പിച്ചെടുക്കുന്നത്. ആ ഇഷ്ടമാണ് മനസ്സാക്ഷി. അതിനു ഒരു സ്ഥിരതയുമില്ല.

നളൻ ദമയന്തിയെ സ്നേഹിക്കുന്നു. ദമയന്തി മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും നളൻ അവളെ കൊലചെയ്യില്ല. കാരണം നളൻ ഒരു സ്വഭാവമാണ്. അതിനു ഒരിക്കലും മാറാനാകില്ല. അത് അഖണ്ഡമായ സ്വഭാവമാണ് . അത് നേരത്തെ നിർവ്വചിച്ചു വച്ചിരിക്കയാണ്. ആ സ്വഭാവത്തിനു ഒരു നിയമമുണ്ട്.അത് കൃത്യമായ കണക്കുകളോടെ വർത്തിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നളന്റെ സ്വഭാവമെന്താണോ അതിന്റെ പ്രതിനിധാനമാണ് അയാൾ.മറ്റൊരു ഇഷ്ടമോ, ദൗർബല്യമോ അയാൾക്ക് വിധിച്ചിട്ടില്ല. എന്നാൽ നമ്മൾ സാധാരണ മനുഷ്യർ അങ്ങനെയല്ല;നമുക്ക് എപ്പോൾ വേണമെങ്കിലും മനസ്സക്ഷി ഏത് സൂപ്പർ സ്റ്റാറിലും പണയം വയ്ക്കാം.

പ്രണയത്തിൽ പണയം വയ്ക്കാം; ആ പ്രണയം ഒഴിഞ്ഞുപോകണമെന്ന അനിവാര്യമായ യാഥാർത്ഥ്യത്തിലും പണയം വയ്ക്കാം. കാരണം, നമ്മുടെ മനസ്സാക്ഷി നമ്മുടേത് തന്നെയല്ല. അത് വളരെ താത്കാലികമായ ഒരു കെമിക്കൽ ബന്ധമാണ്. നാം തീവ്രമായി സ്നേഹിച്ച ഒരാളെ കുറേക്കഴിഞ്ഞ് തീവ്രമായി വെറുക്കുന്നു. രണ്ടുസന്ദർഭങ്ങളിലും നമ്മുടെ തന്നെ മനസ്സാണ് കാരണമായിതീർന്നത്. നമ്മുടെ മനസ്സ് എന്നത് താൽക്കാലിക യുക്തിയാണ്; സ്വാർത്ഥതയാണ്.മറ്റുള്ളവരാണ് നമ്മുടെ മനസ്സിന്റെ ഘടന രൂപീകരിക്കുന്നത്. മറ്റാളുകളാണ് നമ്മുടെ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങൾ നിശ്ചയിക്കുന്നത്.

ജിൻ

ഫ്രഞ്ച് കവി ബോദേലെയർ പറഞ്ഞു, സൗന്ദര്യം മനസിന്റെ സന്തോഷമണെന്ന് .അതിന്റെയർത്ഥം , നമ്മുടെ ആവശ്യാനുസരണം ഒരു യുക്തി കണ്ടെത്തി നാം ഉണ്ടാക്കിയെടുക്കുന്നതാണ് സൗന്ദര്യമെന്നാണ്. ആ കാഴ്ചപ്പാട് തകരാൻ ആ യുക്തി തകരുകയേ വേണ്ടു.
ഞാൻ അത് ഇങ്ങനെ വിപുലീകരിക്കുകയാണ്: പ്രകൃതിയെ ഒന്ന് അലങ്കോലമാക്കുമ്പോഴാണ് സൗന്ദര്യമുണ്ടാകുന്നത്. അത് ഒരുതരം കറപ്ഷനാണ്.പ്രകൃതി ഭാവിക്കാത്തത്, നമ്മൾ ഉണ്ടെന്ന് സ്ഥാപിക്കുന്നു.മനുഷ്യശരീരം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഓരോ സെല്ലും ഏതാനും മാസങ്ങൾക്കുള്ളിലെങ്കിലും സമൂലമായി മാറുന്നു. ആ ശരീരത്തിൽ നിറയെ കഫവും മാലിന്യവും ബാക്ടീരയയുമാണുള്ളത്. സൗന്ദര്യം ബാക്ടീരിയയല്ലേ? നാം എത്രയോ വലിയ അയാഥാർത്ഥ്യത്തെ സ്നേഹിക്കുന്നു!. അതുകൊണ്ടാണ് ഫ്രഞ്ച് നാടകകൃത്ത് നിഷേ പറഞ്ഞത് , സൗന്ദര്യം ഒരു വൃത്തികേടിന്റെ മറുപുറമാണെന്ന്. റോസാപ്പൂക്കൾകൊണ്ട് മൂടിയ ജീർണിച്ച ശവത്തെപ്പറ്റി ചിന്തിക്കൂ. പൂക്കൾക്കിടയിൽ നാറുന്ന ശവം! പക്ഷേ, ശവത്തെ കാണാത്തിടത്തോളം, പൂക്കൾ ആ ജീർണതയും നാറ്റവും മായ്ക്കുന്നു.

ഏകാത്മകലോകത്തിൽ നിന്ന് അവനവന്റെ സ്വച്ഛന്ദലോകത്തിലേക്ക്

മുമ്പ് നമ്മുടെ ആദർശം ലോകത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുക എന്നതായിരുന്നു.ഒരു കുയിൽ പാടിയാൽ പോലും അത് അനശ്വരതയുടെ അടയാളമായി കാണുമായിരുന്നു.
ഒരു വസ്തുവിനെയും സ്വതന്ത്രമായി വിടാതിരിക്കുക എന്നതാണ് നമ്മുടെ ഏകാത്മകതയുടെ ലക്ഷ്യം. എല്ലാറ്റിനെയും നാം ഒരിടത്ത് തളയ്ക്കുന്നു. അതിനായി എല്ലാറ്റിന്റെയും സ്വഭാവം നശിപ്പിക്കുന്നു. ഒന്നിനും അതിന്റെ ലോകം അനുവദിക്കില്ല. അല്ലെങ്കിൽ ഓരോന്നിന്റെയും ശബ്ദം നമ്മുടെ നിയന്ത്രിതവും ലക്ഷ്യവേധിയുമായ ജീവിതത്തിനുള്ളിൽ വന്ന് സമാധിയടയുന്നു. വ്യക്തിനിഷ്ടതയോ വസ്തുനിഷ്ടതയോ ഇല്ല; പകരം ഒരു കേന്ദ്രം എന്ന തത്ത്വംമാത്രമാണ് ശേഷിക്കുന്നത്.

എല്ലാറ്റിന്റെയും കേന്ദ്രം ഒന്നാണെങ്കിൽ വ്യതിരിക്തത ഉണ്ടാകില്ല.ഏകകേന്ദ്രം എന്ന ആശയത്തിൽ നിന്ന് ഏകസത്യം എന്ന അന്തിമബിന്ദുവിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്.ഏകാത്മകതയുടെ ലോകത്ത് ജീവികൾക്ക് സുവിശേഷമില്ല. ഒരു കേന്ദ്രം മാത്രമുള്ള ലോകം മാത്രമാണ് സംസാരിക്കുന്നത്.

ഏകാത്മകതയിൽ സംസ്കാരത്തിനു ഒരു കേന്ദ്രവും ഒരർത്ഥവുമാണുണ്ടാവുക.വിഭിന്നതയോ തർക്കമോ ഇല്ല. സംവാദമില്ലെങ്കിൽ മനുഷ്യനുണ്ടോ?.

ആദിമധ്യാന്തവും സോദ്ദേശ്യതയും ഒരു ശാപമായി മാറുകയാണ്. ഏതൊരു ശബ്ദത്തിനും ഒരു പദ്ധതിയുണ്ടാകണമെന്ന് ഏകാത്മകദർശനം അനുശാസിക്കുന്നു.വിപരീതങ്ങളെ അതു കാണുന്നേയില്ല. അതുകൊണ്ടുതന്നെ സംഭാഷണങ്ങൾക്കെല്ലാം ഒരേയൊരു അർത്ഥമേ കാണൂ.അനുഭവങ്ങൾ വ്യക്തിയുടെ സ്വന്തമാണെന്നും അത് വ്യക്തിയുടെ ധനമാണെന്നും വ്യാഖ്യാനിക്കുന്നു.

എന്നാൽ ഇന്നു ഏകാത്മകമായ ഒരു ലോകം കാണാനേയില്ല.ലോകത്തിന്റെ ഏതുകോണിലുള്ളവനും വിചാരിക്കുന്നു, തന്റെ കണ്മുന്നിലുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്യമെന്ന്.ഒരോന്നിനും ലോകത്തേക്കാൾ വലിയ പ്രതിച്ഛായ ലഭിക്കുന്നു.മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവനേക്കാൾ വിലയാണ്. ഓർമ്മകൾക്ക് നല്ല വിലയുണ്ട്. ഓർമ്മകളെ ഏകപക്ഷീയമായി വിശദീകരിച്ചാൽ വായിക്കാൻ ധാരാളം പേരുണ്ടാവും.സ്വപ്നങ്ങൾ ജീവിക്കാൻ മാത്രമുള്ളതല്ല; അതു മറ്റുള്ളവർക്ക് വായിക്കാനും ആസ്വദിക്കാനുമുള്ളതാണ്.

സ്വന്തം അഭിലാഷങ്ങൾ യാഥാർത്ഥ്യമാകാൻ തടസ്സം നിൽക്കുന്നത് താൻ തന്നെയാണെങ്കിൽ അത് ഒരാത്മഹത്യയിലാകും കലാശിക്കുക.അപരനാണെങ്കിൽ ചിലപ്പോൾ ഒരു കൊലപാതകമുണ്ടാകാം.എല്ലാം പ്രതിച്ഛായകളായി രൂപാന്തരം പ്രാപിക്കുന്നു.ഒരിടത്തും ജീവിതമില്ല.തറയിലേക്ക് മഞ്ചാടിക്കുരുവിന്റെ പാത്രം മൂടി തുറന്ന് വീണതുപോലെ ഒന്നിനും ഒരു യുക്തിയുമില്ലാതായിരിക്കുന്നു.

വ്യക്തി ,സ്ഥാപനങ്ങൾ എല്ലാം പ്രതീതിയും പ്രതിച്ഛായയുമാണ്. യഥാർത്ഥത്തിൽ അവ നിലനിൽക്കുന്നുണ്ടോ?നിലനിൽക്കുന്നത് സ്വന്തം പ്രതിച്ഛായയുടെ അതിജീവനത്തിനു വേണ്ടിയാണ്.ഒരു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ മാതാപിതാക്കളെ മറന്ന് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്ന ഒരു കുട്ടിക്ക് പ്രതിച്ഛായ അല്ലാതെ മറ്റെന്താണുള്ളത്?

You can share this post!