സ്യൂഡോ റിയലിസവുമായി എം.കെ. ഹരികുമാർ

മലയാള സാഹിത്യരചനയിൽ പുതിയൊരു ആഖ്യാനമാതൃക അവതരിപ്പിക്കുകയാണ്‌ പ്രശസ്ത വിമർശകനും കോളിമിസ്റ്റും നോവലിസ്റ്റുമായ എം.കെ. ഹരികുമാർ.
ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാംബരാന്തങ്ങൾ, നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ, ഉത്തര-ഉത്തരാധുനികത, വീണപൂവ്‌ കാവ്യങ്ങൾക്ക്‌ മുൻപേ, സാഹിത്യത്തിന്റെ നവാദ്വൈതം തുടങ്ങിയ പുസ്തകങ്ങളിലൂടെയും നൂറ്‌ കണക്കിനു ലേഖനങ്ങളിലൂടെയും പുതിയൊരു ഭാഷയും വിമർശനമാർഗവും മലയാളത്തിനു സംഭാവന ചെയ്തിരിക്കുകയാണ്‌ ഹരികുമാർ.
ഒരു സാഹിത്യകൃതിയെ അസ്ഥിരമാക്കുന്നതാണ്‌ വിമർശനപ്രക്രിയയെന്ന വാദം ഒരു സിദ്ധാന്തമായി അദ്ദേഹം മുന്നോട്ടുവച്ചിരിക്കയാണ്‌. ഒരാൾ വിമർശനം എഴുതുന്നതോടെ, കഥയായാലും കവിതയായാലും അപൂർണമാകുകയാണെന്നും വിമർശകരചനയിലൂടെ പുതിയ ചില കൂട്ടിച്ചേർക്കലുകൾ നടക്കുന്നുണ്ടെന്നുമാണ്‌ അദ്ദേഹം വാദിച്ചതു.
നവാദ്വൈതം എന്ന സ്വന്തം സിദ്ധാന്തം ദാർശനികരംഗത്ത്‌ അവതരിപ്പിക്കാൻ കഴിഞ്ഞത്‌ മലയാള സാഹിത്യത്തിൽ ചരിത്രപരമായ നേട്ടമാണ്‌. ഇതുവരെ ഒരു സാഹിത്യകാരനും സ്വന്തമായി സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചിട്ടില്ലല്ലോ. ഹരികുമാർ ‘എന്റെ മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച സ്വന്തം സിദ്ധാന്തങ്ങൾ കൂടുതൽ വികസിപ്പിക്കാനാണ്‌ അദ്ദേഹം പിന്നീട്‌ ശ്രമിച്ചതു. ‘എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ’ എന്ന കൃതിയിലൂടെ തന്റെ മറ്റ്‌ സിദ്ധാന്തങ്ങളും ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്‌. എല്ലാ വസ്തുക്കളിലും നശ്വരനായ മനുഷ്യൻ ജീവിക്കുന്നു എന്ന്‌ ചർച്ച ചെയ്യുന്ന സാഹിത്യനവാദ്വൈതത്തിനു പുറമേ സകലവായന, ശകലവായന, മാധ്യമമാണ്‌ കല, വിനിയോഗ സൗന്ദര്യശാസ്ത്രം തുടങ്ങിയ സിദ്ധാന്തങ്ങളും ഇതിലുണ്ട്‌. സാഹിത്യവിമർശനത്തിന്റെ ദാർശനികമാനം തിരയുന്ന ലേഖനങ്ങൾ വേറെയുമുണ്ട്‌. ഓർമ്മ ഒരു വസ്തുവിന്റെ ഭാവിയെയാണ്‌ നിർമ്മിക്കുന്നതെന്ന ഹരികുമാറിന്റെ വാദം സാഹിത്യവിമർശനത്തിന്റെ കാതലായി മാറുകയാണ്‌.
വിമർശനസരണിയിൽ സ്വന്തം പാത വെട്ടിത്തുറന്ന ഒറ്റയാനായ ഹരികുമാർ ഇരുപത്തിനാല്‌ പുസ്തകങ്ങൾ പുറത്തിറക്കി കഴിഞ്ഞു. ഇതിൽ ശ്രീനാരായണായ, ജലഛായ, വാൻഗോഗിന്‌ എന്നീ നോവലുകളും ഉൾപ്പെടും. നോവലിലേക്ക്‌ തിരിഞ്ഞതിനെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “സാഹിത്യത്തിൽ, ഞാൻ ദാർശനികപക്ഷത്താണ്‌; വിമർശനത്തിലും അങ്ങനെതന്നെ. എല്ലാവർക്കും അറിയാവുന്ന യാഥാർത്ഥ്യം, എഴുത്തുകാരനെന്ന നിലയിൽ എനിക്ക്‌ അപര്യാപ്തമാണ്‌. ഞാൻ ഭാവനയുടെ മനുഷ്യവ്യക്തിയാണ്‌. എനിക്ക്‌ ഭാവന ചെയ്യേണ്ടതുണ്ട്‌. ഭാവനയിലൂടെ ഞാൻ എന്നെത്തന്നെ ആഴത്തിൽ കാണാനും രേഖപ്പെടുത്താനും ആഗ്രഹിക്കുന്നു. എനിക്കുമാത്രം എഴുതാൻ കഴിയുന്ന നോവലുകളാണ്‌ ഞാൻ രചിച്ചതു.”
നോവൽ രചനയിൽ, മലയാളത്തിലേക്ക്‌ സ്വന്തം ആഖ്യാനഗണം എന്ന നിലയിൽ സ്യൂഡോ റിയലിസം അഥവാ വ്യാജ യാഥാർത്ഥ്യം എന്ന സങ്കേതം കൊണ്ടുവന്നിരിക്കുകയാണ്‌ ഹരികുമാർ. ഹരികുമാറിന്റെ മൂന്ന്‌ നോവലുകളും (നോവൽത്രയം) രചിച്ചിരിക്കുന്നത്‌ ഈ ആഖ്യാനഗണത്തിലാണ്‌. ഇത്‌ അദ്ദേഹത്തിന്റേതു മാത്രമായ രചനാരീതിയാണ്‌. ഇതിനെക്കുറിച്ച്‌ ഹരികുമാർ പറയുന്നത്‌ ശ്രദ്ധിക്കാം:
“മലയാളത്തിൽ എന്റേതായ ഒരു ആഖ്യാനമാതൃക സൃഷ്ടിക്കേണ്ടിവന്നു. അതൊരു കുറ്റമാണോ എന്നറിയില്ല. ഇതിനെ ഞാൻ സ്യൂഡോ റിയലിസം അഥവാ വ്യാജ യാഥാർത്ഥ്യം എന്ന്‌ വിളിക്കുകയാണ്‌. ഇതും യാഥാർത്ഥ്യം തന്നെയാണ്‌. എന്നാൽ ഇത്‌ വ്യാജമാണ്‌. പൂർണമായും വ്യാജമല്ല. നേരനുഭവത്തിന്റെ ഒരു തലം നിലനിൽക്കുമ്പോൾതന്നെ അതിലേക്ക്‌ വ്യാജഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. ഫേക്ക്‌ ന്യൂസ്‌ അഥവാ വ്യാജവാർത്തയുടെ കാലമാണല്ലോ ഇത്‌. എല്ലാവർക്കും ഇന്ന്‌ വ്യാജവാർത്തയും വേണം. കാരണം, യാഥാർത്ഥ്യത്തെ അല്ലെങ്കിൽ വാർത്തയെ ഇന്ന്‌ വസ്തുനിഷ്ഠമായി കാണാൻ തടസ്സപ്പെടുത്തുന്ന സംഗതികളുണ്ട്‌. ഏതെങ്കിലുമൊന്ന്‌ സ്വീകരിക്കുകയേ നിർവാഹമുള്ളൂ. ജീവിതത്തെ വ്യാജത്വം പിടികൂടുകയാണ്‌. അത്‌ സാഹിത്യത്തിലേക്കും വരാതെ തരമില്ല.”
‘ജലഛായ’ എന്ന നോവലിലൂടെയാണ്‌ ഹരികുമാർ ആദ്യമായി സ്യൂഡോ റിയലിസം ആവിഷ്കരിച്ചതു. ഒരു ദളിത്‌ യുവാവ്‌, വിശ്വാസിയല്ലെങ്കിൽപ്പോലും, ജീവിക്കാൻവേണ്ടി സുവിശേഷപ്രവർത്തനത്തിലേക്ക്‌ തിരിയുന്നതും ഒടുവിൽ എയ്ഡ്സ്‌ രോഗം പിടിപെട്ട്‌ മനോനില തകരുന്നതുമാണ്‌ ഇതിവൃത്തം. എന്നാൽ ഈ ഇതിവൃത്തത്തെ പിളർന്നുകൊണ്ട്‌ എവിടെനിന്നോ കുറെ വ്യാജയാഥാർത്ഥ്യങ്ങൾ നോവലിലേക്ക്‌ വരുന്നുണ്ട്‌. പ്രഹേളികയായി മാറിയ ഘടനയാണ്‌ നോവലിനുള്ളത്‌. ലോകം മറ്റൊന്നായി മാറുന്നു. ശരിക്കും സൃഷ്ടിപ്രക്രിയയാണിത്‌. ദൃഷ്ടിഗോചരമായ ലോകത്തിനു സമാന്തരമായ മറ്റൊന്ന്‌ വാർത്തെടുക്കുന്നു. ‘ശ്രീനാരായണായ’ ഒരു മഹാദാർശനിക സംഭവമാണ്‌. സാഹിത്യത്തിന്റെ ആത്മാവ്‌ അഗാധമായി നിരീക്ഷിക്കപ്പെടുന്നു. ഗുരു മാത്രമാണ്‌ ഇതിലെ നേര്‌. ബാക്കിയെല്ലാം ഭാവനകൊണ്ട്‌ ഉണ്ടാക്കിയതാണ്‌. ഭാവിയിൽ നിന്ന്‌ ഒരു ഗുരുവിനെ കണ്ടുപിടിക്കുകയാണ്‌ ഹരികുമാർ. ഇതുവരെ കാണാത്ത, ആരും എഴുതിയിട്ടില്ലാത്ത പുതിയ വിവരണകല രൂപപ്പെടുന്നു. ലോകസാഹിത്യത്തിൽ തന്നെ ശ്രദ്ധേയമാണിത്‌. ഇതിന്‌ തുടർകഥയില്ല. പതിനഞ്ച്‌ സാങ്കൽപിക എഴുത്തുകാർ ഒരു വിശേഷാൽപ്രതിക്കുവേണ്ടി എഴുതുന്ന രചനകൾ എന്ന നിലയിലാണ്‌ ഉള്ളടക്കം.
‘വാൻഗോഗിന്‌’ എന്ന നോവലും സ്യൂഡോ റിയലിസത്തിന്റെ വിളംബരമാകുകയാണ്‌. വാൻഗോഗിനെ യാഥാർത്ഥ്യമായി സങ്കൽപിച്ചുകൊണ്ട്‌ ചുറ്റിനുമുള്ള ലോകത്തെ വ്യാജമാക്കുന്നു. വ്യാജലോകത്തെ നമ്മൾ വിശ്വസിക്കുന്നു. കാരണം ഇത്‌ കഥയാണ്‌. മലയാള സാഹിത്യത്തിൽ ഹരികുമാറിന്റെ മൂന്നു നോവലുകളും കൂടുതൽ പഠിക്കാനും ഗവേഷണം ചെയ്യാനുമുള്ള വിഭവങ്ങളാണ്‌. പുതിയൊരു നോവൽ എങ്ങനെ ഭാവന ചെയ്യപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിവ.
എറണാകുളത്ത്‌ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അഭിമുഖത്തിൽ പങ്കെടുത്ത്‌ ഹരികുമാർ നവനോവലിനെക്കുറിച്ചതു പറഞ്ഞത്‌ ഇങ്ങനെയാണ്‌:
“ഒരു പ്രദേശത്തിന്റെ ചരിത്രമോ വെറും കാൽപനിക കഥാവിവരണമോ ഒക്കെ പഴകിക്കഴിഞ്ഞു. അതെല്ലാം വ്യവസ്ഥാപിതമാണ്‌. നേരത്തേതന്നെ എഴുതിക്കഴിഞ്ഞതാണ്‌. വ്യവസ്ഥാപിത കൃതികൾ ജീവിതത്തെക്കുറിച്ച്‌ നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്‌ പകരുന്നത്‌. നോവൽ ഒരു പുതിയ ക്രാഫ്റ്റാണ്‌. ആശയപരമായ പുതുമയോടൊപ്പം, സൗന്ദര്യാത്മകമായ അന്വേഷണമാണ്‌ എന്നെ പ്രചോദിപ്പിക്കുന്നത്‌. യാഥാർത്ഥ്യങ്ങൾ നമ്മെ വഞ്ചിക്കുകയാണ്‌. അതുകൊണ്ട്‌ വ്യാജമായി ഈ ലോകത്തെ പുനഃക്രമീകരിക്കേണ്ട ബാധ്യത എഴുത്തുകാരനുണ്ട്‌. സാഹിത്യത്തിനു എവിടെവരെ പോകാൻ കഴിയുമെന്ന്‌ ഞാൻ തെളിയിച്ചിരിക്കുകയാണ്‌ എന്റെ മൂന്നു നോവലുകളിലൂടെ.”

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006