സ്നേഹത്തിൽ വേവുന്നു എന്ന അനുഭൂതി /എം.കെ. ഹരികുമാർ 

fbt

സ്നേഹം മനുഷ്യനു ആവശ്യമില്ലാതായി  തീർന്നുവോ എന്നു  ചിന്തിക്കേണ്ടിയിരിക്കുന്നു. സ്നേഹിക്കാൻ ചെല്ലുമ്പോൾ പിന്തിരിയുന്നവരെ കാണാം.  മറ്റൊരാളുടെ സ്നേഹം ഇല്ലാതെതന്നെ തനിക്ക് ജീവിക്കാൻ കഴിയുമെന്ന അഹന്ത കടന്നുവന്നത് ആധുനിക നാഗരികതയുടെ ധാർഷ്ട്യത്തിലാണെങ്കിൽ അത് അർത്ഥശൂന്യമാണ്. കൊറോണ വൈറസ് പടർന്നപ്പോൾ സ്നേഹം വേണ്ടെങ്കിലും മറ്റുള്ളവരുടെ ദയ വേണമായിരുന്നു. എന്തുകൊണ്ടാണ് ആളുകൾ സ്നേഹത്തിന് വിലക്കേർപ്പെടുത്തുന്നത്? മുതലാളിത്ത സമൂഹത്തിൻ്റെ മൂല്യങ്ങൾ വ്യക്തിയെ അവനിൽ തന്നെ അന്യവത്ക്കരിക്കുകയാണ്. അവൻ സ്വയം ബന്ധമറ്റവനാകുകയാണ്. ആ മൂല്യങ്ങൾ വ്യക്തികേന്ദ്രീകൃതവും വാണിജ്യപരവും പ്രയോജനാധിഷ്ഠിതവുമായി മാറിയതുകൊണ്ടാണ് സ്നേഹം  അനുഭവിക്കാൻ കഴിയാത്തത് .നമ്മുടെ കവിതകളിൽ നിറയെ സ്നേഹമാണ്. ഉദ്ബോധനങ്ങൾക്കും  കണക്കില്ല.സ്നേഹത്തെ ഒരു പ്രഭാഷണ വിഷയമാക്കുന്നതിൽ മനുഷ്യൻ്റെ  ശക്തി അപാരമാണ്. മതപണ്ഡിതന്മാരുടെ മേഖലയാണത്. മനുഷ്യൻ വിശ്വസിക്കാത്ത കാര്യങ്ങൾ ദീർഘിപ്പിച്ചും പരത്തിയും ഊന്നിയും  പറയുന്നതിൽ നിന്ന് അവൻ പിൻവാങ്ങുകയില്ല.എന്നാൽ അസന്ദിഗ്ദ്ധമായി പറയട്ടെ , മനുഷ്യരുടെ യുക്തിയുടെയും കാര്യലാഭത്തിൻ്റെയും സ്വാർത്ഥതയുടെയും കറപുരളാത്ത മറ്റൊരു സ്നേഹമുണ്ട്. അത് ഓരോ വസ്തുവിൻ്റെയും ഉള്ളിൽ കത്തുകയാണ്. സ്നേഹദീപ്തിയാണത്. അത് വാക്കുകളോ, വിവേചനങ്ങളോ, പരിദേവനങ്ങളോ അല്ല; പ്രകാശത്തിൻ്റെ ഒരു എയ്ത്താണ്. 

ഗുരുവിൻ്റെ ‘ദർശനമാല’യിൽ ഇങ്ങനെ വായിക്കാം:

“ഭക്തിരാത്മാനുസന്ധാനം

ആത്മാfനന്ദഘനോ യത:

ആത്മാനമനുസന്ധത്തേ

സദൈവാത്മവിദാത്മനാ “

വലിയ ഒരു വിചിന്തനത്തിലേക്ക് പ്രവേശിക്കുകയാണ് ഗുരു. ഭക്തി എന്ന ആശയത്തെ വ്യാഖ്യാനിച്ചുകൊണ്ട് അതിനെ എങ്ങനെ സർവ്വപ്രപഞ്ചത്തിൽ ഒരു അന്തരാനുഭവമായി മാറ്റാം എന്നു  കാണിക്കുന്നു. സ്നേഹത്തിൻ്റെ മറ്റൊരു ഭാവഭേദമാണ് ഭക്തി .എന്താണ് ഈ ഭക്തി ?ആത്മാവിനെ അനുസന്ധാനം  ചെയ്യുന്നതാണത്. ഒരു മൂർത്തിയോടോ ,വിഗ്രഹത്തോടോ ഉള്ള ആഭ്യർത്ഥനയല്ല. തന്നിലേക്കു തന്നെ പിന്തിരിഞ്ഞ് സ്വയം അനുസന്ധാനം ചെയ്യുകയാണ്. തന്നിലെ ദൈവത്തെ അറിയുകയാണവിടെ. ഉള്ളിലെ ആത്മരാഗമാണ് ഭക്തി; സ്വയം അറിയാനുള്ള വഴി. തന്നിലെ ദൈവത്തെ അറിയാനുള്ള  ആത്മാവാണത്.

തന്നിൽ നിന്നു ഭേദമായിട്ടുള്ളത്  ഒന്നുമില്ലെങ്കിൽ അവിടെ രമ്യതയ്ക്കല്ലാതെ വേറെ ഒന്നിനും  സ്ഥാനമില്ല. ഈ അനുസന്ധാനം  മഹത്തായ പ്രേമമാണ് .തന്നിൽ തന്നെ അത് നിറയുകയാണ് .എന്നാൽ അതിൻ്റെയർത്ഥം പുറത്തുള്ളതിനെയെല്ലാം ഒഴിവാക്കണമെന്നല്ല. അങ്ങനെയൊരു  അർത്ഥം പറയുന്നവർ ഉണ്ടാകാം. ഗുരുവിൻ്റെ ഭക്തി സർവ്വവ്യാപിയായ, സർവ്വ ആന്തരികതയുടെയും സ്വരമായ സ്നേഹത്തിലേക്കാണ് നീങ്ങുന്നത്. അത് ‘സ്നേഹാത്മകമാം പാശ’മാണ് .ആ പാശത്തിൽ നമ്മെ  എല്ലാവരെയും കെട്ടിയിട്ടിരിക്കുകയാണ്. ഗുരു ജനലക്ഷങ്ങളെ ആ പാശത്തിൽ  കെട്ടി.ദൈവം മനുഷ്യരെ മാത്രമല്ല ,സകല ജീവിജാലങ്ങളെയും വസ്തുക്കളെയും ആ പാശത്തിൽ കെട്ടിയിരിക്കുകയാണ്. ആന്തരികാവസ്ഥയിലൂടെയാണ്  വസ്തുക്കൾ തിരിച്ചറിയുന്നത്. മരിക്കാത്ത സത്യമാണത്. ശരീരങ്ങൾ ക്ഷയിക്കുന്നതാണ്. എന്നാൽ സ്നേഹം എന്ന ആന്തരികാവസ്ഥയെ അറിയുകയാണെങ്കിൽ അത് നശിക്കാത്തതാണെന്നു കാണാം. 

മുഖം പിശാചിൻ്റേത് 

“യദ്യാfത്മവിദ്യാസങ്കോച-

സ്തദാfവിദ്യാ ഭയങ്കരം 

നാമരൂപാത്മനാfത്യർത്ഥം

വിഭാതീഹ പിശാചവത് “

നമുക്ക് നമ്മെ നഷ്ടപ്പെടുമ്പോൾ മനസ്സിലേക്ക് പിശാച് കയറിവരുന്നു, ഓരോന്നും വ്യത്യസ്ത നാമരൂപങ്ങളാണെന്ന് കാണിക്കാൻ തുടങ്ങും .നമ്മൾ നമ്മളിൽ ഇല്ലാതാവുമ്പോൾ സ്നേഹവും അപ്രത്യക്ഷമാവും. മനുഷ്യർ എന്തുകൊണ്ടാണ് സ്നേഹത്തെ വേണ്ടെന്നു വയ്ക്കുന്നതെന്ന ചോദ്യത്തിനുള്ള  ഉത്തരം ഗുരുവിൻ്റെ ഈ രചനയിൽ കാണാം .അവിദ്യ ഭയങ്കരമാണ്. കാരണം, അത് എല്ലാറ്റിനെയും നശിപ്പിക്കും. മനുഷ്യരെ തമ്മിൽ അകറ്റും .നമ്മെ പ്രകൃതിക്ക് എതിരാക്കും .ഹിംസയിലൂടെ നടത്തിക്കും .നമുക്ക് ചിന്ത നഷ്ടപ്പെടും. നമ്മൾ  ആസുരരൂപിയായി മാറും. നമ്മെ കണ്ടാൽ കൊച്ചു കുട്ടികളും  ജീവജാലങ്ങളും ഭയപ്പെടുന്ന അവസ്ഥയുണ്ടാകും. നമ്മുടെ മുഖം പിശാചിൻ്റേതിനു സമാനമാകും,അപ്പോൾ .അതുകൊണ്ട് നല്ലതൊന്നും വിനിമയം ചെയ്യാനാവാത്ത വിധം അവിദ്യ എന്ന ഇരുട്ടിലേക്ക് നമ്മൾ ചുരുങ്ങിപ്പോകും.  അതാണ് ഭയങ്കരമായുള്ളത്..

അതേസമയം പ്രകൃതിയിലെ ഓരോന്നിനെയും സ്നേഹത്താൽ ദൈവം എങ്ങനെ കെട്ടിയിട്ടിരിക്കുന്നു എന്ന അറവ് ശ്രമിച്ചാൽ മനസ്സിലാക്കാം. അതൊരു കണ്ടെത്തലാണ് .മറ്റുള്ളതിനെ നമ്മളുമായി ബന്ധിപ്പിക്കുന്ന ഒരു ക്ഷീര പഥമാണത് .ഭൂമിക്കടിയിലേക്ക് കുഴിച്ചാൽ ജലം കണ്ടെത്തുന്നതുപോലെയാണ് അത് കിട്ടുക. എവിടെനിന്നോ വന്ന ഒരു പൂച്ചയ്ക്ക്, നായയ്ക്ക്, പക്ഷിക്ക് കുറച്ചു വെള്ളമോ ഭക്ഷണമോ കൊടുത്തു നോക്കൂ. നമ്മെ അത് പിന്നെ മറക്കില്ല. ഒരാഴ്ച തുടർച്ചയായി നിങ്ങൾ വെള്ളമോ ഭക്ഷണമോ നല്കിയാൽ പിന്നെ നിങ്ങളെ അവ  ഒരിക്കലും ഉപേക്ഷിക്കുകയില്ല. കാരണം ,അതിന് അറിയാവുന്ന ഏറ്റവും മഹത്തായ വികാരമാണത്.  ദൈവമാണ് ആ വികാരത്തിൻ്റെ  അന്തസ്സത്തയായി വർത്തിക്കുന്നത്. അതുകൊണ്ടാണ് സ്നേഹം കാണിച്ചപ്പോൾ ആ വികാരം ഒരു ക്ഷീരപഥമായി പെട്ടെന്ന് ദൃശ്യമാകുന്നത്. ആ വികാരം ഉണരുകയാണ് .ആ ജീവികളെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ ദൈവം അർഹമാക്കിയിരിക്കുന്ന സിദ്ധിയാണത്. പാവപ്പെട്ട ജീവികൾ യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയതല്ല ഈ സ്നേഹത്തിന്റെ ക്ഷീരപഥം. പ്രാണന്റെ ജനിതകമാണത്. അതിനെ നശിപ്പിക്കാൻ മനുഷ്യൻ തുനിയുന്നത് അവന്റെ അവിദ്യയാലാണ്. അതുകൊണ്ടാണ് ഗുരു അവിദ്യ ഭയങ്കരമാണെന്ന് പറയുന്നത്. എല്ലാ പ്രാണികൾക്കും ഈ തിരിച്ചറിവുണ്ട്. അതിൻ്റെ ഭാഷയിലേക്ക് നമ്മൾ ഉയരേണ്ടതുണ്ടെന്ന് മാത്രം.

മുരടിച്ച നിൽക്കുന്ന ഒരു സസ്യത്തിന്റെയുള്ളിലും ഈ സ്നേഹമുണ്ട്. അത് നമ്മൾ അറിയണം. ചിലപ്പോൾ ഉണങ്ങിയോ, വരൾച്ച മുരടിച്ചോ വീണുപോയേക്കാവുന്ന ഒരു സസ്യം സ്നേഹത്തിനു വേണ്ടിയാണ് ദാഹിക്കുന്നതെന്ന് പറഞ്ഞാൽ യോജിക്കാമോ?എന്നാൽ അതാണ് ശരി .നിങ്ങൾ സന്തോഷത്തോടും സ്നേഹത്തോടും കൂടി ആ സസ്യത്തെ തടവി ഉയർത്തിപ്പിടിച്ച് നിർത്തി നോക്കൂ.അവിശ്വസനീയമായ  ഫലമുണ്ടാകും. ആ ചെടി ഏതാനും ആഴ്ചകൾ കൊണ്ട് ദിവ്യസ്പർശം ഏറ്റിട്ടെന്ന പോലെ ഉണർന്നു വളരും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?നമ്മുടെ സ്നേഹത്തോടെയുള്ള സ്പർശം ഒരു ദിവ്യമായ ആഹ്വാനവും രക്ഷാകർതൃത്വവുമാണ്. അതിൽ ആത്മീയമായ ,അന്തരംഗ പ്രധാനമായ വെളിച്ചത്തിൻ്റെ ശക്തിയാണുള്ളത്. അത് ഊർജ്ജം തന്നെയാണ്.പരസ്പരം കടന്നുപോകാവുന്ന ഇടങ്ങളിൽ ഐക്യഭാവനയുള്ളവർ സംഗമിക്കുന്നു.

സ്നേഹമില്ലെങ്കിൽ വസ്തുക്കൾ ആത്മഹത്യ ചെയ്യും 

ഈ സ്നേഹപാശം അചേതന വസ്തുക്കളിലും കാണാം. നാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കൾ അശ്രദ്ധയോടെ  ഉപേക്ഷിച്ചാൽ ആ വസ്തുക്കൾ നമ്മിൽ നിന്ന് അകലാനിടയാക്കും .അകലുക മാത്രമല്ല, ആത്മഹത്യ ചെയ്യും .പേനയോ ,പേപ്പറോ ,പാത്രങ്ങളോ ,പുസ്തകങ്ങളോ ആത്മഹത്യ ചെയ്യുന്നുവെന്ന് പറയുമ്പോൾ അവിശ്വസിക്കേണ്ട ,സത്യമായ കാര്യമാണ്. നമ്മൾ വായിക്കാത്ത പുസ്തകങ്ങൾ  എന്തിനു നമ്മെ കാത്ത് ഉടുത്തൊരുങ്ങിയിരിക്കണം? ആ പുസ്തകങ്ങൾ പൊടിപിടിച്ചു ,മാറാലയിൽ കുരുങ്ങി നശിക്കും .അത് ആത്മഹത്യ തന്നെയാണ്. വേറെ മാർഗമില്ല. എല്ലാ വസ്തുക്കളിലും ദൈവത്തിൻ്റെ  സ്നേഹചൈതന്യം സംഭൃതമാണ്. സ്നേഹം തന്നെയാണ് ദൈവത്തിൻ്റെ   വാഹിനി .സ്നേഹം സന്തോഷവും സൗന്ദര്യവുമാണുണ്ടാക്കുന്നത് .നമ്മൾ എന്നും പരിപാലിക്കുന്ന ചെടിക്കും പുസ്തകത്തിനും വസ്തുവിനും മേശയ്ക്കും മുറിക്കും ജീവിക്കാൻ കൊതിയുള്ളതായി കാണപ്പെടും.

അത് നമ്മെ തിരിച്ചു സ്നേഹിക്കുന്നതിന്റെ അടയാളങ്ങൾ പ്രകടമാകും .അതുകൊണ്ട് സ്നേഹം നമ്മുടെ ഉത്തരവാദിത്വമാണ്. ഈ സ്നേഹം ബുദ്ധിയുടെ ഉല്പന്നമല്ല; നമ്മൾ സ്നേഹത്തിൽ വേവുന്നു എന്നതിൻ്റെ അനുഭൂതിയാണ്.  സ്നേഹിക്കാതിരുന്നിട്ട് ലോകം നമ്മോട് ഉത്തരവാദിത്വം കാണിക്കണമെന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. സ്നേഹിക്കാത്തവനിലേക്ക് യാതൊന്നിനും പ്രവേശനമില്ല .അവൻ ഒറ്റപ്പെട്ട ,സംവേദനങ്ങൾക്ക് അപ്രാപ്യമായ ഇടമാണ്. 

ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തെയും ഇതേ വിധത്തിൽ ഉന്നതമായ ഭക്തിയായി കാണാമെന്ന് ഗുരു പറയുന്നത് ഇങ്ങനെയാണ് :

“ഭാര്യാ ഭജതി ഭർത്താരം 

ഭർത്താ ഭാര്യാം ന കേവലം 

സ്വാനന്ദമേവ ഭജതി

സർവ്വോfപി വിഷയസ്ഥിതം “

ഭാര്യാഭർത്തൃബന്ധം പരസ്പരമുള്ള ഒരു ഉപകാരസ്മരണയിലുള്ളതല്ല; ആകരുത്. ആനന്ദമാകണം പ്രധാനം.  അത് പരസ്പരമുള്ള സ്നേഹമായി പ്രതിപ്രവർത്തിക്കേണ്ടതുണ്ട്.  സ്നേഹത്തിലുടെ ആന്തരികതയെ ഉണർത്താൻ സാഹചര്യമുണ്ടാകണം. തന്നിലേക്ക് വാക്കുകളോ, വസ്തുക്കളോ അല്ലാ, സ്നേഹം തന്നെ വന്നുവെന്ന് ഓരോരുത്തർക്കും തോന്നണം.അപ്പോൾ ആത്മസമ്മേളനമായി അത് ഉയരും. ഏതു തരത്തിലുള്ള ശുദ്ധമായ സ്നേഹത്തിനും ആത്മീയമായ ഔന്നത്യമുണ്ടെന്നാണ് ഗുരുവിൻ്റെ  അഭിപ്രായം. വികാരം ശുദ്ധമായിരിക്കുമ്പോൾ ദൈവത്തിൻ്റെ  സന്ദേശങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനാവും. ദൈവത്തിൻ്റെ  മഹാസന്ദേശങ്ങൾ സ്നേഹവും സന്തോഷവും സത്യവുമാണ്. അവിടെ ആരെത്തിയാലും കളങ്കമോ കാലുഷ്യമോ ദേഷ്യമോ ഉണ്ടാകുകയില്ല. അതിൽ നിന്ന്  അകന്നുപോകുന്നതോടെ പിശാചിൻ്റെ ആധിപത്യം തുടങ്ങുകയായി. 

“നിയന്തരി നിഷിദ്ധസ്യ 

സർവ്വേഷാം ഹിതകർത്തരി 

യോfനുരാഗോ ഭക്തിരത്ര

സാ പരാ പരമാത്മനി “

സത്യത്തിൻ്റെ പാതയിൽ സഞ്ചരിച്ച്  ഹിതം പ്രവർത്തിക്കുന്നതാണ്  ഭക്തിയുടെ അടിസ്ഥാനം. ആരാണോ  ഇങ്ങനെ സഞ്ചരിക്കുന്നത് അവനെ സ്നേഹിക്കാൻ നാം യോഗ്യരാകുന്നു. അവനിൽ ഭക്തിയാണുള്ളത്. ഭക്തിയും  സ്നേഹവും ഒന്നുതന്നെയാണ് .അത് പ്രാപഞ്ചികമായ സാക്ഷ്യമാണ്; തിരിച്ചറിവാണ് .ഹൃദയമുള്ളവർ ഒരിടത്ത് കണ്ടുമുട്ടി തിരിച്ചറിയുകയാണ്. മനസ്സിൻ്റെ  ഭൂമിക്കടിയിലെ ജലത്തിൻ്റെ തലത്തിൽ  അവർ ഒരേ പോലെ എത്തുന്നു .ഈ സ്നേഹമാണ് സമൂഹത്തെ  ദൈവാഭിമുഖമായി, സജീവമായി നിലനിർത്തുന്നത്. സമൂഹത്തിൽ സ്നേഹമില്ലാതാകുമ്പോൾ അത് അഴിമതിയിലും അക്രമത്തിലും മുഴുകുന്നു. 

സ്നേഹത്തെ പുറത്താക്കിയവർ

ദൈവം നമ്മുടെയുള്ളിൽ പ്രകാശിപ്പിച്ചു വച്ചിരിക്കുന്ന മഹത്തായ ഒരു സംവേദനം വേണ്ടെന്ന് വയ്ക്കുന്നവൻ പിന്നെങ്ങനെ സൗഖ്യത്തിൽ എത്തിച്ചേരും ? യൂറോപ്യൻ വ്യക്തിവാദ തത്ത്വശാസ്ത്രങ്ങളുടെ ബലത്തിൽ മനുഷ്യൻ ആത്മരതിയിലാണ് ഇന്ന് അഭയം തേടിയിരിക്കുന്നത്. മറ്റാർക്കും പ്രവേശനമില്ലാത്ത ലോകമാണത്.ആരെയും സ്നേഹിക്കയില്ല എന്ന ബോർഡ് വീടിനു മുന്നിൽ വച്ചിരിക്കുന്നവർ എല്ലാ വാതിലുകളും ബന്ധിച്ചിട്ടുണ്ടാവും. പഴയതോ പുതിയതോ ആയിട്ടുള്ള സ്നേഹത്തിന് അവിടെ വിലയില്ല .അവിടെ സ്നേഹിക്കാൻ ശ്രമിക്കുന്നതാണ് സാഹസമായിത്തീരുന്നത്. 

സ്നേഹിച്ചാൽ പ്രതീക്ഷ നഷ്ടപ്പെടും എന്നാണ് അവരുടെ ചിന്ത. നമ്മുടെ സാംസ്കാരിക, സാഹിത്യലോകത്ത് ആത്മീയതയുടെ വെളിച്ചമായ ഈ സ്നേഹം കാണാനില്ല. മറ്റൊരാൾക്ക് മനസ്സിൽ ഇടം കൊടുക്കുന്നില്ല .എല്ലാ പുരസ്കാരങ്ങളും ഫലകങ്ങളും ധനങ്ങളും തന്നിലേക്ക് മാത്രം വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവൻ എന്ത് സന്ദേശമാണ് സാഹിത്യലോകത്ത് നല്കുന്നത്. താൻ വേണ്ടപോലെ പുരസ്കൃതനാണെന്ന് ഒരാൾ സ്വയം അറിയണം. എങ്കിലും തനിക്കിനി  വേണ്ട, മറ്റുള്ളവർക്ക്, അർഹതയുള്ളവർക്ക് കൊടുക്കൂ എന്നു  പറയാനുള്ള ആത്മാർത്ഥതയുണ്ടാവണം .’അവിദ്യാ ഭയങ്കരം’ എന്ന് ഗുരു പറഞ്ഞതിന്റെ വ്യാപ്തി ഈ രംഗത്തുള്ളവരുടെ ചെയ്തികൾ കണ്ടാൽ വ്യക്തമാകും. തനിക്ക് മാത്രം എല്ലാം കിട്ടണം; താൻ ആർക്കും ഒന്നും കൊടുക്കുകയില്ല എന്നാണ് പല മഹാന്മാരുടെയും നിലപാട് .അവർ കിട്ടുന്നതിനുവേണ്ടിയും , കിട്ടിക്കഴിഞ്ഞാലും ക്രൂരമായ മൗനമാണ് ഭക്ഷിക്കുന്നത്. അവരെ ഒന്നും വികാരം കൊള്ളിക്കുന്നില്ല .അവർ യാതൊന്നിലും സ്നേഹം കാണുന്നില്ല. ഒരു പക്ഷിയെ പോലും അവർ സ്നേഹിക്കുകയില്ല. കാരണം, സ്നേഹിച്ചാൽ ,പക്ഷികൾ അവരുടെ വീടിൻ്റെ മതിലിലും വരാന്തയിലും ചെന്ന് എത്തി നോക്കിയാലോ? അതവർക്ക് ദുസ്സഹമായിരിക്കും. അതുകൊണ്ട് അവർ സ്നേഹത്തെ ഒരു ഭരണയിലാക്കി വീട്ടിലെ ആക്രി സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ തളളിയിരിക്കകയാണ് .വിചിത്രമെന്ന് പറയട്ടെ ,ഇക്കൂട്ടർ സ്നേഹത്തെക്കുറിച്ചായിരിക്കും എപ്പോഴും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുക!. സ്കൂളുകളിൽ   ചെന്ന് ഇവർ കുട്ടികളെ നോക്കി ധീരമായി എഴുതൂ എന്ന് ഉപദേശിക്കും. എന്നാൽ ഉള്ളിൽ അവർ പറയുന്നുണ്ടാകും, ഒരിക്കലും ധീരമായി എഴുതരുത്; എത്രയെഴുതിയാലും   നിങ്ങൾക്ക് ആരും ഒന്നും തരാൻ പോകുന്നില്ല. അതെല്ലാം ഞങ്ങൾ നേരത്തെ വിലപറഞ്ഞ് വാങ്ങി വെച്ചിരിക്കുകയാണ് എന്ന്. ഈ വചനങ്ങൾ കേട്ട് ദൈവത്തിന്റെ സ്നേഹാനുഭവം എന്ന മഹാ സുവിശേഷത്തിൽ മാത്രം സ്വയം  തിരിച്ചറിയുന്ന പക്ഷികൾ തൊട്ടടുത്തുള്ള തൊടിയിലെ  ഉയരമുള്ള വൃക്ഷത്തിന്റെ കൊമ്പിലേക്ക് വേഗം മാറിയിരിക്കും .സാഹിത്യകാരന്മാരും കവികളും കാണാനിടയില്ല എന്നുറപ്പാക്കിക്കൊണ്ട് ഏറ്റവും ഉയരത്തിലുള്ള കൊമ്പിൽ കൂട്ടുകെട്ടുകയും ചെയ്യും .

സാംസ്കാരിക രംഗത്ത് സംഭവിച്ചിരിക്കുന്ന ഈ സ്നേഹരാഹിത്യത്തെ ഗുരുവിൻ്റെ വാക്കുകളിൽ വിവരിച്ചാൽ ‘അവിദ്യാ ഭയങ്കരം’ എന്നു  മനസിലാവും .സ്നേഹം ചലനാത്മകവും ലോകോപകാരപ്രദവുമാകുന്നതാണ്  ഗുരുവിൽ നാം കാണുന്നത്. സ്നേഹം കടലാസിൽ എഴുതാനുള്ളതല്ല; അത് വിനീതമായ ഭക്തിയിലേക്ക് മാറുകയാണ് .ലോകം  തന്നിലാണുള്ളത്. ആ ലോകത്താണ് താനുള്ളത് .തന്നിൽ നിന്നു ഒന്നും മാറ്റാനാവില്ല. താൻ എല്ലാറ്റിൻ്റെയും ഭാഗമാണ്. തനിക്ക് വിച്ഛേദമില്ല .രമ്യത മാത്രമേയുള്ളൂ .അതാണ് ആ സ്നേഹമന്ത്രം .

home

You can share this post!