ഉഴുതുമറിക്കാൻ സ്ത്രീ പാടമല്ല
ഉലകിൽ ഉയിരിൻ്റെ കാതലാണ്
കളിപ്പാട്ടമല്ലവളെ തച്ചുടക്കാൻ
യന്ത്രകോപ്പല്ല സ്ത്രീ അംബയാണ്
മജ്ജയുംമാംസവും പകുത്തിടുന്നോൾ
ജന്മകാരിണിയാണൾ അമ്മയാണ്
അമ്മതൻമാറിലെ പാൽ മധുരം
നുകരാത്ത മർത്യൻ മഹിയിലുണ്ടോ
അമ്മയും പെങ്ങളും പൊൻ മകളും
ഓർക്കുകിൽ വീടിന്ന് ശോഭയല്ലേ
അഭിമാനിയാണവൾ അബലയല്ല
അപമാനിച്ചിടല്ലേയാ സ്ത്രീത്വമൊക്കെ
അമ്മയെ അറിയാത്ത നീചനായാൽ
ഭൂമിയിൽ വാഴാനവൻ യോഗ്യനാണോ?
പെണ്ണുടൽ കണ്ടാൽ ഭ്രാന്തിളകും
കാമാന്ധനായാലതു നീചജന്മം
പച്ചക്കു ചിന്തിയ ചോരയൊക്കെ
ചിന്നിത്തെറിച്ചില്ലേ ചുറ്റിലെല്ലാം
അതുകണ്ടു നിൽക്കാൻ ലജ്ജയില്ലേ
അമ്മതൻ കണ്ണീരു നാം ഒപ്പിടേണ്ടേ?
പൂവുടൽ കൊത്തി വലിച്ചെടുക്കും
കഴുകനിനി മേലിൽ പറന്നിടാതെ
കൊലക്കയർ ഒരുക്കണം മടിയരുത്
കഴുവേറ്റി കൊല്ലണം കാമാന്ധനെ
കൊണ്ടു പോയ്ത്തള്ളണം തീക്കടലിൽ
പേവിഷം മേലിൽ ചീറ്റീടാതേ
അരുതൂ മനുഷ്യാ ഈ അധ:പതനം
അരുതരുത് സ്ത്രീകളിൽ നീചകൃത്യം
ഇനി മേലിൽ കൊഴിക്കല്ലേ കുഞ്ഞിളംപൂ
മണ്ണിൻ്റെ മാറിൽ മറച്ചിടല്ലേ
ഇനി മേലിൽ മായ്ക്കല്ലേ പുഞ്ചിരിപ്പൂ
പെണ്ണുപുഞ്ചിരി പൂനിലാ ചൊരിഞ്ഞിടട്ടേ…