ബീന ബിനിൽ
തൃശൂർ
ഇന്നത്തെ സമൂഹത്തിൽ എത്രയൊക്കെ ആധുനികതയുടെ കൽപ്പനകൾ , ബിംബ സൃഷ്ടികൾ ഉണ്ടായാലും , നാൾക്കുനാൾ സ്ത്രീകൾ അനുഭവിക്കുന്ന കാര്യങ്ങൾ വീക്ഷിച്ചാൽ സ്ത്രീയുടെ സുരക്ഷയുടെ കാര്യത്തിൽ വേണ്ടത്ര പുരോഗതിയില്ല എന്നു തന്നെ പറയാം.പൊതു ഇടങ്ങളിലും സാധാരണ ഇടങ്ങളിലും പ്രസംഗങ്ങളിലും സംസാരങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു സ്ത്രീ സുരക്ഷ.
സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഒട്ടേറെ കാര്യങ്ങൾ അനുഭവിക്കുന്നുണ്ട്. അവരെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ അവർ നേരിടുന്ന പ്രശ്നങ്ങൾ കാഴ്ചകൾ സംഭവങ്ങൾ ഇതെല്ലാം തന്നെ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും തന്നെയാണ്.
ഒരു പെൺകുട്ടി ജനിച്ച വീട്ടിൽ വളർന്നു വരുമ്പോൾ തന്നെ കേൾക്കാവുന്നതാണ് “നീ പെൺകുട്ടിയാണ് അടങ്ങി ഒതുങ്ങി ജീവിക്കണം , അന്യകുടുംബത്തിൽ പോവേണ്ടവളാണ്. കഴിഞ്ഞില്ല വിവാഹം എന്ന ഒരു പ്രക്രിയ കഴിഞ്ഞ് അവിടെ എത്തിയാൽ കേൾക്കാം.
“നീ മറ്റൊരു കുടുംബത്തിൽ നിന്ന് വന്നവളാണ്, ഇത്രയൊക്കെയേ ഇവിടെ പറ്റൂ ” എന്നതും ഇതിൽ എവിടെയാണ് സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടുന്നത്?
ഇതെല്ലാം ഭേദിച്ച് ജീവിച്ചവളാണ് ഞാൻ. അതിനാൽ എനിക്ക് അഹങ്കാരി, തൻ്റേടി ,അനുസരണയില്ലാത്തവൾ എന്നൊക്കെ നാമകരണവും ഉണ്ട്. പക്ഷേ ഞാൻ കണ്ടെത്തി ഒരുമിച്ച് ജീവിച്ച പുരുഷൻ അതൊന്നും അടിച്ചേൽപ്പിക്കാത്ത നല്ല വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു. പക്ഷേ അദ്ദേഹത്തിൻ്റെ വീട്ടുകാരെ കുറിച്ച് നല്ലതു പറയാനാവില്ല. എൻ്റെ മനോധർമ്മത്തിൻ്റെയും നിലപാടുകളിലൂടെയും ഞാൻ സ്വതന്ത്ര്യയായി സന്തോഷത്തോടെ മക്കളെ വളർത്തി ജീവിക്കുന്നു.
സ്ത്രീ സുരക്ഷ അകത്തോ പുറത്തോ എന്ന വിഷയത്തെ ആസ്പദമാക്കി പറയുമ്പോൾ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അകത്തുമില്ല പുറത്തുമില്ല അവനവനിൽ തന്നെയാണ്.ഇന്ന് വളരെയധികം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതാണ് ഈ വിഷയം.
കുറ്റകൃത്യങ്ങളുടെ എണ്ണം നോക്കിയാൽ ലോകമെങ്ങും കുതിച്ചുയരുകയാണ് ഇപ്പോഴും അവയുടെ കണക്ക്.ഇന്നും കെട്ടടങ്ങാതെ ഇരിക്കുന്ന മണിപ്പൂരിലെ സ്ത്രീകൾ അനുഭവിച്ചിരിക്കുന്ന , അനുഭവിക്കുന്ന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ തന്നെയാണ് അതെല്ലാം .അതിലേക്ക് പ്രഥമമായി കടക്കാതെ പറയട്ടെ ഇന്ത്യ എവിടേക്കാണ് പോകുന്നത് എന്ന് ഓർത്താൽ ഭയത്തെ വർദ്ധിപ്പിക്കുന്ന ഒരു തലത്തിലേക്കാണ് എന്ന് തന്നെ മനസ്സിലാവും. സ്ത്രീ എന്നും അവളുടെ ശരീരത്തെ ഭയന്നു തന്നെ ജീവിക്കുന്നു അതെന്തെന്നാൽ പ്രകൃതിയിൽ സ്ത്രീ എന്ന സൃഷ്ടി വളരെ സൗന്ദര്യാത്മകമായ സൃഷ്ടിയാണ്. പക്ഷേ സ്ത്രീയേ അല്ലെങ്കിൽ പെൺകുട്ടികളെ പലപ്പോഴും അവരുടെ ശരീരം ആക്രമണ് വിധേയമാണ് എന്ന രീതിയിൽ വിശ്വസിപ്പിക്കപ്പെടുകയാണ് സമൂഹത്തിൽ.സ്ത്രീ എന്നാൽ മനുഷ്യരിലെ ഒരു വിഭാഗം മാത്രമാണ് കാവ്യാത്മകമായ വർണ്ണിച്ചാൽ അമ്മയായും , മുത്തശ്ശിയായും , ഭാര്യയായും , കാമുകിയായും , പെങ്ങളായും , മകളായും , മരുമകളായും , അമ്മായിയമ്മയായും , ബാലികയായും , ഉദ്യോഗസ്ഥകളായും , ഇത്തരത്തിൽ എത്രയോ പദങ്ങളിൽ വർണ്ണനങ്ങളിൽ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്നവർ.കൂടാതെ പുരാതന കാലം മുതൽക്കേ സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമവ്യവസ്ഥകളും അതെല്ലാം ഉള്ളയിടത്താണ് ഇതെല്ലാം നടമാടുന്നത് എന്ന് തോന്നും . ഈ നിയമവ്യവസ്ഥകൾ എല്ലാം പലപ്പോഴും കേവലം കടലാസുകളിൽ മാത്രമായി ഒതുങ്ങുന്നു.ഒരു പെൺകുഞ്ഞ് ജനിച്ച് അന്നുമുതൽ അവൾ ഓരോ ദിവസവും ഓരോ നിമിഷവും ഭയത്താൽ തന്നെയാണ് ജീവിക്കുന്നത് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ തന്നെ ഭയമാണ്.വിവാഹം കഴിഞ്ഞാൽ താലിയും സിന്ദൂരവും എന്തിന് നിർബന്ധം സ്വതന്ത്രമായി ഒറ്റയ്ക്ക് സഞ്ചരിക്കാൻ അവൾക്ക് സ്വാതന്ത്ര്യം ഇല്ലേ ഇതൊക്കെ ചെയ്താൽ അവളുടെ സുരക്ഷിതത്വം നഷ്ടപ്പെടുന്നു ഇതൊക്കെ ചോദിക്കേണ്ട വിഷയങ്ങളാണ്. വീടുകളിൽ തന്നെ സ്ത്രീകൾക്ക് ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് അതെല്ലാം സഹിച്ച് പുറത്തറിയിക്കാതെ ആരുടെയൊക്കെയോ മാനം രക്ഷിക്കാനായി മിണ്ടാതിരിക്കുന്നു . അത്തരം പ്രവണതകൾ അവസാനിപ്പിക്കാനായി സ്ത്രീകൾ തന്നെ രംഗത്ത് ധൈര്യപൂർവ്വം ഇറങ്ങണം . സ്ത്രീകൾക്കായി പറഞ്ഞു വെച്ചിട്ടുള്ള നിയമവ്യവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കണം.
ഏതൊരു ഇടങ്ങളിലായാലും വീടായാലും , സമൂഹമായാലും , തൊഴിലിടങ്ങളിലായാലും പേടിച്ചരണ്ട മനുഷ്യരെപ്പോലിരിക്കാതെ അല്ലെങ്കിൽ മോശമായ കാര്യങ്ങൾ സഹിച്ച് ഉള്ള ജീവിതം അവസാനിപ്പിക്കാതെ കരുത്തോടെ അവനവൻ തന്നെ സമർത്ഥരായി മുന്നിട്ടിറങ്ങണം എന്നാണ് എൻ്റെ അഭിപ്രായം.
ജനിക്കുന്ന നാൾ മുതൽ തുടങ്ങുകയായി അവളിലേക്ക് കർശന അച്ചടക്ക നടപടികൾ അടിച്ചേൽപ്പിക്കുന്ന പ്രവർത്തി .വീട് മുതൽ കേൾക്കാവുന്നതാണ് സ്ത്രീകൾക്ക് എവിടെയും സുരക്ഷ കിട്ടുന്നില്ല എന്നത് വാസ്തവം ആണെങ്കിലും ചില സ്ത്രീകൾ വളരെ അർജുവത്തോടുകൂടി പ്രവർത്തിക്കുന്നുണ്ട് . അവരോട് ഒപ്പം അണിചേരുകയാണ് വേണ്ടത് .അത് ഉറപ്പാക്കുകയും വേണം . വരും തലമുറകളും ഇപ്പോൾ ഉള്ള സമൂഹവും ഭരണഘടനയും അതാണ് ചെയ്യേണ്ടത് . എവിടെയും സുരക്ഷിതത്വം സ്വാതന്ത്ര്യവും സ്വന്തം നിലപാടിൽ ഉറച്ച് ജീവിക്കാനായാൽ മാത്രമേ വിജയകരമായ ഒരു രാഷ്ട്രത്തിലാണ് നമ്മൾ സ്ത്രീകൾ ജീവിക്കുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ.