”അക്കാലത്തെക്കുറിച്ച് അയാൾക്ക് ഒരുപാട് അറിവുകളുണ്ട്.” മരങ്ങൾ ആകാശത്തേക്ക് ഓടിക്കയറുകയാണ്. അർദ്ധനിമീലിതാക്ഷണായി കോലായിൽ കിടന്നുറങ്ങുന്ന തന്തനായയുടെ സ്വപ്നങ്ങൾ അയാൾക്കു കാണാമായിരുന്നു. ഓണക്കിളിയും കുരുത്തോലവാലനും എവിടെനിന്നു വരുന്നുവേന്നും എന്തൊക്കെയാണ് സംസാരിക്കുന്നതെന്നും അയാൾക്കു മനസിലായിരുന്നു”
കുടുംബാന്തരീക്ഷത്തിന്റെ മണവും ചൂടും തന്നെയാണ് ‘സുന്ദരികളും സുന്ദരന്മാരും’ കൊണ്ടുവരുന്നത്. ഉറൂബിന്റെ ഈ നോവൽ പിറക്കുന്നത് 1950 കളിലാണ്. തീർച്ചയായും സംഘർഷഭരിതവും അരക്ഷിതവുമായ ഒരു കാലത്തെ എതിരിട്ടുകൊണ്ടാണ് അതെഴുതിയതെന്ന് കാണാം. ലോകമഹായുദ്ധങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ അലകളും സമീപത്തുണ്ടായിരുന്നു. കുത്തഴിഞ്ഞുപോയ ഒരു സാമൂഹ്യ രാഷ്ട്രീയ അവസ്ഥയെ തിരിച്ചുപിടിക്കേണ്ടതുണ്ടായിരു ന്നു. ഒരു ആത്മപരിശോധന വേണമായിരുന്നു. എല്ലാ എഴുത്തുകാരെയും ഇതൊക്കെ സ്വാധീനിക്കണമെന്നില്ല. താൻ ആരാണ് എന്ന് വേദാന്തികൾ ചോദിക്കുന്നപോലെ, ഭൗതികജീവിതത്തിന്റെ രസാത്മകതയിൽ മുഴുകുന്ന എഴുത്തുകാരനും ഒരു വ്യക്തത്തയ്ക്കുവേണ്ടി ശ്രമിക്കും.
അയാൾ തേടുന്നത് ആത്മാവിനുള്ളിലെ പൊരുളായിരിക്കില്ല. അടുക്കും ചിട്ടയുമില്ലാതെ പ്രവഹിക്കുന്ന ജീവിതപ്രവണതകളുടെയും ആശയങ്ങളുടെയും ചിഹ്നങ്ങളുടെയും ഇടയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരവസ്ഥയുണ്ട്. കുടുംബങ്ങളിൽപ്പോലും സ്ഥിരതയില്ല. മനുഷ്യാനുഭവത്തിനു കാതലായി ഒന്നിൽ അടിസ്ഥാനമില്ലാതാവുന്നു. സ്നേഹമായാലും ബന്ധമായാലും, ഒന്നിനെയും മാനിക്കാതെ അപ്രത്യക്ഷമാകുന്നു. പലതരം ആശയധാരകളിലൂടെ മനുഷ്യൻ ഒന്നുമില്ലായ്മയിലേക്കാണ് നീങ്ങുന്നത്. ഒരു വശത്ത് സ്ഥിരതയ്ക്കും വിശ്വാസത്തിനും ജീവിതത്തിനും വേണ്ടി സമരം ചെയ്യുമ്പോൾ തന്നെ മനസ് അതിനെയെല്ലാം ഒറ്റിക്കൊടുക്കുകയാണ്. ഒന്നിനോടും കൂറില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യർ കുതറിമാറുന്നു; എന്താണ് വേണ്ടതെന്ന് അതിനറിയാത്തപോലെ. ഉറൂബിന്റെ സ്വയം നിർവചിക്കലാണ് ‘സുന്ദരികളും സുന്ദരന്മാരും’. അന്യമായതെന്ന് വിളിക്കാവുന്നവിധമാണ് ഈ ലോകമെന്ന് ഈ നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥനു തോന്നുന്നു. അയാൾ അതീതമായതെന്തോ തിരയുകയാണ്. ലക്ഷ്മിക്കുട്ടിയുടെയും കുറുപ്പിന്റെയും വീടിനുമുന്നിൽ ബോധം കെട്ട് വീണ അയാളോട് അവർ, നിങ്ങൾ ആരാണ്, എവിടേക്ക് പോകുന്നു’ എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഇതാണ്: ഇവിടേക്ക്. ഭൂമിയുടെ അപ്പുറത്തേക്ക്.
ജീവിതം ചെറുപ്പത്തിൽ തന്നെ മടുത്തുകഴിഞ്ഞുവേന്നോ, അല്ലെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ജീവിതം തിരയുന്നു എന്നോ അർത്ഥം പറയാവുന്നതാണ്.
മറ്റൊരിടത്ത് വിശ്വനാഥനെ നോവലിസ്റ്റ് കുറേക്കൂടി വ്യക്തമാക്കി കാണിച്ചുതരുന്നു. “സംഘർഷങ്ങൾകൊണ്ടു തളർന്ന അയാൾ തന്നെത്താൻ ഒന്നാകെയിട്ടു നോക്കുകയാണ്, സ്വയം മാറ്റിക്കശക്കാൻ യത്നിക്കുകയാണ്. പക്ഷേ, പുകയുന്ന തലച്ചോറും നീറുന്ന ഹൃദയവുമായിട്ട് എന്ത് ചെയ്യാൻ? പ്രപഞ്ചം ആ യുവാവിനു മുമ്പിൽ ഇരുണ്ടുപോകുന്നു.”
അയാളുടെ മനസ് നിറയെ ശാപവാക്കുകളും വിതുമ്പലുകളുമാണ്. അയാൾ യുദ്ധത്തിൽ മുറിവേറ്റ ഭടനെപ്പോലെയാണ്. എല്ലാ പ്രതിഷേധങ്ങളും അയാളെ തേടിവരുകയാണ്. അത് മറ്റെങ്ങുമല്ല, അയാളുടെ ഹൃദയത്തിൽതന്നെ ഓളംവെട്ടുന്നു. അപ്രതിരോധ്യമെന്നപോലെ ഇനിയൊരു ജീവിതസമരത്തിനു താനില്ലെന്ന് മനസ് പറയുന്നുണ്ട്.
പക്ഷേ, അതിനെ തിരുത്തുകയോമറികടക്കുകയോ ചെയ്യേണ്ടതുണ്ട്.
ഏതോ ശക്തികൾ അയാളെ ഒഴുക്കിക്കൊണ്ടുപോവുകയാണോ? എവിടെയും ഒരു പിടിവള്ളി കിട്ടുന്നില്ല. മനുഷ്യമനസ്സുകൾ എത്ര പരിചിതങ്ങളാണെങ്കിലും, അപ്രതീക്ഷിതമായി മാഞ്ഞുപോകുന്നു. സാധാരണമായ ജീവിതത്തിൽനിന്ന് അലൗകികമെന്നോ ദാർശനികമെന്നോ വിവക്ഷിക്കാവുന്ന ഒരിടത്തേക്കുള്ള ഒരാന്തരവിളി വിശ്വത്തെ പിടികൂടിയിട്ടുണ്ട്. അത് ഉള്ളിൽനിന്ന് ഇടയ്ക്കിടയ്ക്ക് ഊർന്നുവരും. അത് പാടേ നിരാകരിക്കാൻ ആവില്ല. അതുകൂടി കേട്ടുകൊണ്ട് തന്റെ കാലബോധങ്ങളെ പുതുക്കിപ്പണിയുകയാണ് അയാൾ.
“എന്തിനു ഞാനിങ്ങോട്ട് വന്നു? എന്തിന്നിവിടെ നിന്നു? തന്നോടുതന്നെ ചോദിക്കുകയാണ്. ഉത്തരമില്ല. ഒഴുക്കിൽ പറിച്ചിട്ട ഒരിലയായിരുന്നു. ഒഴുകിയൊഴുകി ഒരു വള്ളിക്കുടിലിൽ ചെന്നുപെട്ടു. അന്ന് പ്രപഞ്ചം മുഴുക്കെ ഒരു തള്ളിയൊഴുക്കായിരുന്നു. ഏതോ അദൃശ്യശക്തികൾ നാലുഭാഗത്തുനിന്ന് മാടിവിളിക്കുകയായിരുന്നു. വരൂ, വരൂ, വരൂ! അയാൾ ആ വിളി കേട്ടുപോന്നു.”
അക്കാലത്തെക്കുറിച്ച് അയാൾക്ക് ഒരുപാട് അറിവുകളുണ്ട്.” മരങ്ങൾ ആകാശത്തേക്ക് ഓടിക്കയറുകയാണ്. അർദ്ധനിമീലിതാക്ഷണായി കോലായിൽ കിടന്നുറങ്ങുന്ന തന്തനായയുടെ സ്വപ്നങ്ങൾ അയാൾക്കു കാണാമായിരുന്നു. ഓണക്കിളിയും കുരുത്തോലവാലനും എവിടെനിന്നു വരുന്നുവേന്നും എന്തൊക്കെയാണ് സംസാരിക്കുന്നതെന്നും അയാൾക്കു മനസിലായിരുന്നു. ഓരോ പരമാണുവിനും ഒരു കഥ പറയാനുണ്ടായിരുന്നു. മഞ്ചാടിക്കുരുവിനും നക്ഷത്രത്തിനുമെല്ലാം അന്നു ജീവചരിത്രമുണ്ടായിരുന്നു.”
എന്നാൽ ഇത് അയാളുടെ ഭാവനാത്മകവും സ്വപ്നാത്മകവുമായ അവസ്ഥകൂടിയായിരുന്നു. ജീവിക്കാൻവേണ്ടി അയാൾ കണ്ടുപിടിച്ചതു. വിശ്വത്തിനു അസ്തിത്വത്തിനു അർത്ഥമുണ്ടാകണമെങ്കിൽ ഇങ്ങനെ ചിലതുവേണമായിരുന്നു. നിർജീവവും നിശ്ശൂന്യവുമായ ചുറ്റുപാടുകളിൽ അയാൾക്ക് അസ്തിത്വമില്ല. എല്ലാ ഏങ്കോണിപ്പുകളെയും നവജീവനിലേക്കുള്ള കുതിപ്പിനുള്ള ഇടമാക്കിമാറ്റണമായിരുന്നു. എല്ലാത്തിനും അസ്തിത്വം വേണമെന്ന് ആ മനസ് ശഠിച്ചു. അതിന്റെ വ്യാമിശ്രമായ സ്വരങ്ങൾ കേൾക്കാനായി ആ ഹൃദയം തുടിച്ചു. ആ പേര് അർത്ഥമാക്കുന്നതുപോലെ വിശ്വാത്മകമായ ഒരു സാഹോദര്യത്തിലേക്ക് സർവചരാചരങ്ങളെയും ഏകോപിപ്പിക്കുന്നതിലെ മാനസികോന്നമനവും പ്രധാനമായിരുന്നു.
എന്നാൽ പിന്നീട് അയാൾ ആ ശ്രവണേന്ദ്രിയം കൈമോശം വന്നാലെന്നപോലെ നിരായുധനാവുകയാണ്. ചുറ്റുപാടും മുഴങ്ങിക്കേട്ട നാണാത്തരം ശബ്ദങ്ങൾ നിലച്ചുപോയതുപോലെ. “ഏകാന്തമായ മലയിടുക്കിലൂടെ ചൂളംവിളിച്ചു പായുന്ന കാറ്റുപോലെ, ഒരു തേങ്ങൽ” – അയാളെ അലട്ടാൻ തുടങ്ങി.
ഉറൂബിന്റെ ‘സുന്ദരന്മാരും സുന്ദരികളി’ലെ വിശ്വത്തിന്റെ മനോഗതിയിൽ വരുന്ന മാറ്റം നോവലിസ്റ്റ് കലാത്മകമായി വിവരിച്ചിരിക്കുന്നു. ഈ നോവലിന്റെ ഹൃദയത്തിലേക്കിറങ്ങുന്ന ഒരു നിരൂപണം ഇതുവരെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആത്മപ്രകൃതിയുടെ നിഗോൂഢതകൾ ഉള്ള കൃതിയാണിത്. വിശ്വത്തിലൂടെയാണ് നോവലിസ്റ്റ് തന്റെ അനിർവചനീയമായ പ്രപഞ്ചാനുഭൂതിയും ആന്തരികമായ അന്വേഷണവും നടത്തുന്നത്. ‘വയലും വരമ്പും’ തോടും മേടും കടന്ന് തിരക്കിട്ടു നടക്കുക. അങ്ങനെ പോകുമ്പോൾ ലോകം മുഴുവൻ തന്നോട് സംസാരിക്കുന്നുവേന്നൊരു തോന്നലാണ്! അത് ഏകാന്തത്തയെ നശിപ്പിക്കുന്നു. ഭൂമിയുടെ അറ്റം കണ്ടുപിടിക്കാനുള്ള പ്രയാണം അവസാനിച്ചിട്ടില്ലെന്നു തോന്നി” – ഒരിടത്ത് പറയുന്നു.
ചുറ്റുപാടുകളുടെ സാമൂഹ്യ രാഷ്ട്രീയ പരിണാമങ്ങളുടെ കഥ പറഞ്ഞ ഉറൂബ് തന്റെ വിശ്വദർശനമാണ് അതിലൂടെ ആവിഷ്കരിക്കുന്നത്. ‘കാലം മാത്രകളായി, കരണങ്ങളായി, താളവട്ടങ്ങളായി കടന്നുപോയി എന്നെഴുതുന്നത് ഈ ആന്തരികജ്ഞാനത്തിന്റെ പ്രതിഫലനമാണ്.’
ഒരിക്കലും മരണത്തെ അംഗീകരിക്കാൻ വിശ്വത്തിനു കഴിയില്ല. അയാൾ ഓരോ തിരിച്ചടിയിൽ നിന്നും സ്വപ്നാത്മകമായി ഉയിർകൊണ്ട് അടുത്ത ജീവിതഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. എല്ലാ ജഡവസ്തുക്കൾക്കുമേലും പുതിയ നാമ്പുകൾ ഉണരുന്നത് അയാൾക്ക് കാണാം. ജീവിതം നിറയ്ക്കൂ എന്ന് മനസുകൊണ്ട് ഭ്രാന്തമായി അയാൾ ആഗ്രഹിക്കുന്നു.
ലോകം പിടിതരാതെ, തന്നെ ചവിട്ടിമെതിച്ചു കടന്നുപോകുകയാണെന്ന് വിലാപം നോവലിൽ നിറയുന്നു. വിശ്വത്തിന്റെ ചിന്ത അത് പങ്കുവയ്ക്കുന്നു. കഴിഞ്ഞ കുറച്ചുകാലത്തിനുള്ളിൽ എന്തെല്ലാം സംഭവിച്ചു? പടക്കുതിരകളെപ്പോലെയാണ് സംഭവങ്ങൾ പായുന്നത്. എല്ലാം തന്റെ തല ചവിട്ടിമെതിച്ചുകൊണ്ട്. ‘നിൽക്കൂ, ഞാനൊന്നു നോക്കി മനസിലാക്കട്ടെ’ എന്നുപറയാൻ ലോകം സമ്മതിക്കുന്നില്ല. ലോകത്തെ അവിശ്വസിക്കേണ്ടിവരുന്നതിനു ഒരു കാരണമിതാണ്. ഒന്നിനും വ്യക്തത്തയില്ല. എവിടെനിന്നോ യുക്തികൾ പാഞ്ഞടുക്കുന്നു. ഒടുവിൽ നമ്മെ തനിച്ചാക്കി ആ യുക്തികൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
വിശ്വം അപ്രത്യക്ഷമായിപ്പോകുന്ന വാഴ്വുകളെ ഇരുട്ടിലും തിരഞ്ഞുനടക്കുന്ന ഒരാളാണ്. അയാൾക്ക് ഓരോ വസ്തുവും മനുഷ്യനും പലതാണ്.
http://newsmk-harikumar.blogspot.com/, 9995312097