
നവ്യപ്രഭാതത്തിൻ ചക്രവാളത്തിലിന്നായിരം യൗവ്വനസ്വപ്നകിരണാർക്കൻ
വൈചാരവ്യോമത്തിൻ കോണിലുദിയ്ക്കുന്നു
നീളേ വിരിയ്ക്കുന്നു പ്രാകാശരശ്മികൾ..!
എന്തിതുമങ്ങുവാൻ മാഞ്ഞുപോയീടുവാൻ
എന്തിതിൻകാരണമെന്നതിന്നോർക്കവേ,
തൻ മനോവീര്യത്തെ ശാപമറവികൾ വേട്ടയാടീടവേ,
ജാംബവത്വമെൻ്റെ ബോധമുണർത്തുന്നു!
ജീവനഭസ്സിൽ നിയമനിയന്ത്രണ
മോഹമേഘക്കാറുരുണ്ടു കൂടീടുന്നു!
ഛായാഗ്രഹിണി, സുരസമാർ, ഭൂവിതിൽ
ഐശ്വര്യക്കാവലാൾ ലങ്കതൻ ലക്ഷ്മിമാർ,
ഭൗതികസൗഖ്യത്തിൻ മൈനാകശൈലങ്ങൾ
തീർക്കുന്നു വിഘ്നങ്ങൾ കാലസമുദ്രത്തിൽ മാരുതിവീരർ തൻ സഞ്ചാരവീഥിയിൽ …!
“ഒക്കെത്തകർത്തു ഞാൻ മുന്നോട്ടു പോയീടു –
മെൻ്റെ മാർഗ്ഗത്തിലൂടെൻ്റെ ലക്ഷ്യം തേടി
കാലജലധിയെ ലംഘിച്ചു പിന്നെയും
എത്തിടുമിന്നുഞാനെൻ്റെ സ്വപ്നത്തിലെ
വൈദേഹിയെ കണ്ടു പോന്നിടും നിശ്ചയം!
ആളിപ്പടർത്തിടും വൻ കൊടുംകാറ്റിതിൽ
തൂലികത്തുമ്പിലൂടുയിർക്കുംതീനാളത്താൽ
ചുട്ടെരിച്ചീടുമഹങ്കാരലങ്കകൾ
വീണ്ടും രചിയ്ക്കുമാ സുന്ദരകാണ്ഡങ്ങൾ…!!

*കെ. ദിനേശ് രാജാ . . . തൃശൂർ ജില്ലയിലെ നടത്തറ കുമരപുരം കോവിലകത്തെ അംഗമായി കവിവര്യൻ കെ.കെ. രാജായുടെയും ലോകപ്രശസ്ത സംസ്ക്കൃതപണ്ഡിതൻ ഡോ. കെ. കുഞ്ചുണ്ണി രാജയുടെയും കുടുംബ പരമ്പരയിൽ 1969 ൽ തൃപ്രയാറിൽ ജനനം. തൃപ്രയാർ എസ്. എൻ. ഡി. പി. സ്ക്കൂൾ, ഏ . യു.പി. സ്ക്കൂൾ, വലപ്പാട് ഗവ: ഹൈസ്ക്കൂൾ, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നിരവധി ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിവരുന്നുണ്ട്. തൃപ്രയാർ കളിമണ്ഡലം കഥകളി ആസ്വാദകസമിതി ജനറൽ സെക്രട്ടറി, തൃപ്രയാർ ക്ഷേത്രവാദ്യകലാ ആസ്വാദകസമിതി വൈസ് പ്രസിഡണ്ട്, കേരളാ ജ്യോതിഷപരിഷത്ത് ഓഫീസ് മാനേജർ. പ്രദേശിക കേബ്ൾ ടിവി ന്യൂസ് എഡിറ്റർ ന്യൂസ് റീഡർ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മാതൃഭൂമി തൃശൂർ യൂണിറ്റിൽ സർക്കുലേഷൻ വിഭാഗത്തിൽ ഫീൽഡ് പ്രൊമോട്ടറായി ജോലി ചെയ്യുന്നു.പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കീഴിൽ കഥകളി സംഗീതവും പെരിഞ്ഞനം ജ്യോതി മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്. പിതാവ് : തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ അര നൂറ്റാണ്ടിലേറെക്കാലം മേൽശാന്തിയായിരുന്ന യശശ്ശരീരനായ നകർണ്ണ് മനക്കൽ പരമേശ്വരൻ നമ്പൂതിരി, മാതാവ് : യശശ്ശരീരയായ കുമരപുരം കോവിലകത്ത് കാഞ്ചനത്തമ്പുരാട്ടി. പത്നി : ജയലക്ഷ്മി രാജാ.വിലാസം : “ശ്രീനിലയം” തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു സമീപം, വലപ്പാട് പി.ഒ., തൃശൂർ : 680567. ഫോൺ : 9349028980, 9142172792