സിദ്ധാർത്ഥതസത്യൻ മാടാക്കര

.
വിറകെരിഞ്ഞ പകലടുപ്പിൽ
വെന്ത ചോറുമായി ഇരിക്കെ
കാക്ക വന്നു വിരുന്നു വിളിച്ചു
സൂര്യനകത്തു തലയിട്ടു നോക്കി.
നീല ഉറുമാൽ തലയിൽ കെട്ടി
മുറ്റത്തെ പുളിമരം ശുജായിയായി
കുളിച്ചെറ്റയിലെ നനഞ്ഞ പാവാട
അയയിലെ ബർമുഡ ക്കൊപ്പം ചേർന്നു.
രാത്രി സഞ്ചാരത്തളർച്ചയുമായി
ഇടത്താവളം ക്ഷീണിച്ചു മുറുകുന്നു.
വാക്കിനൊപ്പം തുപ്പൽ തെറിക്കുന്നു
ചങ്ക് വേദന നെഞ്ചിലേക്കിറങ്ങുന്നു.
ധൈര്യപ്പെട്ടവർ ഒടപ്പിറപ്പെന്നു വിളിച്ച
നാല് ദിക്കിലെ ഉച്ചാല്
നാട്ടുരുചികൾതന്ന തോറ്റിടത്തെ
പ്രമാണിത്തമില്ലാത്ത ഊക്ക്.
ദുഃഖം കടം വാങ്ങി ഹർഷം
വാരിവലിച്ചിട്ട സൂചി നാളുകൾ.
കാല് വെന്തവർ കുടിലിൽ കരയുന്നു
കത്തും ജീവിതം കടലായിരമ്പുന്നു
ചോപ്പൻ കൊത്തിയ കോമരം
തീ നടപ്പിൽ ഒപ്പരം ചേരുന്നു.
സിദ്ധാർത്ഥതേ, നിന്നെ നോക്കി
ഒറ്റപ്പെട്ട ആട് നിലവിളിക്കുന്നു.
ചിന്തയിലെരിയുന്ന കാടല്ലാതെ
മൂർച്ചപ്പെടുത്താനൊന്നുമില്ല.
എല്ലു കുലച്ച നിറഞ്ഞ സ്നേഹം
മുറിവിട്ടിറങ്ങിയ ലോഹ്യ പൈതൃകം.
അറിയുക, കിരാതമല്ല മുറിവിലെ
പട്ടിണി പോറ്റിയ കൂട്ടു സമവാക്യം.

You can share this post!