വരാന്തയിൽ തുങ്ങിക്കിടക്കുന്ന കഴുത വാലൻ സക്യുലൻ്റ് ചെടികളുടെ ഇടയിലൂടെ ആകാശം അകത്തേക്ക് എത്തിനോക്കി . ഉണങ്ങിയ കമ്പുകളിൽ നീർമരുത് ആനത്തകര മഹാഗണി തുടങ്ങിയവയുടെ ഉണങ്ങിയ പൂക്കളും കായ്കളും തണ്ടുകളും ഒട്ടിച്ചു ചേർത്ത് പൂക്കൾ പോലെ ഭംഗിയാക്കി പൂപാത്രങ്ങളിൽ ഒരുക്കി ഷൽഫ് നിറയെ വച്ചിരിക്കുന്നു. വിത്തുകൾ എന്നേ ഉപേക്ഷിച്ചു പോയ തൊണ്ടുകൾ .
അകത്തൊരു നടുമുറ്റം വെളുത്ത ഉരുളൻ കല്ലുകൾ നിരത്തി ഭംഗിയാക്കിയ നടുമുറ്റത്ത് ഇട്ട വട്ടമേശയുടെ വിരിപ്പിലെ തുന്നിച്ചേർത്ത ചുവന്ന പൂക്കൾ വെയിൽ കൊണ്ടു മയങ്ങിക്കിടന്നു.
ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് പത്രം വായിക്കുന്ന ഇടമാണ് ഇത്.
അഭിമാനത്തിൽ തിളങ്ങുന്ന കണ്ണുകൾ ഞങ്ങൾക്ക് നേരെ ഉയർത്തി ചിരിച്ചു കൊണ്ട് അവൾ അവിടെ കസേരയിൽ അമർന്നിരുന്നു.
മീറ്റിംഗുകൾക്കുവരുന്ന ഇടങ്ങൾ എല്ലാം രാവിലത്തെ നടത്തത്തിൽ ഒന്നു ചുറ്റിക്കാണുന്നത് ഒരു പതിവാണ്. അത്തരമൊരു പ്രഭാത നടത്തത്തിൽ ചെടികളും വള്ളികളും നിറഞ്ഞ് ഇരുണ്ട് നിൽക്കുന്ന വ്യത്യസ്തമായൊരു ഒരു വീട് കണ്ട് ഒരു നാണവുമില്ലാതെ സാകൂതം നോക്കി നിന്നപ്പോഴായിരുന്നു ഉള്ളിൽ നിന്നൊരാൾ അകത്തേക്ക് വിളിച്ചത്. വരൂ കണ്ടിട്ട് പോകാം.
അയാൾക്ക് മുറ്റത്ത് അപൂർവ്വം ബോൺസായികളുടെ, പന്നൽ ചെടികളുടെ, ബിഗോണിയകളുടെ ഒരു ലോകം ഉണ്ടായിരുന്നു.
മുറ്റത്തെ മാവിൻ കൊമ്പിൽ തീർത്ത ഏറുമാടത്തിലിരുന്ന് അയാൾ പറഞ്ഞു. ഇതിൽ പത്ത് തരം മാങ്ങ കിട്ടും.
സോഫ വിരിപ്പുകൾ, കിടക്കവിരികൾ, തലയിണക്കവറുകൾ , ജനാലകളുടേയും വാതിലുകളുടേയും നേർത്ത കർട്ടനുകൾ എല്ലാം അവൾ തുന്നിയ റോസാപ്പൂക്കളെ കൊണ്ടു നിറഞ്ഞു കിടന്നു. ‘
വിൽക്കാറുണ്ടോ?
ഒന്നുമില്ലെന്നേ മാസങ്ങൾ എടുത്ത് ചെയ്യുന്നവ കൊടുക്കാൻ മനസ്സുവരില്ല.
ഈ ബോൺസായികളോ ?
അതുങ്ങളെയും വിൽക്കാറില്ല.
ഈ ചെടികളും പൂക്കളും ഇതുങ്ങളുമൊക്കെയായി ഞങ്ങളവിടെ ഇങ്ങനെ പെട്ടു കിടക്കുന്നു . എങ്ങും പോകാനാവില്ല. ഇതുങ്ങൾ ഒക്കെ ഇല്ലേ ഇവിടെ ‘കൂട്ടത്തിൽ ജൂലിയും. തൻ്റെ പേര് പറയുന്നത് കേട്ട് കൂട്ടിൽ കിടന്നിരുന്ന റോട്ട് വീലർ തലപൊക്കി നോക്കി.
മക്കളൊക്കെ?
ഒരുത്തൻ ഓസ്ട്രേലിയയിൽ . ഒരുത്തി കാനഡയിൽ .
പിള്ളേർക്കൊക്കെ അവിടാന്നെ ഇഷ്ടം.
മോളുടെ പ്രസവത്തിന് കുഞ്ഞിനെ നോക്കാൻ കൊണ്ടു പോയതാ ഒരിക്കൽ അമേരിക്കയിലോട്ട് . ഇതിയാനിവിടെ ഒറ്റക്കല്ലേന്ന് ഓർത്ത് ഞാനിങ്ങു പോന്ന് പെട്ടന്ന്.
അന്നാ ഇത്തിരി ശ്വാസം വലിച്ചു വിട്ട് നടന്നത് എന്ന് അച്ചായൻ തമാശ പറയും.
അച്ചായന് ഞാൻ കെട്ടിയിടുന്നു എന്ന് പരാതി ഒക്കെയുണ്ട് . എന്നാലും ഇതിയാനും കൂടി ഉണ്ടാക്കിയതല്ലേ ഇതെല്ലാം ! അങ്ങനെ ഇതിനെ ഇനി ഞാൻ മാത്രമായി പ്രസവിച്ച് പോറ്റണ്ട.
മക്കൾ വിളിച്ചിട്ടു കൂടി പോകാനൊത്തില്ല. ഇതുങ്ങളെ ഓർത്ത്. ഞങ്ങൾ ഇവിടില്ലാതായാൽ ഒരാഴ്ച കൊണ്ട് ഈ ചെടികൾ എല്ലാം ചത്ത് വെറും ചട്ടി മാത്രമായി തൂങ്ങിക്കിടക്കുന്ന ചിത്രം ഉള്ളുനീറ്റുന്നുണ്ട് ഇപ്പോ . ആരെയും വിശ്വസിച്ചേൽപ്പിക്കാനൊക്കത്തില്ലന്നേ. നമ്മള് നോക്കുന്ന പോലൊന്നും നോക്കുകേല.
ഈ പട്ടിക്കുട്ടിയെ എന്ത് ചെയ്യും ? പേരിന് പകരം പട്ടിക്കുട്ടി എന്ന് വിളിച്ചതിന്റെ ദേഷ്യത്തിൽ ജൂലി ഒന്നു മുരണ്ടു.
ഗേറ്റ് കടന്ന് പുറത്ത് എത്തിയിട്ടും പുറകിൽ നിന്നും പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് അവിടെ ഉണ്ട്.
തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ വ്യക്തമായി കണ്ടു.പൂത്തുകിടക്കുന്ന ജേഡ് വൈൻ വള്ളികൾ നീണ്ടു വന്ന് അയാളുടെയും അവളുടേയും കാലുകൾ ചേർത്തു ബന്ധിച്ചു. പതുക്കെ ആ വള്ളിക്കുടിലിനകത്തേക്ക് വലിച്ചു കയറ്റി .അവിടെ ആകാശത്തിന് കടന്നുവരാൻ ഇലകൾക്കിടയിൽ വിടവുണ്ടാകുമോ എന്തോ ?!
തൊട്ടടുത്ത് കൂട്ടിൽ ജൂലി കണ്ണുകളടച്ച് പതുങ്ങിക്കിടന്നു.
ഗേറ്റ് അകത്തു നിന്ന് ഭദ്രമായി അടച്ചു കുറ്റിയിട്ടിരുന്നു.
,