സാമൂഹ്യ ബോധങ്ങളുടെ മുഖത്തേക്ക് എറിഞ്ഞ ചാട്ടുളി/ശ്രീമൂലനഗരം മോഹൻ 

ക്രിസ്തുവും ശ്രീകൃഷ്ണനും ശ്രീബുദ്ധനും കാറൽ മാർക്സും കഥാപാത്രങ്ങളായി വരുന്ന അതിശക്തമായ ഒരു നാടകമാണ് പി.ജെ.ആന്റണിയുടെ ” പ്രളയം”.

നമ്മുടെ വികലമായ സാമൂഹ്യ ബോധങ്ങളുടെ മുഖത്തേക്ക് അദ്ദേഹം എറിഞ്ഞ ചാട്ടുളിയാണ് ആ നാടകം…

ഇത്ര തന്റേടത്തോടെ , ധീരതയോടെ , മിഴിവോടെ സാമൂഹ്യ വിമർശനം നടത്തിയ മറ്റൊരു നാടകകൃത്ത് എൻ.എൻ. പിള്ളയാണ്.

“പ്രളയം”  നാടകത്തിൽ ക്രിസ്തു ശ്രീകൃഷ്ണനോട് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്…

അതിങ്ങനെ…

” ഞാൻ അനുഭവിച്ച വേദനകൾക്കും പങ്കപ്പാടുകൾക്കും ഫലമില്ലാതെ പോയി. എല്ലാ അനീതികൾക്കുമെതിരേയും ഞാൻ പോരാടി. പാവപ്പെട്ടവരുടേയും പാപികളുടേയും മോചനത്തിനായി ഞാൻ ജീവിച്ചു. പക്ഷേ.. ഞാൻ എന്തിനെയൊക്കെ എതിർത്തിരുന്നുവോ , അതെല്ലാം ഇന്ന് അന്നത്തേതിന്റെ നൂറിരട്ടിയായി നിലകൊള്ളുന്നു. കൊലയും കൊള്ളയും മർദ്ദനവും വ്യഭിചാരവും എല്ലാമെല്ലാം….”

തുടർന്ന് പറയുന്നു ,

താനും ഞാനുമൊക്കെ ഇനിയൊരായിരം പ്രാവശ്യം അവതരിച്ചാലും അവന്മാർ വക വയ്ക്കാൻ പോകുന്നില്ല.

നമ്മൾ ഭൂമിയിൽ കാലെടുത്തു വയ്ക്കും മുൻപ് അവർ നമ്മെ തട്ടിക്കളയും… പണ്ട് മരക്കുരിശായിരുന്നു. ഇപ്പോ ഇലക്ട്രിക് കസേരയാണ്…”

” യേശു എന്ന പേരിൽ ഞാൻ ഒരാളേ ജനിച്ചുള്ളു. പക്ഷേ.. എന്റെ പേരിൽ നൂറു കണക്കിന് സഭകളുണ്ട്. എല്ലാ സഭകളും പരസ്പരം എതിരാണ്. എല്ലാ സഭകളും എന്നേ പ്പറ്റിയാണ് പ്രസംഗിക്കുകയായിരുന്നത് . ഒരു സഭ പോലും എന്നെ അനുസരിക്കുന്നുമില്ല. “

അര നൂറ്റാണ്ടു മുമ്പ്  രചിക്കപ്പെട്ട ഈ നാടകത്തിൽ അദ്ദേഹം സൂചിപ്പിച്ച ദുരന്തങ്ങളുടെ തനിയാവർത്തനങ്ങളാണ് എറണാകുളം ബസിലിക്ക പള്ളിയിൽ ഒരാഴ്ച മുൻപ് ആരാധ്യരായ വൈദികരും ഭക്ത പ്രമാണികളും ആടി തീർത്തത്.

എല്ലാം ഒരു തുടർക്കഥയായി ഇപ്പോഴും അരങ്ങേറുന്നു.

എന്തിനാണ് ഇതെല്ലാം..?

യേശുവിന്റെ ഏതു ദർശനങ്ങളും സിദ്ധാന്തങ്ങളുമാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കുന്നത്…?

ലോകത്തിലെ ഏറ്റവും മൂർച്ചയുള്ള ആയുധങ്ങൾ സ്നേഹവും കാരുണ്യവും സഹനവുമാണെന്ന് സ്വന്തം ജീവിതത്തിലൂടെ  നമ്മെ ബോധ്യപ്പെടുത്തിയ അദ്ദേഹം അദ്ദേഹം  

കരുത്തും കായികശേഷിയുമല്ല ലോകം കീഴടക്കാൻ ഉപയോഗിക്കേണ്ടതെന്നും നമുക്ക് പറഞ്ഞു തന്നതല്ലേ….?

ഒരു കാര്യം ഉറപ്പാണ്.

ഒരിക്കൽ കൂടി ഈ ഭൂമിയിൽ യേശുദവൻ എത്താൻ ഇടയായാൽ അദ്ദേഹം ആദ്യവും അവസാനമായും  അന്വേഷിക്കുന്നത് ഒരാളെ മാത്രമായിരിക്കും .

ഉത്തമ ശിഷ്യനായിരുന്ന പത്രോസിനെ..

മറ്റൊന്നിനുമല്ല.

 വിശ്വാസപൂർവ്വം പത്രോസിന്റെ കൈകളിൽ ഏൽപ്പിച്ച തിരുസഭയുടെ താക്കോൽ നിർബന്ധമായും അദ്ദേഹം തിരിച്ചു വാങ്ങും…

ഒരു പുനർവിചിന്തനത്തിനും ഇടം നൽകാതെ ആ താക്കോൽ ഏതെങ്കിലും സമുദ്രത്തിലേക്ക് വലിച്ചെറിയും…

എന്നിട്ട് യെരുശലേം ദേവാലയത്തിന്റെ മുറ്റത്ത് ഉപേക്ഷിച്ച ചാട്ടവാറുകൾ കണ്ടെടുത്ത് പത്രോസിനെ ഏൽപ്പിക്കും….

അടി കൊള്ളുന്നവരും , കൊള്ളേണ്ടവരും ആരൊക്കെയെന്ന് ചരിത്രവും കാലവും പറയട്ടെ…

 I want to throw open the windows of the Church so that we can see out and the people can see in 

               (Pope John  )

,

You can share this post!