സാംസ്കാരിക പ്രവർത്തകർ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ എന്തിനു പ്രതികരിക്കണം: എം.കെ.ഹരികുമാർ 

 

റിപ്പോർട്ട്: എൻ.രവി 

പി.എസ്.എ. ലത്തീഫ് രചിച്ച ‘പൂച്ചക്കുട്ടിയുടെ പ്രണയ മെയിലുകൾ ‘ എന്ന കഥാസമാഹാരം മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജുവിനു ആദ്യ കോപ്പി നല്കി സാഹിത്യകാരൻ എം.കെ.ഹരികുമാർ പ്രകാശനം ചെയ്യുന്നു. ഡോ. എം. എസ് .ദിലീപ്കുമാർ ,ഡോ. എം.പി.മത്തായി ,ഫാ.ആൻ്റണി പുത്തൻകുളം, പി.എസ്.എ .ലത്തീഫ് ,അഡ്വ.എൻ.രമേശ് എന്നിവർ സമീപം. 

മൂവാറ്റുപുഴ :മനുഷ്യമനസ്സിനെ സ്നേഹരാഹിത്യം എന്ന മരവിപ്പ്  ബാധിച്ചിരിക്കുകയാണെന്നും മനസ്സിനെ പുനർജീവിപ്പിക്കാൻ നിഷ്കളങ്കവും സത്യസന്ധവുമായ സമീപനങ്ങളിലൂടെ കഥകൾ എഴുതണമെന്നും വിമർശകനും കോളമിസ്റ്റുമായ  എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. 

മൂവാറ്റുപുഴ നിർമ്മല സ്കൂൾ ഓഡിറ്റോറിയത്തിൽ പി. എസ്.എ.ലത്തീഫിൻ്റെ കഥകളുടെ സമാഹാരം *’പൂച്ചക്കുട്ടികളുടെ പ്രണയമെയിലുകൾ’ മൂവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജുവിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരികുമാർ. 

വലിയ പാരമ്പര്യമുള്ള മൂവാറ്റുപുഴയിൽ ഇന്ന് ഒരു കഥാകൃത്തില്ല .ഒരു കഥാകൃത്ത് ഉണ്ടാവാത്തതിന് പല കാരണങ്ങളുണ്ട്. സമൂഹം വെറുപ്പിലേക്കും പകയിലേക്കും സ്വാർത്ഥതയിലേക്കും മടങ്ങുകയാണ്. എഴുത്തുകാർക്ക് സ്വന്തം മാധ്യമത്തോട് പോലും ആത്മാർത്ഥതയില്ലാതായി. എന്തെങ്കിലും എഴുതി കൊടുത്ത് പണമുണ്ടാക്കണമെന്ന താല്പപര്യം മാത്രമാണ് ചില മുതിർന്ന എഴുത്തുകാർക്കു പോലുമുള്ളത്.  നവോത്ഥാനം ഇപ്പോൾ റിവേഴ്സ് ഗിയറിലാണ് .ജാത്യഭിമാനം  തീവ്രവാകുകയാണല്ലോ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ. ജാതി വാലുകൾ പേരിനൊപ്പം വെച്ചുപിടിപ്പിക്കുകയാണ്. നവോത്ഥാനകാലത്ത് സാഹിത്യത്തിലും  രാഷ്ട്രീയത്തിലും ജാതിനാമങ്ങൾ ഉപേക്ഷിക്കുകയാണ് ചെയ്തിരുന്നത് .

എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു. 

പണ്ട് ഉയർന്ന വ്യക്തികൾ, സമുദായ അംഗങ്ങൾ തുടങ്ങിയവർ ജാതിവാൽ മുറിച്ചുമാറ്റുകയായിരുന്നു. ഇപ്പോൾ ആ ജാതി വാൽ തിരിച്ചുവരുകയാണ്.  മനുഷ്യൻ്റെ പ്രവൃത്തിയിൽ നിഷ്കളങ്കമായി നന്മ കാണുന്ന സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയാണ് കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ നോവലിലെ  പപ്പു എന്ന കഥാപാത്രം ഒരു ഓർമ്മ പുതുക്കലായി മാറുന്നത് .പപ്പുവിന്റെ ആരുമല്ല അയാൾ സ്നേഹിക്കുന്ന ആ അമ്മയും കുഞ്ഞും .അയാൾ അവരെ നിരുപാധികം സ്നേഹിക്കുകയാണ്. തനിക്ക് ആരെയെങ്കിലും സ്നേഹിച്ചുകൊണ്ടല്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയാണ് അയാൾ തുറന്നു കാണിക്കുന്നത്. ഒന്നും പ്രതിഫലമായി പ്രതീക്ഷിക്കുന്നില്ല .

സ്നേഹത്തെക്കുറിച്ചുള്ള വിലപ്പെട്ട ഒരു ആശയമാണിത്. ഇതൊക്കെയാണ് കേരളം സൃഷ്ടിച്ചത്. കേരളത്തിന് ഇങ്ങനെയെല്ലാം ചിന്തിക്കാനാവുമായിരുന്നു. എന്നാൽ  ഇന്ന് അങ്ങനെയുള്ളവരെ സാഹിത്യത്തിൽ പോലും കാണാനില്ല.

ജാത്യഭിമാനവും വ്യക്തിപൂജയും സ്വർത്ഥതയും നിറഞ്ഞ പുതിയ സാമൂഹ്യക്രമമാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്.അതുകൊണ്ടുതന്നെ അവർ ഉപരിപ്ളവമായ കാര്യങ്ങളിലേക്ക് പോയി യാതൊരു ലക്ഷ്യവുമില്ലാത്ത വാർത്തകൾ നിരത്തി അതിൽ അഭിരമിച്ചു.അവിടെ സാഹിത്യം തിരസ്കരിക്കപ്പെടാതിരിക്കില്ലല്ലോ.  സാഹിത്യത്തിൻ്റെ വാർത്തയും അതിൻ്റെ ഉള്ളടക്കവും തമ്മിൽ വ്യത്യാസമുണ്ട്. ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പരാമർശം പോലും ഒരു ആനുകാലികത്തിലും കടന്നു വരുന്നില്ല. എന്തൊരു ഗതികേടാണിത്! .സ്വാഭാവികമായും, സാംസ്കാരിക പ്രവർത്തകർക്ക് ഈ മാധ്യമങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. അങ്ങനെ നോക്കുമ്പോൾ സമൂഹം തിരസ്കരിക്കുന്ന ഈ സാംസ്കാരിക പ്രവർത്തകർ എന്തിനാണ് ഓരോ കാര്യങ്ങളിലും ഇടപെട്ട് പ്രതികരിക്കുന്നത്?രണ്ടുപേർ തമ്മിൽ ചെസ്സ് കളിക്കുമ്പോൾ അതിൽ ഒരാൾ തെറ്റ് ചെയ്താൽ മറ്റേയാളാണ് അത് ചൂണ്ടിക്കാട്ടേണ്ടത്. അവിടെ വഴിപോക്കർക്ക് ഒരു സ്ഥാനവുമില്ല. ഇന്നത്തെ കേരളത്തിൽ സാംസ്കാരിക പ്രവർത്തകർ വെറും വഴിപോക്കരാണ്. അവരെ രാഷ്ടിയപ്രവർത്തകർക്കോ പത്രങ്ങൾക്കോ വേണ്ടല്ലോ. ചിലർ രാഷ്ട്രീയക്കാരുടെ കൂടെ നില്ക്കുന്നുണ്ടാവാം. സാംസ്കാരിക പ്രവർത്തകർ ഇടപെടുന്നത് അത് അവരുടെ സ്വന്തം ചെലവിൽ മാത്രമായിരിക്കും. കേരളത്തിലെ മൺമറഞ്ഞ പല പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും പൊതുസമൂഹം നിർദ്ദയം മറന്നതായി ഹരികുമാർ ചുണ്ടിക്കാട്ടി.

സുകുമാർ അഴീക്കോട് ആശിച്ച് പണിത വീട് സർക്കാർ ഏറ്റെടുത്തിട്ട് എന്തായി ?അവിടെ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വെറുതെ കിടക്കുന്നു .തകഴി സ്വന്തം വീട് വിട്ടുകൊടുത്തെങ്കിലും അത് അനാഥമായി. തകഴി സ്വന്തം വീട് വിട്ടുകൊടുത്തിട്ടു വേണോ അദ്ദേഹത്തിനു ഒരു സ്മാരകമുണ്ടാക്കാൻ ? നോബൽ സമ്മാനത്തിന് ഇന്ത്യാ ഗവൺമെൻറ് ശുപാർശ ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം .പൊതുസമൂഹം തന്നെ ഓർക്കുന്നതിന് അദ്ദേഹം തന്നെ പണികഴിപ്പിച്ച വീട് വീടുവിട്ടു കൊടുക്കണമെന്ന് പറയുന്നത് മര്യാദയാണോ ? -ഹരികുമാർ ചോദിച്ചു.

സൂപ്പർ സോണിക്ക് വിമാനങ്ങളിൽ സഞ്ചരിച്ചുകൊണ്ടല്ല ഇന്ത്യയെ സൃഷ്ടിച്ചത്. സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ വേഗമല്ല ഇന്ത്യയെ സൃഷ്ടിച്ചത്. ഇന്ത്യയുടെ ഹൃദയത്തിൽ അകളങ്കിതമായ ഒരു ഭാവമുണ്ട്. കൊട്ടാരം വിട്ട് ബുദ്ധൻ ഇറങ്ങിപ്പോകുന്നതിൽ അത് കാണാം.ജ്ഞാനികളായ മനുഷ്യർ മരച്ചുവട്ടിലിരുന്നാണ് ഇന്ത്യയുടെ ബൗദ്ധികവിപ്ലവം ഉണ്ടാക്കിയത് – അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്നത്തെ സാഹിത്യകാരന്മാർ യാന്ത്രികമായ രചനകളിൽ മുഴുകുകയാണ് .ബുദ്ധൻ തൻ്റെ കൊട്ടാരത്തിൽ ഭിക്ഷയ്ക്ക് ചെന്ന് നിൽക്കുകയാണ് .ബുദ്ധന്റെ പിതാവ് പറഞ്ഞു നീ എന്തിനാണ് ഇവിടെ ഭിക്ഷ ചോദിക്കുന്നത്, നിനക്ക് എന്ത് വേണമെങ്കിലും എടുക്കാമല്ലോ എന്ന്. അപ്പോൾ ബുദ്ധൻ പറയുകയാണ് ,പിതാവേ എനിക്ക് മാത്രം ഭിക്ഷ കിട്ടിയാൽ പോരാ, എൻ്റെ പിന്നിൽ നിൽക്കുന്ന അനേകം പേർക്കും ഭിക്ഷ കൊടുക്കണം. ഇവിടെ നാം മനസിലാക്കേണ്ടത് എന്താണ് ? ഇതാണ് ഇന്ത്യ. ഇതിൽനിന്ന് ഇന്ത്യയുടെ വലിയ ആദർശങ്ങൾ ഉണ്ടാകുകയാണ്.

പി. എസ്. എ ലത്തീഫ് പ്രസംഗിക്കുന്നു

പി.എസ്.എ ലത്തീഫിന്റെ കഥകൾ സുഗ്രാഹ്യമായ തലങ്ങളിൽ സൂക്ഷ്മവും പ്രസക്തവുമാണെന്ന് ഹരികുമാർ പറഞ്ഞു. അദ്ദേഹം കഥയെ  ശില്പമാക്കുന്നു. പുതിയ കാലത്തിൻ്റെ  കഥകളാണിത് .താൻ ജീവിച്ചിരിക്കുന്ന കാലത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അനുഭവങ്ങളെയും സംഭവങ്ങളെയും കഥാകൃത്ത് വിശകലനം ചെയ്യുന്നു .വാക്കുകളുടെ തിരഞ്ഞെടുപ്പിലുള്ള സൂക്ഷ്മതയും ജാഗ്രതയും കാണാം .മനുഷ്യനിൽ ഇപ്പോഴും സ്നേഹവും നന്മയും നിലനിൽക്കുന്നു എന്ന കാര്യമാണ് ലത്തീഫ് പറയാൻ ശ്രമിക്കുന്നത്. സമകാല ജീവിതത്തിൽ മനുഷ്യർക്ക് സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് കലാകാരനായ ലത്തീഫ് കഥയെഴുതുന്നത് .അതിലൂടെ മരിച്ചുപോയ മനസ്സുകളെ ജീവൻവയ്പിക്കുക (Animate)യാണ്. എഴുപത് വയസ്സ് പിന്നിട്ട് ലത്തീഫിന്റെ മൂന്നാമത്തെ പുസ്തകമാണിത്; ആദ്യകഥാസമാഹാരവും. വയസ്സായ ശേഷം എഴുതുന്നത് ഒരു കുറവല്ല; അറിവാണത്. ഇത്രയും കാലം ലത്തീഫ്  എഴുതാതിരിക്കുകയായിരുന്നില്ല. പലതും എഴുതിയ ശേഷം അത് വേണ്ടെന്ന് വെച്ചതാകാം. ചിലതെല്ലാം മനസ്സിൽ എഴുതിയിട്ടുണ്ടാകാം. തന്നിലെ കഥാകൃത്തിനു  വായനക്കാരോട് സംവദിക്കാൻ സമയമായി എന്ന ബോധ്യത്തിൽ നിന്നാണ് അദ്ദേഹം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മൂവാറ്റുപുഴയിൽ നിന്നും ഭാവിയിൽ പ്രതിനിധാനം ചെയ്യപ്പെടുന്ന പ്രധാന കഥാകൃത്താണ് ലത്തീഫ് .മൂവാറ്റുപുഴയിലെ കഥാരാഹിത്യം പരിഹരിക്കുമെന്ന തലത്തിൽ ലത്തീഫിൻ്റെ സംഭാവന ചർച്ച ചെയ്യപ്പെടേണ്ടത്. 

മൂവാറ്റുപുഴയുടെ വരണ്ട മണ്ണിലേക്ക് ഒരുകുടം നിറയെ തണുത്ത വെള്ളം ഒഴിക്കുന്ന പോലെയാണ് ഈ സമാഹാരം .സമകാല കഥയിൽ ആത്മാവിൻ്റെ വരൾച്ചയാണുള്ളതെങ്കിൽ ലത്തീഫിന്റെ കഥകളിൽ ഹരിതാഭമായ ഒരു ചുറ്റുപാടുണ്ട്. തണുപ്പും തണലുമാണ് അതിൽ നിറയുന്നത്. മനസ്സിനെ അത് മോഹിപ്പിക്കുകയാണ് – ഹരികുമാർ പറഞ്ഞു. 

സിറ്റിസൺസ് ഡയസ് മൂവാറ്റുപുഴയാണ് ചടങ്ങ് സംഘടിപ്പിച്ചത് .സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ എം.സി. ദിലീപ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ചിന്തകനായ ഡോ. എം.പി. മത്തായി ,കേരളത്തിന്റെ സംസ്കാരിക ഭൂപടം ഇന്ന് എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. നിർമ്മല എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം ,സിനി ബിജു  എന്നിവർ പ്രസംഗിച്ചു.അഡ്വ.എൻ.രമേശ്  സ്വാഗതവും പി.എ. രാജൻ നന്ദിയും  പറഞ്ഞു .

*പൂച്ചക്കുട്ടിയുടെ പ്രണയമെയിലുകൾ
കഥകൾ 
പി.എസ്.എ ലത്തീഫ്
പ്രസാധനം: പ്രണത ബുക്ക്സ് ,കൊച്ചി
ഫോൺ. ലത്തീഫ്: 9447002156

You can share this post!