അക്ഷരങ്ങളുടെ
വൈദ്യുതാഘാതത്തിൽ തർജ്ജമ ചെയ്യപ്പെടുന്നവരുടെ
ഓർമ്മയിലുള്ള
സ്വപ്ന ദൃശ്യങ്ങളിൽ
ചിലത്;
ഹിറ്റ്ലറിനു മീശയുണ്ട്
ഗദ്ദാഫിക്കു മീശയില്ല
ഹിറ്റ്ലർ ചിരിക്കില്ല
ഗദ്ദാഫി ചിരിക്കും
ഹിറ്റ്ലർ ആത്മഹത്യയുടെയും
ഗദ്ദാഫി അപമൃത്യുവിന്റെയും
പര്യായം
മീശയുണ്ടെങ്കിലുമില്ലെങ്കിലും
ചിരിച്ചാലുമില്ലെങ്കിലും
ആത്മഹത്യ ചെയ്താലും കൊന്നാലും
വിയർപ്പിന്റെ മണമിഷ്ടപ്പെടാത്ത അഭിശപ്തജന്മങ്ങളവർ:
സയാമിസ് ഇരട്ടകൾ:
വിയർപ്പിന്റെ തത്വശാസ്ത്രമറിയാത്തവർ!
ആദിമദ്ധ്യാന്തം വിയർക്കുന്നതു കൊണ്ടാണ്
ഭൂമി ഭ്രമണം ചെയ്യുന്നത്
കടലിരമ്പുന്നതും
കാടു ധ്യാനിക്കുന്നതും
പൂക്കൾ വിടരുന്നതും വിയർക്കുന്നതു കൊണ്ടാണ് ;
സൂര്യന്റെ വിയർപ്പാണു പകൽ
ചന്ദ്രികയുടെ വിയർപ്പാണ് നിലാവ്
വിയർക്കുന്നതിനാലാണ് നക്ഷത്രങ്ങളുടെ
മിഴികൾ പൂക്കുന്നത്;
വിത്തുകൾ
വിയർപ്പാഘോഷിക്കുമ്പോൾ
വേരുകൾ തണലും തെന്നലുമായ്
മണ്ണിലുയരുന്നു
ശരീരകോശങ്ങളുടെ കാമനകളുടെയും കണ്ണീരിന്റെയും
സങ്കലനമാണു വിയർപ്പ്!
ഒറ്റക്കൊറ്റയ്ക്ക്
തിന്നാനും കുടിക്കാനും
പെടുക്കാനും തൂറാനും
കിടക്കാനും ഓടാനും
ചാടാനും നാവേറാനും,
ഭ്രമാത്മകചിത്രങ്ങൾ വരച്ചുവരച്ചു
ഖ്യാതിയിൽ അഭിരമിക്കാനും
നരാധമന്മാർക്ക് ചെകുത്താൻ നൽകിയവരം;
അലയുന്ന പ്രേതങ്ങളുടെ സ്വേച്ചചരിതം വായിച്ച് കണ്ണെരിഞ്ഞു കുഴയുകയാണു നരൻ!-
ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി
ഭൂപടത്തിൽ
കൊടിക്കുറ നാട്ടിയ
ഭിഷഗ്വരന്മാർ
കാലന്റെ കാലൊപ്പിട്ടിട്ട്
വിയർപ്പു
വറ്റിച്ചുകൊണ്ടേയിരിക്കുന്നു!
കണ്ണനാർ