എന്താണ് നിന്റെ സങ്കടം?
കളിയിൽ പക്ഷം ചേർന്നവരുടെ
തൂവൽ പൊഴിഞ്ഞു പോയതോ
സ്വപ്നങ്ങളുടെ മരണ മൊഴിയുമായി
ഉറക്കം മരിച്ചുവീണതോ?
ഇവിടെ പ്രാണ ഞരമ്പു മുറിഞ്ഞ്
മണ്ണിൽപ്പടർന്ന ചോരയുടെ ഗന്ധം
ഞങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു.
വിശുദ്ധ കഠാരകൾ പൂജാകർമ്മം കഴിഞ്ഞ്
മോക്ഷത്തിലേക്ക് പടികയറുന്നു.
കണ്ണീരു പോലും കുടിച്ചു വറ്റിക്കുന്ന
ഭയത്തിന്റെ നാവുകൾ വളർന്ന്
വാക്കുകളെയും തിന്നു കളഞ്ഞിരിക്കുന്നു.
ഇനി എന്തിനെക്കുറിച്ചാണ്
ഞങ്ങൾ സങ്കടപ്പെടുക.