ശ്വാനജീവിതം

ഗോപൻ മൂവാറ്റുപുഴയുടെ  ശ്വാനജ്Iവിതം എന്ന കഥാസമാഹരത്തെക്കുറിച്ച്

ഇരുപത്തിരണ്ടാമത് “ആത്മായനങ്ങളുടെ ഖസാക്ക് “അവാർഡു ഈ വർഷം(2019) നേടിയ ശ്രീ.ഗോപൻ മൂവാറ്റുപുഴയുടെ ചെറുകഥാസമാഹാരം
ശ്വാനജീവിതം,,
വ്യത്യസ്തമായ പതിനഞ്ചു ചെറുകഥകൾ അടങ്ങുന്ന ഈ കഥാ സമാഹാരത്തിലെ ഓരോ കഥകളും ഓരോ വ്യത്യസ്തമായ വായനാനുഭവങ്ങൾ വായനക്കാരനു പ്രധാനം ചെയ്യുന്നവയാണ്.
തുടക്കത്തിൽ  എം. കെ ഹരികുമാർ വിശേഷിപ്പിച്ചതു പോലെതന്നെ എഴുത്തുകാരനിൽ നിന്നും സ്വന്തമായി ഉരുത്തിരിഞ്ഞു വന്ന ഒരു പ്രത്യേകശൈലി ഈ സമാഹാരത്തിലെ ഓരോ കഥകളിലും നമുക്കു കാണാൻ സാധിക്കും.
ഗോപൻ മാഷിന്റെ ഈ രചനാ പാടവം എടുത്തു പറയുന്നതിനു കാരണം , എന്നെപ്പോലെ ഓരോ വായനക്കാരും എപ്പോഴും പുതിയകഥകൾ വായിക്കാനാഗ്രഹിക്കുന്നവരാണ്…ഒപ്പം വ്യത്യസ്തമായ ആശയങ്ങളും.
ഈ കാലയളവിൽ തന്നെ എത്രയോ വിഷയങ്ങൾ കഥകളായും കവിതകളായും വായനക്കാരിലൂടെ പോയ്മറഞ്ഞു കഴിഞ്ഞു.. ആശയങ്ങൾക്കു പുതുമ,പഴമ എന്നൊന്നില്ല എന്നാണിതുവരെയുള്ള വായനാനുഭവ നുഭവങ്ങൾ.. ഒരാശയത്തെ ഒരെഴുത്തുകാരൻ സ്വന്തം ശൈലിയിലൂടെ എങ്ങനെ അവതരിപ്പിക്കുന്നോ അവിടെയാണ് പുതുമ വേണ്ടത്.
എത്ര പുതിയ ആശയങ്ങൾ കണ്ടെത്താൻ ശ്രമിച്ചാലും അതിനു ജീവൻ കൊടുക്കേണ്ടത് എഴുത്തുകാരന്റെ തൂലികത്തുമ്പാണ്.
ഓരോ എഴുത്തുകാരും എഴുതുന്ന വിഷയങ്ങളിൽ നൂതനമായ ആശയങ്ങൾ ഉണ്ടാകണമെന്നില്ല എന്നാൽ ആശയങ്ങളെ വ്യത്യസ്തമായ ഭാവ ഭംഗിയിലൂടെ തേച്ചു മിനുക്കി മിനുസപ്പെടുത്താൻ ഓരോ എഴുത്തുകാരനുമാകുമെന്നതിൽ തർക്കമില്ല…
മൂല്യമുള്ളവ വായനക്കാർ അല്പം താമസിച്ചു പോയാലും സ്വീകരിക്കതന്നെ ചെയ്യും….
ഈ പറഞ്ഞ രചനാതന്ത്രങ്ങൾ ഗോപൻ മാഷിന്റെ ഓരോ കഥകളിലും വായനക്കാരനു വ്യക്തമായി കാണാൻ സാധിക്കും..
അനുവാചകനെ എഴുത്തുകളിലൂടെ സ്വയമേ ഒരു നിരീക്ഷണത്തിനു വിധേയനാക്കുന്ന എഴുത്തുകാരൻ… സ്വാഭാവികമായ ചില വിഷയങ്ങളുടെ വ്യത്യസ്തമായൊരു അവലോകനം..വായനയുടെ മറ്റൊരു തലത്തിലേക്ക് വായനാ ഹൃദയത്തെ കൊണ്ടു പോകാൻ കഴിവുള്ള രചനകൾ.

ശ്വാനജീവിതം മുതൽ ആരും ജയിക്കാത്ത പന്തയം വരെ പതിനഞ്ചു ചെറുകഥകൾ.അസ്തിത്വത്തിന്റെ അരികുകളെ മിനുസപ്പെടുത്തിയുള്ള ഗോപൻ മാഷിന്റെ രചനാ വൈഭവം ഓരോ കഥകളിലും പ്രകടം.

ശ്വാനജീവിതങ്ങൾ -വീട്ടിലെ വളർത്തുനായയെ അന്വേഷിച്ചിറങ്ങുന്ന ഗൃഹനാഥൻ, ഏതോ അസഹനീയമായ ചേതോവികാരത്തിൽ നായയുടെ സ്വഭാവം കാണിച്ചു തുടങ്ങുന്നു.
നഷ്ടമായ നായയെ കണ്ടെത്താൻ അദ്ദേഹം തെരഞ്ഞെടുക്കുന്ന വഴി,,,
നായയെ അന്വേഷിച്ചു പോകുമ്പോൾ നായയെപ്പോലെ അന്വേഷിക്കുക.കഥാപാത്രം കണ്ടെത്തുന്ന നൂതനമായ ഒരു തത്വം….
തന്റെ രാജ്യത്തിന്റെ അതിരുകൾ മൂത്രഗന്ധത്താലാണ് ഓരോ നായയും വേലികെട്ടിത്തിരിച്ചിരിക്കുന്നത്. പോകുന്ന വഴികളിലെല്ലാം ഓരോ അടയാളം പതിപ്പിച്ചു ഓരോ ശ്വാനം.ഒരു നായ പോകുന്ന വഴി മറ്റൊരു നായയ്ക്ക് പിന്തുടർന്നു പോകാനുള്ള ഏറ്റവും നല്ല മാർഗം… ഈ ഒരു
തന്തുവിനെയടിസ്ഥാനമാക്കി നീങ്ങുന്ന കഥാശകലങ്ങൾ.
നായയെ തേടിപ്പുറപ്പെട്ട മനുഷ്യൻ നായയായി മാറുന്നു..അദ്ദേഹം നഷ്ടപ്പെട്ടു പോയ നായയുടെ ശ്വാനത്തിന്റെ അടയാളങ്ങൾ തേടുന്നു. അമർഷം തോന്നിയ പലരുടെയും പോസ്റ്ററുകളിൽ ആ അമർഷം രേഖപ്പെടുത്തുന്നു. ശ്വാന ജീവിതത്തിന്റെ അനന്ത സ്വാതന്ത്ര്യം. തുടലിൽ നിന്നും മോചനം ലഭിക്കുന്ന നായ പുതിയ കാഴ്ചകൾ തേടി യാത്രയാകുന്നു .സ്വാതന്ത്ര്യം മനുഷ്യനെപ്പോലെത്തന്നെ ഓരോ ജീവജാലങ്ങളെയും ഉന്മാദഹാരിയാക്കുമെന്നു ഈ ഭാഗത്തിലൂടെ കഥാകൃത്തു ചൂണ്ടിക്കാണിക്കുന്നു. .
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവനു മാത്രമല്ലേ അതിന്റെ മൂല്യമറിയാൻ കഴിയൂ…ചെറിയ വരികളിലൂടെ വലിയൊരാശയം…
കഥയുടെ അവസാനഭാഗത്തിൽ നായയെ തേടിപ്പോയ ഗൃഹനാഥൻ അതിനെ കണ്ടെത്താൻ കഴിയാതെ വീട്ടിൽ തിരികെയെത്തുകയും ആ സമയം നഷ്‌ടമായ നായ വീട്ടിൽ അദ്ദേഹത്തെ കാത്തിരിക്കുകയും അവർ പരസ്പര സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യുന്നു
ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള മാനസികമായ അടുപ്പത്തിന്റെ കഥയാണ് ശ്വാനജീവിതത്തിലൂടെ കഥാകൃത്തു തുറന്നു കാട്ടുന്നത്.
നായയായുള്ള മനോമാറ്റത്തിൽ ഓരിയിടുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞോ ടിക്കുന്ന ഒരുപറ്റം മനുഷ്യരെക്കുറിച്ചും കഥാകാരൻ ഇടയ്ക്കു സൂചിപ്പിക്കുന്നുണ്ട്.
മനുഷ്യനെന്നോ മൃഗമെന്നോ എന്ന വേർതിരിവില്ലാതെ സ്വന്തം താല്പര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സ്വാർത്ഥ ലോകത്തിന്റെ പ്രതീകങ്ങളായ, സന്തോഷമോ സങ്കടമോ പോലും പങ്കിടാൻ കഴിയാത്ത ഒരുപറ്റം സഹജീവികൾ.

publisheed by bluemango books

ഫോട്ടോ ഫോബിയ
ഒരസുഖത്തെ കേന്ദ്രീകരിച്ചുള്ള കഥ.
മുഖ്യ പങ്കുവഹിക്കുന്ന കേന്ദ്രകഥാപാത്രത്തിലൊരാൾ മറ്റൊരാളുടെ ഭയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാതെ, അദ്ദേഹം ഭയപ്പെടുന്നൊരു കാര്യം ചെയുകയും പിന്നീടത് ആ വ്യക്തിയുടെ മരണത്തിനു തന്നെ കാരണമായി മാറുകയും ചെയുന്നു.
സ്വജീവന്റെ സുരക്ഷയെക്കരുതി ക്യാമറക്കണ്ണുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം.അദ്ദേഹത്തെ മറ്റുള്ളവർ ഫോട്ടോഫോബിക് എന്നു വിശേഷിപ്പിക്കുന്നു. വെളിച്ചത്തെ ഭയമുള്ളവൻ…
ക്യാമറ ക്ലിക്കുകളിൽ നിന്നും എന്നും അകലം പാലിക്കുന്ന കഥാപാത്രത്തിന് ഒരു സുഹൃത്തു മുഖേന ആദ്യവും അവസാനവുമായി ഒരു ക്യാമറ ക്ലിക്കിൽ സ്വജീവൻ നഷ്ടമാകുന്നു…..കഥയുടെ അവസാനമാണ് കഥാകൃത്ത് എന്തുകൊണ്ടാണ് അയാൾ ക്യാമറ ക്ലിക്കിൽ നിന്നും മാറി നിൽക്കുന്നതെന്ന് വായനക്കാരനു വ്യക്തമാക്കിത്തരുന്നത്. അതിനു മുൻപു വരെ അല്പം ആകാംശഭരിതമായൊരു വായന ഈ കഥ നമുക്കു സമ്മാനിക്കുന്നു.

നമുക്കു ചുറ്റുമുള്ള പലരുടെയും ജീവിതത്തിലെ ബുദ്ധിമുട്ടുകളിലേക്കു ഒന്നെത്തി നോക്കാൻ പോലുമാകാതെ, അവരുടെ പ്രശ്നങ്ങൾ ഒന്നു കേൾക്കാൻ പോലുമാകാത്ത തിരക്കുകളിലൂടെ നമ്മൾ പായുമ്പോഴും, അതേ വ്യക്തിയുടെ ന്യൂനതകൾ കണ്ടുപിടിക്കാൻ പുകയുന്ന മനുഷ്യ മനസ്സിൻറെ പ്രയാണം, അതുപോലെ മറ്റുള്ളവരുടെ പ്രശ്നങ്ങളോ , മാനസിക ബുദ്ധിമുട്ടികളോ മനസ്സിലാക്കാതെ എന്തും ചെയ്തു കൂട്ടുന്ന മനുഷ്യരുടെ സ്വാർത്ഥസ്വഭാവം, അങ്ങനെ പലതും കഥയുടെ കാതലായ ഭാഗങ്ങളിലൂടെ വായനക്കാരനു മുന്നിൽ എഴുത്തുകാരൻ വെളിവാക്കുന്നു.മൂന്നു നാലു കഥാപാത്രങ്ങളിലൂടെ വളരെ സസ്പെൻസ് നിലനിർത്തിയ പ്രിയ എഴുത്തുകാരന്റെ നല്ലൊരു കഥ.ഫോട്ടോ ഫോബിയ.

മേൽ വിലാസമില്ലാത്ത കത്ത് – മേൽവിലാസമില്ലാത്ത കത്ത് എന്ന ചെറുകഥയിലൂടെ തപാൽ ഉരുപ്പടികളിൽ അച്ചു കുത്തുന്ന ഒരു മനുഷ്യനു തന്റെ ജോലി സംബന്ധിതമായി ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും ആകുലതകളും എന്തായിരിക്കാം എന്നു എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നു. ഒരു കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം ഒട്ടും ആയാസമില്ലാത്തൊരു ജോലി, കത്തുകളിൽ അച്ചുകുത്തുക. എന്നാൽ കത്തുകളിൽ മർദ്ദനമേൽപ്പിക്കുന്ന ആൾക്കു അതിനുള്ളിലെ ഉള്ളടക്കം കൂടി മനസ്സിലാക്കാനും കഴിവുണ്ടെങ്കിലോ?അതിനോടൊപ്പം മഹാന്മാരുടെ തലയ്ക്കുമേൽ അതായത് സ്റ്റാമ്പിനു മേൽ അച്ചുകുത്തുന്നത് അദ്ദേഹത്തിനു മറ്റൊരു ഖേദകരമായ കാര്യവും ആകവേ, അങ്ങനെയുള്ള ഒരാളുടെ ചിന്താശകലങ്ങൾ എങ്ങോട്ടേക്കെല്ലാം വഴി മാറുന്നു എന്നതാണ് ഈ കഥയുടെ പ്രമേയം..

ചെറിയൊരു ഭാഗം –
ഒരുനാൾ ഗാന്ധിജിയുടെ സ്റ്റാമ്പിനു മേൽ ആഞ്ഞടിച്ചു അമർഷം തീർത്ത അദ്ദേഹത്തോട്, ഗാന്ധിജിയുടെ ആത്മഗതം,
-നീ നിർദോഷിയാണ് കുഞ്ഞേ.. എന്റെ തെറ്റിന് ശിക്ഷയായി നേതാക്കന്മാരായ മഹാൻമാരും ഈ ശിക്ഷ ഏറ്റു വാങ്ങുന്നു ഇതിലും വലിയ ദുരന്തമാണ് കറൻസിനോട്ടുകളിലൂടെ ഞാൻ അനുഭവിക്കുന്നത് വീടുകളിലും ആരാധനാലയങ്ങളിലും അറവുശാലകളിലും ചൂതാട്ട കേന്ദ്രങ്ങളിലും വാടക കൊലയാളികളുടെ ചോര പുരണ്ട കൈകളിലും എല്ലാമെല്ലാം…
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു സമൂഹം.. എല്ലാവരും പണത്തിനു വേണ്ടിയുള്ള പിടിവലി.. ആ പിടിവലിയ്ക്കിടയിൽ ശ്വാസം മുട്ടുന്ന ഗാന്ധിജിയുടെ മുഖം പതിഞ്ഞ വെളുത്ത നോട്ടുകെട്ടുകൾ.
മേൽവിലാസമില്ലാതെ എത്തുന്ന ഒരു കത്തിനു വേണ്ടി അദ്ദേഹം കാത്തിരിക്കുന്നു…കർമ്മങ്ങളുടെയും കർത്തവ്യങ്ങളുടെയും പേരിൽ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന ഒരു മനുഷ്യനെ നമുക്കീ കഥയിൽ കാണാം.ഒപ്പം നമുക്കു ചുറ്റിനും നടക്കുന്ന ഓരോ അനീതികൾക്കുമുള്ള ഉത്തരം എവിടെയെന്നു കാലത്തോട് ചോദ്യമുന്നയിക്കുന്ന കഥാകൃത്തിനെയും.

കഥാസമാഹരത്തെക്കുറിച്ച്

കവിതാ അപ്പാർട്മെന്റ്
തനിക്കു മുൻപരിചയമില്ലാത്തതോ കണ്ടിട്ടില്ലാത്തതോ ആയ മറ്റൊരാളുടെ അക്ഷരങ്ങളാൽ പ്രസിദ്ധി നേടി, മാനസികസമ്മർദ്ദത്താൽ വിരക്തനായ ആദ്യം ദരിദ്രനും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാത്തതും പിന്നീട് പ്രസിദ്ധനായി മാറുന്നതുമായ ഒരു കവിയുടെ കഥയാണ് കവിതാ അപാർട്മെന്റ്.നമ്മളിൽ പലരും,
ഉള്ള ജീവിതത്തിന്റെ മേന്മകൾ അറിയാൻ ശ്രമിക്കാത്തവരാണ് .ആഗ്രഹങ്ങൾക്കും പ്രസിദ്ധിയ്ക്കും പിന്നാലെ പരക്കം പായുന്നവർ. അവസാനം എല്ലാം നേടിക്കഴിയുമ്പോൾ ജീവിക്കാൻ മറന്നു പോകുന്നവരും.പ്രത്യാശയുടെ വെളിച്ചം അണഞ്ഞുവെന്നു കരുതുന്നവരും…
വ്യക്തമായ ആവിഷ്കാര ഭംഗിയോടെ ദരിദ്രനും പാവപ്പെട്ടവനുമായ കവിയുടെ ഭൂതവും ഭാവിയും വർത്തമാനവും സ്വന്തം കഥയിലൂടെ എടുത്തു കാട്ടാൻ എഴുത്തുകാരൻ മറന്നിട്ടില്ല…അതുപോലെ ഒരു മറയ്ക്കപ്പുറം പ്രസിദ്ധി നേടിയ കവിയുടെ വീർപ്പുമുട്ടലും എഴുത്തുകാരൻ കഥയിലൂടെ എഴുതാതെ എഴുതിവെയ്ക്കുന്നു.

ഗോലി കളി

ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നും കരകേറാൻ ചുറ്റുമുള്ള ജീവിതങ്ങളെ ചവിട്ടിയരച്ചു നടന്നു നീങ്ങുന്ന നീചനായ ഒരു മനുഷ്യന്റെ കഥ..അയാളുടെ വഴികളിൽ സഹജീവികളോടുള്ള കരുണ നശിച്ചിരുന്നു. സ്വാർത്ഥനായ ഒരു മനുഷ്യ ജന്മം. അവസാനം അയാളുടെ അന്ത്യം അയാളാൽ ചതിക്കപ്പെട്ട ഒരു സ്ത്രീയിലൂടെ നടപ്പാക്കുന്നു. ഗോലികളാൽ ആ പൈശാചിക ജന്മത്തെ ഇല്ലാതാക്കുന്നു. നമുക്കു ചുറ്റുമുള്ള പല മനുഷ്യരുമായി ഈ കഥയിലെ കഥാപാത്രത്തിന് ബന്ധമുള്ളതായി തോന്നിയേക്കാം ..എന്നാൽ ഗോലികളാൽ അയാൾ മരണപ്പെടുന്ന രംഗം.. അനുവാചകനെ ഒരേ സമയം വായനയുടെ രണ്ടു തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഗോപൻ മാഷിന്റെ എഴുത്തുകൾക്കാകും എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ എഴുത്ത്….

ഒടുവിലത്തെ കിളി
വെടിയൊച്ചകളും ബോംബുകളും നിറഞ്ഞു നിൽക്കുന്ന ഒരു സ്ഫോടനാന്തരീക്ഷത്തിൽ സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്ക്കായി ഒരു ബലിയാടിനെപ്പോലെ അക്രമികളുടെ പീഡനത്തിരയാകുന്ന പെൺകുട്ടിയുടെ കഥ-അമോയ…ഈ കഥയിൽ കൂട്ടിൽ വളർത്തുന്ന ഒരു കിളിയെ കഥാകൃത്ത് പരിചയപ്പെടുത്തുന്നുണ്ട്..സ്നേഹത്തിന്റെ പ്രതീകമായ കിളി.
കിളി, അക്രമാസക്തരായ മനുഷ്യർ എന്നീ രണ്ടു തലത്തിലൂടെ ഇന്നിന്റെ ലോകത്തെ വായനക്കാരനു മുന്നിൽ തുറന്നു കാണിക്കുകയാണ് എഴുത്തുകാരന്റെ ഈ കഥാഭാഗം. ഒടുവിലത്തെ കിളി..ആ കിളി മരണത്തിലേക്ക് നടന്നു നീങ്ങുന്ന
അമോയയ്ക്കു ചുറ്റും പറക്കുമ്പോൾ ആ സ്ഫോടനാന്തരീക്ഷത്തിൽ അവളുടെ ശരീരം പങ്കുവെച്ച മനുഷ്യർ എത്രയോ വലിയ പൈശാചികരാണ്.. മാനുഷിക മൂല്യങ്ങൾ മറന്നു അന്ധരായ മനുഷ്യർക്കെതിരെയാണു ഈ കഥാഭാഗം.

രാത്രിയിൽ വരുന്ന ഒരാൾ
ആരുമില്ലാത്ത അവസ്ഥയിൽ പോലും ഓരോ മനുഷ്യനും ആരെയൊക്കെയോ എന്തിനെയൊക്കെയോ പ്രതീക്ഷിക്കുന്നുവെന്നും.മനുഷ്യന്റെ മനസ്സ് വിവിധ സാഹചര്യങ്ങൾക്കനുസൃതമായി മാറ്റം വരുന്ന ഓരോ നിമിഷവും പരിചയമറ്റ പല വഴികളിലൂടെയും സഞ്ചരിക്കുന്ന ഒന്നാണെന്നും ഈ കഥയിലൂടെ വായനക്കാരനു തോന്നിയേക്കാം.
ഒരു സ്ത്രീയും അവരുടെ പ്രണയവും.ഓരോ സമയത്തും അവരുടെ മനസ്സിലൂടെ ഓരോ അവസ്ഥകളിൽ മിന്നിമായുന്ന ചിന്തകളുടെയും അടിസ്ഥാനത്തിൽ എഴുതിയ കഥാശകലം.

ചാരൻ
വീട്ടിലെ വളർത്തു മൃഗമായ ഒരു പൂച്ചയും അവിടുത്തെ ഗൃഹനാഥനുമായുള്ള സംഭാഷണം എന്ന ശൈലിയിലൂടെ കടന്നു പോകുന്ന കഥാരംഗങ്ങൾ. ഓരോരുത്തരുടെയും വീട്ടിലെ വളർത്തു മൃഗങ്ങൾ സംസാരിച്ചു തുടങ്ങിയാൽ എന്താകും സ്ഥിതി.മനുഷ്യന്റെ കണ്ണുകൾ എന്നതിലുപരി കാണാത്ത കാഴ്ചകൾ കാണാനും കേൾക്കാത്തവ കേൾക്കാനും അവയ്ക്കായേക്കാം.അവയും നമ്മെപ്പോലെ പരദൂഷണങ്ങൾ പറഞ്ഞേക്കാം അവകാശങ്ങൾ ചോദിച്ചു വാങ്ങിയേക്കാം.ഈ ഒരു സാഹചര്യത്തിന്റെ ചെറിയൊരാവിഷ്കാരമാണ് ചാരൻ എന്ന കഥ.. ചാരാനാകുന്ന പൂച്ച..

ഹിമായനം
സാഹചര്യങ്ങൾ ഒരു മനുഷ്യമനസ്സിനെ, അവൻ എത്ര നല്ലവനെങ്കിലും എത്ര ദുഷ്ടനെങ്കിലും.. മാറ്റിമറിയ്ക്കും, എന്നടി വരയിട്ടു പറയുന്ന കഥാഭാഗം
ഒരു തീവ്രവാദി സംഘവും അവരാൽ മരിക്കപ്പെടാൻ തയാറാകുന്ന ചെറിയൊരു കൂട്ടം നിസ്സഹരായ മനുഷ്യരും. അതിൽ ഒരമ്മയും കുഞ്ഞുമുണ്ട്. ആ കുഞ്ഞിന്റെ കരച്ചിലും അമ്മയുടെ അവസ്ഥയും തീവ്രവാദികളിൽ ഒരാളെ, തന്റെ ബാല്യകാലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും, അയാൾ അയാളുടെ അമ്മയെക്കുറിച്ചോർക്കുകയും, അതുവരെ ക്രൂരനായ അയാൾ മാനസാന്തരപ്പെട്ട് സുഹൃത്തുക്കളേ അഭയാർഥികളുടെ മരണം നിശ്ചയിക്കപ്പെട്ട സമയം വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു.
ചെയ്യാൻ പോകുന്ന തെറ്റുകളുടെ ആഴം മനസ്സിലാക്കാൻ കാലം തന്നെ നമുക്കു ചെറു സൂചനകൾ ചിലപ്പോഴെങ്കിലും നൽകിയേക്കാം…ഒരു ചലച്ചിത്രം കണ്മുന്നിൽ കാണുന്ന പ്രതീതിയാണു ഈ കഥാഭാഗം അനുവാചകനു സമ്മാനിക്കുന്നത്.

പുതിയൊരു കഥ
നിഷ്കളങ്കയായ ഒരു പെൺകുട്ടി ഭർതൃ പിതാവിന്റെ പീഡനത്തിനിരയാകുന്നു. അവളെ മറ്റുള്ളവർ ഭ്രാന്തിയായി മുദ്ര കുത്തി ചങ്ങലയിൽ തളയ്ക്കുന്നു…പാമ്പുകൾ ശരീരത്തിലൂടെ ഇഴയുന്നുവെന്നു പാവം കഥാപാത്രം പറയാതെ പറയുമ്പോൾ അനുവാചകനും വല്ലാത്തൊരു മാനസിക സംഘർഷം അനുഭവപ്പെടുന്നു. ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥകൾ വിവരിക്കുന്ന കഥാഭാഗം…

ഒരുക്കങ്ങൾ
കുടുംബാന്തരീക്ഷത്തിന്റെ മികവിൽ ശക്തമായ മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട മികവുറ്റ ഒരു കഥ…

ഒന്നുമില്ലെങ്കിലും നമ്മൾ –
മക്കളില്ലാത്ത രണ്ടു ദമ്പതികൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ പോകുന്നതും നിർഭാഗ്യവശാൽ അതു നടക്കാതെ വരികയും ചെയ്യുന്നു…
ഈ കഥയിൽ നമുക്കു ചുറ്റും നടക്കുന്ന എന്നാൽ നമ്മൾ പലപ്പോഴും അറിയാതെ പോകുന്ന, പച്ചയായൊരു ജീവിതം കഥാകൃത്ത് വരച്ചു വെച്ചിരിക്കുന്നു..

ഡ്രീംവേ ഇന്റർനാഷണൽ
ഒരു മനുഷ്യന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യവുമായി വന്നു ചേരുന്ന രണ്ടു യുവാക്കളും ഒരു മുഖ്യ കഥാപാത്രവും…തലങ്ങും വിലങ്ങും നമ്മുടെയൊക്കെ ആയുസ്സിന് പോലും വില പറയുന്ന വ്യവസായ തന്ത്രങ്ങൾക്കെതിരെയുള്ള എഴുത്തുകാരന്റെ വിരൽചൂണ്ടൽ. എന്തിനുമേതിലും വിപണന സാദ്ധ്യതകൾ കണ്ടെത്തുന്ന മൾട്ടി നാഷണൽ കമ്പനികൾ നമ്മുടെ സ്വപ്നങ്ങൾക്കും നാളെ വിലപറയാനെത്തിയേക്കാം എന്ന കഥാകാരന്റെ ഗദ്ഗദം ഈ എഴുത്തിൽ അനുവാചകന് ദർശിക്കാം.

രക്ഷപ്പെടൽ
നാം നല്ലതെന്നു കരുതുന്ന ഏതൊരു മനുഷ്യന്റേയുമുള്ളിൽ ഒരു പിശാച് കൂടിയിരിക്കുന്നു, അവസരം മുതലെടുത്തു ബാധ്യതയാകുന്ന ചുറ്റുമുള്ളവരെ, അവർ ആരെന്നോ എന്തെന്നോ എന്നുപോലും ചിന്തിക്കാതെ സ്വതാല്പര്യങ്ങൾക്കായി ഈ ഭൂമുഖത്തു നിന്നേ തുടച്ചു മാറ്റുന്ന ചില മനുഷ്യർ.
ഇതിലെ കഥാപാത്രത്തോട് ഒരുതരം വെറുപ്പാണ് എനിക്കു തോന്നിയത്.കപടമുഖമണിഞ്ഞ കുറുക്കൻ…അവസരം മുതലെടുത്തു അസുഖക്കാരിയായ ബാധ്യതയാകുന്ന ഭാര്യയെ കൊല്ലുന്ന ഒരാൾ..സമൂഹത്തിൽ പലയിടത്തും ഇന്നു നടന്നു വരുന്ന ക്രൂര കൃത്യങ്ങളുടെ നേർക്കാഴ്ച്ചയായാണീ ചെറുകഥാഭാഗം എനിക്കു തോന്നിയത്.

ആരും ജയിക്കാത്ത പന്തയം – ജീവിതത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ടു സുഹൃത്തുക്കൾ, ആരാണ് തങ്ങളിൽ ആദ്യം മരിക്കുക എന്ന പന്തയം വെയ്ക്കുന്നു.എന്നാൽ രണ്ടുപേരും ഒരേ സമയം മരണത്തിലേക്ക് രണ്ടു വ്യത്യസ്തമായ കാരണങ്ങളാൽ എത്തിപ്പെടുന്നു. മരണം ആരിലേക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന ഒന്നാണ്.ആർക്കുമതിനെ പിടിച്ചു നിർത്താൻ സാധ്യമല്ലെന്നും ഈ കഥാഭാഗം ചൂണ്ടിക്കാണിക്കുന്നു.

ഗോപൻ മാഷിന്റെ മുകളിൽ പറഞ്ഞ ഓരോ കഥകളിലും അവതരണശൈലിയുടെ വ്യത്യസ്ത ആകർഷണീയമാണു. ഓരോ കഥകളും അസ്‌തിത്വത്തിന്റെ അരികുകൾ വികസിപ്പിച്ചു പല ഭാവങ്ങളിൽ രൂപം കൊണ്ടവ.തികച്ചും വേറിട്ടു നിൽക്കുന്ന ഒരു ആഖ്യാന ശൈലി..ഒരേസമയംതന്നെ സാങ്കല്പികവും എന്നാൽ യാഥാർഥ്യവുമായി വായനക്കാരന്റെ ഹൃദയത്തിലൂടെ തൊട്ടു തൊട്ടുപോകുന്ന കഥകൾ…മുൻപു പറഞ്ഞതു പോലെ ഓരോ വായനക്കാരനും വായിച്ചു മടുത്ത വിഷയങ്ങളെ മറ്റൊരു രൂപഭംഗിയിൽ മിനുസപ്പെടുത്താൻ കഴിഞ്ഞാൽ അതൊരെഴുത്തുകാരന്റെ വിജയമാണ്.സ്വന്തമായൊരു ആവിഷ്കാര ഭംഗി…
ഗോപൻ മാഷിന്റെ എഴുത്തുകളിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയാണ്..
ശക്തമായ നിരീക്ഷണപാടവുമുള്ള മികവുറ്റ ഒരെഴുത്തുകാരനു മാത്രമേ ഈ രീതിയിൽ കഥകൾ എഴുതിഫലിപ്പിക്കാൻ സാധിക്കുകയുള്ളു…
പ്രിയപ്പെട്ട ചെറുകഥാകൃത്ത് ഗോപൻമാഷിന്‌ ഇങ്ങനെയുള്ള തികച്ചും വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിച്ചതിൽ സ്നേഹത്തോടെ ഒത്തിരി നന്ദി അറിയിക്കുകയാണ് ഈ അവസരത്തിൽ. ഒപ്പം ഇനിയും നിറയെ രചനകൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ എന്നും ആശംസിച്ചുകൊണ്ട് ഇവിടെ വിരാമിടുന്നു…

പ്രീദു രാജേഷ്

You can share this post!