അമ്മിഞ്ഞപ്പാൽ നുണഞ്ഞ്
അമ്മതൻ കൈയ്യിൽ തൂങ്ങി
അമ്മേയെന്നൊച്ചവെച്ചു
കൊഞ്ചിക്കുഴഞ്ഞ ഭാഷ
മാന്തോപ്പിൽ ചാടിയോടി
മാന്തളിർ തല്ലിത്തല്ലി
മാമ്പഴം താഴെ വീഴ്ത്തി
മധുരം പിഴിഞ്ഞ ഭാഷ
ഓണത്തിന്നോടിയോടി
ഓണപ്പാട്ടേറ്റു പാടി
മലരായ മലരുകൾ നുള്ളി
മടിശ്ശീല നിറച്ച ഭാഷ
അമ്പത്തൊന്നാഴികളായി
അറിവിൻ തിരമാലകളായി
ഒരു ജാതി ഒരു മതമെന്ന്
ഒരുമയിൽ കോർത്ത ഭാഷ
പുത്തനുണർവ്വിൻ സ്വർണ്ണ-
പ്പൂക്കൊന്നപൂത്ത ഭാഷ !
വാൾത്തലപ്പിലുണ്ണിയാർച്ച
വീറുകൊണ്ടവീരഭാഷ !
കഞ്ചനും തുഞ്ചനുമായ്
ആശാനുള്ളൂരുമായി
വയലാറായ് വള്ളത്തോളായ്
പാടിത്തെളിഞ്ഞ ഭാഷ !
നാഗക്കളം നിറഞ്ഞ്
പകർന്നാടിയ പുള്ളുവ വീണ
തെയ്യന്തിറ കോലം തുള്ളിയ
മലനാടിൻ മുത്തണി ഭാഷ
തിങ്കളായ് പുഞ്ചിരി പെയ്യാൻ
നമ്മെക്കടഞ്ഞ ഭാഷ
ഉയരങ്ങൾ താണ്ടിയേറാൻ
ഉശിരേകിയ സ്വപ്ന ഭാഷ
മധുമൊഴിയും മലയാളത്തിൽ
ചിരിയുതിരും മലയാളത്തിൻ
തുകിലുണരും
മലയാളത്തിൽ
നിറവാണെൻ കേരള ഭാഷ…