നിനക്കെത്ര ജീവിതശിഖരങ്ങളുണ്ട്
അജ്ഞാതമായ തായ് വേരിൽ നിന്നും
ജീവിതത്തിലേക്കുള്ള നിൻ്റെ യാത്ര
എത്ര ദെെർഘ്യമുള്ളതാണ്.
ഏതു കൊടുങ്കാറ്റിലുമുലയാത്ത
നിൻ്റെ തായ്ത്തടിയിൽ നിന്നും
ഓരോ ശിഖരങ്ങളും പിറക്കുമ്പോൾ
നിൻ്റെ ഹൃദയത്തിലെന്തായിരുന്നു
വേദനയോ ആഹ്ളാദമോ.
വിത്തുകൾ മുളയ്ക്കാത്ത
ഓരോ പൂവും കൊഴിഞ്ഞുപോകുമ്പോൾ
നിൻ്റെ നഷ്ടമെന്തായിരുന്നു
ഓരോ പൂവിലും ശലഭങ്ങൾ നിറയുമ്പോൾ
നിന്നിലെ വസന്തമെന്തായിരുന്നു.
ഓരോ ഇലകളും കൊഴിയുമ്പോൾ
നിൻ്റെ ആത്മാവ് ഭൂമിയോട് പങ്കുവച്ചതെന്തായിരുന്നു
നിറനിലാവിൽ നൃത്തമാടുമ്പോൾ
നിൻ്റെ തളിരിലകൾ
കാറ്റിനോടു പറഞ്ഞതെന്തായിരുന്നു.
ഇനിയും മുളയ്ക്കാൻ
ഈ ഭൂമിയിൽ പടരാൻ
അവശേഷിച്ച വിത്തുകളോട്
നീ വിടവാങ്ങിയതെങ്ങനെയായിരുന്നു.
അവ വിതയ്ക്കുന്ന സുഗന്ധങ്ങളിൽ
നിൻ്റെ പിറവിയെന്തായിരിക്കും
നിലാവും കുളിരും കാറ്റും നക്ഷത്രങ്ങളും
ഇനി അവയ്ക്കായി
കാത്തുവച്ചിരിക്കുന്നതെന്തായിരിക്കും.