ശ്രീനാരായണായ’ :ദർശനത്തിന്റെ കല

പ്രപഞ്ചം തന്നെ ഒരു വികേന്ദ്രീകൃതഘടനയാണ്‌ .
-ബെർതോൾഡ്‌ ബ്രെഹ്റ്റ്‌

വേദാന്തശാന്തി ആന്തരികമായ മൗലികഫലമായും, നവീനപാശ്ചാത്യരചനാസൗന്ദര്യം ബാഹ്യമായും  ദർശിക്കുന്ന  ഒരു നോവൽശാസ്ത്ര ഭൂമിക – എം.കെ. ഹരികുമാറിന്റെ ‘ശ്രീനാരായണായ’ എന്ന നോവലിന്റെ ആദ്യവായന ഇങ്ങനെ ആരംഭിക്കുന്നു. എങ്ങനെയെല്ലാം ക്രാഫ്റ്റ്‌ മാറിമറിഞ്ഞാലും, നോവലിനെ സംബന്ധിച്ച്‌ ഇതിവൃത്തം പ്രധാനഘടകമായി അവശേഷിക്കും. കാരണം മലയാളികളുടെ തൊണ്ണൂറുശതമാനം കണ്ണുകളും ഇതിവൃത്ത പാഠത്തിലേക്കാണല്ലോ. അതുകൊണ്ടുതന്നെ നോവൽ വായനയല്ല, നോവൽ പാഠങ്ങളാണ്‌ ഇപ്പോൾ ശരാശരി നോവൽ മാതൃകകൾ. റോബർട്ടോ ബൊലാനോയുടെ 2666 എന്ന നോവൽ മാതൃക തന്നെ മറ്റൊരു തരത്തിലാണ്‌ വായന നടക്കുന്നതും നടന്നതും.


ദർശനവും സാഹിത്യകാരന്റെ ധർമ്മവും
ഒരു സാഹിത്യകാരന്റെ ഉൾക്കണ്ണിലൂടെയാണ്‌ മനുഷ്യദർശനത്തെ നോവലിസ്റ്റ്‌ ഇവിടെ പിടികൂടിയിരിക്കുന്നത്‌. ദർശനത്തെ എങ്ങനെയാണ്‌ സമീപിക്കേണ്ടതെന്നുപോലുമറിയാത്ത ഭൂമികയിലേക്കാണ്‌ നാരായണ ഗുരുവിന്റെ വിചാരധാരകളെ നോവലിസ്റ്റ്‌ അനുഭൂതിവത്കരിക്കാൻ ശ്രമിക്കുന്നത്‌. ഒരു പക്ഷേ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ നാം വായിച്ചെടുത്തതും പുനർവായന നടത്തിയതുമായ ചില പാരമ്പര്യസ്ഥാനമാനങ്ങളെ ഈ നോവൽ പൊളിച്ചെഴുതുന്നു. നോവലിന്റെ ക്രാഫ്റ്റിൽത്തന്നെ ഈ മാറ്റം അറിയാൻ സാധിക്കും.
ദർശനത്തിൽ   ഒരുമാനം ഉണ്ടാക്കാൻ നോവലിന്‌ കഴിഞ്ഞിട്ടുണ്ട്‌. സവിശേഷവ്യക്തിത്വം ആർജ്ജിക്കുന്ന ഓരോ സാധാരണപൗരന്റേയും ജീവിതവൈജാത്യത്തെ ദർശനം ആശ്രയിക്കുകയാണ്‌ ചെയ്യുന്നത്‌. വിമോചനപരമായ ഒരു ആദർശമാണ്‌ ദർശനം എന്നു പറയുന്നതിലും തെറ്റില്ല.

ദൈവത്തിന്റെ അംശങ്ങൾ സ്വയം പ്രതിഫലിപ്പിക്കുക എന്ന ഒരു കർമ്മപദ്ധതി ഈ നോവലിലുടനീളം നമുക്ക്‌ ദർശിക്കാവുന്നതാണ്‌. നൂതനമായ ഈ നോവലിന്റെ രൂപഘടന ഇതിവൃത്തത്തെ ആഖ്യാനംചെയ്തു കൊണ്ടുപോകുന്നതിൽ വളരെ സഹായകരമാകുകയും ചെയ്യുന്നു.

എം.കെ. ഹരികുമാർ

സാഹിത്യത്തിൽ ദർശനത്തിന്റെ പങ്ക്‌
നോവൽ എന്ന കലാരൂപത്തിൽ വളരെ വിപുലമായ ക്യാൻവാസ്‌ ഉണ്ട്‌ എന്നതുതന്നെ ഒരു തിരിച്ചറിവാണ്‌. വിശാലമായ ഒരു അർത്ഥത്തെ ഗ്രഹിക്കൽ, മനസിലാക്കൽ, സ്വാംശീകരിച്ചെടുക്കൽ എന്നിങ്ങനെ മൂന്നുതലങ്ങളിലായി അത്‌ നീളുന്നു. ആന്തരികമായ ഒരു വായനാദർശനം ഓരോ വായനക്കാരനും രൂപപ്പെടുത്തിയെടുക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. എം.കെ. ഹരികുമാറിന്റെ ‘ശ്രീനാരായണായ’ വായിച്ചെടുക്കുമ്പോഴും ഈ വായനാശാസ്ത്രം ഒരു പ്രത്യേകഗുണം വായനക്കാർക്ക്‌ പകർന്നുതരും. മൗലികമായ ഒരു രചനയെ സമഗ്രതയിലേക്ക്‌ ദ്യോതിപ്പിച്ചെടുക്കുക എന്നത്‌ നിസ്സാരമായ സംഗതിയല്ല.

സാഹിത്യത്തിൽ എഴുത്തുകാരന്റെ സ്ഥാനം എന്ന ദർശനവുമായി/സിദ്ധാന്തവുമായി ഈ നോവലിലേക്ക്‌ പ്രവേശിക്കുകയാണെങ്കിൽ അത്‌ നിങ്ങൾക്ക്‌ കണ്ടെത്തുവാൻ സാധിച്ചുവെന്നു വരില്ല. നോവൽ വിഭാവനത്തിൽ അങ്ങനെയൊരു പുതുതന്ത്രം കൂടി കൊണ്ടുവരാൻ ഈ നോവലിസ്റ്റിന്‌ കഴിയുന്നു. പതിനഞ്ച്‌ എഴുത്തുകാരുടെ പതിനഞ്ചു തലത്തിലുള്ള ഗുരു അനുഭവങ്ങൾ സമ്മേളിക്കുകയാണിവിടെ. എഴുത്തുകാരനിലെ സത്യാന്വേഷണ രീതിയെത്തന്നെ ഈ നോവലിസ്റ്റ്‌  തകിടം മറിക്കുന്നതായി കാണാം.
ദർശനം എന്നത്‌ ബദലായിത്തീരുന്ന ദൈവികാന്വേഷണമോ, ദൈവികപ്രാർത്ഥനാ സമ്പ്രദായങ്ങളോ അല്ല. പരിവർത്തനോൻമുഖമായ ഒരു ദൈവികവീക്ഷണം ഈ നോവൽവായന അവസാനിക്കുമ്പോൾ വായനക്കാരന്റെ ഉള്ളിൽ രൂപപ്പെടും എന്നതിൽ യാതൊരു തർക്കവുമില്ല. ഭാവനാധിഷ്ഠിതമായ  ദൃഢപ്പെടുത്തൽ ഈ നോവലിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. കാലഘട്ടമാണ്‌ ഇവിടെ കഥാപാത്രം എന്ന്‌ നമുക്ക്‌ ഒരു റിവേഴ്സ്‌ റീഡിംഗായി ഉന്നയിക്കുകയും ചെയ്യാം.

ഗുരുസ്പെഷ്യൽ പതിപ്പായിത്തീരുന്ന ഈ വിശാലവായനാ സംസ്കാരത്തിൽ ഊന്നി നിന്നുകൊണ്ടാണ്‌ നോവലിനെ പുതിയ മാനത്തിലേക്ക്‌, അവതരിപ്പിക്കുന്നത്‌. പുതിയമാനം എന്നതിനേക്കാൾ നോവലിന്റെ യഥാർത്ഥസ്ഥാനം എന്നും കണക്കാക്കാവുന്നതാണ്‌. ദർശനത്തെ സമീപിക്കേണ്ടതെങ്ങനെ എന്ന ഒരു പദപ്രശ്ന ചോദ്യം ആദ്യ അധ്യായത്തിൽത്തന്നെ നോവലിസ്റ്റ്‌ ആരായയുന്നുണ്ട്‌.
നോവലിൽ നിന്നു തന്നെ ഉദാഹരിക്കാം. ”ഇതാണ്‌ ഓരോന്നിന്റെയും അദ്വൈതം. മരുത്വാമലയുടെ നിശ്ശബ്ദതയിൽ മഴയ്ക്കും കാറ്റിനുമിടയിലൂടെ കാലത്തിന്റെ പൊരുൾതേടാൻ ശ്രമിച്ച യുവാവ്‌ ഒരു ഗുരുവായി മാറുകയായിരുന്നു. ബോധത്തിനുള്ളിലെ സൂക്ഷ്മകോശങ്ങളിൽ മലയുടെയും മഹർഷിമാരുടെയും സംഭാഷണങ്ങൾ പ്രപഞ്ചാണുക്കളുടെ പുതിയ വഴിത്താര രൂപപ്പെടുത്തി. അതിലൂടെ അദൃശ്യവും വികേന്ദ്രീകൃതവുമായ ഒരു ദൈവധാരയുടെ സംഘനൃത്തം കടന്നുപോകുകയായി”.(അധ്യായം : പകൽ സൂര്യരഥങ്ങൾ ദൂരേയ്ക്ക്‌; പ്രതീതിയുടെ പൂക്കളും). മറ്റൊരു ഉദാഹരണം കൂടി എടുക്കാം: ”ഗുരു: ആത്മാവ്‌ എന്ന സത്യാവസ്ഥ എല്ലാ വസ്തുക്കഴുടെയും സവിശേഷമായ അന്തർലോകമാണ്‌. കല്ലിൽ അന്തർലോകമില്ലേ? അത്‌ പൊട്ടിച്ചു നോക്കിയാൽ കാണില്ല. മനുഷ്യന്റെ ശരീരം കീറിനോക്കിയാൽ ഒരായുസ്സിനിടയിൽ ചിന്തിച്ചതോ, ആസ്വദിച്ചതോ വല്ലതും കാണുമോ? അതുപോലെ ഏതൊരു വസ്തുവിനും ഒരു ഉന്നത ബോധത്തിന്റെ സഹായത്തോടെ എത്താനാവുന്ന അസംഖ്യം സാധ്യതകളുണ്ട്‌. മനുഷ്യൻ വിചാരം കൊണ്ടാണ്‌ മറികടക്കുന്നതെങ്കിൽ, അചേതന വസ്തുക്കളിൽ, സൃഷ്ടിയുടെ വിഭിന്ന ലീലകൾ സംഭരിച്ചിട്ടുണ്ട്‌. സ്വത്വത്തെ വിടണമെങ്കിൽ നമ്മേക്കാൾ വലിയ അനുഭവവും ലക്ഷ്യവും നേടണം. നമ്മിൽ നിന്ന്‌, നമ്മുടെ തുച്ഛമായ ബോധാവേശങ്ങളിൽ നിന്ന്‌ പുറത്തേക്ക്‌ വരണം.? (അധ്യായം: ഒരറിവ്‌ സ്വയം നിരസിച്ച്‌ മറ്റൊന്നായി സ്വയം നിർമ്മിക്കുന്നു).

ഇങ്ങനെ ഈ രണ്ടു വിഭിന്ന ഭാഗങ്ങളിൽ തന്നെ ദർശനത്തിന്റേതായ രണ്ടുകലാസൗന്ദര്യങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. കലാപരമായ ചരിത്രബോധം തന്നെ ഇങ്ങനെ ആരംഭിക്കുന്നതാണ്‌. കലാസൗന്ദര്യത്തിൽ  നാരായണഗുരു എന്ന ദർശനത്തെ പുതിയ ഭൂഖണ്ഡമാക്കുന്നു. ജ്ഞാനം എന്നത്‌ പുതിയ സർഗാത്മകവ്യാഖ്യാനം കൂടിയാകാമെന്ന്‌ നോവലിസ്റ്റ്‌ എം.കെ. ഹരികുമാർ തെളിയിച്ചു. അതിന്റെ ഉത്തമദൃഷ്ടാന്തം തന്നെയാണ്‌ ‘ശ്രീനാരായണായ’ എന്ന നോവൽ.
ആദ്ധ്യാത്മികജ്ഞാനത്തെ അപനിർമ്മാണം ചെയ്യുമ്പോൾ
സത്യമല്ലാതിരുന്ന കാലസങ്കൽപ്പങ്ങളെ കൂടുതൽ പരിശോധനാവിധേയമാക്കാൻ നോവലിസ്റ്റ്‌ എം.കെ. ഹരികുമാർ തുനിഞ്ഞിട്ടുണ്ട്‌. ആദ്ധ്യാത്മികത എന്ന മഹാപർവതത്തെ നോവലിസ്റ്റ്‌ ഖനനം ചെയ്തും പൊട്ടിച്ചെടുത്തും പരീക്ഷണശാലയിൽ ഓരോ കഷണങ്ങളാക്കി പരിശോധിക്കാൻ നമുക്ക്‌ മുന്നിലേക്കിട്ടിരിക്കുകയാണ്‌. വായനക്കാരായ ഓരോരുത്തനെയും തങ്ങളുടെ ചിന്താധാരകളിലേക്ക്‌, പുതിയ  ദർശനബോധ്യങ്ങളിലേക്ക്‌ നോവലിസ്റ്റ്‌ കടത്തിവിടുന്നു.

നോവലിന്റെ മർമ്മം എന്നത്‌ സുതാര്യത തന്നെയാണ്‌. എന്താണ്‌ അർത്ഥം എന്നതിന്റെ സുതാര്യമായ അന്വേഷണങ്ങളാണ്‌ ഈ നോവലിലെ ഓരോ വാക്കും .സത്യത്തെ വ്യത്യസ്തമാക്കുന്നതിലല്ല, വ്യത്യസ്തസത്യങ്ങളെ മഹാസത്യത്തിലേക്ക്‌ നയിക്കുന്നതാണ്‌ പരമപ്രധാനമെന്ന്‌ നോവലിസ്റ്റ്‌  അടിവരയിടുന്നു. ജ്ഞാന ദൃഷ്ടിയെത്തന്നെ സുതാര്യമാക്കിമാറ്റി അപനിർമ്മാണം ചെയ്തെടുക്കുകയാണ്‌ നോവലിസ്റ്റ്‌. ദൈവികത എന്ന വാക്കിനെ വെട്ടിനിരത്തി വിശ്വദർശനം എന്ന മഹത്തായ ആലോചനയിലേക്ക്‌ ഈ നോവൽ വായനക്കാരെ മുന്നോട്ട്‌ നടത്തും . ഉദാഹരണം:
ശിഷ്യൻ: അറിവ്‌ സത്യത്തെ മറയ്ക്കുന്നതെങ്ങനെയാണ്‌?
ഗുരു: സത്യം എന്നത്‌ ഓരോ നിമിഷത്തിലും നമ്മൾ കാണാതെ പോകുന്നു. അവസാനിക്കാതെ പോകുന്നു. അവസാനിക്കാത്ത സമ്മിശ്രമായ, ത്വരിതഗതിയിലുള്ള, വേഷപ്രച്ഛന്നതയിലുള്ള കൂടുമാറ്റമാണ്‌ അറിവുകളുടെ ലോകത്തുള്ളത്‌. ഇത്‌ തടയാനാകില്ല. ആശയങ്ങളും വസ്തുക്കളുമായി ,കലാശിൽപങ്ങളുമായി അറിവ്‌ ഏതോ വഴിക്ക്‌ പോകുകയാണ്‌.     അത്‌ പ്രത്യക്ഷത്തിൽ ഒരേ ലക്ഷ്യത്തിലേക്കല്ല പോകുന്നത്‌. വികേന്ദ്രീകൃതമായിരിക്കുമ്പോഴാണ്‌ അതിന്‌ സൗന്ദര്യമുള്ളത്‌. മായയുണ്ടെങ്കിൽ മറവുമുണ്ട്‌.  ആ മായ മറയ്ക്കുന്നത്‌ നമ്മെത്തന്നെയാണ്‌. നാം സത്യമാണല്ലോ.? (അധ്യായം: ഒരറിവ്‌ നിരസിച്ച്‌ മറ്റൊന്നായി     സ്വയം നിർമ്മിക്കുന്നു)


നോവലിന്റെ ഉപകരണങ്ങൾ
അഗാധമായ ജ്ഞാനപഥങ്ങൾ ഈ നോവലിൽ ആദിമധ്യാന്തമായി ശേഷിക്കുന്നുണ്ട്‌. ഭാരതീയമായ ചില ജ്ഞാനപദ്ധതികളെ നോവൽരൂപത്തിലൂടെ പുറത്തേക്ക്‌ തള്ളിക്കളയുവാനും, അത്തരത്തിൽ ഒരു ശുദ്ധികലശം നടത്താനും  നോവലിനും നോവൽ ഘടനയ്ക്കും സാധിക്കുന്നുമുണ്ട്‌. ഇത്തരം ഒരു സാധ്യഭാവമാണ്‌ എം.കെ. ഹരികുമാറിന്റെ ഒന്നാമത്തെ ദർശനം. ദർശനം അതുകൊണ്ടാണ്‌ ഭാഷയിലാക്കാൻ  നോവലിസ്റ്റിനു കഴിയുന്നത്‌. ഈ ആഴമേറിയ സഞ്ചാരം പുതുമ, പരീക്ഷണം, എന്നൊന്നും വിളിക്കാൻ നമ്മൾ പ്രാപ്തരല്ല . എന്നും സത്യത്തെയും അതിസത്യത്തെയും വിളിച്ചുപറയുന്നവർ ഒരു നാറാണത്തുഭ്രാന്തൻ ടച്ചിൽ ഒതുക്കാറുമുണ്ടല്ലോ. എന്നാൽ ആദ്ധ്യാത്മികമായ രീതികളെ ഈ ടച്ചിലും ഒതുക്കാൻ കഴിയാതെ നിരൂപകവൃന്ദം കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്‌. കാരണം ബോർഹസിനെപ്പറ്റിയും ഉമ്പർട്ടോ എക്കോയെപ്പറ്റിയും ജോർജ്പേരക്കിനെപ്പറ്റിയും പറയുന്ന നിരൂപകർ പോഞ്ഞിക്കര റാഫിയേയോ, രവിയേയോ, പ്രദീപിനേയോ, ടി.രാമചന്ദ്രനേയോ  ഉദ്ധരിക്കാറില്ല.

നോവലിന്റെ ഭൂമികയിലേക്ക്‌ തിരിച്ചുവരേണ്ടതുണ്ട്‌. ഹരികുമാറിന്റെ കല എന്നത്‌ ഈ നോവലല്ല, പകരം ഈ നോവൽ രചനയാണ്‌. കാരണം അത്രത്തോളം സ്വതന്ത്രമായ ആവിഷ്കാര അനുഭവമാണ്‌ ശ്രീനാരായണായ എന്ന നോവൽ. ഉദാഹരണം:
ലോകത്തിലുള്ളതെല്ലാം സംഗീതാത്മകമാക്കുകയാണോ ഗുരു ചെയ്തത്‌?.ഗുരു തന്റെ ശബ്ദം കൊണ്ട്‌ മറ്റ്‌ ശബ്ദങ്ങൾക്കോ, നിശ്ശബ്ദതയ്ക്കോ ദോഷമുണ്ടാകരുതെന്ന്‌ ശ്രദ്ധിക്കുന്നു. ഇത്‌ മഹത്തായ ഒരു ജ്ഞാന മാർഗ്ഗമാണ്‌. അന്തർദർശനത്തിൽ ശബ്ദങ്ങൾ ലോകാത്മകമാണ്‌. ലോകത്തിലെ ഏത്‌ വസ്തുവിലേക്കും ആ സംഗീതം പ്രവഹിക്കുന്നു.

ഇങ്ങനെ ഗുരുവിന്റെ മാർഗത്തിലൂടെ ഒരറിവുപകരൽ എന്ന വിദ്യ നോവലിലൂടെ സ്വായത്തമാക്കിയെടുക്കാൻ നോവലിസ്റ്റ്‌ തുനിഞ്ഞിട്ടുണ്ട്‌.  ഭൗതികവാദത്തിന്റെ യാതൊരു നിയമങ്ങളും ഈ നോവലിൽ കാണാൻ സാധിക്കില്ല. ഓരോ ഗുരു അനുഭവവും  ഗുരുപാഠവിചാരമാണ് . വിചാരങ്ങളുടെ സമാഹരണം എന്നൊരു യുക്തിബോധം നോവലിന്റെ ക്രിയാപരതയിൽ ഇടപെടുന്നു. വിമത/സ്വതന്ത്ര/ദർശന/രീതിശാസ്ത്രം  അതി-ആദ്ധ്യാത്മിക അപാരതയിലേക്ക്‌ വിരൽ ചൂണ്ടുന്നു. വായനക്കാരെ ഒന്നടങ്കം എത്തിക്കുന്നു. വായന ഇവിടെ ഭാവനയെ ഇക്കിളിപ്പെടുത്താതെ ഭാവനയെ അതീതമാക്കുന്നു. അതീതതലമാക്കുന്നു. ഈ നൂൽനൂൽപ്പാണ്‌ ഒരു വർഷത്തിലധികം സാധനകൊണ്ട്‌ നോവലിസ്റ്റായ എം.കെ. ഹരികുമാർ പൂർണതയിലെത്തിച്ചിരിക്കുന്നത്‌. ഈ നോവലിന്റെ ഭാവം തന്നെ ഒരു പൂർണ്ണമായ അനുഭൂതിയാണ്‌.

നോവൽ സന്നിവേശത്തിന്റെ ഘടകങ്ങൾ
1.  ജ്ഞാനലോകങ്ങളിലെ ബൗദ്ധിക സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിക്കുന്നു.
2.  ദർശനം കാരുണ്യമാണ്‌, സ്വാതന്ത്ര്യമാണ്‌, കാലവും വളർച്ചയുമാണ്‌.
3.  അപരിമേയമായ അറിവിന്റെ അനുഭൂതി.
4.  ബോധം സ്ഥിരഭാവത്തിലല്ല. സ്വത്വത്തെ നിരാകരിക്കുക.
5.  വിഷാദത്തിൽ നിന്ന്‌ അറിവിലേക്കുള്ള യാത്ര.
6.  ലിംഗാവസ്ഥയും പ്രതീകങ്ങളും ലയനവും തമ്മിലുള്ള ബന്ധങ്ങൾ.
7.  പ്രപഞ്ചലീലകളെയും  അപരലോകങ്ങളെയും സാധൂകരിക്കുക.
8.  ദൈവികതയിലെത്തുക എന്നത്‌ ഏതുതരം സൗന്ദര്യാനുഭൂതിയാണ്‌?
9.  മരണത്തിന്റെ മമതയും, പ്രകൃതിയുടെ വിചിന്തനവും എന്തിനെയാണ്‌ സാധൂകരിക്കുന്നത്‌?
10. ഇന്ദ്രിയങ്ങൾക്കാവശ്യമുള്ള നിർമ്മാണപദ്ധതി എത്രത്തോളം വാസ്തവമാകുന്നുണ്ട്‌?
11. ആത്യന്തികഫലത്തിൽ അസ്തിത്വത്തിനുള്ള പങ്കെന്ത്‌?
12. ഗുരുവിന്റെ സംഗീതം/വിശദീകരണം ആവശ്യമാകുന്നു.


ദൈവനിർമ്മാണകല
ജീവിതപരിണാമത്തിന്റെ ചലനാത്മകതയെ പിടിച്ചുകെട്ടാൻ, ഒരു മൂല്യനിർണയം നടത്താൻ, ആത്മീയലോകത്തെയാണ്‌ നോവലിസ്റ്റ്‌ വിശകലനം ചെയ്യുന്നത്‌. ആത്മീയതയേക്കാൾ മുൻപിൽ ശരീരലോകത്തെ മൂല്യനിർണയം നടത്തുക എന്നൊരു ആഹ്വാനം കൂടി ‘ശ്രീനാരായണായ’ എന്ന കൃതിയിൽ നമുക്ക്‌ കണ്ടെത്തുവാൻ സാധിക്കുന്നു. വായനക്കാരന്റെ സ്ഥിരപ്രകൃതിയെ ഇത്‌ ഉടച്ചുവാർക്കുന്നു. പുതിയ വാദപ്രതിവാദങ്ങളിലേക്ക്‌ ജീവിതത്തിന്റെ അന്യവത്കരണത്തെ നയിക്കുകയും ചെയ്യുന്നു. ഓരോ അധ്യായത്തിന്റെയും തലക്കെട്ടുകൾ തന്നെ ദീർഘവും തത്ത്വചിന്താ സ്വാധീനമാർന്നതുമാണ്‌. ചുറ്റിപ്പിണയുന്ന സത്യത്തിന്റെ നാനാവർണ്ണങ്ങൾ, പകൽ സൂര്യരഥങ്ങൾ ദൂരേയ്ക്ക്‌ – പ്രതീതിയുടെ പൂക്കളും, ആത്മീയമായ നിരാഹാരം- ഏകാന്തത്തയുടെ ആയിരം അടരുകൾ, മരക്കൂട്ടത്തിന്റെ കറുപ്പും ആകാശത്തെപ്പറ്റിയുള്ള ദിവ്യവിശേഷണങ്ങളും, താമരയുടെ ഇതളുകൾ ഏതോ സത്യത്തിനു കാവൽ നിൽക്കുന്നു, നിർമ്മിച്ച ശിൽപങ്ങൾക്കു പിറകിൽ അദൃശ്യശിൽപങ്ങൾ വേറെയും, സർവമതങ്ങളിലും വിശ്വസിക്കുന്ന സത്യാന്വേഷികളായ ദൈവങ്ങൾ, ഒരറിവ്‌ സ്വയം നിരസിച്ച്‌ മറ്റൊന്നായി സ്വയം നിർമ്മിക്കുന്നു, കടൽ അതിന്റെ സൗന്ദര്യത്തെ മായയിലും സ്പഷ്ടമാക്കുന്നു, രസപ്പെയ്ത്തുമായി മായയുടെ സഹശ്രദലങ്ങൾ – എന്നിങ്ങനെ പോകുന്നു അധ്യായങ്ങൾ.

നോവൽ ഒരു കലാരൂപമായി വികസിക്കുന്ന ഇടവും ഇതിവൃത്തം മുന്നോട്ടുവെയ്ക്കുന്ന അർത്ഥസ്വാധീനം തന്നെയാണ്‌. എന്നാൽ ജീവിതദർശനത്തിന്റെ അർത്ഥം തിരയുന്ന ഇതിവൃത്തമായ സ്ഥിതിക്ക്‌ ഈ നോവലിന്റെ കല പരിണാമസങ്കൽപ്പത്തിലധിഷ്ഠിതമായ ഒരു വിശദീകരണത്തിലാണ്‌ അവസാനിക്കുന്നത്‌. റിയലിസത്തെക്കാൾ ഉപരി റിയലിസത്തെ തരംഗാകൃതിയിലേക്ക്‌ സഞ്ചരിപ്പിച്ച്‌ പരിണാമപരമായ അനിവാര്യതയിലേക്ക്‌ ഈ നോവൽ എത്തിക്കുന്നു. മനുഷ്യൻ അവന്റെ സ്ഥിരപ്രകൃതിയെ വീണ്ടെടുക്കാൻ ഒരു ഗവേഷണവിഷയമെന്ന രീതിയിൽ ഈ നോവലിന്‌ കഴിയുന്നു. ഇത്‌ പ്രധാനപ്പെട്ട ഒരു നേട്ടമാണ്‌.

ലോകവീക്ഷണങ്ങളിലേക്ക്‌ ഊന്നുപോകുവാൻ, മനുഷ്യപ്രകൃതിമാറ്റത്തെ മാറ്റിമറിക്കാൻ വല്ലപ്പോഴുമൊരിക്കൽ ഇത്തരം സാഹിത്യരചനകൾ ഉണ്ടാകേണ്ടതിന്റെ  അനിവാര്യത ഓർമ്മിപ്പിച്ചുകൊണ്ടും  നമ്മുടെ അന്ധതയെ ഇല്ലാതാക്കാൻ ഈ നോവൽ രചനയ്ക്ക്‌ കഴിഞ്ഞതിൽ ആശംസിച്ചു കൊണ്ടും  ഈ പാഠരചന നോവൽ മുന്നോട്ട്‌ വെയ്ക്കുന്ന അർത്ഥദർശനം സ്വാംശീകരിക്കുന്നു.
നന്ദിസൂചകം
“അതുലോലമതുലോല-
മതുദൂരമതന്തികം
അതു സർവ്വാന്തരമതു
സർവ്വത്തിനും പുറത്തുമാം”.

You can share this post!