ശ്രീനാരായണായ എന്ന ദാർശനിക നോവൽ പത്താം വർഷത്തിൽ/

ജീ തുളസീധരൻ
ഭോപ്പാൽ

ജീ തുളസീധരൻ
ഭോപ്പാൽ

ഭാരതീയ തത്ത്വചിന്തയുടെ ഭാവാത്മകമായ ആവിഷ്കാരമാണ് എം.കെ.ഹരികുമാറിൻ്റെ ‘ശ്രീനാരായണായ’.ആഖ്യാനശൈലിയിലും ശില്പഘടനയിലും അസാധാരണമായ കൗശലവും ധ്യാനാത്മകമായ കൈയടക്കവും കാണിച്ചുതരുന്ന ഈ നോവൽ എല്ലാ സാമ്പ്രദായിക ശീലങ്ങളെയും അതിലംഘിച്ചുകൊണ്ട് മലയാളഭാഷയെ അന്തർബോധങ്ങളുടെ സ്ഥിരം ഭ്രമാത്മകപഥങ്ങളിൽ നിന്നും മോചിപ്പിക്കുന്നു.

സംവേദനശേഷിയുടെ ആഴവും സൗന്ദര്യവും ആവശ്യപ്പെടുന്ന അനേകം ഭവ്യമുഹൂർത്തങ്ങൾ നമ്മെ ആത്മീയതയുടെ അംബരചുംബികളായ വൃക്ഷശിഖരങ്ങളിലേക്ക് ആനയിക്കുന്നുണ്ട്.ഈ കൃതിയുടെ പദാനുപദവിന്യാസത്തിലൂടെ അനാച്ഛാദനം നടത്തിയിരിക്കുന്നത് ഭാരതീയദർശനത്തിലെ ആന്തരസമഗ്രതയാണ്.വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച ദാർശനികകൃതികളിൽ, പ്രത്യേകിച്ച് നോവൽസാഹിത്യത്തിൽ ഗോപുരം പോലെ ഉയർന്നു നിൽക്കുന്ന ചുരുക്കം കൃതികളിൽ ഒന്നാണ് ‘ശ്രീനാരായണായ’.ഈ കൃതിയോടെപ്പം ചേർത്തു തലയുയർത്തിനിൽക്കുന്ന മറ്റൊരു കൃതി, ശ്രീബുദ്ധൻ്റെ ജീവിതം പ്രമേയമാക്കി, വിയറ്റ്നാമിലെ ബുദ്ധസന്യാസി തിച്ച് നാത് ഹാൻ രചിച്ച ‘പഴയ പാതയും വെളുത്ത മേഘങ്ങളും’ എന്ന ബ്യഹത്തായ കൃതിയാണ്. (ഈ കൃതി സാഹിത്യത്തിനുള്ള നോബൽ നോമിനേഷൻ ലഭിച്ച പത്തു കൃതികളിൽ ഒന്നാണ്).

‘ശ്രീനാരായണായ’യ്ക്ക് അവതാരിക എഴുതിയ ഡോ.പ്രദീപൻ പാമ്പരികുന്ന് ഈ കൃതിയെ ഇങ്ങനെ വിലയിരുത്തുന്നു:”ഉത്തരാധുനിക നോവൽ ആഖ്യാനഘടനയിൽ വലിയ വിസ്മയങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മിലൻ കുന്ദേര രചനാരീതിയെക്കുറിച്ച് പറഞ്ഞത് ഒരു ഇതിവൃത്തത്തെ അപ്രതീക്ഷിതമായും സാഹസികമായും നാനാവശങ്ങളിൽ നിന്ന് ട്രാപ്പ് ചെയ്യുകയാണ് തൻ്റെ രീതി എന്നാണ്. ‘ഫ്രേസ്’ എന്ന സങ്കല്പമത്രേ ഇത്. നോവൽ ജീവിതത്തിന്റെ ഏകതാനതയെ ബഹുസ്വരാത്മകമാക്കുകയാണ് ചെയ്യുക. അത് പലതരം ആഖ്യാനലീല കളാൽ ജീവിതത്തെ പ്രസന്നമാക്കുന്നു. നോവൽ ഒരാഖ്യാനകലയാണ്. ലാറ്റിനമേരിക്കൻ ജീവിതത്തിൻ്റെ ആഖ്യാനവൈവിധ്യം കൊണ്ടുവന്നുവെന്നതാണ് മാർകേസിൽ നാം കണ്ട ചാരുത. ഒരാളല്ല നോവ ലിന്റെ കേന്ദ്രം; അയാളെ നിർമ്മിക്കുന്ന ബന്ധവ്യവസ്ഥയാണ്. അതിനാൽ പലനിലകളിൽ ആഖ്യാനം സാധ്യമായിത്തിരുന്നു. നിഘണ്ടുകൾ പോലെ ശിഥിലമായ ആഖ്യാനങ്ങൾ. സ്വപ്നങ്ങൾ കൊണ്ടെഴുതുന്ന നോവലുകൾ; ഖനനത്തിന്റെയും, യാത്രകളുടെയും, ഗവേഷണത്തിന്റെയും ഘടനകൾ കൊണ്ടെഴുതുന്ന നോവലുകൾ, നോവലുകളെ പ്രമേയമാക്കുന്ന നോവലുകൾ, ഇല്ലാത്ത പുസ്തകങ്ങൾ തേടുന്ന നോവലുകൾ, നഷ്ടപ്പെട്ട കൈയെഴുത്തു പ്രതികളുടെ അന്വേഷ ണം, മറ്റു കൃതികളിലെ ഉദ്ധരണികൾകൊണ്ടെഴുതുന്ന പുസ്തകങ്ങൾ-നോവൽപോലെ പരീക്ഷണങ്ങളിലൂടെ മറ്റൊരു സാഹിത്യരൂപവും ഈ നൂറ്റാണ്ടിൽ കടന്നുപോയിട്ടില്ല. ലൂസ് ലീഫ് നോവലുകൾ, വിട്ടുകളയാവുന്ന അധ്യായങ്ങളുള്ള നോവലുകൾ, പദപ്രശ്നം പോലയുള്ള നോവ
ലുകൾ, അതെ, നോവൽ ഇന്ന് ഒരു അനന്തമായ വായനലീലയാണ്. ജയിംസ് ജോയിസ്, ഗിമറോസ് റോസ്, മിലോറാഡ് പാവിച്ച്, ഹുവാൻ റൂൾഫോ, ഉമ്പർട്ടോ എക്കോ, മിലൻ കുന്ദേര, കോത്തസാർ, ജോർജ് പെരെക് തുടങ്ങി ആഖ്യാനത്തിൻ്റെ കെണികൾ സൃഷ്ടിച്ച എത്ര നോവലിസ്റ്റുകൾ!
ഹരികുമാർ ആഖ്യാനത്തിൽ സ്വീകരിച്ച ഈ ഉത്തരാധുനിക സമീപനം ബഹുസന്ദർഭങ്ങളുടെ സംഘാതമായിരുന്ന നാരായണഗുരുവിന്റെ കാലത്തിനു ചേരുന്നതുതന്നെ. ദലിതർക്കുവേണ്ടി ആത്മബോധത്തിന്റെ വില്ലുവണ്ടി ഓടിച്ച അയ്യങ്കാളി, മതപരിവർത്തനത്തിന്റെ വിവേചനമു യർത്തിയ പൊയ്കയിൽ കുമാരഗുരു, ചട്ടമ്പിസ്വാമികൾ, സഹോദൻ അയ്യ പ്പൻ, ഡോ.പല്പു, കോളനി ആധുനികത, ദേശീയ പ്രസ്ഥാനം, ഗാന്ധിജി, വി.ടി, കുമാരനാശാൻ ഇങ്ങനെ ബഹുസ്വരാത്മകമായ ശബ്ദങ്ങൾ ഗുരുവിൽ ചേരുകയും ഗുരുവിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ജ്ഞാനവിസ്ഫോടനത്തിൻ്റെ കാലം. പറയാതെ പരസ്പരം അറിയുന്ന വരുടെ സംവാദങ്ങളുടെ കാലം. അതിൻ്റെ സാന്ദ്രഗംഭീരത മുഴുവൻ ഹരികുമാർ നോവൽഘടനയിലേക്ക് ആവാഹിച്ചിട്ടുണ്ട് “

എഴുത്തുകാരൻ തൻ്റെ ചുറ്റിലുമുള്ള ലോകത്ത് തേടുന്നത് തന്നെത്തന്നെയാണ്. കണ്ണാടിയിൽ എന്ന പോലുള്ള നോട്ടമല്ല,സ്വയം അന്വേഷിച്ചു ദാഹിച്ചു വലഞ്ഞു വരുന്ന അവൻ മുന്നിൽ എത്തിപ്പെടുന്ന വസ്തുവിൽ തന്നെത്തന്നെയാണ് കാണുന്നത്. വസ്തുക്കൾക്ക് അനന്യത ഉണ്ട് എന്ന് പറഞ്ഞാൽ ഓരോ വസ്തുവും അത് മാത്രമാണ് .
ഒരു കല്ല് കല്ലല്ലാതെ മറ്റെന്താണ് ?കല്ലിന് ഒരിക്കലും വെള്ളമാകാൻ കഴിയില്ലല്ലോ.

നാരായണഗുരുവിന്റെ ദർശനത്തെ അത്യാധുനികമായ ശാസ്ത്രലോകത്തിൽ സ്വീകാര്യമായ ശൈലിയിൽ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് തൻ്റെ ജീവിതദൗത്യം എന്ന് കണ്ടു ജീവിക്കുകയും അതിനായി ലോകയാത്രകൾ നടത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും സ്വന്തമായി ഒരു ദാർശനികമാസിക എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പത്രാധിപരായ
മോഹനാംഗൻ പാഠശ്ശാല
‘വിവേകചൂഡാമണി’ എന്ന തന്റെ മാഗസിന്റെ വിശേഷാൽ പതിപ്പിനു വേണ്ടി സമാഹരിക്കുന്ന രചനകളിലൂടെയാണ് ‘ശ്രീനാരായണായ’ എന്ന ദാർശനികനോവൽ സഹസ്രപത്മദളം വിടർത്തി സൗരഭ്യം പരത്തുന്നത്.

ശ്രീനാരായണായ
(നോവൽ)
സുജിലി പബ്ളിക്കേഷൻസ് ,
ചാത്തന്നൂർ ,കൊല്ലം

9496644666

sujileepublications@gmail.com

ജീ തുളസീധരൻ
ഭോപ്പാൽ, 8226049437

You can share this post!