“ശൂൽകൃsദൃക്കൂഗ്ല”

 

 

 
“പണ്ടത്തെ കാലമല്ലേ അന്ന് കംപ്യൂട്ടറും കിംപ്യൂട്ടറും ഒന്നും ഇല്ല ഡി. റ്റി പി യും കീറ്റീപ്പിയുമൊന്നും ഇല്ല!’:..അച്ചടിയും, കിച്ചടിയുമെല്ലാം പഴയ ലിപിയിൽ അച്ചുകൂടത്തിൽ അച്ചക്ഷരങ്ങൾ നിരത്തിയായിരുന്നു നിർവഹിച്ചിരുന്നത്.” ‘ ഞങ്ങൾ അഞ്ചാറു പേരു് ഉറ്റ സുഹൃത്തുക്കളായിരുന്നു എന്ന് നേരത്തേ പറഞ്ഞിരുന്നില്ലേ? ഇപ്പോഴും ജീവിച്ചിരിക്കുന്ന കരകര ശബ്ദമുള്ള ഒരു പഴയ മന്ത്രിയില്ലേ…. ലവൻ’… ‘ പേരും മറന്നു പോയി എന്തെരെങ്കിലും അവട്ട് ലവന്റ അനിയൻ എന്റ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്… ആറിലും ഏഴിലും ഒക്കെ എന്ത് എലക്ഷൻ എന്ത് പാർട്ടി എന്നല്ലേ ?…പഷ്ട്-…. നല്ല കിടുകിണ്ണം രാഷ്ട്രീയം’ .:…’ ലവന്റെ അനിയൻ എന്റെ കൂട്ടുകാരനായതു കൊണ്ട് ലവന്റെ പാർട്ടി തന്നെ നമ്മടെ പാർട്ടിയും’…. അല്ലെങ്കിൽ അവൻ വല്ലപ്പോഴും കൊണ്ടുവരുന്ന അണു ഗുണ്ടും, കടലമിട്ടായിയും, കശുവണ്ടി പരിപ്പുമൊക്കെ. നിന്നു പോകില്ലേ?’…..
Hand painted pastel countryside landscape
അന്ന് ‘ലവൻ, മന്ത്രിയോ എം എൽ എ യോ അല്ല ചുമ്മാ അലക്കിത്തേച്ച ഖാതിയുമിട്ട് എവിടെയും വലിഞ്ഞുകയറി നടക്കണ സമയമായിരുന്നു: ലവ ന്റ അച്ഛൻ കോൺഗ്രസ്സായതുകൊണ്ട് ലവനും കോൺഗ്രസ്സായി അതു കൊണ്ടു തന്നെ ലവന്റെ അനിയനും കോൺഗ്രസ്സായി അതു കൊണ്ടു തന്നെ ലവന്റെ അനിയന്റെ കൂട്ടുകാരായ ഞങ്ങളും കോൺഗ്രസ്സുകാരായി: നല്ല രസികൻ എലക്ക് ക്ഷൻ പീക്കിരിപയലുകളാണെങ്കിലും ഞങ്ങളും എലക്ഷന്റെ ചൂടിലായി…. നോട്ടുബുക്കിന്റെ കടലാസിൽ റൂളിപ്പെനിസലുകൊണ്ട് എഴുതിയാ പോര നമുക്ക് നോട്ടീസുതന്നെ അച്ചടിക്കണമെന്നും ലവന്റെ അനിയൻ പറഞ്ഞപ്പോ ഞങ്ങൾ ഒന്നടങ്കം കയ്യടിച്ചു പാസ്സാക്കി’…. അപ്പം നമ്മടെ കൂടെ ഉണ്ടായിരുന്ന ചന്ദ്രബാബു, അവന്റെ അപ്പൻ കമ്യൂണിസ്റ്റായതു കൊണ്ട് അവനും കമ്മ്യൂണിസ്റ്റാണെന്ന് പ്രഖ്യാപിച്ചു.’…. ” ശ്ശെ ” :: അവങ്ങ് കമ്യൂണിസ്റ്റായാ പിന്നെ നമക്കും കമ്യൂണിസ്റ്റാ വാമെടേ”…’ എന്നു് ഞാൻ ലവന്റ അനിയനോട് പറഞ്ഞു നോക്കി ‘ പക്ഷെ ലവെന്റ അനിയൻ എന്തു ചെയ്താലും സമ്മതിക്കില്ല നോട്ടീസ് അടിക്കാൻ പണം കൊടുത്തതു് ലവനല്ലേ – ….. കൂടാതെ വൈകിട്ട് നോട്ടീസ് അച്ചടിക്കാൻ പോകൂമ്പം ” ഈറ്റ് എൻ ജോയി, ബേക്കറിയിൽ നിന്നും ” ദിൽക്കുഷ്; വാങ്ങുന്നതാണെന്നും പ്രഖ്യാപിച്ചപ്പോൾ ആ പ്രലോഭനത്തിൽ ഞങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസ്സിന് കീജേ വിളിക്കുകയും ചെയ്തു മുഖം വീർപ്പിച്ചു നിൽക്കുന്ന ചന്ദ്രബാബുവിന്റെ നേർക്ക് ഞാൻ മന:പൂർവ്വം നോക്കാതെ നിന്നു മനസ്സിൽ അപ്പോൾ ദിൽക്കുഷിന്റെ രൂചി യായിരുന്നു.

നോട്ടീസിൽ തന്റെ പേര് ആദ്യം അടിക്കണമെന്നും ബ്രാക്കറ്റിൽ കോൺഗ്രസ്സ് എന്നു ചേർക്കണമെന്നും ലവന്റെ അനിയൻ പറഞ്ഞതും ഞങ്ങൾ സമ്മതിച്ചു അങ്ങിനെ മാറ്ററും തയ്യാറാക്കി ഞങ്ങൾ പ്രസ്സിലേക്ക് നടന്നു…. പോകുമ്പോൾ ഒരു ജാഥ നടത്തിയാലോ എന്ന അഭിപ്രായത്തെ അജിത് ശക്തമായി എതിർത്തു. പ്രസ്സിന്റെ രണ്ടു മൂന്നു കട അപ്പുറത്താണ് അജിത്തിന്റെ അച്ഛന്റെ മരുന്നുകട ‘… ജാഥാ യുടെ ശബ്ദം കേട്ട് അച്ഛനെങ്ങാനും എത്തിനോക്കിയാൽ പിന്നെ നോക്കണ്ട.” ”… എന്നാപ്പിന്നെ “ജാത “വേണ്ട പക്ഷെ ജയിക്കുമ്പോ ജാഥ വേണം മൈക്കും വേണം എന്ന സമ്പത്തിന്റെ അഭിപ്രായം ഞങ്ങൾ കൈയ്യടിച്ചു പാസ്സാക്കി’… ” ടേയ്…. ജയിച്ചു കഴിഞ്ഞാൽ നമുക്കൊരു ടീ പ്പാർട്ടി വേണമെന്ന് ഞാൻ പറഞ്ഞപ്പോ ” എന്നാപ്പിന്നെ ആ പാർട്ടി തന്നെ അയാലെന്താ എന്ന ശശികുമാറിന്റെ ചോദ്യം ഞങ്ങളിൽ ചിരി പടർത്തി

‘ ഫയൽവാന്റെ ചായക്കടയും, ദേവീ ടെക്സ്റ്റൈൽസും കഴിഞ്ഞാണ് അച്ചടിശാല അതിന്റേയും രണ്ടു കടകൾക്കപ്പുറം ഓറിയന്റ് കണ്ണാടിക്കടയുടെ അടുത്തായിരുന്നു അജിത്തിന്റെ അച്ഛന്റെ ഇംഗ്ലീഷ് മരുന്നുകട അതിന്നുമപ്പുറം സവാരിക്കാരേയും കാത്ത് ജഡ്കാ വണ്ടികൾ നിരത്തിയിട്ടിരുന്നു ഇരുവശത്തേയും കാഴ്ച മറച്ച ഒറ്റ ക്കുതിരകൾ കഴുത്തു വെട്ടിച്ചു മണികിലുക്കുന്നത് കാണാം…. ഞങ്ങൾ അച്ചടിശാലയുടെ ഉള്ളിലേക്ക് കടന്നു നിറയെ ഇരുട്ടായിരുന്നു മങ്ങിയ പ്രകാശത്തിൽ അക്ഷരങ്ങൾ ഓരോന്നായി നിരത്തുന്ന വട്ടക്കണ്ണട വച്ച ഒരാൾ ഞങ്ങളുടെ മാറ്റർ വായിച്ചു നോക്കി ആവശ്യമുള്ള തിരുത്തലുകൾ വരുത്തി അവർ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ചെറിയ കള്ളികളിൽ കൂട്ടിയിട്ടിരിക്കുന്ന കറു കറുത്ത അക്ഷര അച്ചുകളിലായിരുന്നു. ഞാൻ കൗതുകത്തോടെ ഓരോ കള്ളികളിൽ നിന്നും ഓരോ അക്ഷരങ്ങൾ നുള്ളിപ്പെറുക്കി ആരും കാണാതെ പോക്കറ്റിൽ ഇട്ടു കൃത്യസമയത്തു തന്നെ നോട്ടീസ് അച്ചടിച്ചു തരാമെന്ന ഉറപ്പുമായി ഞങ്ങൾ ആ അരണ്ട അച്ചുകൂടത്തിൽ നിന്നും പുറത്തേക്കിറങ്ങി പിന്നെ “ഈറ്റ് എൻ ജോയ് ബേക്കറിയിൽ നിന്നും നല്ല ചൂടുള്ള ” ദിൽക്കുഷ് മുറിച്ചു വാങ്ങി പങ്കിട്ടെടുത്തു പിന്നെ വീട്ടിലേക്ക് നടക്കവേ എന്റെ കാക്കി നിക്കറിന്റെ പോക്കറ്റിൽ കിടക്കുന്ന അക്ഷരങ്ങൾ തിരിഞ്ഞും മറിഞ്ഞും എന്തൊക്കെ വാക്കുകളാണ് ഉണ്ടാക്കുക എന്നു് ഞാൻ അത്ഭുതപ്പെട്ടു
വൈകുന്നേരം വീട്ടിലെത്തി ചിമ്മിനി വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പേനയിലെ മഷി പുരട്ടി ഓരോ അക്ഷരങ്ങളും കടലാസ്സിൽ പതിപ്പിക്കാൻ തുടങ്ങി ” ദൃ ക്കൂ കൃ ൽ ശു ഗ്ല s ” എന്നൊരു വാക്കായിരുന്നു ഞാൻ അച്ചു പതിച്ച് കണ്ടെടുത്തത് ആ വാക്കിലും നോക്കി ഞാൻ മിഴിച്ചിരുന്നു!’… ഒരു പക്ഷെ അങ്ങിനെയാവില്ല “കൃs ൽ ശു ദൃക്കൂഗ്ല എന്നാണെങ്കിലോ? അല്ലെങ്കിൽ ശുൽ കൃs ദൃക്കൂഗ്ല?’…” ”ഒടുവിൽ ഞാൻ അങ്ങിനെ തന്നെ ഉറപ്പിച്ചു ” ശുൽകൃsദൃക്കൂഗ്ല” ഞാനത് മലയാളം പാഠപുസ്തകത്തിനുള്ളിൽ കറുത്ത മഷി പുരട്ടി അച്ചടിച്ചുവച്ചു
പിറ്റേന്ന് സ്കൂളിൽ പോയപ്പോൾ എന്റെ പാഠപുസ്തകത്തിൽ അച്ചടിച്ചുവച്ചിരുന്ന വാക്ക് ഞാൻ അജിത്തിനേയും ശശികുമാറിനേയും ഒക്കെ കാണിച്ചു. ആർക്കും തന്നെ ആ വാക്കിന്റെ അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ല ക്ലാസ്സിൽ നന്നായി പഠിച്ചിരുന്നത് ഹേമകുമാറാണ് “നല്ല കനമുള്ള വാക്കാണ് പക്ഷെ അർത്ഥം അറിയില്ലെന്നു പറഞ്ഞുകൈ മലർത്തി ” നല്ല കനമുള്ള വാക്കാണെങ്കിൽ പ്രത്യേകിച്ച് അർത്ഥം എന്തിന് എന്ന അജിത്തിന്റെ ചോദ്യം ഞങ്ങൾക്കു സ്വീകാര്യമായിത്തോന്നി എങ്കിൽ നോട്ടീസ്സിൽ ഈ വാക്കും കൂടി ഹെഡ്ഡിംങ്ങായി കൊടുത്താലോ എന്നു് ശശികുമാർ അഭിപ്രായപ്പെട്ടപ്പോൾ എന്റെ നെഞ്ചൊന്നാളി’……. ” നില്ല് ഇതൊരു സംസ്കൃത മന്ത്രമായിരിക്കുമോ? ലവന്റെ അനിയന്റെ സംശയം ഞങ്ങളെ നിശബ്ദരാക്കി “നിനക്ക് ഇത് എവിടെ നിന്നും കിട്ടി?” സംശയദൃഷ്ടികളുടെ കുന്തമുന എന്റെ നേർക്ക് നീണ്ടു .. അത്: ”…… എനിക്ക് ‘… ‘ അറിയില്ല!. ഇന്നു രാവിലെ പുസ്തകം തുറന്നപ്പോ കണ്ടതാ! ” ഒരു പക്ഷെ കമ്യൂണിസ്റ്റ് കാര് നമ്മളെ തോപ്പിക്കാൻ വേണ്ടി ചെയ്ത കൂടോത്രമായിരിക്കുമോ? അജിത്തിന്റെ ആ ചോദ്യത്തിനു മുന്നിൽ എല്ലാവരും മൂകരായി പൊടുന്നനെ ശശികുമാറിന്റെ മുഖം വിളറി വെളുത്തു അവന് മാന്ത്രികരേയും, മന്ത്രവാദികളേയുമൊക്കെ ഭയമാണ്! അവരേക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ അവനറിയാതെ വയറ്റിൽ തലോടും!” ? കഴിഞ്ഞ കൊല്ലം സ്കൂളിൽ ഒരു മാജിക്ക് കാരൻ വന്നിരുന്നു ദാരിദ്യം കൊണ്ടു വിളർത്ത മുഖമുള്ളൊരു മാന്ത്രികൻ’….

അയാൾ വായിൽ നിന്നും കടലാസു റിബണുകൾ വലിച്ചെടുത്തും, അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ചെടുക്കുന്ന നാണയങ്ങളും, മാന്ത്രിക വടി ചുഴറ്റി തൊപ്പിയിൽ നിന്നും പ്രാവിനെ പുറത്തെടുത്തതും ഒക്കെ കണ്ട് അത്ഭുതപ്പെട്ട് ഞങ്ങൾ കുട്ടികൾ കൈയ്യടിക്കുകയും ആർത്തുവിളിക്കുകയും ചെയ്തു…… ഇതിനിടയിൽ മാജിക്കു കാരൻ കുറേ ഉരുളൻ കല്ലുകളെടുത്തു ഒരു തകര ടിന്നിൽ ഇട്ട ശേഷം മാന്ത്രിക വടി ചുഴറ്റി ‘!’.’.’. അത്ഭുതം!…. കല്ലുകളെല്ലാം കറുത്ത മുന്തിരിപ്പഴങ്ങളായി മാറി!’…… മാജിക്കു കാരൻ അടുത്തു നിന്ന കുട്ടികൾക്കെല്ലാം മുന്തിരിപ്പഴങ്ങൾ കൊടുത്തു. എനിക്കും അജിത്തിനും ശശികുമാറിനും കിട്ടി.അജിത്ത് മാജിക് പരിപാടി തീർന്ന ശേഷം കൈയ്യിലിരുന്ന മാജിക് മുന്തിരിങ്ങ ദൂരേക്ക് എറിഞ്ഞു കളഞ്ഞു. ഞാനും ശശികുമാറും ഒരേ വഴിക്കാണ് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ”…. ഞാൻ ആരും കാണാതെ മുന്തിരിങ്ങ തിന്നു, ‘. നല്ല മധുരം’.. പിന്നെ ശശികുമാറിനോടു പറഞ്ഞു മാജിക്കാരുടെ മുന്തിരിങ്ങ തിന്നാൻ കൊള്ളില്ല’….’ ശശികുമാർ ആ മുന്തിരിങ്ങ ഉപേക്ഷിക്കുമെന്ന കുറുക്കന്റെ ബുദ്ധി” ”’ കിട്ടാത്ത മുന്തിരി പുളിക്കും എന്നുള്ള ന്യായം കൊണ്ട് ഞാൻ സമാധാനിക്കയും ചെയ്തു

സന്ധ്യയ്ക്ക് അമ്പലക്കുളക്കടവിൽ വച്ച് ശശിയെ കണ്ടു…. ” ശശീ””’ഒരത്ഭുതം കാണണോ ആ മാജിക്കാരൻ തന്ന മുന്തിരിങ്ങയില്ലേ അത് വീണ്ടും കല്ലായി ‘.. ദാ കണ്ടോ?’….. ഞാൻ ഒരു കറുത്ത ഉരുളൻ കല്ല് അവന്റെ നേർക്ക് പൊക്കിക്കാണിച്ചു – ”…. ശശി ഒരു നിമിഷം തരിച്ചുനിന്നു പോയി “ഒള്ളതാണോ ടേ” -…. “ഓ തന്നെ ” മാന്ത്രികന്മാരു കല്ലിനെ പൈസ ആക്കിയാ കുറച്ച് കഴിയുമ്പോ അത് വീണ്ടും കല്ലായി മാറും അതുപോലെ തന്നെ ഇതും ‘… ശശികുമാർ അറിയാതെ വയറ്റിൽ കൈവച്ചു; ” നീ അത് തിന്നില്ലല്ലോ അല്ലേശശീ’.” “ഇല്ല…… ഞാൻ: അത്…..കളഞ്ഞു: ശശിയെ അവന്റെ ധർമ്മസങ്കടത്തിൽ ഒറ്റയ്ക്കു വിട്ടു കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി രാത്രി ആയപ്പോ ശശീടെ അഛൻ വന്ന് എന്റെ അച്ഛനെ വിളിച്ചു ” കുമാരേട്ടാ ശശിക്ക് വയറുവേദന ആശുപത്രീപ്പോണം ” എന്താ കാരണം?” “അറിയില്ല വൈകിട്ട് കളിക്കാൻ പോയിട്ടു വന്നേപ്പിന്നെ വയറ്റി ഭയങ്കര വേദനയാന്നും പറഞ്ഞ് കരയുവാ ‘…. വയറ്റിൽ എന്തോ മുഴ പോലെയുണ്ട് ” ‘….. അത് കേട്ടപ്പോൾ ഞാൻ നടുങ്ങിപ്പോയി” ”കൈ കൊണ്ട് വയറിലെല്ലാം തപ്പി നോക്കി ” ”ഇല്ല …. മുഴയൊന്നും ഇല്ല എന്നാലും ചെറിയൊരു വേദന പോലെ സാരമില്ല……. സത്യം അച്ഛനറിഞ്ഞാൽ അടിച്ചു പുറം പൊളിക്കും ഞാൻ ശ്വാസമടക്കിക്കൊണ്ടു കമഴ്ന്നു കിടന്നു. പിറ്റേന്ന് ശശി സ്കൂളിൽ വന്നില്ല ഡോക്ടർ പരിശോധിച്ചു നോക്കിയ ശേഷം വിരയിളക്കാനുള്ള ” ആന്റീഫാറം” കൊടുത്തുവിട്ടു രണ്ടു ദിവസം കഴിഞ്ഞ് ശശിയെ കണ്ടപ്പോ എനിക്ക് സങ്കടം തോന്നി അവൻ വല്ലാതെ ക്ഷീണിച്ച പോയിരുന്നു. അന്നത്തെ ആ കല്ലു മുന്തിരി അവന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ടെന്ന് അവൻ വിശ്വസിക്കുന്നു. അതിനേക്കുറിച്ചുള്ള ഓർമ്മ വരുമ്പോൾ അവൻ അറിയാതെ കൈ കൊണ്ട് അടിവയറ്റിൽ തപ്പി നോക്കും!’…. സംഭവിച്ചതിന്റെ തമാശ പുറത്തു പറഞ്ഞു പൊട്ടിച്ചിരിക്കാൻ എനിക്ക് ധൈര്യം വന്നതുമില്ല’.”:
” അത് മന്ത്രമല്ല അഥവാ മന്ത്രമാണെങ്കിൽ അത് നല്ല മന്ത്രമാണെന്ന് വിചാരിച്ചു കൊള്ളുക ” മുരുകന്റെ ഉറക്കെയുള്ള പ്രസ്താവന ഞങ്ങളുടെ അസന്നിഗ്ദാവസ്ഥക്ക് പരിഹാരമാവുകയും ചെയ്തു. എന്തായാലും ആ വാക്ക് എല്ലാവരും അവരവരുടെ പുസ്തകത്തിന്റെ മുൻ പേജിൽത്തന്നെ പകർത്തിവച്ചു. “ശുൽ കൃsദൃക്കൂഗ്ല” ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാർ ആ വാക്കിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു എന്തായാലും ഞങ്ങൾ കോൺഗ്രസ്സുകാർ “ശൂൽ കൃsദൃക്കൂഗ്ല,യിൽ ഉറച്ചു വിശ്വസിക്കയും ഇലക്ഷൻ കഴിയുമ്പോൾ കാണാമെന്നു് വെല്ലുവിളിക്കയും ചെയ്തു
എന്തായാലും മന്ത്രത്തിന്റെ ശക്തി കൊണ്ടോ എന്തോ ആ പ്രാവശ്യത്തെ സ്കൂൾ ഇലക്ഷനിൽ കമ്മ്യൂണിസ്റ്റുകളെ പാടേ പരാജയപ്പെടുത്തി കോൺഗ്രസ്സ് സമ്പൂർണ്ണ വിജയം കരസ്ഥമാക്കി – ” ലവന്റെ അനിയൻ സുൾഫിക്കറെ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു അങ്ങിനെ “ശൂൽ കൃsദൃക്കൂഗ്ല” എന്ന മന്ത്രം ഉദ്ദിഷ്ട കാര്യം നടക്കാനും, പരീക്ഷാവിജയം, കണക്കു പഠിപ്പിക്കുന്ന അംബുജാക്ഷൻ സാറിന്റെ ചൂരൽപ്രയോഗത്തിൽ നിന്നുള്ള രക്ഷപ്പെടൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും ഉപകരിച്ചിട്ടുള്ളതായും പിൽക്കാല വിദ്യാത്ഥികളുടെ പഠിക്കാൻ പാടുള്ള പുസ്തകങ്ങളിൽ എവിടെയെങ്കിലും ഈ മന്ത്രം എഴുതി വയ്ക്കപ്പെട്ടതായും പിന്നീട് അറിയാൻ കഴിഞ്ഞു.

You can share this post!