ശൂലപാണികൾ

പുറത്താക്കൽ നോട്ടീസിൽ വീണ്ടും വീണ്ടും കണ്ണോടിച്ചുകൊണ്ട്‌ ശരത്ചന്ദ്രൻ നായർ കുറേനേരം ഹാളിൽ ഇരുന്നു. പുറത്ത്‌ മഴപെയ്യാൻ തുടങ്ങുന്ന ഇരുണ്ട പ്രകൃതി. ഈ വയ്യാവേലിയിൽ ചെന്നു ചാടേണ്ടിയിരുന്നില്ലെയെന്നു തോന്നി അയാൾക്ക്‌. ഇതെല്ലാം ആ കൃഷ്ണൻകുട്ടി നായരുടെ ഇടപെടൽ മൂലം സംഭവിച്ചതാണ്‌. എന്തെല്ലാം ഔപചാരികതകൾ. അയാൾ തന്നെ വേണ്ടി വന്നു, നോട്ടീസും മിനിട്ട്സ്‌ ബുക്കും  കൊണ്ടുവരാൻ. ഒപ്പിട്ടു തന്നെ നോട്ടീസ്‌ കൈപ്പറ്റണം പോൽ. അടുത്ത ജനറൽബോഡി യോഗത്തിൽ ചോദ്യങ്ങൾ ഉണ്ടായേക്കാം.
ഏതിനും വേലിയിൽ കിടന്ന പാമ്പിനെ  എടുത്തു കോണകം ഉടുത്തെന്നു പറഞ്ഞതുപോലെയായി. പുറത്തെ കാലാവസ്ഥയാണോ അകത്തെ സംഘർഷമാണോയെന്നറിയില്ല ശരത്ചന്ദ്രൻ നായർക്ക്‌ നല്ലവണ്ണം വിയർത്തു. അവർ തന്നെ പുറത്താക്കുക മാത്രമല്ല  ഭീഷണിപ്പെടുത്തുകയും  ചെയ്തിരിക്കുന്നു.  രാജിക്കത്തു കൊടുത്തതു തന്റെ ഭാഗത്തു വന്ന വലിയൊരു വീഴ്ചയാണ്‌. വെറുതെ പത്തുചീത്ത വിളിച്ചിട്ട്‌ ഇറങ്ങിയിങ്ങുപോന്നാൽ മതിയായിരുന്നു. എങ്കിൽ ഇങ്ങനെ ഒരു പ്രതിസന്ധി  വന്നുചേരില്ലായിരുന്നു.
യഥാർത്ഥത്തിൽ ഈ കൃഷ്ണൻകുട്ടിനായർ  വെറുമൊരു അപ്പാവിയാണ്‌. അയാൾ തന്നെയാണ്‌ ഈ വയ്യാവേലിയിലേയ്ക്ക്‌  തന്നെ വലിച്ചിഴച്ചതു. അയാൾ തന്നെ വേണ്ടി വന്നു തനിക്കു പുറത്തേയ്ക്കുള്ള വഴി കാണിച്ചു തരാനും. ഈ പ്രശ്നത്തെ അയാൾ സ്വയം എങ്ങനെ നേരിടും?  ഈ മനുഷ്യനു മനസ്സാക്ഷിയെന്ന ഒരു സാധനം ഇല്ലെന്നുണ്ടോ? ഇറങ്ങാൻ നേരം അയാൾ ചെറുതായി പുഞ്ചിരിക്കുക പോലും ചെയ്തു. തന്റെ കരം ഗ്രഹിക്കുവാൻ അയാളുടെ മസിലുകൾ തരിച്ചെന്നു തോന്നി. പക്ഷേ നിയന്ത്രിച്ചു.
ശരത്ചന്ദ്രൻ നായർ സർവീസിൽ നിന്നും വിരമിച്ചശേഷം വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു. രാവിലെ ഇളം വെയിലത്ത്‌ കുറെ ദൂരം നടക്കും. വഴി വക്കത്തുള്ള അമ്പലത്തിൻ മുൻപിൽ കുറെ നേരം കൈ കൂപ്പി നിൽക്കും. പരിചയക്കാരോടു ഓന്നോ രണ്ടോ വാക്കു സംസാരിച്ചാലായി. പണിയെടുത്ത സ്ഥാപനം വീടിനടുത്തായതിനാൽ ഒരു ശീലം പോലെ അവിടെ ചെന്ന്‌ സുഹൃത്തുക്കളെ കണ്ടെന്നിരിക്കും. നടത്ത മതിയാക്കി തിരികെ വീട്ടിൽ വന്നാൽ ഗീതയോ  രാമായണമോ ഒന്നു മറിച്ചു നോക്കും. ഗീതാപാരായണത്തിൽ അയാൾ വളരെ തത്പരനായിരുന്നു.
പണ്ട്‌ പ്രീഡിഗ്രി  ക്ലാസ്സിൽ ശരത്ചന്ദ്രൻ നായർക്ക്‌ ലോജിക്‌ എന്ന വിഷയം  പഠിക്കാനുണ്ടായിരുന്നു. ലോജിക്‌ പഠനം അയാൾക്ക്‌ വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്‌.  യുക്തിപരമായ ഒരു സമീപനം ജീവിതത്തിൽ ഉടനീളം അയാൾ പുലർത്തിപ്പോന്നു. ഇതു പലരേയും ഭയപ്പെടുത്തിയിട്ടുള്ളതാണ്‌. സർവ്വീസ്‌ കാലത്ത്‌ യൂണിയൻകാർ അയാളെ ഉടനീളം സംശയിച്ചു. ഭാര്യയുടെ അച്ഛൻ നേരത്തെ പിണക്കത്തിലായി. ഭാര്യയാകട്ടെ ഒരു തമാശപോലും അറച്ചറച്ചാണ്‌  പറഞ്ഞിരുന്നത്‌. അയാൾക്ക്‌ രണ്ട്‌ ആൺമക്കളായിരുന്നു. അവരും അച്ഛനോട്‌ അകലം പാലിച്ചു.
പക്ഷേ അയാൾ  താൻ വളർത്തിക്കൊണ്ടു വന്ന യുക്തിബോധത്തെ നിരന്തരം താലോലിക്കുകയും അതിൽ സംതൃപ്തി അടയുകയും ചെയ്തിരുന്നു.
എന്നാൽ ജിവിതത്തിലെ  ഈ അവസാനവേളയിൽ ഗീതയുമായി അയാൾ എങ്ങനെ പൊരുത്തപ്പെട്ടു?  പലർക്കും അതിശയമാണ്‌.  ഒരു പക്ഷേ യുക്തിബോധം തന്റെ കാൽപനിക ഭാവങ്ങളെ ഊഷരമാക്കിയെന്ന നഷ്ടബോധമാകാം അയാളിൽ ലേശം ആത്മീയത കിളിർത്തു വരാനുണ്ടായ കാരണം. എന്നിരുന്നാൽ കൂടി ഗീത മഹാഭാരതത്തിൽ യുക്തിഭദ്രമായല്ല  തുന്നിച്ചേർത്തിരിക്കുന്നതെന്ന അറിവ്‌ അയാളെ ഇടയ്ക്കിടെ വേദനിപ്പിക്കാറുണ്ട്‌. എങ്കിലും ഒരവിശുദ്ധബന്ധം പോലെ അതിന്റെ മാസ്മരികതയിൽ അയാൾ വീണുപോയി എന്നതാകാം സത്യം.
അങ്ങനെ ജീവിതം ആയാസരഹിതമായി മുന്നോട്ട്‌ പോയികൊണ്ടിരിക്കുമ്പോഴാണ്‌ കൃഷണൻകുട്ടിനായർ അയാളെ  കാണാൻ വരുന്നത്‌. മുഖവുരയൊന്നും കൂടാതെ അയാൾ പറഞ്ഞു: ശരത്ചന്ദ്രൻ നായർ ഇങ്ങനെ നടന്നാൽ പറ്റില്ല. ഞങ്ങൾക്കു നിങ്ങളെ വേണം. ഇന്നു ജനറൽബോഡി യോഗമാണ്‌.
അധികാരം പിടിച്ചെടുക്കാൻ ഒരു കൂട്ടം ചെറുപ്പക്കാർ ഒരുങ്ങി വരും. പക്ഷേ ഞങ്ങൾ വിട്ടുകൊടുക്കില്ല. ഞങ്ങൾ ഒരു പാനൽ അവതരിക്കും. താങ്കളുടെ പേരും അതിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്‌. സമയത്തു കയറി എതിർപ്പൊന്നും പറഞ്ഞേക്കരുത്‌. ഒന്നും  പറയണ്ട . നിങ്ങളുടെ സേവനം നിന്തുരുവടിക്ക്‌ ആവശ്യമുണ്ട്‌ എന്നു കരുതിയാൽ മതി.
ശരത്ത്‌ ചന്ദ്രൻ നായർ കൃഷ്ണുകുട്ടിനായരുടെ വിശാലമായ നെറ്റിയിൽ  കലാപരമായി  പൂശിയിരുന്ന ചന്ദനത്തിന്റെ സുഗന്ധം നുകർന്നു. എങ്കിലും എന്തുപറയണമെന്നറിയാതെ അയാൾ കുറെ നേരം വിഷമിച്ചിരുന്നു. വേണ്ട  എന്നു പറയണമെന്ന്‌ അയാളുടെ മനസാക്ഷി മന്ത്രിച്ചു. ആ ചിന്തയെ മെരുക്കാരനന്നോണം കൃഷ്ണൻകുട്ടി നായർ അയാളുടെ തോളിൽ പതിയെ സ്പർശിച്ചു. പിന്നെ അയാൾക്ക്‌  മറ്റൊന്നും പറയുവാൻ തോന്നിയില്ല.
ഒരിക്കൽ കമ്മിറ്റി കൂടിക്കൊണ്ടിരിക്കെ ശരത്ചന്ദ്രൻനായർ ഒരു ക്രമപ്രശ്നം  ഉന്നയിച്ചു: ക്ഷേത്രദർശനത്തിനെത്തുന്ന പുരുഷന്മാർ  ഉടുപ്പൂരണമെന്ന്‌ എവിടെയാണ്‌  പറഞ്ഞിട്ടുള്ളത്‌ ? സ്ത്രീകൾക്ക്‌ ഈ നിയമം ബാധകമല്ലേ ?
ആരോ പറഞ്ഞു: ആചാരങ്ങൾ ലംഘിക്കുവാൻ  പാടില്ലെന്ന്‌ . പണ്ട്‌ സ്ത്രീകളും  ഊരിയിരുന്നുവേന്ന്‌  ഒരാൾ പാണ്ഡിത്യം പറഞ്ഞു: അതിന്റെ  ഭാവനാസൃഷ്ടമായ പാരമ്യത വലിയൊരു പൊട്ടിച്ചിരിയിലാണ്‌ കലാശിച്ചതു.ഏതോ ഒരു ഭക്തൻ ഉടുപ്പിട്ടുകൊണ്ട്‌ അമ്പലത്തിൽ കയറിയത്‌  വലിയൊരു പാതകം പോലെ ഒരംഗം പറഞ്ഞതാണ്‌ ഈ വിധ സംവാദം അവിടെ അരങ്ങേറിയത്‌. പിന്നീട്‌ നടക്കുവാൻ പോയപ്പോഴക്കെ കമ്മറ്റി അംഗം എന്ന നിലയിൽ അയാൾക്കു അരമതിൽ കടന്ന്‌  അകത്തു കടക്കേണ്ടി വന്നു .അപ്പോഴൊക്കെ വക്കീലിന്റെ  ഒറ്റചിറകുപോലെ ഊരിയ ഉടുപ്പ്‌ അയാളുടെ തോളത്തു ഇളകിയാടി
പുറം മതിലിലെ വിലക്കിന്റെ ആലേഖനങ്ങൾ ശരത്ചന്ദ്രൻനായരെ  നിരന്തരം അലോസരപ്പെടുത്തി: പാദരക്ഷകൾ പുറത്തു നിക്ഷേപിക്കുക, കാണിക്ക, വെടിവഴിപാട്‌. മാടൻ, മറുത, ബ്രഹ്മരക്ഷസ്സ്‌, നാഗയക്ഷി,  ഏതെല്ലാം ജാനസിൽപെട്ട ഈശ്വരന്മാർ ! വീട്ടിൽ വെറുതെ ഇരുന്നാൽ മതിയായിരുന്നു. ഇപ്പോഴിപ്പോൾ വിപ്ലവ/സെക്കുലർ രാഷ്ട്രീയക്കാരും മത്സരിച്ച്‌ രാമായണ പാരായണം തുടങ്ങിയിരിക്കുന്നു. അമ്പലകമ്മിറ്റിയിൽ മറ്റത്യാവശ്യകാര്യങ്ങൾ ചർച്ചചെയ്തപ്പോഴെക്കെ ശരത്ചന്ദ്രൻനായർ ധാർമ്മികതയിലും യുക്തിയിലും അധിഷ്ടിതമായ തന്റെ കാഴ്ചപാടുകൾ അവതരിപ്പിച്ചു. ആനയ്ക്ക്‌ ആലുവ വാങ്ങിച്ചതും അണ്ടർവെയർ തയ്പിച്ചതുമായ കണക്കുകൾ അയാളെ വല്ലാതെ വിറളി പിടിപ്പിച്ചു, സ്വാഭാവികമായും അയാളെ മറ്റുള്ളവർ വെറുത്തു. വെളുക്കാൻ തേച്ചതു പാണ്ഡായെന്ന്‌ കൃഷ്ണൻകുട്ടിനായർക്കും തോന്നി. അവർക്കിടയിൽ ചിരി അപൂർവ്വമായ ഒരു വസ്തുവായി മാറി.
ഉത്സവകാലത്തെ ഉച്ചഭാഷണി മുഴക്കത്തെയും അന്നദാനത്തിലുടനീളം പ്രസിഡന്റിന്റെ ദൃക്സാക്ഷി വിവരണവും സംബന്ധിച്ച സംവാദം  അടികളശലിന്റെ വക്കോളം  കൊണ്ടുചെന്നെത്തിച്ചപ്പോഴാണ്‌
ശരത്ചന്ദ്രൻനായർ കമ്മിറ്റിയിൽ  നിന്നും രാജിവച്ചതു. നിങ്ങൾ ഇക്കാണുന്ന പള്ളികളിൽ മുഴങ്ങുന്ന വാങ്കുവിളികളും ഇടിവെട്ടു മത പ്രഭാഷണങ്ങളും തടയാൻ വേണ്ടി എന്തു ചെയ്തു? ഇരുപത്തിനാലു മണിക്കൂറും ചെകിടു പൊട്ടിക്കുന്ന ഗതാഗതത്തിനും ഹോണടി  ശബ്ദത്തിനും എതിരെ നിങ്ങൾ പ്രതികരിക്കാത്തതെന്ത്‌ ? ശരിയാണ്‌ ഇതിനെതിരെ ചെറു വിരലെങ്കിലും അനക്കുവാൻ ശരത്ചന്ദ്രൻനായർക്കായില്ല. അയാൾ സ്വയം സമ്മതിച്ചു.
ശരത്ചന്ദ്രൻനായർ തന്റെ ഒറ്റവരി രാജിക്കത്ത്‌ കൃഷ്ണൻകുട്ടി നായർ മുഖാന്തിരം ക്ഷേത്രകമ്മിറ്റിയുടെ പ്രസിഡന്റിനെ ഏൽപിക്കുകയായിരുന്നു. അയാൾക്ക്‌ ഒരു ഗ്രഹണകാലം കഴിഞ്ഞ ആശ്വാസം തോന്നി. പ്രഭാത സവാരിക്ക്‌ അയാൾ മറ്റൊരു വഴി തിരഞ്ഞെടുത്തു.
ഒരാഴ്ച കഴിഞ്ഞുകാണും രാവിലെ നോക്കിയപ്പോൾ കൃഷ്ണൻകുട്ടി നായർ കക്ഷത്തൊരു രജിസ്റ്ററുമായി  കാളിംഗ്ബെല്ലിൽ തൊട്ടിട്ട്‌ കൂട്ടിലിട്ട വെരുകിനെപ്പോലെ തന്റെ മുറ്റത്ത്‌ തെക്കു വടക്കു നടക്കുന്നു.ശരത്ചന്ദ്രൻനായരുടെ ഔപചാരികമായ ക്ഷണത്തെ കുടഞ്ഞു കളഞ്ഞിട്ട്‌ മിനിട്ട്സ്‌ ബുക്ക്‌ ഭക്തിപാരവശ്യത്തോടെ തുറന്ന്‌ ഒരു കത്തെടുത്ത്‌ അയാളുടെ നേരെ നീട്ടിയിട്ട്‌  ഒപ്പിടുവാനുള്ള സ്ഥലം കാട്ടിക്കൊടുത്തു. മര്യാദയുടെ പേരിൽ അയാൾ എല്ലാം അനുസരിച്ചു. പുറത്താക്കൽ കത്ത്‌ അതിന്റെ പീരങ്കിവായ്‌ മലർക്കെ തുറന്ന്‌ ഗർജിക്കുവാൻ തുടങ്ങി:
ശരത്ചന്ദ്രൻനായരായ താങ്കൾ ഹൈന്ദവാചാരപ്രകാരം പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ പുരാതന ക്ഷേത്രത്തെ നിരന്തരം നിന്ദിക്കുകയും അധിക്ഷേപിക്കുകയും അതുവഴി വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു വരികയായിരുന്നു. താങ്കളുടെ നിർദോഷിത്വം കൊണ്ടോ അജ്ഞതയാലോ സംഭവിക്കുന്നതാകാമെന്ന നിഗമനത്തിൽ  ഈ കമ്മിറ്റി, ഒരംഗം എന്ന നിലയിൽ താങ്കളെ നിരന്തരം ഗുണദോഷിക്കുകയും തിരുത്തുകയും ചെയ്തിട്ടുള്ളതാകുന്നു. എന്നാൽ താങ്കൾ അവിശ്വാസികളായ യുക്തിവാദികളുടെ പാത കൈവിടാൻ തയ്യാറല്ലെന്ന്‌ അൽപം വൈകിയാണെങ്കിലും ഈ കമ്മിറ്റിക്ക്‌ ബോദ്ധ്യമായ സ്ഥിതിക്ക്‌ താങ്കളെ ഈ കമ്മിറ്റിയിൽ നിന്നും ഇതിനാൽ പുറത്താക്കിയിരിക്കുന്നു.
താങ്കൾ ഇനി മേലിൽ ഈ ക്ഷേത്രപറമ്പിൽ കാലുകുത്താൻ പാടുള്ളതല്ല. ഈ മഹാക്ഷേത്രത്തിന്റെ പരിധിയിൽ വരുന്ന പ്ടാകയിലെ എല്ലാവിധമായ സാമൂഹിക ചടങ്ങുകളിലും ആചാരങ്ങളിലും പങ്കെടുക്കുവാനുള്ള താങ്കളുടെയും കുടുംബത്തിന്റെയും അവകാശത്തെ ഈ കമ്മിറ്റി രണ്ടു വർഷത്തേയ്ക്ക്‌ മരവിപ്പിച്ചിരിക്കുന്നു.
താങ്കൾ ഈ വിലക്കു ലംഘിക്കുകയോ ക്ഷേത്രാചാരങ്ങളെ ധിക്കരിക്കുകയോ നിന്ദിക്കുകയോ എതിർ പ്രചരണം നടത്തുകയോ അധികാര കേന്ദ്രങ്ങളെ പരാതിയുമായി സമീപിക്കുകയോ ചെയ്താൽ ഉണ്ടാകാവുന്ന ഗുരുതരമായ ഭവിഷ്യത്തിന്‌ ഈ കമ്മിറ്റി യാതൊരുവിധത്തിലും ഉത്തരവാദിയല്ലായെന്ന്‌ ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉൾക്കിടിലത്തിനിടയിലും ശരത്ചന്ദ്രൻനായർ പുറത്താക്കൽ നോട്ടീസിലെ തീയതി പ്രത്യേകം ശ്രദ്ധിച്ചു. താൻ രാജിക്കത്ത്‌  കൊടുത്തതിനും രണ്ടുദിവസം മുൻപുള്ള ഒരു തീയതി ആയിരുന്നു അത്‌! അടിയിൽ കിടക്കുമ്പോഴും (പരാജയം രുചിക്കുമ്പോഴും) കാലെടുത്ത്‌ എതിരാളിയുടെ മീതെ വയ്ക്കുന്ന കമ്മിറ്റിയുടെ നിന്ദ്യമായ പ്രവൃത്തി !!
ഈ ശരത്ചന്ദ്രൻനായകർക്ക്‌  ഒരു നല്ല ശീലം ഉണ്ടായിരുന്നു. തന്റെ പഴയ പാഠപുസ്തകങ്ങൾ എല്ലാം അയാൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. മുറിപ്പെടുമ്പോൾ മനുഷ്യൻ ഭൂതകാലത്തിലേയ്ക്കു നോക്കിപ്പോവുക സ്വാഭാവികമാണ്‌. പുറത്താക്കൽ നോട്ടീസ്‌ സമ്മാനിച്ച നടുക്കം വിട്ടുമാറിയപ്പോൾ അയാൾ പതുക്കെ എഴുന്നേറ്റു ചെന്ന്‌  പഴയ പാഠപുസ്തകങ്ങൾ സൂക്ഷിച്ചു വച്ചിരുന്ന അലമാര ശബ്ദായമാനമായി തുറന്നു. അലമാരയ്ക്കകത്തെ  സ്മരണസാഗരത്തിൽ കുളിച്ച്‌ കുറെ നേരം നിന്നു. പിന്നീട്‌ പഴയ ലോജിക്‌ പുസ്തകം തിരയാൻ തുടങ്ങി. ഈ അലമാര തുറന്നിട്ടിപ്പോൾ കുറച്ചു കാലമാകും. തന്റെ യൗവ്വനകാലത്ത്‌ ഇടയ്ക്കിടെ ഇതു തുറന്ന്‌ പുസ്തകത്താളുകൾ മണത്തുനോക്കുക അയാൾക്ക്‌ ഒരു ഹരമായിരുന്നു.
അലമാരയ്ക്ക്‌ അകത്തു നിന്നും ചലനാത്മകയുടെ നൈരന്തര്യം പോലെ ഒരു സ്വരം കേട്ടതായി അയാൾക്കു തോന്നി. എന്താകാം താൻ കേട്ട പതിഞ്ഞ ഒച്ച?  പഴയ ലോജിക്‌ പുസ്തകം പുറത്തെടുത്ത്‌ അയാൾ അലസമായി അതിലെ താളുകൾ മറിക്കാൻ തുടങ്ങി. മറിച്ച  ഓരോ താളിലും ശൂലപാണികളായ അസംഖ്യം ക്ഷുദ്രജീവികൾ കയറിയിരുന്ന്‌ പ്രതിവേദങ്ങളും  പ്രതിന്യായങ്ങളും ആലേഖനം ചെയ്യുന്ന കാഴ്ചയാണ്‌ അയാളെ  സ്വാഗതം ചെയ്തത്‌ !
pho 9847420194

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006