ശരീരം ശത്രു/ഗോപൻ മൂവാറ്റുപുഴ

“പറഞ്ഞാൽ വിശ്വസിക്കയില്ല സാർ !. ഞാൻ വ്യക്തമായി കണ്ടതാണ്, അപ്പോൾ ഞാനൊരു പാതിമയക്കത്തിൽ കിടക്കുകയായിരുന്നു ! ഒരു കൈ നീണ്ടു വന്ന് എൻ്റെ മുഖത്തിന് സമീപം ഒരു നൊടി നിശ്ചലമായി നിന്നു, പിന്നീട് പരിശീലനം സിദ്ധിച്ച ഒരു കൊലയാളിയുടെ വൈദഗ്ധ്യത്തോടെ മൂക്കും വായും ചേർത്ത് അമർത്തി എന്നെ കൊല്ലാൻ ശ്രമിക്കയായിരുന്നു.!?”
ഞാൻ കുറേ നേരം ശ്വാസം കിട്ടാതെ പിടഞ്ഞു പിന്നീട് ഒരു വിധം കുതറി മാറി.

“ആരായിരുന്നു നിങ്ങളെ അപകടപെടുത്താൻ ശ്രമിച്ചത്.?”

” പുറത്തു നിന്നുള്ള ആരെങ്കിലുമാണെങ്കിൽ എനിക്ക് ഇത്രയും സങ്കടം തോന്നു കില്ലായിരുന്നു. അത് എൻ്റെ തന്നെ ഇടതു കൈ ആയിരുന്നു സർ !”

“ഹെന്ത് …” ?

” അതേ..ശരിക്കും ഞാൻ കണ്ടതാ.. ഞാൻ മയങ്ങി കിടക്കുമ്പോൾ എന്നെ കൊല്ലാൻ ശ്രമിച്ചത് എൻ്റെ ഈ ഇടതു കൈ തന്നെയാണ്.! “

അയാൾ ഭീതിയോടെയും അവിശ്വസനീയതയോടെയും ഫുൾ കൈ ഷർട്ട് ധരിച്ചിരുന്ന ഇടതുകരത്തിലേക്ക് പാളി നോക്കി, വിശ്വസ്തനായ സേവകനെപ്പോലെ വിനീതവിധേയനായിരിക്കുന്ന തൻ്റെ ഇടതു കൈ തനിക്കെതിരെ ഇവ്വിധം പെരുമാറിയത് തൻ്റെ ശരീരത്തിൽ താനറിയാതെ നടക്കുന്ന ഏതോ ഗൂഡാലോചനയുടെ ഭാഗമാണെന്നു അയാൾ ന്യായമായും സംശയിച്ചു.

മനോരോഗ വിദഗ്ദ്ധനായ ഡോക്ടർ മാധവ് ടിഷ്യു പേപ്പർ കൊണ്ട് തൻ്റെ മുഖം തുടച്ചുകൊണ്ട് തുടർന്നു.

“അപ്പോൾ നിങ്ങളുടെ വലതു കൈ എന്തു ചെയ്യുകയായിരുന്നു?”

“ഹും… അവരൊക്കെ ഒരേ തരക്കാരല്ലേ … ഈ ഗൂഡാലോചനയിൽ വലതു കൈക്കും , പ്രധാന പങ്കുണ്ടെന്ന് എനിക്കറിയാം പക്ഷെ അവൻ ആ കൃത്യത്തിൽ നിന്നും ഇടതുകയ്യേ പിടിച്ച് മാറ്റാതെ കള്ള ഉറക്കം നടിച്ച് കിടക്കുകയായിരുന്നു.
ഒടുവിൽ ഞാൻ മരണവെപ്രാളത്തോടെ ചാടി എഴുന്നേറ്റപ്പോൾ യാതൊന്നുമറിയാത്ത മട്ടിൽ സേവനസന്നദ്ധനായി എൻ്റെ മുഖം തലോടുകയായിരുന്നു അവൻ ….. “

” മിസ്റ്റർ പ്രബൽ’ താങ്കൾ പറഞ്ഞു വരുന്നത് താങ്കളുടെ കൈകൾ താങ്കളെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളി ആണെന്നാണോ?”

“അതേ ഡോക്ടർ എനിക്ക് അത് ഉറപ്പാണ് “

“നിങ്ങളുടെ മറ്റു ശരീരഭാഗങ്ങൾ നിങ്ങളോടൊപ്പമാണോ? “

“ഇല്ല. ഡോക്ടർ !കാലുകൾ പല പ്രാവശ്യം എന്നെ തട്ടിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ചിന്തിക്കുമ്പോൾ കൈകാലുകൾ ഉൾപ്പെടെയുളള സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന എൻ്റെ ശരീരഭാഗങ്ങൾ എല്ലാം തന്നെ ഈ ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് എനിക്കു ഉറപ്പുണ്ട്. “

“ശരി പ്രബൽ താങ്കൾക്ക് താങ്കളുടെ ഉള്ളിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങളുടെ കാരണങ്ങളെക്കുറിച്ച് എന്താണ് ഊഹിക്കാനുള്ളത്.?”

പ്രബല ചന്ദ്രൻ ഒരു നൊടി നിശബ്ദനായി അയാൾ ഡോക്ടർ മാധവിനെ നോക്കി ശുഭ്ര വസ്ത്രങ്ങൾ ധരിച്ച്, വെളുത്ത താടിയും നീണ്ട മുടിയുമായി തൻ്റെ മുന്നിലിരിക്കുന്ന ഡോക്ടർ മാധവ് ഏതോ പുരാണ കഥാ സീരിയലിലെ കഥാപാത്രത്തെപ്പോലെ തോന്നിച്ചു.
ഭിത്തിയിൽ ആണിയടിച്ച് തൂക്കിയിരുന്ന ചിത്രങ്ങളിൽ വിവേകാനന്ദനെ മാത്രമേ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ…

” അതായത് എല്ലാ കർമ്മങ്ങൾക്കും പ്രത്യക്ഷമായോ, പരോക്ഷമായോ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കും. ഒരു കാരണവുമില്ലെന്ന് നമ്മൾ വിചാരിക്കുമ്പോഴും മനസ്സ് യുക്തിസഹമായ കാരണങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. “

“എനിക്കു തോന്നുന്നു എല്ലാത്തിൻ്റേയും തുടക്കം ഒരു കമാൻ്റോ ഓപ്പറേഷൻ്റെ ഒടുക്കത്തിൽ നിന്നായിരുന്നു എന്നാണ്.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് കാർഗിൽ യുദ്ധാനന്തരം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രശ്നം കാഷ്മീരിലെ തീവ്രവാദ ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും ഭീകരാക്രമങ്ങളും ആയിരുന്നു. അന്നു മദ്രാസ്സ് റെജിമെൻ്റിൻ്റെ ഭാഗമായ ഒരു ആർമി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു ഞാൻ.
തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ ഗ്രാമവാസികളിൽ ചിലർ രഹസ്യമായി ഞങ്ങളെ അറിയിച്ചു കൊണ്ടിരുന്നതിനാലാണ്പലപ്പോഴും ഭീകരരെ ഫലപ്രദമായി നേരിടാൻ ഞങ്ങൾക്കു സാധിച്ചു പോന്നത്.

ഒരിക്കൽ താഴ്വ്വരയിലെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ വളരേ ശ്രദ്ധയോടെ ആ വീട് വളഞ്ഞു. ശരിക്കും ആ വീട്ടിലെ അംഗങ്ങളെയും, ഒരു ഇന്ത്യൻ പട്ടാളക്കാരനേയും തീവ്രവാദികൾ ബന്ദികളായി വച്ചിരിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

എന്തു തന്നെ സംഭവിച്ചാലും ആ വീട്ടുകാരെയും, പട്ടാളക്കാരനേയും രക്ഷിക്കണമെന്നും തീവ്രവാദികളെ നശിപ്പിക്കണമെന്നും ഞങ്ങൾ തീരുമാനമെടുത്തിരുന്നു.

കമാൻഡോ ഓപ്പറേഷന് ഞങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടായിരുന്നു.
തീവ്രവാദികൾ ആറു പേർ ഇന്ത്യൻ പട്ടാളത്തിൻ്റെ വേഷത്തിലായിരുന്നതിനാൽ ഞങ്ങൾക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു .
മാർജാര പാദുകങ്ങളോടെ ഞങ്ങൾ വീടിൻ്റെ ഉള്ളിലേക്ക് പ്രവേശിച്ചു. അകമുറിയിൽ ഒന്നിൽ അടച്ചിട്ടിരുന്ന ബന്ധികളെ ഓരോന്നായി പുറത്തേക്ക് കൊണ്ടുവരാൻ ഞങ്ങൾക്കു കഴിഞ്ഞു. പക്ഷെ പൊടുന്നനെ അപകടം മണത്ത തീവ്രവാദികൾ ഞങ്ങൾക്കു നേരേ വെടിയുതിർക്കാൻ തുടങ്ങി ചെറുത്തുനിൽപ്പിൻ്റേയും, ഉന്മൂലനത്തിൻ്റെയും നിമിഷങ്ങൾ! ഗ്രനേഡുകൾ ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിച്ചു. തീയും പുകയും എൻ്റെ കാഴ്ചയെ മറച്ചു എനിക്കെന്തോ സംഭവിച്ചു, പൊടുന്നനെ ഞാൻ അന്ധകാരത്തിലേക്ക് നിലം പതിച്ചു.

പിന്നീട് കണ്ണുതുറന്നത് രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷമാണ്. യാഥാർത്ഥ്യത്തിലേക്ക് കണ്ണു തുറക്കാൻ പിന്നേയും ദിവസങ്ങൾ വേണ്ടി വന്നു.

ഇന്ത്യൻ സൈന്യം കൊന്നുതള്ളിയ ആറു പേരും കൊടും തീവ്രവാദികൾ തന്നെയായിരുന്നു
ഗ്രനേഡ് സ്ഫോടനത്തിൽ മൂന്നു തീവ്രവാദികളുടെ ശരീരം ചിന്നിചിതറിപ്പോയിരുന്നു അക്കൂട്ടത്തിൽ എൻ്റെ ഇടതു കൈ മുട്ടിനു താഴെ വച്ച് മുറിഞ്ഞു പോവുകയും , ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിക്കയും ചെയ്തിരുന്നു.

മുറിഞ്ഞു വേർപെട്ടു പോയ ഇടതു കൈ കണ്ടെടുത്ത് മിലിട്ടറി ആശുപത്രിയിൽ വച്ച് ഒരു കൂട്ടം വിദഗ്ദ ഡോക്ടർമാരുടെ, സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ എൻ്റെ ശരീരത്തിൽ തുന്നിച്ചേർക്കുകയായിരുന്നു.

എൻ്റെ കൈ വീണ്ടും പൂർവ്വസ്ഥിതിയിലാകുമെന്ന കാര്യത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കു പോലും തീരെ വിശ്വാസം ഉണ്ടായിരുന്നില്ല. ചെറിയ ഒരു ഇൻഫെക്ഷൻ പോലും മാരകമായി തീർന്നേക്കാമായിരുന്നു

പക്ഷെ വേദനയുടെ കഠിന നാൾ വഴികൾ പിന്നിട്ട് എൻ്റെ കൈവിരൽ ആദ്യമായി അനങ്ങിയപ്പോൾ ആഹ്ലാദത്തോടെ എൻ്റെ കണ്ണീർ തുടയ്ക്കുകയും എൻ്റെ ഇടതു കൈവിരലുകളെ മൃദുസ്പർശം കൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്ത വലതു കൈവിരലുകളെ ഞാൻ ഉമ്മവച്ചു.
ഡോക്ടർമാരോടും, ദൈവത്തോടും നന്ദി പറഞ്ഞു.
ഏറെ നാളത്തെ ചികിത്സക്കു ശേഷം ഞാൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

ഇതിനിടയിൽ അവിചാരിതമായി എപ്പോഴോ എൻ്റെ രണ്ടു സഹപ്രവർത്തകരുടെ സംഭാഷണ ശകലങ്ങൾ എൻ്റെ ചെവിയിൽ പതിച്ചത് ഞാൻ ശ്രദ്ധിച്ചു.
അവർ സംസാരിച്ചത് എന്നെക്കുറിച്ചായിരുന്നു.!
അന്നു നടന്ന സ്ഫോടനത്തിൽ എൻ്റെ ഇടതു കൈക്കൊപ്പം മൂന്നു തീവ്രവാദികളുടെ ശരീരവും ചിന്നിച്ചിതറിയിരുന്നു. ശരീരഭാഗങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത കൈ കഷണം യഥാർത്ഥത്തിൽ എൻ്റേതു തന്നെയാണോ എന്ന് അവർക്ക് ഉറപ്പില്ലായിരുന്നത്രേ..!

ഒരു പക്ഷെ കൊല്ലപ്പെട്ട തീവ്രവാദികളുടെ ആരുടെയെങ്കിലും ഇടതു കൈ ആണോ തൻ്റെ ശരീരത്തിൽ ചേർത്തു വച്ച് ജീവൻ കൊടുത്തിരിക്കുന്നത് എന്ന ആശങ്ക എന്നെ സംഭീതനാക്കിക്കളഞ്ഞു.
എങ്കിലും അങ്ങിനെയൊന്നും ആയിരിക്കില്ല എന്ന് എന്നെത്തന്നെ സ്വയം പറഞ്ഞ് വിശ്വസിപ്പിച്ചു.

പട്ടാള ജീവിതം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് തിരിച്ചു പോന്നു.
ദീർഘനാളത്തെ ഫിസിയോതെറാപ്പിയും ചികിത്സകളും, മെഡിറ്റേഷനും കൊണ്ട് ഞാൻ എൻ്റെ ഇടതു കൈവിരലുകളുടെ ചലനം വീണ്ടെടുത്തു. എന്തെങ്കിലും സാധനം മുഷ്ടിക്കുള്ളിൽ മുറുകേ പിടിക്കാനായി പിന്നേയും മാസങ്ങൾ നീണ്ട പരിശീലനം ആവശ്യം വന്നു.
ആത്മവിശ്വാസം കൊണ്ടും ചിട്ടയായ പരിശീലനം കൊണ്ടും ഞാൻ എൻ്റെ ജീവിതം തിരിച്ചു പിടിക്കയായിരുന്നു.

ഇതിനിടയിൽ ന്യൂസിലാൻ്റ് ലേക്ക് പഠനത്തിനു പോയ ഏകമകൾക്ക് അവിടെത്തന്നെ ജോലി കിട്ടുകയും, അവിടെത്തന്നെ കൂടെ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരനെ കല്യാണം കഴിച്ച് അവിടെത്തന്നെ താമസം തുടങ്ങുകയും ചെയ്തു.

മകൾ ഗർഭിണിയായപ്പോൾ അമ്മയ്ക്ക് കൂടെപ്പോകാതിരിക്കാൻ കഴിയാതെ വന്നതിനാൽ എന്നെ തനിച്ചാക്കി ഭാര്യ ന്യൂസിലാൻ്റിൽ കുടിപ്പാർപ്പ് തുടങ്ങുകയും ചെയ്തു.

രണ്ടു നില വീടിൻ്റെ മുകളിലത്തെ നില ഒന്നുരണ്ട് ടെക്നോക്രാറ്റുകൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. യുവാക്കളായ അവരുടെ പാർട്ടികളും ആഘോഷങ്ങളിലും ഞാനെൻ്റെ ഏകാന്തത മറന്നുപോയിരുന്നു

അങ്ങിനെയിരിക്കെ കാർഗിൽ യുദ്ധ വാർഷികത്തിൻ്റെ അനുസ്മരണമായി പ്രമുഖ മലയാള പത്രത്തിൻ്റെ ഞായറാഴ്ച പതിപ്പിൽ വന്ന ലേഖനം എൻ്റെ കണ്ണിൽപ്പെട്ടു.
അതിൽ എൻ്റെ കൈനഷ്ടപ്പെട്ട സംഭവത്തിൻ്റെ വിശദ വിവരങ്ങളും വീരമൃത്യു വരിച്ച ജവാൻ്റെ ചിത്രവും ഒപ്പം അന്നു കൊല്ലപ്പെട്ട ആറ് കൊടുംഭീകരന്മാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.
ആ ലേഖനത്തിലൂടെ കണ്ണോടിക്കുമ്പോൾ ഞാൻ അസാധാരണമാംവിധം വിയർക്കാൻ തുടങ്ങി കൊല്ലപ്പെട്ട ഭീകരന്മാരിലൊരാളുടെ മുഖത്തിന് എൻ്റെ മുഖവുമായി സാമ്യമുണ്ടോ എന്നു പോലും ഞാൻ ശങ്കിച്ചു.
ഒരുപക്ഷെ അയാളുടെ ഇടതു കൈ ആയിരിക്കുമോ എന്നോടൊപ്പം….!

അതാലോചിച്ചപ്പോൾ പൊടുന്നനെ എൻ്റെ കണ്ണിൽ ഇരുട്ടുകയറുന്നതായി തോന്നി ഞാൻ ബോധം നഷ്ടപ്പെട്ട് കസേരയിൽ കുഴഞ്ഞുവീണു. ഭാഗ്യത്തിന് വാടകക്കാരായ യുവാക്കൾ എന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു.

ആ സംഭവത്തിന് ശേഷം എൻ്റെ ശരീരത്തിൽ അസാധാരണമാംവിധം മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി.
എല്ലാം തുടങ്ങി വച്ചത് ഇടതുകൈ തന്നെയായിരുന്നു. തിരക്കുള്ള ഇടങ്ങളിൽ സ്ത്രീ ശരീരങ്ങളെ എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ അശ്ലീലമായി സ്പർശിച്ച് എന്നെ അപമാനിക്കാൻ കിട്ടുന്ന അവസരങ്ങൾ അവൻ പാഴാക്കിയില്ല. പലപ്പോഴും അതിൻ്റെ പേരിൽ അപഹാസ്യനായിത്തീരുകയും, തല്ലു കൊള്ളുകയും വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. എൻ്റെ ഇടതുകൈയ്യുടെ കുത്സിത പ്രവർത്തികളിൽ വലതുകൈയ്യും കൈയ്യയച്ച് സഹായിക്കുന്നതായി എനിക്കു മനസ്സിലായി

ഒരിക്കൽ ഇടതു കൈ ഞാനറിയാതെ അടുക്കളയിൽ നിന്നും ഒരു കത്തി കരസ്ഥമാക്കുകയും, ഉച്ചയൂണിനു ശേഷം ഞാൻ മയങ്ങാൻ കിടന്ന നേരം ഇടതുകൈ ഒളിച്ചു വച്ചിരുന്ന കത്തിയെടുത്ത് എൻ്റെ ഇടതുകാൽതുടയിൽ ആഞ്ഞുകുത്തുകയും ചെയ്തു, ഞാൻ വേദനയോടെ ഞെട്ടിയുണർന്നു. കാലിൽ ഒരു കത്തി തറഞ്ഞിരിപ്പുണ്ട്. ആരോ എന്നെ കുത്തിയിരിക്കുന്നു. പക്ഷെ അടച്ചിട്ട മുറിയിൽ ആർക്കും കടന്നു വരാൻ സാധിക്കില്ലായിരുന്നു. ഒന്നും അറിയില്ലെന്ന മട്ടിൽ എൻ്റെ ഇടതുകാലിൽ തടവിക്കൊണ്ട് അനുഭാവ പ്രകടനം നടത്തുന്ന ഇടതുകൈ കണ്ട് ഞാൻ സ്തംഭിച്ചിരുന്നു.

ഞാൻ എത്ര തന്നെ ശ്രദ്ധിച്ചിട്ടും എൻ്റെ ശരീരം ഉന്മൂലനം ചെയ്യാൻ വേണ്ടി ഇടതു കൈ തുടങ്ങി വച്ച തീവ്രവാദ പ്രവർത്തനം അമർച്ച ചെയ്യാൻ എനിക്ക് സാധിച്ചില്ല. വലതുകൈയ്യും , കാലുകളും ഈ ഗൂഢാലോചനയിൽ പങ്കാളിയായിരിക്കുന്നു. പക്ഷെ അതിനെക്കാളുപരി എന്നെ വിഷമിപ്പിച്ചത് എൻ്റെ നാവു കൂടി അവരുടെ പക്ഷം ചേർന്നു എന്നതിനാലാണ്.
ഏറ്റവും ബഹുമാനത്തോടെ സംസാരിക്കേണ്ട ഇടങ്ങളിൽ നാവ് അശ്ലീലം വിളമ്പി. കുത്തുവാക്കുകളും, പരദൂഷണങ്ങളും പറയുകയും എന്നെ മറ്റുള്ളവരുടെ മുന്നിൽ നികൃഷ്ടനാക്കുകയും ചെയ്തു.
ഇപ്പോൾ എൻ്റെ ശരീരം മുഴുവൻ എൻ്റെ ശത്രുവായി തീർന്നിരിക്കുകയാണ് സാർ… ഞാൻ..ഞാൻ നല്ലൊരു മനുഷ്യനായിരുന്നു ! എനിക്കറിയില്ല ഇനി ഞാനെന്തു ചെയ്യണമെന്ന്.
എൻ്റെ ശരീരത്തിൻ്റെ ആവശ്യം ഞാൻ ആത്മഹത്യ ചെയ്യണമെന്നാണ്. ശരീരമെന്ന ഭൂരിപക്ഷത്തോട് എതിരിട്ട് എനിക്കെത്ര കാലം അതിജീവനം നടത്താൻ കഴിയുമെന്ന് എനിക്കറിയില്ല.
പക്ഷെ കേവലം ഒരു കൈയ്യുടെ ഗൂഢാലോചനയ്ക്ക് മുന്നിൽ ഞാനെന്തിന് തോൽക്കണം. “

ഡോക്ടർ മാധവ് കസേരയിൽ ഒന്നിളകിയിരുന്നു ദീർഘ നിശ്വാസമുതിർത്തു

” മിസ്റർ പ്രബൽ താങ്കളുടെ പ്രശ്നം വളരേ സങ്കീർണ്ണം തന്നെ.. താങ്കൾ ഒരു ദൈവവിശ്വാസിയാണോ?”

അങ്ങിനെ ചോദിച്ചാൽ ആണെന്നോ അല്ലെന്നോ കൃത്യമായി പറയാൻ കഴിയില്ല. ആരാധനാലയങ്ങളിൽ പോയി അർച്ചനകളോ, നേർച്ചകളോ ഒന്നും നടത്താറില്ല. പക്ഷെ അദൃശ്യമായ ഒരു ദൈവ സങ്കൽപ്പം ഉണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. തീവ്രമായ വേദനയിൽ മുഴുകിയ കാലങ്ങളളിലായിരുന്നു ഞാൻ ദൈവത്തെ അറിഞ്ഞത് “

“ഉം..ശരിക്കും ഞാൻ ആരാണ് ? എന്ന് താങ്കൾ താങ്കളോട് ചോദിച്ചിട്ടുണ്ടോ? പ്രബല ചന്ദ്രൻ എന്ന ശരീരമാണോ, അതോ മനസ്സോ ? ഇനി അതുമല്ലെങ്കിൽ ആത്മാവാണോ?, ആരാണ് നീ…? ആരാണ് ഞാൻ …”

പ്രബൽഒരു നിമിഷം നിശ്ചലനായിരുന്നു. ആരാണ് ഞാൻ ?

ഞാൻ മനസ്സാണെങ്കിൽ നശ്വരമായ ഈ ശരീരത്തിനെന്തു പ്രസക്തി, ഞാൻ ആത്മാവാണെങ്കിൽ ചപലമായ മനസ്സിന് എന്തു പ്രസക്തി?

ആകപ്പാടെ കുഴഞ്ഞു മറിഞ്ഞ ഒരു ദർശനിക പ്രശ്നത്തിനു മുന്നിൽ അയാൾ സ്തംഭിച്ചു നിന്നു പോയി
ഞാൻ ആരാണ്..?

” പ്രബൽ.. എല്ലാം താങ്കളുടെ തോന്നലുകളാണ്, മായയാണ്. ഉറങ്ങുമ്പോൾ സ്വപ്നത്തിൽ നിങ്ങളെ ഒരു ആന ഓടിക്കുന്നു എന്നു കരുതുക, ആ ആനയിൽ നിന്നും ജീവൻ രക്ഷിക്കാൻ നിങ്ങൾ സർവ്വശക്തിയുമെടുത്ത് ഓടുന്നു. നിങ്ങളുടെ ഹൃദയം അതിദ്രുതം മിടിക്കുന്നു, വായിൽ വെള്ളം വറ്റുന്നു, നിങ്ങൾ ഉറക്കെ അലറി വിളിക്കുന്നു, പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല. നിങ്ങൾ സർവ്വശക്തിയും സംഭരിച്ച് ഓടുന്നു ,പക്ഷെ സിനിമയിലൊക്കെ കാണുന്നതുപോലെ സ്ലോമോഷനിലാണ്.
ഒടുവിൽ നിങ്ങൾ എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണരുന്നു, കണ്ണുതുറന്നു പരിഭ്രാന്തനായി ചുറ്റും നോക്കുന്നു! ആനയില്ല. രക്ഷപെട്ടു.!
അപ്പോഴും നിങ്ങൾ നിങ്ങളുടെ കട്ടിലിൽ തന്നെയാണ്. പക്ഷെ നിങ്ങൾ വല്ലാതെ വിയർത്തിരിക്കുന്നു! കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല. ഹൃദയ സ്പന്ദനം ഇപ്പോഴും ശാന്തമായിട്ടില്ല. അതൊരു സ്വപ്നമായിരുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ നിങ്ങൾ പിന്നേയും സമയമെടുക്കുന്നു. ഒടുവിൽ ഒരു ദീർഘനിശ്വാസമുതിർത്ത് താനെന്തൊരു വിഡ്ഡിയാണെന്ന് കരുതി സ്വയം ചിരിക്കുന്നു.
സ്വപ്നത്തിൽ അത് അനുഭവിക്കുന്ന ഞാൻ ഉണ്ടായിരുന്നു ഉണർന്നപ്പോഴും ഞാനുണ്ട്.
ഉണർന്നു കഴിഞ്ഞ് യാഥാർത്ഥ്യമാണെന്നു കരുതുന്ന അവസ്ഥയും ഒരു പക്ഷെ വേറൊരു സ്വപ്നമാണെങ്കിലോ? ആ സ്വപ്നത്തിൽ നിങ്ങൾ ഒരു പട്ടാളക്കാരൻ്റെ വേഷത്തിലായിരുന്നു : നിങ്ങൾക്ക് ഭാര്യയുണ്ട് കുട്ടിയുണ്ട്, വീടുണ്ട് സുഹൃത്തുക്കളുണ്ട്, നിങ്ങളുടെ ശരീരത്തിന് ഒരു പേരുണ്ട്, ആ ശരീരം നിങ്ങൾക്കെതിരേ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിനുള്ളിലെ വേറൊരു സ്വപ്നം കാണുന്നു.
അല്ലെങ്കിൽ ഈ നിമിഷം നമ്മൾ സംസാരിക്കുന്നതു പോലും ഒരു സ്വപ്നമല്ല എന്ന് എങ്ങനെ നിശ്ചയിക്കാനാവും ?”

പ്രബല ചന്ദ്രൻ കണ്ണും മിഴിച്ച് ഡോക്ടർ മാധവിനേയും നോക്കിയിരുന്നു.
“ഞാൻ ….ഞാനെന്താണ് ചെയ്യേണ്ടത് ഡോക്ടർ?”

“ഒന്നും ചെയ്യണ്ട ഈ സ്വപ്നങ്ങൾ കാണുന്ന ഞാൻ ഉണ്ടല്ലോ ആ ഞാനാരാണെന്നു മാത്രം ശ്രദ്ധിക്കു. “

പൊടുന്നനെ അയാൾ
എന്തോ വെളിച്ചം വീശിയതുപോലെ ചാടി എഴുന്നേറ്റു, ഏതോ അദൃശ്യാകർഷണത്തിൽ പെട്ടത് പോലെ അയാൾ ധൃതിയിൽ പുറത്തേക്ക് നടന്നു.

ഡോർകടന്ന് പുറത്തെത്തിയതും അയാൾ മുഖം തുടയ്ക്കാനായി ഇടതു കൈ ഉയർത്തി അയാളുടെ കൈമുട്ടിനു താഴെ കൈപ്പത്തി ഉണ്ടായിരുന്നില്ല. ഫുൾ കൈ ഷർട്ടിൻ്റെ ഇടതു കൈയറ്റം കാറ്റിൽ പറന്നു കളിച്ചു.!

ഒരു പക്ഷെ താനീകാണുന്ന കാഴ്ചയും വേറൊരു സ്വപ്നമാണെങ്കിലോ?
അയാൾ ഒരു ദീർഘ നിശ്വാസമുതിർത്തുകൊണ്ട് പുറത്തേക്കിറങ്ങി, വീട്ടിലേക്കുള്ള വഴി തേടി നടന്നു.

You can share this post!