ഭൂമിയിൽ പുതുമയുടെ ചാരുത
വലിയൊരു വ്യാധിയുടെ കരിനിഴൽ
ഒഴിഞ്ഞ പോലെ
ചുറ്റുപാടുകളുടെ
തെളിമയേറിയ കാഴ്ചകൾ കണ്ണുകൾക്ക് കുളിർമ്മയേകുന്നു
പ്രതീക്ഷകളുടെ ചെറുചിരി ചുണ്ടിൽ വിരിയുന്നു
നഷ്ടങ്ങളുടേയും ദുഃഖങ്ങളുടെയും മഞ്ചലിൽ എവിടെയൊക്കെയോ ചുറ്റിക്കറങ്ങി. ഉത്തരം കിട്ടാത്ത സമസ്യകൾക്കപ്പുറം മുറിവുകൾ സുഖപ്പെട്ട മനസ്സ് ആശ്വാസത്തിൻ്റെ കണികകളെ മനസ്സിൽ അടുക്കി പെറുക്കി വയ്ക്കുന്നു.
സൂര്യനണയുന്നില്ലല്ലോ
ചന്ദ്രോദയങ്ങൾ ഇല്ലാതാകുന്നില്ലല്ലോ നക്ഷത്രങ്ങൾ മിഴിചിമ്മാതിരിക്കുന്നില്ലല്ലോ
ഒന്നും ഒന്നും അവസാനിക്കുന്നില്ല
അതിനാൽ
ഇനിയും ഭൂമിയിൽ പുത്തൻ തളിർപ്പുകൾ തല നീട്ടും
ലതകൾ ചുറ്റിവരിഞ്ഞ് പടർപ്പുകൾ തീർക്കും
കിളികൾ പാട്ടു പാടും
സമുദ്രം ഭൂമിയെ ചുറ്റിപ്പിടിക്കും
ഋതുഭേദങ്ങളിൽ ഭൂമി തപിക്കുകയും തുടിക്കുകയും മതിമറക്കുകയും ചെയ്യും
നാം പ്രകൃതിയിലേക്കിറങ്ങും
നോവുകളെ ദൂരെയ്ക്ക് ഉപേക്ഷിച്ചു കളയും
ഭൂതകാലത്തെ നൊമ്പരശേഷിപ്പുകളെ മറവിക്ക് കൈമാറും
വ്രണങ്ങളെ ഔഷധക്കൂട്ടുകളാൽ തലോടി സുഖപ്പെടുത്താൻ ദേവദൂതർ മണ്ണിലേക്കിറങ്ങി വരും
അവർ നമ്മുടെ ശിരസ്സിലണിയിക്കുന്ന സന്തോഷത്തിൻ്റെ കിന്നരിതൊപ്പികളിൽ പുഞ്ചിരി മണികിലുക്കമായി ചിതറി തെറിക്കും. അപ്പോൾ
ആനന്ദാതിരേകത്താൽ നമ്മുടെ കണ്ണുകൾ ഈറനണിയും.
നൊമ്പരങ്ങൾ മറക്കും
നാം സുഖപ്പെടും.
ദീപാസോമൻ