തുറന്നുകിടന്ന
നോട്ടുപുസ്തകത്തിൽ
ചരിത്രമാകാൻ പാകത്തിന്
വരഞ്ഞുവീണിരിക്കും
ചെമന്നപൂക്കൾ
അതിൽ നിന്നും
ചാടിനിവരുന്നുണ്ടാകണം
ശബ്ദങ്ങൾ,
കാഴ്ച്ചകൾ…
സത്യമായും കേട്ടതാകണം
‘മക്കളേ ഓടിക്കോ
ഒളിച്ചോ’
ടീച്ചറുടെ പേടിക്കണ്ണുകളിലെ
തീഗോളങ്ങളിലേക്ക്
ഉരുണ്ടുമരിച്ച
സ്നേഹവായ്പ്പുകൾ…
അറിവിന്റെ
പടങ്ങളിൽ
നിവർന്നുനിറഞ്ഞ
ഇളംകണ്ണുകളിലേക്ക്
തീയുണ്ടത്തിരകൾ
ഗർജ്ജിച്ച നാൾ …
‘മാ’യെന്നൊന്ന്
തേങ്ങാൻ വരാതെ
ഒളിച്ചുനിന്ന
കുഞ്ഞുനാക്കുകളിൽ
മൌനം പിടഞ്ഞത്…
കൊല്ലാനായി
ചത്തുപഠിച്ച
ചാവേർക്കളികളിൽ
ആർത്തുവിളിച്ച
കൊലാരവം!
ഒടുക്കിയൊടുങ്ങിയ
ഭയാരവം…
കണ്ടിട്ടുണ്ടാകണം
കറുത്തക്രൂരത
ബൂട്ടിട്ടു വന്ന മുഖങ്ങൾ
നഖങ്ങളായ്
വലുപ്പം വക്കുന്നത്…
കുരുന്നുമാറുകളിൽ
ചെമപ്പിൻപുഴ
കോറിവരക്കുന്നത്…
വിറച്ചുനിന്ന
നിമിഷങ്ങളിലേക്ക്
ചോരപ്പുഴ
കരഞ്ഞൊഴുകിയത്…
ഇളംപ്രാണൻ
തനിച്ചാ ഒഴുക്കിൽ
ഉലഞ്ഞുമുങ്ങിയത്…
ജീവിതത്തിന്റെ തീരം തൊടാൻ
മരിച്ചെന്ന്
ശ്വാസം കളഞ്ഞത്…
പ്രാണനോ?
ഓ… അതെന്തിന് ?