വീണ്ടും

വീണ്ടും ആ നിഴലിന്റെ ബലത്തിൽ
സന്ധ്യകളക്ക് കീഴടങ്ങാതെ
വിളക്കുമായി ആടിയാടി….

അല്ല…
അതിലുമുണ്ടൊരു രസം…
ബസ്സിലാണെങ്കിൽ, കന്പിയും പിടിച്ച് നിൽക്കണം.
അല്ലെങ്കിൽ ജനലിൽ ചാരി,
അടുത്തുള്ളയാളുടെ ചുമലിൽ ചാരി
മുന്പിലേക്കാഞ്ഞ്
അങ്ങിനെ…

കാൽനടയാണ് ഭേദം
ഒന്നുമില്ലെങ്കിലും ആരുടേയും ആശ്രയം വേണ്ടല്ലോ
നമ്മൾ നീങ്ങുന്നു
ഒരുത്തനും ഒന്നും എണ്ണി കൊടുക്കേണ്ട
ആവശ്യമില്ല.

ഇതിലുമുണ്ട് ജീവിതം…

ദ്രാവകങ്ങളിൽ മുക്കി
ഇലയിൽ വിരിച്ച്
രണ്ടറ്റത്തും പൂക്കളും വച്ച്
തലക്കരികിൽ ഒരു വിളക്കും കത്തിച്ച്……
കിടക്കുവോളം

സത്യവും അസത്യവും,
തീർത്തും അസഹ്യവുമായ
വിലാപങ്ങളുടെയും നല്ലവാക്കുകളുടെയും
ഇടയിലൂടെ അങ്ങിനെ
ഞെങ്ങിഞ്ഞിരങ്ങി
കടന്നു പോകുന്പോൾ….

തിരിഞ്ഞൊന്നു നോക്കിയാൽ
പകുതി വായിച്ചു വച്ചൊരു പുസ്തകത്തിലെ
കഥാപാത്രം അതാ…
കണ്ണുനീരുമായി ഇങ്ങോട്ട് നോക്കി…
അങ്ങിനെയും ചിലത്…

മുഴുമിപ്പിക്കാത്ത എത്രയോ കഥകളും വിട്ട് പോകുന്ന
മനുഷ്യജന്മങ്ങൾ.
അതിന്റെ കൂടെ ചേരാൻ,
ഊഴവും കാത്ത്, ഇന്നല്ലെങ്കിൽ നാളെ,
നമ്മളും….

You can share this post!